Archives / August 2019

ഷാജി തലോറ
രാജമലയിലെ വരയാടുകളും ഗൂടല്ലൂരിലെ മുന്തിരിത്തോപ്പും

 

                                                     യാത്രകൾ ജീവിതത്തിലെ അനിവാര്യതയായി മാറിയിരിയ്ക്കുന്നു. ഓരോ യാത്ര കഴിയുമ്പോഴും അടുത്ത യാത്രയ്ക്കായി മനസ് പരുവപ്പെട്ടു കഴിഞ്ഞിരിയ്ക്കും. മനസിനെ ഏകാഗ്രമാക്കി പ്രകൃതിയുടെ ചലനവും താളവും സംഗീതവും ആസ്വദിച്ചു കൊണ്ടുള്ള യാത്രകൾ തരുന്ന ആനന്ദം അവർണനീയമാണ്. ജീവിതത്തിൽ വല്ലാത്ത വിരസത തോന്നുമ്പോൾ ഇഷ്ടപ്പെട്ട സ്ഥലത്തേക്ക് കുട്ടുകാരുമൊത്ത് ഒരു യാത്ര ചെയ്യാൻ കഴിഞ്ഞാൽ അത് നവോന്മേഷം പകരും. ഹരിതാഭ വിതറിയ വഴിയോരങ്ങളിലൂടെ പ്രകൃതിയുടെ സൌന്ദര്യം തൊട്ടറിഞ്ഞ് വനാന്തരങ്ങളിലൂടെയും മലമടക്കുകളിലൂടെയും പ്രകൃതി വരച്ച ചായ കൂട്ടുകളുടെ വശ്യ ഭംഗി നുകർന്നു കൊണ്ട് കോടമഞ്ഞും തണുത്ത കാറ്റും നിറഞ്ഞു നിൽക്കുന്ന അന്തരീക്ഷത്തിലൂടെ ഹിമകണങ്ങളേറ്റു നവരത്നങ്ങൾ പോലെ കണ്ണഞ്ചിപ്പിയ്ക്കുന്ന കാഴ്ചകളുടെ പറുദീസയായ കിഴക്കിന്റെ കാശ്മീരിലേക്കുള്ള യാത്ര ഏതൊരു സഞ്ചാരിയുടേയും മനം കീഴടക്കും. വർഷൾക്കു മുൻപ് ദൂരദർശൻ ടെലികാസ്റ്റ് ചെയ്ത ഇരവികുളം നാഷണൽ പാർക്കിലെ വരയാടുകളെ കുറിച്ചുള്ള ചിത്രീകരണമാണ് മൂന്നാർ മലനിരകളിലേക്ക് എന്നെ ആകർഷിച്ചത്. മുതിരപ്പുഴ, ചന്തുവരായിപ്പുഴ, കുണ്ടലപ്പുഴ എന്നീ മൂന്ന് നദികളുടെ സംഗമഭൂമിയാണ് മൂന്നാർ. മൂന്ന് ആറ് (പുഴ) കൂടി ചേരുന്ന സ്ഥലം എന്നർത്ഥം. അടിമാലിയിൽ നിന്നും മൂവായിരത്തിൽപ്പരം അടി മുകളിലാണ് മൂന്നാർ ഏകദേശം മുപ്പതു കിലോമീറ്റർ ദൂരം കാണും വീതി കുറഞ്ഞ ദുർഘടം നിറഞ്ഞ പാതയിലൂടെയുള്ള ഡ്രൈവിംഗ് അൽപ്പം സാഹസികത നിറഞ്ഞതാണ് ഹൈറേഞ്ചിന്റെ കവാടമായ അടിമാലിയിൽ വെച്ചു തന്നെ പശ്ചിമഘട്ട മലനിരകളുടെ കാനന ഭംഗി അനുഭവിയ്ക്കാൻ കഴിയും, ഹൈറേഞ്ച് ചുരം താരതമ്യേന വലുതാണെങ്കിലും ഹെയർപിൻ വളവുകൾ കുറവാണ് പണ്ട് കാട്ടാനകളുടെ നടവഴികളായിരുന്നത്രെ ഇന്നത്ത റോഡുകളായി പരിണമിച്ചത്, പാതകൾക്ക് ഇരുവശങ്ങളിലുമുള്ള കാഴ്ചകൾ നയനാനന്ദകരമാണ്. ഉയർന്നു നിൽക്കുന്ന പാറമലകളിൽ നിന്നും അങ്ങിങ്ങായി ഒഴുകുന്ന വെള്ളച്ചാട്ടങ്ങൾ വെള്ളിനൂൽ തൂക്കിയതുപോലെ നേർത്ത വരകളായി തിളങ്ങുന്നതു കാണാം. ലോകത്തിൽ തന്നെ ഏറ്റവും അധികം വരയാടുകളെ കണ്ടു വരുന്നത് മൂന്നാർ ഇരവികുളം നാഷണൽ പാർക്കിലാണ്. വംശനാശ ഭീഷണി നേരിടുന്ന വരയാടുകളുടെ ആവാസ കേന്ദ്രമാണ് ഇരവികുളം. പുൽമേടുകൾ നിറഞ്ഞ പ്രദേശങ്ങളാണ് വരയാടുകൾക്ക് ഏറെ പ്രിയം. വരൈ എന്നാൽ തമിഴിൽ പാറ എന്നാണർത്ഥം കൂടുതലായും പാറ പ്രദേശങ്ങളിൽ കാണപ്പെടുന്നതിനാലാണ് വരയാടുകൾ എന്ന പേര് വന്നത്. കാട്ട് ആട് എന്നും ഇവ അറിയപ്പെടുന്നു. വരയാടുകളെ കാണാനായി മാത്രം ദിവസവും ആയിരങ്ങളാണ് ഇവിടെ എത്തുന്നത്, പാർക്ക് എൻട്രൻസിൽ നിന്നും നാല് കിലോ മീറ്റർ വനം വകുപ്പിന്റെ ബസിൽ യാത്ര ചെയ്തു വേണം രാജമലയിൽ എത്താൻ സന്ദർശനം പാസ് മുഖാന്തിരമാണ് ക്രമീകരിച്ചിരിയ്ക്കുന്നത്. അംഗ പരിമിതർക്ക് പാസ് ആവശ്യമില്ല. ഒപ്പം നീണ്ട ക്യൂവിൽ നിന്നും മോചനവും ഉണ്ടാകും. എന്നെ ഹരിയേട്ടൻ എടുത്ത് ബസിൽ കയറ്റി. ഇവിടേക്ക് സ്വകാര്യ വാഹനങ്ങൾ കടത്തി വിടില്ല. ബസ് അൽപ്പം മുന്നോട്ട് നീങ്ങിയപ്പോൾ തന്നെ റോഡരുകിൽ മേഞ്ഞു കൊണ്ടിരുന്ന ഒരു വരയാടിനെ കണ്ടപ്പോൾ ബസിലെ യാത്രക്കാരെല്ലാം വലിയ ആരവത്തോടെ വരയാടുകളെ കാണാനും ഫോട്ടോ പിടിയ്ക്കാനും തിരക്ക് കൂട്ടി. അതീവ സംരക്ഷിത മേഖലയായ ഇരവികുളം കോർ ഏരിയ, ബഫർ ഏരിയ, ടൂറിസം ഏരിയ എന്നിങ്ങനെ തരം തിരിച്ചിരിയ്ക്കുന്നു . ഇതിൽ ടൂറിസം ഏരിയ ആയ രാജമലയിലാണ് വരയാടുകളെ കൂടുതലായും കണ്ട് വരുന്നത്. പച്ചപ്പു നിറഞ്ഞ പുൽമേടുകളും, തേയില തോട്ടങ്ങളും, നിബിഡമായ മലനിരകളും നട്ടുച്ചയ്ക്ക് പോലും കടന്നു വരുന്ന കോടമഞ്ഞുമെല്ലാം രാജമലയുടെ പ്രൌഡി വിളംബരം ചെയ്യുന്നു. ഇവിടെ നിന്ന് നോക്കിയാൽ ദക്ഷണേന്ത്യയിലെ ഏറ്റവും വലിയ കൊടുമുടിയായ ആനമുടി കാണാം . ഒട്ടേറെ വരയാടുകളെ കാണാൻ കഴിഞ്ഞതോടൊപ്പം ഈ സാധു ജീവിയുട കുറെ ചിത്രങ്ങളും ക്യാമറയിൽ പകർത്തി . വരയാടുകളുടെ പ്രജനന കാലമാണ് ഫെബ്രുവരി, മാർച്ച് മാസങ്ങൾ ഈ കാലയളവിൽ ഇവിടെ സന്ദർശനം അനുവദിയ്ക്കാറില്ല. ഈ കഴിഞ്ഞ ഫെബ്രുവരി ഇരുപത്തിയാറിന് മൂന്നാറിലേക്ക് വരാൻ എല്ലാ ഒരുക്കങ്ങളും ഞങ്ങള്‍പൂർത്തിയാക്കിയതായിരുന്നു, സ്വന്തമെന്നു കരുതി ഹൃദയത്തോട് ചേർത്തവർ പിന്നിൽ നിന്നും പണി തന്നതിനാൽ ആ യാത്ര മുടങ്ങുകയായിരുന്നു. അന്നത്തെ യാത്ര മുടങ്ങിയത് ഉർവശീ ശാപം ഉപകാരപ്രദം എന്ന പോലെയായി, അന്ന് വന്നിരുന്നെങ്കിൽ ഞങ്ങൾക്ക് വരയാടിൻ കൂട്ടങ്ങളെ കാണാൻ കഴിയില്ലായിരുന്നു. രാജമലയിൽ പലയിടങ്ങളിലും തെളിനീർ ഉറവകൾ കാണാം. സന്ദർശകരുടെ ബാഹുല്യം കുറയുമ്പോൾ വരയാടുകൾ ഇവിടെ വെള്ളം കുടിയ്ക്കാൻ വരുമത്രേ. സന്ദർശകരിൽ പലരും ഇവിടെ നിന്ന് വെള്ളം കുടിയ്ക്കുകയും മുഖം കഴുകുകയും ചെയ്യുന്നത് കാണാം. പാറയിടുക്കിൽ നിന്ന് വരുന്ന തണുത്ത വെള്ളം കുടിച്ച് ക്ഷീണവും ദാഹവും ഞാനുമകറ്റി. പ്രകൃതി ഭംഗി കാണാനും ആസ്വദിയ്ക്കാനും ആഗ്രഹിയ്ക്കുന്നവർ തീർച്ചയായും കാണേണ്ട സ്ഥലമാണ് മൂന്നാർ. വൈവിധ്യമാർന്ന വർണ്ണ ചിത്രങ്ങളാൽ വിസ്മയ പ്രപഞ്ചം തീർക്കുന്ന മൂന്നാറിന്റെ വിരിമാറിൽ ഒരു നനുത്ത കാറ്റായി അലിഞ്ഞു ചേരാൻ മനസ്സ് മോഹിച്ചു.  കുളിർമ പകരുന്ന ഹരിത കാഴ്ചകൾ കണ്ടു കൊണ്ട് ഇടുക്കിയുടെ ഉൾഗ്രാമങ്ങളായ വെള്ളത്തൂവൽ, കഞ്ഞിക്കുഴി, കീരിത്തോട്, ചേലച്ചുവട്, ചുരുളി, അട്ടിക്കലം, വാഴത്തോപ്പ് വഴി ഇടുക്കി ഡാമിലേക്കുള്ള റോഡ് യാത്ര അൽപ്പം ദുർഘടം നിറഞ്ഞതാണ്, റോഡാണോ കുളമാണോ എന്ന് സംശയിച്ചു പോകും. പൊട്ടിത്തകർന്ന റോഡിലൂടെയുള്ള യാത്രയിൽ രസകരമായ ഒരു ബോർഡ് കണ്ടു "ഇവിടെ വികസനമുണ്ട് സൂക്ഷിയ്ക്കുക" ബോർഡ് വായിച്ചപ്പോൾ ചിരി വന്നെങ്കിലും കേരളത്തിലുടനീളം ഇത്തരം ബോർഡുകൾ വയ്ക്കേണ്ട അവസ്ഥയാണ്. ഡാമിലെത്തിയപ്പോഴാണ് അറിയുന്നത് തിങ്കളാഴ്ച സന്ദർശകർക്ക് പ്രവേശനമില്ലെന്ന്. അല്പംനിരാശ തോന്നിയെങ്ങിലും ഡാമിന്റെ വിദൂര ദൃശ്യങ്ങൾ കണ്ട് തൃപ്തരായി ഞങ്ങൾ യാത്ര തുടർന്നു. കാൽവരി മൌണ്ട് ഇക്കോ ടൂറിസ്റ്റ് കേന്ദ്രം അവിചാരിതമായാണ് നമ്മുടെ ശ്രദ്ധയിൽപ്പെട്ടത്. ചുമ്മാ ഒന്ന് കയറി നോക്കാം എന്ന ധാരണയോടെയാണ് ഞങ്ങൾ മൌണ്ട് പാർക്കിലേക്ക് പോയത്. പക്ഷേ നമ്മെ അത്ഭുതപ്പെടുത്തുന്ന അപൂർവ്വ കാഴ്ചയാണ് മൌണ്ട് പാർക്ക്തന്നത്. ദൃശ്യ ചാരുതയുടെ ഗരിമ ആസ്വദിച്ചു കൊണ്ട് ഞങ്ങൾ കുറെ സമയം അവിടെ ചിലവഴിച്ചു . മലനിരകളെ തഴുകിയെത്തുന്ന കുളിർ കാറ്റേറ്റ് ധ്യാനനിമഗ്നനായി ഞാൻ, ഞങ്ങൾ എത്തിയത് ഉച്ച സമയമായതിനാൽ സന്ദർശകർ കുറവായിരുന്നു. പ്രകൃതിയുടെ അഭൌമമായ സൌന്ദര്യം നുകർന്ന് ആ ശാന്തതയിലേക്ക് സ്വയം അലിഞ്ഞു ചേർന്നു. തേക്കടിയിൽ ബോട്ടു യാത്രയായിരുന്നു ഞങ്ങളുടെ അടുത്ത ലക്ഷ്യം. ഗൂഗിൾ തന്ന അറിവു പ്രകാരം വൈകുന്നേരം 5.30 വരെ ബോട്ട് യാത്ര അനുവദനീയമാണ്, എന്നാൽ നാലുമണിയ്ക്ക് ഞങ്ങൾ തേക്കടിയിലെത്തുമ്പോൾ ബോട്ട് സഫാരിയുടെ സമയം കഴിഞ്ഞിരുന്നു. എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും യാത്രക്കാരെ പറ്റിയ്ക്കാനായി പലവിധ ഉഡായിപ്പ് വേലകൾ കാണാം. ദിവസവും ആയിരങ്ങൾ വന്നെത്തുന്ന തേക്കടിയിൽ ജീപ്പ് സഫാരി എന്ന ഉഡായിപ്പാണ് പ്രത്യേകം ശ്രദ്ധിയ്ക്കേണ്ടത്. ബോട്ട് സഫാരിയുടെ സമയം കഴിഞ്ഞാൽ ജീപ്പ് സഫാരിയുടെ ഏജന്റുമാർ നമ്മുടെ പിന്നാലെ കൂടും. ഒപ്പം വർണ്ണാഭമായ ബ്രോഷറുകളും കാണിക്കും, മൂവായിരം രൂപ വരെ ഫീസ് ചോദിയ്ക്കുമെങ്കിലും വില പേശിയാൽ രണ്ടായിരം ആയിരത്തി അഞ്ഞൂറ് ഒക്കെയാകും. ബോട്ട് യാത്ര മുടങ്ങിയ നിരാശയിൽ ഞങ്ങളും ആ വലയിൽപ്പെട്ടു കമ്പം, തേനി ഹൈവേയിലൂടെ മുന്നോട്ടു പോയാൽ ഗൂടല്ലൂരെത്താം. കേരള, തമിഴ്നാട് അതിർത്തി കടന്ന് ചുരമിറങ്ങുമ്പോൾ തന്നെ പ്രകൃതിയുടെ മാറ്റം കാണാം. നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന കൃഷിത്തോട്ടങ്ങൾ കണ്ണിനു കുളിർമയേകുന്ന വിവിധയിനം പച്ചക്കറി പാടങ്ങൾകാണാം, ഗൂടല്ലൂർ അപ്പാച്ചി മേട്ടിലെ മുന്തിരി തോട്ടങ്ങളാണ്. പ്രധാന ആകർഷണം പല പാകത്തിലുള്ള ചുവപ്പും പച്ചയും മുന്തിരിക്കുലകൾ പഴുത്തതും പഴുക്കാത്തതുമായ മുന്തിരിത്തോട്ടം കണ്ടപ്പോൾ പത്മരാജന്റെ നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പ് സിനിമയിലെ സോളമനേയും സോഫിയേയും ഓർമ്മ വന്നു. വൈകുന്നേരമാണ് ഞങ്ങൾ അവിടെ എത്തിയത്. ഒട്ടേറെ പേർ മുന്തിരിക്കുലകൾ തൊടാനും ഫോട്ടോ പിടിയ്ക്കാനും തിരക്ക് കൂട്ടുന്നത് കണ്ടു. ചിലർ അനുവാദമില്ലാതെ മുന്തിരി പറിച്ച് തിന്നുന്നുണ്ട് ,കനി എന്ന കൊച്ചു പെൺകുട്ടിയാണ് ഞങ്ങളെ തോട്ടത്തിലേക്ക് സ്വാഗതം ചെയ്തത്. നാലോ അഞ്ചോ വയസ് കാണും ആ കൊച്ചു മിടുക്കിയ്ക്ക്. വീൽചെയർ കണ്ടതു കൊണ്ടാണോ എന്നറിയില്ല അവൾ ഞങ്ങളുടെ പിന്നാലെ തന്നെ കൂടി. അവളുടെ അമ്മ തോട്ടം തൊഴിലാളിയാണെന്ന് അവളുടെ വാക്കുകളിൽ നിന്നും മനസിലായി, ആദ്യമായി മുന്തിരിത്തോപ്പിൽ എത്തിയ ആഹ്ലാദം മനസിൽ നിറയുമ്പോഴും നേരം ഇരുട്ടി തുടങ്ങിയതിനാൽ വേഗം തിരിച്ച് പോകേണ്ടതുണ്ട്. പഴുത്ത് തൂങ്ങി നിൽക്കുന്ന മുന്തിരിക്കുലകളുടെ പശ്ചാത്തലത്തിൽ ഏതാനും ഫോട്ടോകൾ പകർത്തി ഞങ്ങൾ മുന്തിരിത്തോപ്പിനോട് വിട പറഞ്ഞു. തമിഴ് നാടിന്റെ ഉൾഗ്രാമങ്ങളിലെ പച്ചക്കറി പാടങ്ങിലൂടെയുള്ള യാത്ര തമിഴരുടെ അദ്ധ്വാനശീലവും മണ്ണിനോടും കൃഷിയോടുമുള്ള സ്നേഹം മനസിലാക്കാൻ കഴിഞ്ഞു, ചിലയിടങ്ങളിൽ നിന്നും പച്ചക്കറികൾ വാഹനങ്ങളിൽ നിറയ്ക്കുന്നതും കാണാൻ കഴിഞ്ഞു. എല്ലാം കേരളത്തിന്റെ തീൻ മേശയിൽ വിളമ്പാൻ ആണെന്ന് ഓർത്തപ്പോൾ തമിഴന്റെ വിയർപ്പിനോട് ബഹുമാനം തോന്നി . ഒപ്പം തരിശായി കിടക്കുന്ന കേരളത്തിന്റെ കൃഷി പാടങ്ങളോർത്ത് ലജ്ജയും . മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിച്ച ജോൺ പെന്നി ക്യുക്കിന്റെ സ്മാരകമാണ് യാത്രയിലെ അടുത്ത ഊഴം. തമിഴ്നാട്ടിലെ വെട്ടിക്കാട് എന്ന സ്ഥലത്ത് പ്രധാന റോഡിനോട് ചേർന്നാണ് സ്മാരകം സ്ഥിതി ചെയ്യുന്നത്, മുല്ലപ്പെരിയാർ ഡാമിന്റെ നിർമ്മാണ ഘട്ടത്തിലെ വിവിധ ഫോട്ടോകൾ ഇവിടെ  പ്രദർശിപ്പിച്ചിട്ടുണ്ട്, നെഹ്റു ഉൾപ്പെടെയുള്ള വി.വി.ഐ.പി കൾ ഡാം സന്ദർശിച്ച ചിത്രങ്ങൾ ചുമരിൽ ഇടം പിടിച്ചിട്ടുണ്ട്. മുല്ലപ്പെരിയാർ ഡാമിന്റെ പൂർത്തീകരണത്തിനു പിന്നിൽ ജോൺ പെന്നി ക്യുക്ക് എന്ന എഞ്ചിനീയറുടെ ത്യാഗോജ്വലവും അർപ്പണ പൂർണ്ണമായ പ്രവർത്തനത്തിന്റെയും ഒരു ചരിത്രമുണ്ട്. 1858- ൽ റോയൽ മിൽട്രി എഞ്ചിനീയറിംഗ് പാസായ ജോൺ പെന്നിക്യുക്കും, മേജർ റൈവും ചേർന്ന് വളരെക്കാലം പരിശ്രമിച്ചാണ് മുല്ലപ്പെരിയാർ ഡാമിന്റെ രൂപ രേഖ തയ്യാറാക്കിയത്. 1867-ൽ അണക്കെട്ടിന്റെ നിർമ്മാണം ആരംഭിച്ചെങ്കിലൂം പ്രതികൂല കാലാവസ്ഥ മൂലം നിർമ്മാണ പ്രവർത്തനം വളരെ ദുര്‍ഘടമായിരുന്നു, വന്യ ജീവികളുടെ ആക്രമണവും പ്രകൃതി ദുരന്തവും മൂലവും ഒട്ടേറെ തൊഴിലാളികൾ കൊല്ലപ്പെടുകയും ചെയ്തപ്പോൾ ഡാം നിർമ്മാണം തുടരേണ്ടെന്ന് സർക്കാർ തീരുമാനിച്ചു. എന്നാൽ ജോൺ പെന്നി ക്യുക്ക് സർക്കാരിന്റെ തീരുമാനം മുഖവിലയ്ക്കെടുത്തില്ല. താൻ തുടങ്ങിയ ഡാമിന്റെ പണി എന്തു വില കൊടുത്തും താൻ തന്നെ പൂർത്തീകരിയ്ക്കുമെന്ന് ദൃഢ പ്രതിജ്ഞ ചെയ്ത ക്യുക്ക് കുടുംബ സമേതം ഇംഗ്ലണ്ടിലേക്ക് മടങ്ങി, തന്റെയും ഭാര്യയുടെയും സ്വത്ത് വകകളെല്ലാം വിറ്റ് ഇന്ത്യയിലേക്ക് തിരിച്ചു വന്ന് ഡാമിന്റെ പണി പൂർത്തീകരിയ്ക്കുകയും ചെയ്തു. ഔദ്യോഗിക കണക്കനുസരിച്ച് അന്നത്തെ അറുപത്തിരണ്ട് ലക്ഷം ഇന്ത്യൻ രൂപ ചെലവ് വന്നത്രെ മുല്ലപ്പെരിയാർ ഡാം നിർമ്മാണത്തിന്, 1867-ൽ നിർമ്മാണം തുടങ്ങി 1895- ൽ നിർമ്മാണം പൂർത്തീകരിച്ച ഈ ഡാം കേരളത്തിനും തമിഴ്നാടിനും ഇന്നും ഒരു വിവാദ വിഷയമായി നിലനിൽക്കുന്നു. പെന്നി ക്യുക്കിന്റെ പ്രതിമയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ എന്റെ മനസിൽ ബ്രിട്ടീഷ് സർക്കാർ ഡാം പണി നിർത്തലാക്കാൻ പറഞ്ഞപ്പോൾ നിർത്തി പോരാമായിരുന്നില്ലേ സാർ, ബ്രിട്ടനിലുള്ള അങ്ങയുടെ സ്വത്ത് മുഴുവൻ വിറ്റു തുലച്ച് ഈ ഡാം പണിതതു കൊണ്ടല്ലേ നമ്മൾ കേരളീയർ ഇന്നും ഭീതിയുടെ നിഴലിൽ കഴിയേണ്ടി വരുന്നത്.                 രാത്രി എട്ട് മണിയോടെ തേക്കടിയിൽനിന്നും ഞങ്ങൾ രാത്രി ഭക്ഷണവും കഴിച്ച് നാട്ടിലേക്ക് തിരിച്ചു, അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്ര രാത്രിയിലായിരുന്നു. ഗസലുകളും പഴയ മലയാളം, ഹിന്ദി സിനിമാ ഗാനങ്ങളും ആസ്വദിച്ച് കൊണ്ടുള്ള യാത്ര മനസിനെ ഒട്ടും മുഷിപ്പിച്ചില്ലെങ്കിലും ശരീര ക്ഷീണം നന്നായി അനുഭവപ്പെട്ടു,  ഇക്കുറി ഒരു പുതിയ ടീം ആയിരുന്നു എന്റെ കൂടെ സന്തോഷ് (ചുഴലി) ഹരീന്ദ്രൻ (എഴുലോട്) രതീഷ് (തിരുവട്ടൂർ) സുശാന്ത് (കാനായി) .എല്ലാവരും യാത്ര നന്നായി ആസ്വദിച്ചെങ്കിലും എന്റെ മനസിന്റെ അഗാധതയിൽ മയങ്ങി കിടക്കുന്ന സ്വകാര്യ വേദനയെ മൂന്നാറിലെ കുളിർ കാറ്റിനും ശമിപ്പിയ്ക്കാനായില്ല. അടിമാലിയിൽ ഞങ്ങൾക്ക് താമസിയ്ക്കാൻ സൌകര്യങ്ങൾ ഒരുക്കി തന്ന മുല്ലപ്പെരിയാർ മുൻ സമര സമിതി ചെയർമാനും എന്റെ സുഹൃത്തുമായ ഫാദർ ജോയി നിരപ്പിലിനും, ഹരീഷ് (ഹരി) പെരുമ്പാവൂരിനും നന്ദി രേഖപ്പെടുത്തുന്നു. അടിമാലിയിൽ പുത്തൻ പുരയിൽ ലോഡ്ജിന്റെ മൂന്നാമത്തെ നിലയിലായിരുന്നു ഞങ്ങളുടെ താമസം. ലിഫ്റ്റ് സൌകര്യം ഇല്ലാതിരുന്നതിനാൽ വീൽചെയർ സഹിതം എന്നെ മുകളിലെത്തിയ്ക്കാൻ എന്‍റെ സുഹൃത്തുക്കൾ ഏറെ പ്രയാസപ്പെട്ടു. ഇടുക്കിയുടെ കാഴ്ചാ സൌന്ദര്യം പലയിടങ്ങളിലായി ചിതറി കിടക്കുന്നതിനാൽ ഒരു യാത്ര കൊണ്ടോ, രണ്ട് യാത്ര കൊണ്ടോ മുഴുവൻ ആസ്വദിയ്ക്കാൻ കഴിയില്ല, നിന്നെ അനുഭവിയ്ക്കുവാനും, അറിയുവാനും, ഹരിത മലകളെ ചുംബിയ്ക്കുവാനും നിന്നിൽ അലിഞ്ഞു ചേരുവാനും ഞങ്ങൾ വീണ്ടും വരും, നന്ദി മൂന്നാർ നന്ദി ഇടുക്കി...

Share :