Archives / August 2019

പ്രീത അജിത്
സമയം

സമയം ആർക്കു വേണ്ടിയും കാത്തു നില്ക്കാത്ത ഒരു പ്രതിഭാസമാണ്.ഓരോ
ദിവസവും എത്ര വേഗമാണ് കടന്ന്‌ പോകുന്നത്. നമുക്ക് എന്തെങ്കിലും
ചെയ്യാനുള്ളപ്പോള്‍ അഥവാ ജോലി തിരക്കുള്ളപ്പോള്‍ സമയം വേഗം കടന്ന്‌
പോകുന്നു. ശരിക്കും സമയമാണോ വേഗത്തില്‍ സഞ്ചരിച്ചത്?. എല്ലാ ദിവസവും 24
മണിക്കൂര്‍ തന്നെയാണ് നമുക്ക് ലഭിക്കുന്നത്, ഓഫീസ് കാര്യങ്ങളില്‍ മുഴുകുമ്പോള്‍
ജോലി കഴിഞ്ഞാകും സമയം നോക്കുക, ആ സമയം നമ്മളില്‍ ഒരു ആത്മഗതം
ഉണ്ടാകാറുണ്ട്, “ഇന്നും സമയം താമസിച്ചു”.. അങ്ങനെ നമുക്ക് എന്തിനും ഏതിനും
പഴി ചാരാനായി വിധിക്കപ്പെട്ട ഒന്നായി “സമയം”. നിങ്ങള്‍ സ്വയം ചോദിച്ചു
നോക്കു? സമയത്തെ പഴിക്കാത്ത ഒരു ദിവസമെങ്കിലും നിങ്ങളുടെ ജീവിതത്തില്‍
ഉണ്ടോ? നമ്മുടെ .ജീവിതവും സമയവും ശരിക്കും കെട്ടുപിണഞ്ഞു കിടക്കുകയല്ലേ?
സമയം ശരിയല്ല എന്ന് തോന്നുമ്പോള്‍ ജ്യോത്സ്യനെ കാണാന്‍ പോകുന്നവർ
നമുക്കിടയിൽ ധാരാളമുണ്ട്. ഇപ്പോള്‍ ഒരു സൗകര്യം കൂടി വന്നിട്ടുണ്ട്, യൂടൂബില്‍
പോയി ഒന്ന് സെർച്ച് ചെയ്‌താല്‍ നമ്മുടെ സമയം പറഞ്ഞു തരാന്‍ ധാരാളം
ജ്യോത്സ്യന്മാര്‍.(അവരെ നേരിട്ടു വിളിക്കാന്‍ ഫോണ്‍ നമ്പര്‍ ലഭ്യം, അവരുടെ ബാങ്ക്
അക്കൗണ്ടിൽ കാശ് ക്രെഡിറ്റ്‌ ആയി കഴിയുമ്പോള്‍ ഫലം ഇമെയില്‍ ആയോ
വാട്ട്‌സ്ആപ്പ് ആയോ ലഭിക്കും, നേരിട്ട കാണണം എങ്കില്‍ ബുക്ക്‌ ചെയ്യാന്‍
സൗകര്യമുണ്ട്, (പണ്ട് ഡോക്ടറെ കാണാന്‍ മാത്രം ടോക്കണ്‍ എടുത്താല്‍
മതിയായിരുന്നു) ധാരാളം കുറികള്‍ നെറ്റിയില്‍ അണിഞ്ഞവര്‍ മുതല്‍ നമ്മുടെ സമയം
പറഞ്ഞു പറഞ്ഞ് 10 വിരലിലും മോതിരം അണിഞ്ഞവര്‍ വരെ.(നമ്മുടെ സമയം
നന്നായില്ലെങ്കിലും അവരുടെ സമയം നന്നായി). ഇവിടെ സമയത്തിന്റ മുഖം വേറെ
ഒന്നല്ലേ? ജീവിതത്തില്‍ എന്തെങ്കിലും നെഗറ്റീവായി സംഭവിക്കുമ്പോള്‍ ആയിരിക്കും
നാം നമ്മുടെ സമയം ഒന്ന് നോക്കി കളയാം എന്ന തീരുമാനത്തില്‍ എത്തുന്നത്‌.
ജ്യോതിശാസ്ത്രത്തേക്കാള്‍ മനശാസ്ത്രം പഠിച്ചവരുടെ അടുത്താകും മിക്കവാറും
എത്തിപ്പെടുക. നമ്മെ കാണുമ്പോള്‍ തന്നെ നമ്മുടെ അവസ്ഥ അവര്‍ വേഗത്തില്‍
ഊഹിച്ചെടുക്കും,പിന്നെ ഹരിച്ചും ഗുണിച്ചും ഗണിച്ചും അവര്‍ അവരുടെ “സമയം”
കളയും, നമുക്ക് നമ്മുടെ സമയം നന്നാകാനുള്ള പൂജകളും കർമ്മങ്ങളും
ഉപദേശമായി ലഭിക്കും. “സമയം” തീരെ ശരിയല്ലാത്തവർക്ക്‌ അഞ്ഞൂറിന്റെ
രണ്ടോ മൂന്നോ നോട്ടുകള്‍ നഷ്ടം. അപ്പോള്‍ നമുക്ക് നഷ്ടമായത്” സമയം” പിന്നെ
“സമയ” ദോഷം കൊണ്ടുള്ള ധനനഷ്ടം
സമയം ലഭിക്കുമ്പോഴൊക്കെ (തെറ്റ് എന്റേതാണെങ്കിലും പഴി സമയത്തിന് തന്നെ
ഇരിക്കട്ടെ) വീടിനടുത്തുള്ള അമ്പലത്തില്‍ പോകുന്ന ഒരു ശീലം എനിക്കുണ്ട്.
നഗരമധ്യത്തില്‍ ആണെങ്കിലും ഒരു നാട്ടുമ്പുറത്തിന്റെ പ്രതീതി ജനിപ്പിക്കുന്ന
അന്തരീക്ഷമാണ് അമ്പലം സ്ഥിതി ചെയ്യുന്ന ഭാഗം. ആല്മരവും അതിനടുത്ത് കൂടി
ഒഴുകുന്ന പുഴയുടെ കൈവഴിയുമെല്ലാം ഗ്രാമീണതയുടെ ഭംഗി ഉളവാക്കുന്നു.
രാവിലെ എല്ലാവരും തിരക്കിലേക്ക് വഴുതി വീഴുന്നതിന് മുന്പുള്ള സമയമാണ്
സാധാരണ അമ്പലത്തില്‍ പോകാറുള്ളത്. വാഹനങ്ങളുടെ ശബ്ദ കോലാഹലങ്ങളും
അവ പുറത്ത് വിടുന്ന വിഷപ്പുകയുമെല്ലാം അന്തരീക്ഷം മലിനമാക്കുന്നതിനു മുൻപ്

ഈ ഗ്രാമാന്തരീക്ഷം ആസ്വദിക്കാനായി ഞാന്‍ അവിടെ എത്താറുണ്ട്.
ചൊവ്വ,വെള്ളി,ശനി തുടങ്ങിയ ദിവസങ്ങളില്‍ അമ്പലത്തില്‍ പതിവില്‍ കൂടുതല്‍
തിരക്കുണ്ടാകാറുണ്ട്. (പലരും സമയ ദോഷം തീർക്കുവാൻ പൂജ ചെയ്യാന്‍
വരുന്നതാണ്)
ഇങ്ങനെദിവസങ്ങള്‍ കടന്ന്‌’ പോകവേ അമ്പലത്തില്‍ പുതുതായി ഒരു പൂജാരി
വന്നു. പൂജാരി എന്ന് പറയുമ്പോള്‍ മുപ്പത് വയസ്സില്‍ താഴെ മാത്രം പ്രായം വരുന്ന
നല്ല വെളുത്ത് തടിച്ച ശരീര പ്രകൃതിയുള്ള ഒരു യുവാവ്. ചിലപ്പോള്‍ കാണുമ്പോള്‍
ആ ചെറുപ്പക്കാരന്‍ അമ്പലത്തിലെ ജോലിക്കാരോട് തമാശയൊക്കെ പറഞ്ഞു
നില്ക്കു്ന്നത് കാണാം.പ്രായത്തിന്റെ ഒരു പക്വത അയാൾക്കില്ലെന്നു എനിക്ക്
പലപ്പോഴും തോന്നിയിട്ടുണ്ട്. അങ്ങനെ തോന്നാനുള്ള കാരണം മറ്റൊന്നുമല്ല,
അമ്പലത്തില്‍ വരുന്ന ഭക്തർ പ്രസാദത്തിനായി വരുമ്പോള്‍ ആ യുവാവ് പൂജാ
സാധങ്ങള്‍ സൂക്ഷിക്കുന്ന മുറിയില്‍ ഇരുന്ന് മൊബൈലില്‍ കളിക്കുന്നത് കാണാം.
മൊബൈല്‍ താഴെ വെച്ച് കക്ഷി എഴുന്നേറ്റ് വരാറുമില്ല,അതിനാല്‍ പ്രസാദം
വാങ്ങാന്‍ ഞാന്‍ സമയം കളയാറില്ല. ഒരിക്കല്‍ പതിവിന് വിപരീതമായി ഞാന്‍
അമ്പലത്തില്‍ എത്താന്‍ ഒരു മിനിറ്റ് വൈകി. പക്ഷേ ഞാന്‍ അവിടെ എത്തുമ്പോൾ
കണ്ടത് അമ്പലം പൂട്ടി ഇറങ്ങുന്ന പൂജാരിയെ ആണ്. അദ്ദേഹം എന്നോട് പറഞ്ഞു
“സമയം 9.30 ആയി.( തെറ്റ് എന്റെതാണ് ഒരു മിനിറ്റ് വൈകി പോയി, ഞാന്‍
അപ്പോള്‍ ഓർത്തത് അതൊന്നുമല്ല, അമ്പലത്തിന്റെ പുറം വാതില്‍ പൂട്ടി
ഇറങ്ങണമെങ്കില്‍ അതിന് ഒരു 10 മിനിറ്റ് മുന്പെിങ്കിലും ഭഗവാന്റെ നട
അടച്ചിരിക്കണം,അങ്ങനെ നോക്കുമ്പോള്‍ പുള്ളിയുടെ ടൈം മാനേജ്മെന്റിനെ ഞാന്‍
മനസ്സില്‍ സ്തുതിച്ചു..അമ്പലം ആയാലും ഭഗവാന്‍ ആയാലും പൂജാരി “സമയം “
പാലിക്കുന്നുണ്ട്. പിന്നീട് കൃത്യമായി ഞാന്‍ എന്റെ “സമയം ‘ പാലിച്ചു.
സമയം വീണ്ടും കടന്ന്‌ പൊയ്ക്കൊണ്ടിരുന്നു, ഇടക്ക് പനിപിടിച്ച് പുതപ്പിനുള്ളില്‍
ചുരുണ്ട് കൂടി കിടപ്പായി. പനിമാറി ഉഷാറായപ്പോഴേക്കും രണ്ടാഴ്ച കടന്ന്‌
പോയി. ഇവിടെ സമയം ഇഴഞ്ഞാണോ അതിവേഗമാണോ കടന്ന്‌ പോയതെന്ന്
ഓർത്തെടുക്കാൻ പനി എന്നെ അനുവദിച്ചില്ല.(ഒരു ചെറിയ പനി മതി മനുഷ്യന്‍
എല്ലാം മറന്ന് ഉറങ്ങാന്‍). “സമയദോഷം” അതാ അസുഖം വന്നത് എന്ന അമ്മയുടെ
പറച്ചില്‍ കേട്ടപ്പോള്‍ ചിരിയാണ് വന്നത്” അവിടെയും പാവം “ സമയത്തിനാണ്
പഴി. പറയാന്‍ വന്നത് അതൊന്നുമല്ല , അസുഖമൊക്കെ മാറി പതിവ് പോലെ
രാവിലെ അമ്പലത്തില്‍ പോയി, അവിടെ എത്തുമ്പോൾ പുതിയ ഒരു പൂജാരി
നില്ക്കുന്നു, ചുരുങ്ങിയ ദിവസത്തിനുള്ളില്‍ ഇത്രയൊക്കെ മാറ്റം സംഭവിച്ചോ എന്ന്
ആലോചിച്ചു മടങ്ങുമ്പോള്‍ അവിടെ പൂജാസാധനങ്ങള്‍ വില്ക്കാനിരിക്കുന്ന
മുത്തശ്ശിയെ കണ്ടു. എന്നെ കണ്ടതും മോളെ കണ്ടിട്ട് കുറച്ച് ദിവസമായല്ലോ എന്ന
മുഖവുരയോട് മുത്തശ്ശി ചോദിച്ചു” മോളറിഞ്ഞോ, എന്താ എന്ന ഭാവത്തില്‍
ഞാന്‍ സംശയിച്ചു നില്ക്കെ മുത്തശ്ശി തുടർന്നു , നമ്മുടെ ആ പൂജാരി
പയ്യനില്ലേ,അവന്‍ ആത്മഹത്യ ചെയ്തു. എന്താ കാര്യം എന്നറിയില്ല, തൂങ്ങി
മരിച്ചതായിരുന്നു”. ഒരു നിമിഷം ഞാന്‍ എന്ത് പറയണം എന്നറിയാതെ നിന്ന്
പോയി. കൂടുതല്‍ ഒന്നും ചോദിക്കാനോ, പറയാനോ നില്ക്കാതെ ഞാന്‍ നടന്നു..
കൃത്യ സമയത്ത് അമ്പലം പൂട്ടി പോകുകയും ,ജോലിചെയ്യേണ്ട സമയത്ത്
മൊബൈലില്‍ കളിച്ചു കൊണ്ടിരിക്കുന്നതിനെ കുറിച്ചെല്ലാമുള്ള ആ ചെറുപ്പക്കാരന്റെ
പ്രവര്‍ത്തികളെക്കുറിച്ച് അമ്മയോട് ഞാന്‍ എപ്പോഴും പരാതി
പറഞ്ഞിരുന്നതിനെക്കുറിച്ചായിരുന്നു എന്റെ അപ്പോഴത്തെ ചിന്ത മുഴുവന്‍.

മറ്റുള്ളവർക്ക്‌ വേണ്ടി ഭഗവാനെ എന്നും പൂജിച്ചിരുന്ന ആ ചെറുപ്പക്കാരന്‍ സ്വന്തം
സമയ ദോഷത്തിനുള്ള പരിഹാര മാർഗ്ഗമായാണോ ആത്മഹത്യയില്‍ അഭയം
തേടിയത് എന്ന ചിന്ത കുറെ ദിവസം എന്നെ അലട്ടിക്കൊണ്ടിരുന്നു.
സമയം അങ്ങനെയാണ് ,ഘടികാരത്തിലെ സമയവും നമ്മുടെ ഓരോ ദിവസവും
എല്ലാം ഇങ്ങനെ പൊയ്ക്കൊണ്ടിരിക്കും.. സമയം ആരെയും കാത്തു നില്ക്കുന്നില്ല..
ഫേസ് ആപ്പ് ഉപയോഗിച്ച് വയസ്സാകുമ്പോഴുള്ള നമ്മുടെ രൂപ മാറ്റങ്ങള്‍ ഫേസ്
ബുക്കില്‍ പോസ്റ്റ്‌ ചെയ്യാന്‍ വരട്ടെ.. ഈ സമയവും കടന്ന്‌ പോകും.. അധികം
വൈകാതെ ഒരു ആപ്പിന്റെയും സഹായമില്ലാതെ വയസ്സായ സ്വന്തം രൂപം നമുക്ക്
പോസ്റ്റ് ചെയ്യാം. അന്ന്, പക്ഷേ നാം മുടി കറുപ്പിച്ചു മുഖത്തെ ചുളിവുകള്‍
ഒളിപ്പിക്കാൻ കഴിയുന്ന വേറെ പുതിയ ആപ്പുകള്‍ തേടി പോകും, യുവത്വം
തുളുമ്പുന്ന ഫോട്ടോ ഫേസ് ബുക്കില്‍ പോസ്റ്റ്‌ ചെയ്യാന്‍. സമയം കടന്ന്‌
പോകുമ്പോള്‍ ഫേസ് ബുക്കിനും മാറ്റം സംഭവിക്കാം,അപ്പോഴും മാറ്റമില്ലാതെ
തുടരുന്നത് ഒരു പക്ഷെ സമയത്തെ പഴിക്കുന്ന നമ്മുടെ ശീലത്തിന്റെ ഭാഗമാകാം

Share :