ഇന്റർവ്യൂ
ജീവിതത്തിന്റെ അടിത്തറ ഉറപ്പിക്കണമെങ്കിൽ സ്ഥിരമായ ഒരു ജോലി കൂടിയേ തീരൂ എന്ന ചിന്ത ബിരുദമെടുക്കും മുമ്പേ തന്നെ എന്റെ മനസ്സിനെ വല്ലാതെ അലട്ടിയിരുന്നു. ദേവലാലി കെ വി യിൽഅഡ്ഹോക് നിയമനമായിരുന്നതിനാൽ അവിടെ ജോലി ചെയ്തുകൊണ്ടിരിക്കെ തന്നെ പലയിടങ്ങളിലേക്കും ഞാൻ ജോലിക്കായി അപേക്ഷകളയച്ചു. കൂട്ടത്തിൽ വിളി പോലും വരില്ലെന്ന് ബോധ്യമുണ്ടായിട്ടും കെ വി യിൽ റെഗുലർ നിയമനത്തിനും അപേക്ഷിച്ചു. ബി എഡ് യോഗ്യതയില്ലാതിരുന്നതിനാൽ ഒട്ടും പ്രതീക്ഷയില്ലായിരുന്നു, വിളിക്കുമെന്ന്.
ഏപ്രില് 30 ന് ദേവലാലി കെ വിയിൽ നിന്നിറങ്ങിയെങ്കിലും താമസം മാറിയില്ല. കുറെ കുട്ടികൾക്ക് കണക്ക് ട്യൂഷൻ ക്ലാസ്സുകൾ ഏർപ്പാടായി. കഷ്ടിച്ച് ജീവിച്ചു പോകാൻ അതു മതിയായിരുന്നു. ഒപ്പം നാസിക്കിലെ ബി എഡ് കോളേജിലും ചേർന്നു. പ്രവർത്തി പരിചയം വെറും ഏഴു മാസങ്ങളേ ഉണ്ടായിരുന്നുള്ളൂ. എങ്കിലും എസ് എസ് എൽ സി മുതൽ ബി എസ സി വരെയുള്ള എല്ലാ പരീക്ഷകളിലും കിട്ടിയ നല്ല മാർക്കുകൾ തുണച്ചു. ബി എഡ് പ്രവേശനം ലഭിച്ചു.
അങ്ങനെ 1981 മെയ് മാസം തുടക്കത്തിലേ ട്യൂഷനും ബി എഡ് ക്ലാസ്സുകളും ഒക്കെയായി തിരക്കിലായി. മെയ് അവസാനം എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട്, എസ് എസ് എൽ സി മുതൽ ബി എസ് സി വരെഉള്ള പരീക്ഷകളിലെ ഉയർന്ന മാർക്കുകളും ഇതര കലാസാഹിത്യശാസ്ത്രപരമായ രംഗങ്ങളിൽ പല മത്സരങ്ങളിലായി നേടിയ യോഗ്യതാപത്രങ്ങളും കാരണമാകാം കെ വി എസ്സിൽനിന്ന് എനിക്കും കൂടിക്കാഴ്ചയ്ക്ക് കാൾ ലെറ്റർ വന്നു!
’ഓ... വെറുമൊരു ബി എസ് സി കൊണ്ട് കെ വി യിൽ ജോലിയൊന്നും കിട്ടാൻ പോകുന്നില്ല’ സ്ക്കൂളിലെ മറ്റദ്യാപകർ നിരുത്സാഹപ്പെടുത്തി. എനിക്കും അത വ്യക്തമായി അറിയാമായിരുന്നു. അതു കൊണ്ടു തന്നെ ഇന്റർവ്യൂവിന് പ്രത്യേകമായി ഒരു തയ്യാറെടുപ്പും നടത്തിയില്ല.
ജൂൺ ആദ്യവാരത്തിൽ മുംബൈയിലെ ഐ ഐ ടി പവായിലുള്ള കെ വി യിൽ വെച്ചായിരുന്നു ഇന്റർവ്യൂ. തലേന്നു തന്നെ നേരത്തെ സെന് ട്രൽ റെയിൽവേയിൽ എസ് പി ഒ ആയിരുന്ന പിള്ളയങ്കിളിന്റെ മാട്ടുംഗയിലുള്ള ക്വാർട്ടേഴ്സിലെത്തി. അങ്കിളും ആന്റിയും വളരെ സ്നേഹത്തോടെ പ്രോൽസാഹിപ്പിച്ചു “മോളേ, നീ മിടുക്കിയാ. നിനക്കിതേ ജോലി കിട്ടും”
എന്നാൽ അങ്കിളിന്റെ മക്കൾ ജയശ്രിയും ചോട്ടിയും അത്ര പ്രതീക്ഷയൊന്നും തന്നില്ല. ജോലി മാറി മാറി പരീക്ഷിക്കുകയായിരുന്ന അവർക്ക് തീർച്ചയായും യഥാർത്ഥ സ്ഥിതി അറിയുമായിരുന്നു. വെറുതെ മോഹിപ്പിക്കേണ്ടെന്ന് കരുതിക്കാണും അവർ. ബി എഡ് വിദ്യാഭ്യാസ യോഗ്യത തികച്ചുമില്ലാതിരുന്ന എനിക്ക് ടീച്ചർ ജോലി, അതും കെ വി യിൽ അസാധ്യമാണെന്നു വരെ ചോട്ടി പറഞ്ഞൊപ്പിച്ചു. എങ്കിലും അവൾ തന്നെ പിറ്റേന്ന് പവായിലേക്ക് എന്റെ കൂടെ വരാനും സമ്മതിച്ചു.
ഒരു വിസ്മയക്കാഴ്ച കാണാൻ പോകുന്ന മട്ടിൽ രാവിലെ എട്ടരക്ക് ഞങ്ങൾ, ഞാനും ചോട്ടിയും പവായ് കെ വി യിലെത്തി. അപ്പോഴേക്കും അവിടെ നൂറിൽപ്പരം ഉദ്യോഗാർഥികൾ എത്തിയിരുന്നു. മിക്കവരും ഉയർന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളവർ. ഒരു ദിവസം മുന്നൂറു പേരെയാണ് വിളിച്ചിരുന്നത്. അതിൽ നൂറ്റിയമ്പതു പേർക്ക് രാവിലെയുള്ള സെഷനിൽ; ബാക്കിയുള്ളവർക്ക് ഉച്ചക്കു ശേഷവുമായാണ് ഇന്‍റര്‍വ്യു പ്ലാൻ.
കൃത്യം ഒമ്പതു മണിക്ക് 150 ഉദ്യോഗാർത്ഥികളെ ഓഡിയോ വിഷ്വൽ ഹാളിലേക്ക് വിളിച്ചു. കേൾവിക്കുറവു മൂലം പ്രശ്നമൊന്നുമുണ്ടാകരുതല്ലോ എന്നോർത്ത് ഞാൻ മുൻനിരയിലേക്ക് കയറി മുമ്പിലെ സീറ്റിൽ തന്നെ സ്ഥാനം പിടിച്ചു. കൂടെ മുന്നിലേക്കു കയറിവന്ന രണ്ടു പേരിലൊരാൾ ഒരു ടേപ്പ് റെക്കോർഡർ പ്ലഗ്ഗ് സ്വിച്ചിൽ കുത്തി, മറ്റേയാൾ ഒരു റോളർ ബോർഡ് കാണിച്ച് പറഞ്ഞു. “ രണ്ടു ടെസ്റ്റുകൾ നിങ്ങൾക്കായി ഇപ്പോൾ ഞങ്ങൾ എടുക്കുന്നു. ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലുള്ള നിങ്ങളുടെ വിനിമയസാമര്‍ത്ഥ്യം എത്രത്തോളമുണ്ട് എന്നറിയാനാണ്. ഓഡിയോ ക്ലിപ്പ് കേൾക്കുക. ശേഷം റോളർ ബോർഡ് തൂക്കിയിടും. ഇതിലുള്ള ചോദ്യങ്ങൾക്ക് വെറും പത്തു മിനിറ്റിൽ ഉത്തരങ്ങൾഎഴുതണം. ഈ ടെസ്റ്റിൽ രണ്ടിലും പത്തിലാണ് മാർക്കിടുന്നത്. ഇതും ഇന്റർവ്യൂ മാർക്കിന്റെ കൂടെ പരിഗണിക്കും”
ആദ്യം ഇംഗ്ലീഷായിരുന്നു ടെസ്റ്റ് . ഓഡിയോ കേട്ട് ഞാൻ നോട്ട്സ് എഴുതിക്കൊണ്ടിരുന്നു. എല്ലാ പോയിന്റുകളും കുത്തിക്കുറിച്ചു. ടെസ്റ്റിലെ എല്ലാ ഉത്തരങ്ങളും കൃത്യമായെഴുതി. അടുത്തത് ഹിന്ദിയിൽ... ബലഗംഗാധര തിലകിനെ കുറിച്ചായിരുന്നു അത്. നോട്ട്സ് അപ്പോഴും എഴുതി. ടെസ്റ്റ് തുടങ്ങി. അതിലൊരു ചോദ്യം : बाल गंगाधर तिलक का जन्म कहाँ हुवा ?
ഞാനെഴുതി: बाल गंगाधर तिलक का जन्म रत्नगिरि विल्लॆज मॆं हुवा I മറ്റെല്ലാ ഉത്തരങ്ങളും ശരിയായി തന്നെ എഴുതി.
അര മണിക്കൂറിനുള്ളിൽ അവിടത്തെ ചില അധ്യാപകർ എല്ലാ ഉത്തരപ്പേപ്പറുകളും നോക്കി മാർക്കിട്ടു. അതിന്റെയടിസ്ഥാനത്തിൽ ഞങ്ങളെ വിളിക്കാൻ തുടങ്ങി. എന്റേത് നാലാമത്തേത്. എനിക്ക് മുമ്പുള്ളവർ എല്ലാം എം എസ് സി യും ബി എഡ്ഡും ഒക്കെയുള്ളവർ. അല്പം ഭയം തോന്നിയെങ്കിലും ..ഓ... സാരല്ല്യ.. കിട്ടില്ലന്നറിയാലോ... എന്ന് ശാന്തയായി.
ഒരു ക്ലാസ്സ് മുറിയിൽ വെച്ചായിരുന്നു ഇന്റർവ്യൂ.
എന്നെ നാലാമത് വിളിച്ചു. അനുമതി ചോദിച്ച് അകത്ത് കയറി. സെലക്ഷൻ ബോര്‍ഡിൽ ഏഴു പേരുണ്ടായിരുന്നു.ഞാനെല്ലാവരേയും മാറി മാറി നോക്കി ഗുഡ് മോർണിംഗ് പറഞ്ഞു. (അവരിൽഒരാൾ അസിസ്റ്റന്റ് കമ്മീഷണർ, രണ്ടോ മൂന്നോ പേർ ഐ ഐ ടിയിലെ പ്രൊഫസർമാരാണെന്നൂഹിച്ചു, ബാക്കിയുള്ളവർ അടുത്തുള്ള സ്ക്കൂളുകളിലെ പ്രിൻസിപ്പൽമാരായിരിക്കും.) അവരും പ്രത്യഭിവാദനം ചെയ്ത് ഇരിക്കാൻ നിർദ്ദേശിച്ചു.
ഒരു പുഞ്ചിരിയോടെ “താങ്ക്സ്” പറഞ്ഞ് ഞാനിരുന്നയുടൻ തുടങ്ങി ചോദ്യശരങ്ങൾ. ആദ്യം വ്യക്തിപരമായ വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു. ഇംഗ്ലീഷിലും ഹിന്ദിയിലും മാറി മാറി വന്നു ചോദ്യങ്ങൾ. ഭാഷകൾ രണ്ടും നല്ല വശമുണ്ടായിരുന്നതിനാൽ തുരുതുരാ മറുപടികളും കൊടുത്തു. ശേഷം അവരിലൊരാൾ ക്ലാസ്സ് റൂമിലെ ബ്ലാക്ക് ബോർഡ് ചൂണ്ടി “അവിടെ എഴുതിയിട്ട കണക്കുകൾചെയ്യാമോ?”
ഞാന്: “തീർചയായും”
ഞാൻ ഓരോന്നോരോന്നായി കണക്കുകൾ ചെയ്തു തുടങ്ങി.നാലമത്തെ ചോദ്യത്തിൽ : Simplifyഎന്നെഴുതി ഒരു സമവാക്യം ( equation) !
ഞാൻ തിരിഞ്ഞു നിന്ന് സാറന്മാരെ നോക്കി “Sorry; I can solve an equation, but can’t simplify this equation further as both sides of this equations are in simplest forms.”
ഇന്റർവ്യൂ എടുക്കുന്ന ഏഴു പേരിലൊരാൾ എഴുന്നേറ്റ്
“Okay, good. We are sorry” എന്നും പറഞ്ഞ് വാക്ക് Simplify എന്നത് solve എന്നാക്കി തിരുത്തി. ഞാൻ മറ്റു കണക്കുകൾ ചെയ്യുന്നത് തുടർന്നു. അടുത്ത ചോദ്യത്തിൽ ദശാംശങ്ങളുടേതായിരുന്നു കണക്ക്. അതിലൊരക്കത്തിൽ എവിടെയാണ് ദശാംശത്തിന്റെ കുത്തെന്ന് വീണ്ടും ചോദിക്കേണ്ടി വന്നു. അതും തിരുത്തിയെടുപ്പിച്ചു.
അങ്ങനെ കണക്ക് ടെസ്റ്റ് തീർന്നു. പിന്നീട് ഹിന്ദി ടെസ്റ്റിൽ ഞാനെഴുതിയ
रत्नगिरि विल्लॆज എന്ന വാക്കിലുടക്കി. വില്ലേജിന് ഹിന്ദിയിൽ വാക്കില്ലേ എന്നായി. ഞാനുടൻ പറഞ്ഞു “ഗാവ് ” .
“അറിഞ്ഞിട്ടും എന്തേ ഉത്തരം തെറ്റായി എഴുതി? അര മാർക്ക് കളഞ്ഞു”
“ഉത്തരം തെറ്റിയില്ലല്ലോ. വാക്കല്ലേ ഭാഷ മാറിപ്പോയത്... പെട്ടെന്നുള്ള ഉൽസാഹത്തിൽ സംഭവിച്ചു പോയതാണ്”
അവർ മാറി മാറി വീണ്ടും ചോദ്യങ്ങൾ....: “ നിങ്ങൾക്ക് എഴുത്തിൽ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും കുറെ സർട്ടിഫിക്കറ്റുകൾ കിട്ടിയിട്ടുണ്ടല്ലോ? എന്തൊക്കെ എഴുതും?”
“ കവിത, കഥ, ലേഖനങ്ങൾ... മലയാളം ഇംഗ്ലീഷ്, ഹിന്ദി മൂന്നു ഭാഷകളിലും എഴുതിയിട്ടുണ്ട്”
കേരള ശാസ്ത്രസാഹിത്യപരിഷത്ത് നടത്തിയ കോളേജ് തലത്തിലെ ഒരു ലേഖനമൽസരത്തിന്റെ സർട്ടിഫിക്കത്തെടുത്ത് അതിന്റെ വിഷയമെന്തായിരുന്നു എന്ന് അടുത്ത ചോദ്യം.
“The existence of God”
“What do you think, does God exist?”
എന്‍റെ ഉത്തരം :
“God is just a belief of the one who doesn’t believe in himself. I think God is manmade and not that man is god made”
അതിലൊരാൾ “ Oh!”
ഇനി അടുത്തയാൾ : ഈ മേശവിരിപ്പിന്റെ നിറം ഇഷ്ടമായോ?
“ഇല്ല. കാരണം ഇതിൻ നിറം മഞ്ഞയല്ല വേണ്ടിയിരുന്നത്. ഇന്റർവ്യൂവിന് വരുന്നവർ മഞ്ഞ നിറം കാണുമ്പോൾ അസ്വസ്ഥരാകാനിടയുണ്ട്. ഇളം നീലയോ പച്ചയോ മതിയായിരുന്നു.”
അവർ ചിരിച്ചു. “അടുത്ത സെഷനിൽ ഞങ്ങളിത് മാറ്റുന്നുണ്ട്.”
അപ്പോളെനിക്കും ചിരി വന്നു.
ഉടനെ എ സി ചോദിച്ചു: ജോലി തന്നാൽ എവിടെ വേണം നിയമനം?
“ സർ, എന്റെ ചേച്ചി ഓജ്ജറിലുണ്ട്. അതിനാൽ ഓജ്ജർ കെ വി യിലാണെങ്കിൽ ... അതല്ലെങ്കിലും എവിടെ തന്നാലും ഞാൻ ജോയിൻ ചെയ്യും. എനിക്ക് ഒരു ജോലി അത്യാവശ്യമാണ്.”
“Okay, madam. You can go now”
45 മിനിറ്റുകൾക്കു ശേഷം പുറത്തിറങ്ങിയപ്പോൾ ഉല്ലാസവതിയായി കാണപ്പെട്ട എന്നോട് മറ്റുള്ളവർപലതും ചോദിച്ചു.
ഞാൻ പ്രതിവചിച്ചു : “I don’t think I will get it” എന്നു മാത്രം .
അങ്കിളിന്റെ വീട്ടിലെത്തിയതിനു ശേഷം നടന്നതെല്ലാം വിശദമായി അവതരിപ്പിച്ചു. ചോട്ടിയും ജയശ്രിയും ഒരുമിച്ചു പറഞ്ഞു... “ഇത് നിനക്ക് കിട്ടില്ല.. വേറെ പണിയെന്തെങ്കിലും നോക്കിക്കോ..”
എന്നാൽ അങ്കിൾ സമാധാനിപ്പിച്ചു “ ഞാനായിരുന്നു സെലെക്ഷൻ ചെയ്തതെങ്കിൽ ആദ്യത്തെ ചോയ്സ് നീ തന്നെയാ, മോളേ”
അങ്കിൾ പറഞ്ഞതായിരുന്നു ശരി. 1981 ജൂലൈ 13 ന് എനിക്ക് ഓജ്ജർ കെ വി യിൽ പ്രൈമറി ടീച്ചറായി ഉടൻ ജോയിൻ ചെയ്യാനുള്ള ഉത്തരവ് വന്നു, എന്നാൽ ഒരു നിബന്ധനയുണ്ടായിരുന്നു. മൂന്നു വർഷങ്ങൾക്കുള്ളിൽ ബി എഡ് യോഗ്യത നേടിയിരിക്കണം.
പലരും ചൂണ്ടിപ്പറഞ്ഞു ... അവൾ ഭാഗ്യമുള്ളവളാണ്!
അതെ, അധ്യാപികയുടെ വേഷത്തിൽ എത്രയോ ആയിരം കുട്ടികൾക്ക് അമ്മയാകാൻ കഴിഞ്ഞത് ഭാഗ്യമല്ലാതെന്ത് !
(ഗീത മുന്നൂർ കോടിന്റെ അനുഭവ കഥകൾ തുടരുന്നു)