Archives / August 2019

ഫസൽ മരക്കാർ
ഭയം

മുറിവേറ്റ് കിടന്ന് പുളയുകയാണ് പേന.

അടുക്കളയിൽ നിന്ന് ചായയുമായി പൂമുഖത്തേക്ക് വന്നതായിരുന്നു ഞാൻ.
എഴുതാൻ എടുത്ത് വെച്ച പേപ്പറുകൾ  
തേങ്ങിക്കരയുന്നു.കണ്ണുനീർത്തുള്ളികൾ നിലത്ത് പടർന്നൊഴുകുകയാണ്.

ഞാനാകെ അന്തം വിട്ടു.

ആരാണിത് ചെയ്തത്?

മുറ്റത്തെ വരിക്കപ്ലാവിന് പോലുമുണ്ട് വിഷാദം.

എഴുതിയ വരികളിൽ പേനയിൽ നിന്നും ഒലിച്ചിറങ്ങിയ രക്തം പടർന്ന്
അക്ഷരങ്ങളെ വികൃതമാക്കിയിരിക്കുന്നു.

ഭയം എന്നെ മൂടിയില്ല.

തിമിർത്ത് പെയ്യുന്ന മഴയുടെ ഭംഗിയും ആസ്വദിച്ച് എഴുത്തിനെ മനസ്സിൽ
ആവാഹിച്ച് വരുത്തിയതായിരുന്നു ഞാൻ.

പൂമുഖം എന്നും എന്റെ എഴുത്തിനെ ഏറെ സ്വാധീനിച്ച ഇടമായിരുന്നല്ലോ..?

മനസ്സിനെ വിരഹത്തിലേക്കും അതിൽ നിന്നും വിഷാദത്തിലേക്കും തള്ളിയിടുന്ന
കാഴ്ചകൾ കാണുമ്പോൾ എന്നിലെ എഴുത്തുകാരൻ ഉണരും.

പിന്നെ എല്ലാം മറന്നുള്ള എഴുത്ത്.
പുഴകൾ ഒഴുകികൊണ്ടേയിരിക്കും. കഥകളും.
വറ്റിവരണ്ട് പോയാൽ പിന്നെ പുഴയില്ല. മൺതിട്ടകൾ മാത്രം.
കഥയുടെ ഒഴുക്ക് നിന്ന് പോയാൽ കഥാകാരനുമില്ല.

എഴുത്തിന്റെ തീവ്രത കൂടുമ്പോൾ മനസ്സ് ഒരു തരം സ്വപ്നലോകത്തേക്ക്
ആനയിക്കപെടും. എന്തിനാണ് ഞാൻ അക്ഷരങ്ങളെ ഇത്രയും തീഷ്ണമായി
പ്രണയിച്ചത്. അറിയില്ല.
എല്ലാം നിമിത്തമായിരിക്കാം. പ്രണയം നഷ്ടമായി പരിണമിച്ചപ്പോൾ അതിലെ
വികാരവിചാരങ്ങളെ മാറ്റി നിറുത്തുവാൻ വേണ്ടിയാണ് ഞാൻ
എഴുത്താരംഭിച്ചത്. പിന്നെ പാത അത് തന്നെയാവട്ടെ എന്ന് മനസ്സിൽ നിശ്ചയിച്ചു.
എല്ലാം ഫാന്റസി പോലെ അനുഭവപ്പെട്ടു.

മനസ്സിന്റെ ഇരുട്ടറയിൽ നിന്നും ഞാൻ പുറത്തേക്ക് ചാടി.വീണ്ടും പേനയിൽ
തന്നെയായി എന്റെ ശ്രദ്ധ.

എങ്കിലും എന്റെ പേനയെ ആരാണ് മുറിവേൽപ്പിച്ചത്.
ഞാൻ ചുറ്റും നിരീക്ഷണം നടത്തി.

നിശ്ശബ്ദതയുടെ സംഗീതം മാത്രമാണ് എനിക്ക് കേൾക്കുവാൻ കഴിഞ്ഞത്.

ചുവരിലെ പെയിന്റിങ്ങുകൾ വിഷാദ ഭാവം നിലനിറുത്തി എന്നെ നോക്കുന്നു.

സറിയലിസം അതിന്റെ ഉദാത്ത ഭാവനയിൽ നിൽക്കുന്ന ചിത്രങ്ങളാണവ.

സാൽവദോർ ദാലി അവിടെ കിടന്ന് എന്നും പുഞ്ചിരി തൂകാറുണ്ടായിരുന്നു. ആ
പുഞ്ചിരി യാണെന്റെ എഴുത്തിന്റെ ആത്മവിശ്വാസവും .

സ്വപ്നങ്ങളുടെ നീണ്ട സഞ്ചാര പഥങ്ങളായിരുന്നു ഓരോ ചിത്രങ്ങളും.

ചിത്രകാരൻ മനസ്സിന്റെ അബോധതലങ്ങളിൽ ഉണർന്ന് വരുന്ന ഇമേജുകളെ വർണ്ണ
വിന്യാസത്തിലൂടെ ക്യാൻവാസിൽ ആവിഷ്കരിച്ച് വെച്ചിരിക്കുന്നു.

ദാലിയെ കാണുവാനില്ല.

സ്വപ്നങ്ങളെയും.

എന്റെ പേനയെ മുറിവേൽപിച്ചവർ ,

അവർ തന്നെയാവും പെയിന്റിങ്ങുകളിലെ സ്വപ്ന സഞ്ചാരപഥത്തെയും തടഞ്ഞ്
നിറുത്തിയിട്ടുണ്ടാവുക.

അപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്.

പിറകിൽ ചില നിഴലുകളുണ്ട്. കാരിരുമ്പിന്റെ ദേഹത്തെ വിലയ്ക്ക്
വാങ്ങിയവർ. കണ്ണുകളിൽ രാക്ഷസ ഭാവം. ബലപ്രയോഗങ്ങളെ മാത്രം കണ്ട്
ശീലിച്ചവർ.

അവർ എന്നെ നോക്കി നിൽക്കുകയാണ്. എന്റെ ചലനത്തെയും.

മാരകായുധങ്ങൾ അവരുടെ കൈയ്യിൽ കിടന്ന് രക്തത്തിനായി മുറവിളി കൂട്ടുന്നു.

നിസ്സഹായത എന്നെ വലയം ചെയ്തിരിക്കുന്നു.

എന്നിലെ അക്ഷരങ്ങൾ ഒന്നുകിൽ സ്തുതിപാഠകരായി മാറണം.
അല്ലെങ്കിൽ അവ എന്നെ വിട്ട് പോയി ക്കൊള്ളണം.

ഇവയിലേത് വേണമെങ്കിലും എനിക്ക് സ്വീകരിക്കാം.

അക്ഷരങ്ങൾ എഴുത്ത്കാരന്റെ ആയുധമാണ്. അവ മുട്ടിലിഴഞ്ഞ് നിൽക്കുകയല്ല
വേണ്ടത്. അക്ഷരങ്ങളെ നിവർന്ന് നിൽക്കുവാനാണ്എഴുത്തുകാരൻ പ്രേരണ
നൽകേണ്ടത്.

അക്ഷരങ്ങൾ വിട്ട് പോവുക എന്നുള്ളത് എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം
അവന്റെ മരണത്തെയാണ് സൂചിപ്പിക്കുന്നത്.

എന്റെ മറുപടി ഞാൻ അവർക്ക് പകർന്ന് നൽകി.

താഢനം എന്താണ് എന്ന് ഞാൻ മനസ്സിലാക്കിയത് അപ്പോഴായിരുന്നു.
എഴുത്തുകളിലെ വെറുമൊരു വാക്ക് മാത്രമായിരുന്നു എനിക്കത് .

ചെവിയിൽ തിരുകി വെച്ച റിവോൾവറിന്റെ തണുപ്പ് എന്റെ സിരകളിൽ
ആവാഹിച്ചു.

മരണത്തിന് തണുപ്പാണല്ലോ?

തണുത്ത് മരവിച്ച് കിടക്കുന്ന അക്ഷരങ്ങൾ.

പ്രാണവേദനയാൽ നിലവിളിക്കുന്ന പേന

നിസ്സഹായതയാൽ പുളയുന്ന ഞാൻ.

തണുത്ത മാർബിൾ തറയിൽ കിടന്ന് ഞാൻ ജീവിതത്തിന്റെ നേർകാഴ്ചകൾ കണ്ടു.
അവ അലിഞ്ഞലിഞ്ഞ് നേർത്ത പാളികളായി മാറുന്നു. മേഘത്തെ പോലെ.

Share :