അക്ഷരപ്പനി
നിലക്കാത്ത കരഘോഷം!! സെമിനാർ ഹാളിലെ ശീതീകരിച്ച മുറിയുടെ
ചുമർക്കെട്ടുകളും ചില്ല് വാതിലുകളും തുളച്ച് വിദ്യാർത്ഥികളുടെ കയ്യടി ശബ്ദം
പുറത്തേക്കൊഴുകി. , വരുൺ മാഷ് പ്രസംഗം നിർത്തി വേദിയിൽ
നിന്നുമിറങ്ങിയപ്പോൾ പ്രഫസർമാരും , ഗവേഷണ വിദ്യാർത്ഥികളുമുൾപ്പെടേ
എഴുന്നേറ്റ് നിന്ന് അദ്ദേഹത്തെ ആദരിക്കുന്നുണ്ടായിരുന്നു. പുസ്തക
വാരാചരണ പരിപാടിയുടെ ഭാഗമായാണയാൾ യൂണിവേഴ്സിറ്റി ക്യാമ്പസിൽ
അതിഥി പ്രഭാഷകനായെത്തിയത്.
‘’ടീച്ചറേ , വരുൺ എഴുന്നേറ്റോ’’ ?
‘’ഇല്ല മൊയ്തുക്കാ... അവന് നല്ല പനിയാണ്. ഇന്നേക്ക് നാല് ദെവസായി ഒരേ
കെടത്താണ് ’’.
മൊയ്തു : ; ഏത് ഡോക്ടർനെയാണ് കാണിച്ചത് ;?
ടീച്ചർ : ‘’ടാബോറിലാണ് അവനെ കാണിച്ചത്. അന്ന് തന്നെ ഏഴായിരം
രൂപയായി ’’ !!
മൊയ്തു : ‘’അവന് ശമ്പളം കിട്ടിത്തുടങ്ങിയോ "?
ടീച്ചർ : ‘’ഇല്ല, രണ്ട് വർഷേങ്കിലും ആവും … ഞാൻ പെൻഷൻ പൈസ
സ്വരുക്കൂട്ടി വെച്ചതീന്നാ എടുത്തത്. ടീച്ചറിന്റെ മുഖത്ത് ദുഃഖം നിഴലിച്ചു’’.
;ടീച്ചറേ , ഞാൻ പോവാണ് , കടയില് ഭാസ്കരൻ മാത്രേ ഒള്ളൂ. വരുൺ
ഒണർന്ന്ട്ട് ഇങ്ങളൊന്ന് വിളിക്കിൻ. ഓനേം കൂട്ടി ഗവൺമെന്റ്
ഹോസ്പിറ്റലിലൊന്ന് പോയി നോക്കാം ... ഇതൊക്കെ ജലദോഷപ്പനിയല്ലേ,
ഇത്രേം പൈസ വലിച്ചെറിയേണ്ട കാര്യല്ല്യ ‘’
പൊടിയരിക്കഞ്ഞിയുണ്ടാക്കാൻ ടീച്ചർ അടുക്കളയിലേക്ക് നടന്നു നീങ്ങി,
അയാൾ തന്റെ ഷോപ്പിലേക്കും .
പനിക്കുളിരിൽ വരുൺ പിച്ചും പേയും പറയുന്നത് കേട്ടാണ് ടീച്ചർ വാതിൽ
തുറന്നത്!!
അമ്മേ ;ഈ ബഷീറും ലിയോ ടോൾസ്റ്റോയിയും ഗ്രാംഷിയും കൂടെ എന്റെ
കഴുത്തിന് പിടിച്ചമർത്തുന്നു’’ !! ...
പിന്നേയും എന്തെല്ലാമോ അർദ്ധ മയക്കത്തിൽ വിളിച്ച് പറഞ്ഞ് അവൻ
ഉറക്കത്തിലേക്ക് തന്നെ മടങ്ങി...
അവന്റെ മുഖത്തെ ഭീതി കണ്ട് ടീച്ചർക്ക് അസ്വസ്ഥത തോന്നി. ടീച്ചർ
മൊയ്തുവിനെ വിളിച്ചു …
പാതി വായിച്ച പത്രം അരിച്ചാക്കിനു മുകളിൽ മടക്കി വെച്ച് അയാൾ ഒരു
ഓട്ടോ വിളിച്ച് തെക്കേപെറ്റയിലേക്ക് നീങ്ങി.
‘’മൊയ്തുക്കാ ഇവന് പനി കൂടിയിട്ടുണ്ട്. ഇത് വരെ ഒന്നും കഴിച്ചിട്ടുമില്ല...
എന്തൊക്കെയോ പിച്ചും പേയും വിളിച്ച് പറയ്ണ്ട്’’...
ടീച്ചറുടെ കണ്ണുകൾ നിറഞ്ഞൊഴുകി,
;മോനേ വരുൺ , എഴുന്നേൽക്ക് . ചായ കുടിച്ചതിന് ശേഷം ഹോസ്പിറ്റലിൽ
വരെ ഒന്ന് പോയി നോക്കാം"... അയാളുടെ തഴമ്പിച്ച കൈകളാൽ വരുണിനെ
പിടിച്ചെഴുന്നേൽപിച്ചു.
പുറത്ത് അപ്പോഴും നിലക്കാതെ മഴയും കാറ്റും തുടർന്നു കൊണ്ടിരുന്നു. തന്റെ
ആത്മമിത്രം നാണു നട്ടു വളത്തിയ മുറ്റത്തെ മാവിലേക്കയാൾ തന്റെ ദൃഷ്ടിയെ
പായിച്ചു.. മാവിലകൾ മഴയിൽ ആർത്തുല്ലസിച്ച് കുളിക്കുന്ന ശബ്ദമയാൾ
ശ്രവിച്ചു. തന്റെ ബാല്യകാലത്തേക്കയാൾ തിരിഞ്ഞു നടന്നു. പുഴയും
പൂന്തോട്ടവും കൂട്ടുകാരുമെല്ലാം മനസ്സിന്റെ അഭ്രപാളിയിൽ പതിനാലാം
രാവിന്റെ ചിത്രശലഭങ്ങളെ തുറന്നുവിട്ടു...
ബി.എ രണ്ടാം വർഷം പഠിച്ച് കൊണ്ടിരിക്കുമ്പോഴാണ് ബാപ്പ മരിക്കുന്നത്.
പിന്നെ കാര്യങ്ങളൊക്കെ തല കീഴായ് മറിഞ്ഞു ,സഹോദരിമാരെ കല്ല്യാണം
കഴിപ്പിക്കാനായി കിട്ടിയ വിസക്ക് അറേബ്യയിലേക്ക് തിരിച്ചു. പഠനം
പൂർത്തീകരിക്കാനാവാത്തതിന്റെ നീറ്റൽ പുസ്തക വായനയിലൂടെയാണയാൾ
തീർക്കുന്നത്.
ബാപ്പ മരിച്ചാൽ മക്കളുടെ ബലം ക്ഷയിച്ചു. എനിക്കുണ്ടായ പോലെ ഒരു
ചെറിയ നോവ് പോലും തന്റെ യശശ്ശരീരനായ സുഹൃത്തിന്റെ സീമന്ത
പുത്രനുണ്ടാകരുതെന്ന് അയാൾ കരുതി, ആത്മഗതം പോലെ അയാൾ
നെടുവീർപ്പിട്ടു ..
;മൊയ്തുക്കാ……;, വരുണിന്റെ വരണ്ടുണങ്ങിയ തൊണ്ടയിൽ നിന്നും
കീറിപ്പറിഞ്ഞ ശബ്ദം ഒരു വിധം ഇഴഞ്ഞ് പുറത്ത് ചാടി.
മൊയ്തു വരുണിന്റെ കൈ കോർത്തു പിടിച്ച് ഓട്ടോയിലേക്ക് നടത്തി.
;താലൂക്കാശുപത്രി, ചെമ്പരത്തിക്കാവ് ആ ബോർഡിലെ അക്ഷരങ്ങൾ
വരുണിനെ നോക്കി ചിരിച്ചു.
അവന്റെ ഓർമ്മയുടെ ഓളങ്ങളിൽ അച്ഛന്റെ ഗന്ധം അലയടിച്ചു.
അന്നൊരിക്കൽ ഇതുപോലെ മഴ നനഞ്ഞ് പനി പിടിച്ചപ്പോൾ
അച്ഛനിങ്ങോട്ടായിരുന്നു അവനെ കൊണ്ടുവന്നത്.
മൊയ്തു വരുണിനെ ഡോക്ടറുടെ പരിശോധനാ മുറിക്ക് മുമ്പിലെ
കസേരയിലിരുത്തി.
അയാൾ ഒ.പി. ടിക്കെറ്റെടുക്കാൻ ഒരു പതിനഞ്ച് മിനുട്ടെങ്കിലും ക്യൂവിൽ നിന്നു
കാണും, ടോക്കൺ നമ്പർ 114 , ഡോക്ടറെ കാണിക്കാൻ ഇനി ഒരു
അരമണിക്കൂറെങ്കിലും ചുരുങ്ങിയത് കാത്തിരിക്കണം.
; ഇത് ഇങ്ങോട്ട് താ... വരുണിന്റെ കയ്യിലിരുന്ന ദി ഹിന്ദു; പത്രം മൊയ്തു
വാങ്ങി,
;മണ്ടേ എജ്യുക്കേഷൻ സ്പെഷ്യൽ പേജ് കയ്യിലെടുത്ത് ബാക്കി പേജുകൾ
അയാൾ ഓരം ചേർന്ന് തറയിൽ വിരിച്ച് അതിലിരുന്നു,
വരുൺ പ്രതിഷേധ രീതിയിൽ മൊയ്തുവിനെ നോക്കി,
; നിനക്ക് ഏതായാലുമിത് വായിക്കുന്ന ശീലമില്ലല്ലോ, ഇങ്ങനെയെങ്കിലും
ഒരുപകാരം നടക്കട്ടേ " മൊയ്തു പരിഹാസത്തോടെ പറഞ്ഞു.
;അക്കാഡമിക് സിൻഡിക്കേറ്റ് ബികമിംഗ് പൊളിറ്റിക്കൽ സിൻഡിക്കേറ്റ്
അയാൾ അതുറക്കേ വായിച്ചു, വരുണിനേ നോക്കി...
ആൾക്കൂട്ടത്തിന്റെ കലപില ശബ്ദത്തിനിടയിൽ ആ തലക്കെട്ട് വരുണിന്റെ
കാതുകളിലെത്തും മുമ്പ് ഉടഞ്ഞ് തരിപ്പണമായി..
അയാൾ അടുത്ത പേജെടുത്ത് ഹർഷ് മന്ദറിന്റെ "ബെയർ ഫൂട്ട് കോളം
വായിക്കാൻ തുടങ്ങി. ;Cow shelter and Crow nest, where is the man ? അയാൾ ആ
ലേഖനം ഒഴുക്കോടെ വായിച്ച് കൊണ്ടിരുന്നു.ആസ്ത്മ പിടിച്ച് കുരക്കുന്ന
വയസ്സന്റെ ശബ്ദവും മുറിവ് ഡ്രസ് ചെയ്യുന്ന റൂമിൽ നിന്നും വമിക്കുന്ന കെട്ട
ചെലത്തിന്റെ നാറ്റവുമൊന്നും അയാൾ അറിഞ്ഞതേയില്ല!! അതിലേറെ
നാറ്റമുള്ള എന്തോ ആയിരിക്കും അയാൾ വായിക്കുന്നതെന്ന് വരുൺ നിനച്ചു...
;ടോക്കൺ നമ്പർ 114 , മൊയ്തുവാണ് ആദ്യം ഡോക്ടറുടെ റൂമിൽ കയറിയത്,
ജോർജ് ഡോക്ടർ ഒരുപാട് സീനിയറാണ്, അയാളുടെ തടിച്ച പേന
വിരലുകൾക്കിടയിൽ നിർത്തം വെക്കുന്നു...
ഇരിക്കൂ കുട്ടീ;...
എന്തു പറ്റി ;?
മൊയ്തുവാണതിനെല്ലാം മറുപടി പറഞ്ഞത് ....
വല്ലാതെ ഭയപ്പാടോടെ പിച്ചും പേയും പറയുന്നു എന്ന് കേട്ടപ്പോൾ ഡോക്ടർ
മൊയ്തുവിനോട് പറഞ്ഞു, അത് ക്ഷീണം കൊണ്ടാണ്...
മെഡിസിനുമായി അവർ വീട്ടിലെത്തി , പൊടിയരിക്കഞ്ഞിയും കനലിൽ
ചുട്ടെടുത്ത പപ്പടവും കഴിച്ച് മൂടിപ്പുതച്ച് ഇരുട്ട് മുറിയിലവൻ കിടന്നു,
പുറത്തെ മഴയുമിടിയും പനിയെ കൂടുതൽ ദുസ്സഹമാക്കി ...
ഇടക്കെപ്പഴോ ശയന വിരിപ്പ് നിദ്രയുടെ പടുകുഴിയിലേക്ക് അവനെ
വലിച്ചെറിഞ്ഞു.
; വലിയൊരാൾക്കൂട്ടം തന്റെ വീട് ലക്ഷ്യമാക്കി നടന്നു വരുന്നു...
മുന്നിലെ ആൾ ഗാംഭീര്യമുള്ള ഒരുനീളൻകാലൻകുട ചൂടിയിട്ടുണ്ട്.
അദ്ധേഹത്തിന് മുമ്പിൽ വീഴുന്ന മഴത്തുള്ളികൾ മഞ്ഞുതുള്ളിയായ്
പരിണമിക്കുന്ന പോലെ, അന്തരീക്ഷം മഞ്ഞുകണങ്ങാളാലുള്ള ചേലയുടുത്ത്
നൃത്തം ചെയ്യുന്നു !! ...
അവർ പടിപ്പുരക്ക് ഇപ്പുറത്തെത്തിയപ്പോഴാണ് മനസ്സിലായത് , അത് വൈക്കം
മുഹമ്മദ് ബഷീറും, എസ്.കെയും ,ഒ.വി വിജയനും, കമലാസുരയ്യയും,
അഴീക്കോട് മാഷും, ഉറൂബും, ചങ്ങമ്പുഴയും, ഖലീൽ ജിബ്രാനും, റൂമിയും,
അമീർ ഖുസ്രുവും, മാക്സിം ഗോർക്കിയും, ഷേക്സ്പിയറും, ഷെല്ലിയും
അങ്ങനെ ഒരു പാട് പേരടങ്ങുന്ന ഒരു സംഘമാണ്…
ബഷീറാണ് ആദ്യം റൂമിലേക്ക് കയറിയത്, ;അദ്ദേഹം വരുണിൻറെ
നെറ്റിത്തടത്തിൽ കൈവെച്ച് പനിയുടെ തീക്ഷ്ണതയളന്നു, എന്നിട്ടവനോട്
എഴുന്നേൽക്കാൻ പറഞ്ഞു, അവനെണീറ്റു ;
അഴീക്കോട് മാഷാണ് ആദ്യ ചോദ്യം അവനു നേരെ നിറയൊഴിച്ചത്, ; എന്താടാ
നിന്റെ ലൈബ്രറിയിലെ ചുമരിൽ എഴുതിയൊട്ടിച്ചത്?;
;ആര്‍ക്കും പുസ്തകം കടം കൊടുക്കരുത്. കൊടുത്താല്‍ പുസ്തകം തിരിച്ചു
ഉടമയിലെത്തുകയില്ല. എന്റെ അലമാറയിലെ ഈ പുസ്തകങ്ങള്‍ തന്നെ
നോക്കൂ. ഇവയൊന്നും എന്റെയല്ല. മറ്റുള്ളവര്‍ വായിക്കാന്‍ തന്നവയാണ്’’.
(അനത്തോള്‍ ഫ്രാന്‍സ് )…
വരുൺ വായിച്ചു കേൾപ്പിച്ചു,; താനെത്ര പുസ്തകം വാങ്ങിയിട്ടുണ്ട്?
അഴീക്കോട് ഘനഗാംഭീര്യത്തോടെ ചോദിച്ചു.
വരുൺ... ;ഒറ്റ പുസ്തകവും വാങ്ങിയിട്ടില്ല ...
അഴീക്കോട് മാഷ് വിടാൻ ഭാവമില്ലാത്തതുപോലെ ചോദിച്ചു,
ഇതെല്ലാം ആര് വാങ്ങിയതാണ്
;അച്ഛൻ ....അവൻ വിറയാർന്ന ചുണ്ടുകളാൽ പറഞ്ഞൊപ്പിച്ചു.
ബഷീർ ഇരിപ്പിടത്തിൽ നിന്നുമെണീറ്റു, വരുണിന്റെ കണ്ണുകളിലേക്ക്
ക്രോധത്തോടെ തുറിച്ച് നോക്കി, താനെത്ര പുസ്തങ്ങൾ വായിച്ചിട്ടുണ്ടെടോ
വരുൺ;പത്തിനും ഇരുപതിനുമിടയിൽ.
;അതിൽ തീർത്ത് വായിച്ചതെത്ര
;അഞ്ച് ….
പതിഞ്ഞ ശബ്ദത്തിൽ മറുപടി പറഞ്ഞു..
;ബഷീർ അവന്റെ കോളറിന് പിടിച്ചലറി.. പറിച്ചെടുക്കെടാ നിന്റെ
അനത്തോളിന്റെ തിരുവാക്യം. അവൻ ചുമർ കേടാവാതെ ആ പേപ്പർ
പറിച്ചെടുത്തു.
അഴീക്കോട് മാഷ് ആ പേപ്പർ വാങ്ങി, കവി എ.അയ്യപ്പന് നേരെ നീട്ടി, എന്നിട്ട്
വരുണിനോട് പറഞ്ഞു,
‘’അയ്യപ്പൻ ഇത്യാദി ചൈതന്യ രഹിത പോസ്റ്ററിനും, നോട്ടീസിനും
പിന്നിലെഴുതി എത്രയോ കാലാസുകൾക്ക് ചിറക് തുന്നിയിട്ടുണ്ട്
പൊറ്റക്കാടാണ് അടുത്ത ചോദ്യം ചോദിച്ചത് " നെനക്കെന്താ ജോലി
വരുൺ തിരുവിതാംകൂർ സർവ്വകലാശാലയിൽ അസിസ്റ്റന്റ് പ്രഫസർ
ഉത്തരം കേട്ട് ഉറൂബും, കമലാദാസുമുൾപ്പെടെ ജനസഞ്ചയമൊന്നാകെ
പൊട്ടിച്ചിരിച്ചു.
അടുത്ത ഊഴം ചങ്ങമ്പുഴയുടേതാണ് , താനെന്താ പുസ്തകം ആർക്കും
വായിക്കാൻ കൊടുക്കാത്തത്?
; കൊടുത്താൽ തിരിച്ച് കിട്ടില്ല;...
;താൻ എത്ര പുസ്തകം വായിക്കാൻ കൊട്ത്തു
വരുൺ: ഒന്നു പോലുമില്ല സർ,
;തള്ളയും കുഞ്ഞും " തമ്മിലുള്ള വ്യത്യാസമെന്തന്നറിയോ?
ഇവിടെ പാഠപുസ്തകത്തിലേ കവിത എഡിറ്റ് ചെയ്യുന്ന വലിയ
ബുദ്ധിജീവികളൊക്കെ ഉണ്ടെന്ന് കേട്ടു!!
താൻ എത്ര കവിത എഡിറ്റ് ചെയ്തു?
‘’ഒന്നു പോലും എഡിറ്റ് ചെയ്തില്ല "
‘’മിടുക്കൻ’’….
പുനത്തിൽ കുഞ്ഞബ്ദുള്ളയുടേതാണ് അടുത്ത ചോദ്യം,
‘’യൂണിവാഴ്സിറ്റി കോളേജിലല്ലേ താൻ പ്രസംഗിച്ചത്’’ ?
അതേt;….
‘’തന്റെ പ്രസംഗം കേട്ടു’’
അവീസെന്ന(ഇബ്നുസ്സീന)യെ കുറിച്ച് നീ അവിടെ പറഞ്ഞ കാര്യങ്ങൾ ഒന്നു
കൂടെ പറയൂ’’...
പേർഷ്യയിലെ രാജാവിന് അസുഖം പിടിപെട്ടു, എത്ര ചികിത്സ നടത്തിയിട്ടും
ബേധപ്പെട്ടില്ല, അവസാനം അവീസെന്നയെന്ന ചെറുപ്പക്കാരനായ ഭിഷഗ്വരനെ
കുറിച്ച് രാജാവിന്റെയടുത്ത് ആരോ സംസാരിച്ചു. അവീസെന്ന
കൊട്ടാരത്തിലെത്തി, രാജാവിനെ ചികിത്സിക്കാനാരംഭിച്ചു.
വേഗത്തിൽ അസുഖം ബേധമായി !! സന്തോഷത്താൽ രാജാവ് അവിസെന്നയോട്
ചോദിച്ചു, താങ്കൾക്ക് എത്ര സ്വർണ്ണ നാണയങ്ങളാണ് വേണ്ടത്? അവീസെന്ന
പറഞ്ഞു എനിക്ക് ഒന്നും വേണ്ട!!
അപ്പോൾ രാജാവ് ചോദിച്ചു, എത്ര വെള്ളി നാണയങ്ങളാണ് വേണ്ടത് ?
അവീസെന്ന പറഞ്ഞു, എനിക്കൊന്നും വേണ്ട !!. അപ്പോൾ രാജാവ് ചോദിച്ചു,
അങ്ങേക്ക് എന്റെ സാമ്രാജ്യത്തിന്റെ പകുതി തരട്ടയോ ഞാൻ!!?
അവീസെന്ന അതും നിഷേധിച്ചു എന്നിട്ട് രാജാവിനോട് മറ്റൊരു കാര്യം
ചോദിച്ചു " പ്രഭോ , അങ്ങയുടെ കൊട്ടാര ലൈബ്രറിയിൽ രണ്ട് ദിവസം
തങ്ങാനനുവദിച്ചാലും. രാജാവ് അനുമതി നൽകി, അവീസെന്ന രാവും പകലും
വായനയിലും, കുറിപ്പുകളെഴുതിയെടുക്കുന്നതിലും മാത്രം ശ്രദ്ധിച്ചു"....
‘’എഴുത്തുകാരുടെ മഹാജനക്കൂട്ടം ഒന്നടങ്കം കയ്യടിച്ചു.
എല്ലാവരും ഒരു നിമിഷം നിശബ്ദരായി,
ബഷീർ വരുണിനോട് ചോദിച്ചു, ‘’വായിക്കാത്ത നിനക്ക് എവിടുന്ന് കിട്ടിയെടാ
ഈ വിവരം’’ ?
അവൻ മടിച്ച് കൊണ്ട് പറഞ്ഞു;അച്ഛന്റെ കൂട്ടുകാരൻ അയൽവാസി
മൊയ്തു...
മൊയ്തു നിന്നോട് പുസ്തകം ചോദിച്ചിരുന്നോ? ബഷീറാണ് ചോദിക്കുന്നത്...
;അതേ; എന്ന ഭയത്തിൽ വെന്ത് പൊള്ളിയ രണ്ടക്ഷരങ്ങളിൽ മാത്രം അവൻ
ഉത്തരമൊതുക്കി!!
അത്രയുമായപ്പോൾ ;പ്ട്ടേ...; എന്നൊരു ഗംഭീര ശബ്ദം അവന്റെ കർണ്ണ
പുടങ്ങളിൽ ഇരുമ്പ് കമ്പി അടിച്ചു കയറ്റി… ‘’ അവൻ ഞെട്ടിയുണർന്നു’’
അവൻ കണ്ണ് തിരുമ്മിയിരുന്നപ്പോൾ കാണുന്നത്
അമ്മ ചൂലും പാളയുമായി വായനാമുറിയിലേക്ക് നടന്നു നീങ്ങുന്നതാണ്,
അവനും അമ്മയെ പിന്തുടർന്നു…
അടർന്ന് വീണ ലൈബ്രറി ഷെൽഫിന്റെ ഗ്ലാസ് തറയിൽ സ്ഫടിക മുത്തുകളായി
പരിണമിച്ചിട്ടുണ്ട്. അവക്കിടയിലൂടെ അക്ഷരങ്ങൾ വിളറി വെളുത്ത് ഇഴഞ്ഞ്
നടക്കുന്നു…
റൂമിയുടെ മസ്നവിയിൽ നിന്നും ചില അക്ഷരങ്ങൾ ചിറക് മുളച്ച്
ഏഴാനാകാശത്തിനുമപ്പുറത്തേക്ക് പറന്നു പോയി...
മെയിംകാഫിൽ നിന്നും മൂന്ന് നാല് കറുത്ത് തടിച്ച അക്ഷരങ്ങൾ
ഇറങ്ങിയോടാൻ പരിശ്രമിച്ചപ്പോൾ അവയെ അമ്മ ചൂല് കൊണ്ട് അടിച്ചു
കൊന്നു.
അമ്മ ‘’ഉണ്ണീ’’ ... ഈ കൂറയും ,പാറ്റയും ,ചിതലും നിന്നേക്കാളും അക്ഷരങ്ങളേ
സ്നേഹിക്കുന്നുണ്ടെടാ ......