ഓട്ടിസം ബാധിക്കാത്ത സ്നേഹം
ഓജ്ജാറിൽ നിന്നും ദേവലാലിയിലേക്കള്ള ഒന്നര മണിക്കൂറോളമുള്ള ബസ് യാത്ര ഒക്ടോബർ മാസത്തിന്റെ തുടക്കം മുതൽ അസഹ്യമായി.
രാവിലെ 7-30 മുതൽ ഉച്ചക്ക് 1-50 വരെയായിരുന്നു സ്ക്കൂൾ സമയം. തണുപ്പിന്റെഅടിവെച്ചടിവെച്ചുള്ള നുഴഞ്ഞുകയറ്റവും, മൂടൽമഞ്ഞും, കുളിർ കാറ്റിന്റെ മരവിപ്പിക്കുന്ന തണുപ്പേറ്റങ്ങളിലേക്കുള്ള ചുവടുമാറ്റവും ഒക്കെ കാരണം നാടുവിട്ടു നാടുമാറിയ എനിക്ക് പുലരും മുമ്പേ തുടങ്ങിയിരുന്ന ആ യാത്ര ജീവന്മരണപോരാട്ടം പോലെയായിരുന്നു. അതിനാൽ തന്നെ ദേവലാലി കെ വിയ്ക്കടുത്തേക്ക് താമസം മാറ്റാൻ തീരുമാനിച്ചു.
സ്ക്കൂളിനടുത്തു തന്നെ (കഷ്ടിച്ച് 10 മിനിറ്റ് നടപ്പുദൂരം) ജാഗിർദാർ ബംഗ്ലാവിൽ ഏറ്റവും താഴത്തെ നിലയിൽ വാടകക്കാരായിരുന്ന ഒരു മലയാളി കുടുംബത്തോടൊപ്പം ഒരു മുറി വാടകക്ക് ഷെയർ ചെയ്യാൻ ഏർപ്പാടായി. ഇത് തരപ്പെടുത്തിത്തന്നത് സ്ക്കൂളിലെ സംസ്കൃതം അദ്ധ്യാപിക കരൺദീക്കർ മാഡമായിരുന്നു. എന്നെപ്പോലെത്തന്നെ കുട്ടികളുമായി പെട്ടെന്ന് ചങ്ങാത്തം കൂടിയിരുന്ന അവരുമായി വളരെയെളുപ്പം ഞാന്‍ അടുത്തു. ഏതാനും ദിവസങ്ങൾ കൊണ്ട് പ്രായവ്യത്യാസത്തിന്റെ അതിരുകൾ തെറ്റിച്ച് ഞങ്ങൾ പരസ്പരം മനസ്സുകൾ പങ്കിടുന്ന ഉറ്റ സുഹൃത്തുക്കളായി.
ജാഗിർദാർ ബംഗ്ലാവിനു നേരെ റോഡിനു മറുവശത്തുള്ള ഹൗസിംഗ് കോളനിയിലായിരുന്നു കരൺദീക്കർ മാഡം തനിച്ച് താമസിച്ചിരുന്നത്. അവരുടെ ഭർത്താവ് സിന്നർ എന്ന സ്ഥലത്ത് സ്വന്തം വീട്ടിൽ കൃഷിയും കാര്യങ്ങളും നോക്കി നടത്തുകയായിരുന്നു. ഇടക്ക് കൃഷിയിടത്തു നിന്ന് സാധനങ്ങളുമായി ദേവലാലിയിൽ വന്ന് ഭാര്യക്കൊപ്പം രണ്ടു ദിവസം. ശേഷം മടങ്ങിപ്പോകും. മകൾഅൽക്ക, ഭർത്താവും കുട്ടികളുമായി പൂണെയിലാണ് താമസമെന്നും വിരളമായേ അമ്മയെ കാണാൻ വരുമായിരുന്നുള്ളു എന്നും മാഡം പറഞ്ഞറിഞ്ഞു. മാഡം അവളെ കാണാൻ അങ്ങോട്ടു പോകുന്ന പതിവുണ്ടായിരുന്നു. ഞങ്ങൾ സ്ക്കൂളിലേക്കുള്ള വരവും പോക്കും ഒരുമിച്ചായി. ജീവിതത്തിന്റെ കൊഴിഞ്ഞ ഏടുകൾ ചികഞ്ഞ് ഞങ്ങൾ പരസ്പരം പങ്കിട്ടറിഞ്ഞു. മിക്കപ്പോഴും വരും വഴി അവരുടെ വീട്ടിൽ കയറി ചായയും സ്നാക്സും വർത്തമാനവുമായി ഒരു മണിക്കൂർ കഴിഞ്ഞേ മുറിയിൽ ഞാൻ തിരിച്ചെത്താറുള്ളൂ.
ഒരു ദിവസം തികച്ചും അപ്രതീക്ഷിതമായി അവർ പറഞ്ഞു: “ഗീത, നാളെ കാലത്ത് എന്റെ മോൻ മനോജ് വരും. നിനക്കവനെയറിയില്ല. അവനെക്കുറിച്ച് നിന്നോടൊന്നും ഇതുവരെ ഞാൻപറഞ്ഞിട്ടില്ല." അന്ധാളിച്ചു നിന്നു പോയി ഞാൻ. എന്റെ കൈയ്ക്കു പിടിച്ച് വീണ്ടും
"വാ, നടക്കാം. നീ റൂമിൽ പോയി ഫ്രെഷ് ആയി വീട്ടിലോട്ടു പോരേ. ഇന്ന് നമുക്ക് ഒന്നിച്ചു കൂടാം. ഞാൻ മൂന്നു ദിവസം ലീവെടുത്തിട്ടുണ്ട് എല്ലാം വിശദമായി സംസാരിക്കാം."
നാലര മണിയോടെ ഞാൻ വീട്ടിലെത്തുമ്പോൾ മാഡം മകനിഷ്ടമുള്ള 'ബേസൻ കീ ലഡ്ഡു'ഉരുട്ടുകയായിരുന്നു. ഞാനും ഒപ്പം കൂടി . തലേന്നു തയ്യാറാക്കിയ കരഞ്ചിയും ചക്ലിയും എനിക്കായി ഒരു പ്ലേറ്റിൽ മാഡം കൊണ്ടുവന്നു. അവർ പറഞ്ഞു തുടങ്ങി...
"മകൾ അൽക്കക്ക് മൂന്നു വയസ്സുള്ളപ്പോഴാണ് വീണ്ടും ഗർഭിണിയാകുന്നത്. അന്നെനിക്ക് ഈ ജോലി ഉണ്ടായിരുന്നില്ല. ഭർത്താവിന്റെ കൂട്ടുകുടുംബത്തിൽ വിവാഹശേഷം ബഹു(വധു) ആയി വന്നവൾക്ക് ചെയ്യാൻ ഒരുപാട് ജോലികളാണ്. അവളുടെ യാതനകൾ അവിടെയുള്ളവർ കാണാറില്ല. രണ്ടാമത്തെ ഗർഭകാലം കഷ്ടതകൾ നിറഞ്ഞതായിരുന്നു. ആദ്യത്തേത് പെൺകുഞ്ഞായതിനാൽ രണ്ടാമത്തേതിന് യാതൊരുവിധ ഗർഭകാല പരിചരണമോ വിശ്രമമോ കിട്ടിയില്ല. അമ്മയുടെ ശാരീരികവും മാനസികവുമായ ആസ്വാസ്ഥ്യങ്ങൾ കുഞ്ഞിനേയും ബാധിക്കുമല്ലോ.
മനു ജനിച്ചപ്പോൾ ഭാരം തീരെ കുറവായിരുന്നു. ആൺകുഞ്ഞായതുകൊണ്ട് കുഞ്ഞിന്റെ ആരോഗ്യത്തിനു വേണ്ടതായ ചികിത്സകൾ നടത്താൻ എല്ലാവരും താൽപര്യമെടുത്തു. കുറച്ചു നാളുകൾ കൊണ്ട് കുട്ടി ആരോഗ്യവാനായി വളരാൻ തുടങ്ങി. രണ്ടു മൂന്നു വർഷങ്ങൾ ആഘോഷത്തോടെ ജീവിച്ചു. എന്നാൽ മൂന്നു വയസ്സായിട്ടും മോൻ സംസാരിക്കാൻ തുടങ്ങിയില്ല. അവന്റെ നടപ്പിലും നോട്ടത്തിലും പെരുമാറ്റത്തിലും അസ്വാഭാവികത പ്രകടമായി. വിദഗ്ദ്ധമായ വൈദ്യ പരിശോധനയിൽ മനോജ് ഓട്ടിസം ബാധിച്ച കുഞ്ഞാണെന്നറിഞ്ഞു. പിന്നീടുള്ള എന്റെ ജീവിതം അവനു വേണ്ടി മാത്രമായി. എത്രയെത്ര പ്രതികൂല ജീവിതാവസ്ഥകൾ മറികടന്നതാണ്... 8 വയസ്സു തികഞ്ഞതിനു ശേഷമാണ് മനുവിനെ സിന്നറിലുള്ള റിട്ടാർഡഡ് കുട്ടികൾക്കായുള്ള റസിഡെൻഷ്യൽ സ്ക്കൂളിൽ ചേർത്തത്. ഡിഗ്രിയും ബി എഡും കഴിഞ്ഞ എനിക്ക് അതിനു മുമ്പു തന്നെ കെ വി യിൽ ജോലി കിട്ടിയിരുന്നു. ജോലിക്കൊപ്പം വയ്യാത്ത കുട്ടിയുടെ മേൽനോട്ടം വീട്ടിൽ നിർത്തിയാൽ ശരിയാകില്ലെന്ന് ശഠിച്ച് ഭർത്താവാണ് അവനെ സിന്നറിലുള്ള സ്ക്കൂളിലേക്കയച്ചത്. മനുവിനെ പിരിഞ്ഞ് ജീവിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി.... അൽക്ക മിടുക്കിയായി പഠിച്ചു, വളർന്നു. വിവാഹവും കഴിച്ചയച്ചു. ഭർത്താവ് പൂണെയിൽ ഒരു മികച്ച കമ്പനിയിൽ ഉയർന്ന തസ്തികയിൽ ജോലി ചെയ്യുന്നു. ഇപ്പോൾ രണ്ടു കുഞ്ഞുങ്ങളുമുണ്ട് അവർക്ക്. മനോജിന് അൽക്കയെ ജീവനായിരുന്നു. വിവാഹത്തിനു മുമ്പ് അവൾക്കും അങ്ങനെ തന്നെയായിരുന്നു. രണ്ടാളും കൂടിയാൽ പിന്നെ മറ്റാരേയും ഗൗനിക്കാതെ അവരുടേതായ ഒരു ലോകത്തെത്തും. എന്നാൽ പിന്നീട്... വിവാഹത്തിനു ശേഷം അവൾ മനുവിൽ നിന്നകന്നു. അവനെ കാണാൻ വരാതായി. ഓരോ തവണയും മനു ഇവിടെ വരുമ്പോൾ അൽക്കാദീ എന്നു വീടു മുഴുവൻ പരതി നടക്കും. അവളെ കാണാതെ വയലന്റാകും സ്ക്കൂളിൽ നിന്നും അവനോടൊപ്പം വരുന്ന ആയ വളരെ കഷ്ടപ്പെട്ടാണ് കുട്ടിയെ നിയന്ത്രിക്കുക പതിവ്. നാളെ എന്റെ കുട്ടി വരുമ്പോഴും ഇങ്ങനൊക്കെ സംഭവിക്കും.മനുവിനിപ്പോൾ വയസ്സ് 18 ആയി. എന്നാൽ കൊച്ചു കുട്ടികളെപ്പോലെയാണ്."
മാഡം വളരെ അസ്വസ്ഥയായിരുന്നു. മനുവിനു ബോധിക്കുന്ന കളിപ്പാട്ടങ്ങൾ വളരെ ഭംഗിയോടെ ഒരു മേശപ്പുറത്ത് നിരത്തി വെച്ചിട്ടുണ്ട്. അവൻ നന്നായി വരക്കുമത്രേ. വരക്കാനുള്ള ക്രയോൺസും ഡ്രായിംഗ് ബുക്കും പേപ്പർ, പെൻസിൽ തുടങ്ങി എല്ലാം പുതിയത് വാങ്ങി വെച്ചിട്ടുണ്ട്. വാട്ടർ കളറും ഉപയോഗിക്കാൻ അവനിപ്പോൾ പഠിച്ചുവത്രേ. എന്തെങ്കിലും അനാവശ്യമുള്ളത് കിട്ടിയില്ലെങ്കിൽ ദേഷ്യം പിടിക്കും. പിന്നെ എല്ലാം തട്ടിത്തെറിപ്പിച്ച് നാശമാക്കും.........അന്നു രാത്രി കഥകൾ കേട്ടുറങ്ങി. പിറ്റേന്ന് ഞാനും 2 ദിവസങ്ങൾക്ക് അവധിക്കായി സ്ക്കൂളിലേക്ക് അപേക്ഷ കൊടുത്തു വിട്ടു.
രാവിലെ 10-30 നാണു് മനുവിനെ കൂട്ടി അവന്റെ ആയ എത്തിയത്. തുറന്നു വെച്ചിരുന്ന മുൻവാതിൽ കടന്ന് ഉള്ളിലെത്തിയ മനു അൽക്കാദീ എന്ന വിളിയോടെ സെറ്റിയിലിരിക്കുകയായിരുന്ന എന്നെ വന്ന് കെട്ടിപ്പിടിച്ചു. ആദ്യമൽപം സങ്കോചവും ഭയവും തോന്നിയെങ്കിലും കുട്ടിയുടെ മനസ്ഥിതി മനസ്സിലാക്കി ഞാനവന്റെ പുറത്തു തട്ടി. ബേട്ടേ... എന്നുരുവിട്ട് മൂർദ്ധാവിലൊരു മുത്തവും കൊടുത്തപ്പോൾ തൊട്ടടുത്ത് നിന്ന മാഡം നിശ്ശബ്ദം കരയുകയായിരുന്നു. സംതൃപ്തിയുടെ ഒരു പുഞ്ചിരി ആ മുഖത്ത് തെളിഞ്ഞു വന്നു.
മനുവിന് സന്തോഷമായി. മനു എന്റെയടുത്തിരുന്ന് സാവകാശം അവന്‍റെ വിശേഷങ്ങൾ മറാഠിയിൽ പറയാൻ തുടങ്ങി. അവന്‍റെ സംസാരം മുഴുവനും വ്യക്തമായില്ലെങ്കിലും വളരെ ശ്രദ്ധയോടെ ഞാൻ എല്ലാo കേട്ടിരുന്നു, അവന്‍റെ സ്വന്തം ചേച്ചിയായി. എനിക്കു മനസ്സിലാകാത്തത് മാഡം ഇംഗ്ലീഷിൽ പറഞ്ഞു തന്നു. അങ്ങനെ മനുവിന്‍റെ അൽക്കാദീ ആയി രണ്ടു ദിവസങ്ങൾ... അൽപസ്വൽപം ബുദ്ധിമുട്ടുകൾ നേരിട്ടെങ്കിലും സന്തോഷത്തോടെ ഞാൻ മനുവിന്റെ കൂടെ ചേർന്നു. കളിക്കുമ്പോൾ അവനെക്കാളും പ്രായം കുറഞ്ഞ കുട്ടിയായി. ചിത്രം വരക്കാൻ അടുത്തിരുന്ന് ചേച്ചിയുടെ സ്വാതന്ത്ര്യത്തോടെ പ്രോൽസാഹനം നൽകി. ഭക്ഷണം കഴിക്കാനിരുന്നപ്പോൾ മനു ശാഠ്യം തുടങ്ങി. ഞാൻ തന്നെ ആഹാരം അവന് വായിൽ കൊടുക്കണം. അവൻ ആവശ്യപ്പെട്ടതെല്ലാം ഞാനും ചെയ്തു കൊടുത്തു. ഇടക്ക് ചപ്പാത്തി പൊട്ടിച്ച് ദാലിൽ മുക്കി അവൻ എന്റെ വായിലും വെച്ചു തന്ന് പൊട്ടിച്ചിരിച്ചു. ആഹ്ലാദത്തിന്റെ പാരമ്യത്തിൽ എന്നെ കെട്ടിപ്പിടിച്ചും കൈകൾ തലോടിയും അടുത്തിരുന്നപ്പോൾ ജീവിതത്തിലാദ്യമായി നിഷ്കളങ്കമായ ആത്മാർത്ഥ സഹോദരസ്നേഹത്തിന്റെഅനുഭൂതിയിൽ ഞാൻ മതി മറന്നു. രണ്ടു നാളുകൾക്കു ശേഷം മനുവിനെ മടക്കി അയക്കാൻ വളരെ പാടുപെട്ടു. പോകാൻ നേരം കാറിൽ കയറ്റുമ്പോൾ എന്റെ കൈ മുറുകെ പിടിച്ചിരുന്ന അവന്റെ കൈ വേർപ്പെടുത്തുമ്പോൾ വിലപ്പെട്ടതെന്തോ നഷ്ടമായെന്നു തോന്നിക്കും വിധം ഞാൻ തേങ്ങലടക്കി.
ജീവിതത്തിന്റെ രണ്ടേടുകളിൽ ഒരിക്കലും മറവിച്ചിതലരിക്കാതെ വാത്സല്യനിധിയായ ഒരമ്മയുടേയും ബുദ്ധി വൈകല്യമുണ്ടെങ്കിലും സ്നേഹത്തിന്റെ നിറകുടമായ ആ മകന്‍റെയും രണ്ടു മുഖങ്ങൾ... ദേവലാലിയിൽ നിന്നും പോന്നതിന് ഏതാനും വർഷങ്ങൾക്ക് ശേഷം കരൺദീക്കർ മാഡം വിരമിച്ചതും അവരുടെ ഭർത്താവ് രോഗിയായി കിടപ്പിലായതും മരണപ്പെട്ടതും ശേഷം മകൻ പഠിക്കുന്ന വിദ്യാലയത്തിൽ അദ്ധ്യാപികയായി വേതനം പറ്റാതെ ആജീവനസേവനത്തിനായി ചേർന്നതും കത്തു വഴി മാഡമെന്നെ അറിയിച്ചു.
മേൽവിലാസം കുറിക്കാതെ മറുപടി പ്രതീക്ഷിക്കാതെ അവർ അകന്നെങ്കിലും, ജീവിക്കുന്നുണ്ട് ഇന്നുമെന്റെഹൃദയത്തിൽ സ്നേഹോർജ്ജം പ്രസരിപ്പിച്ചു കൊണ്ട് ആ രണ്ടു മുഖങ്ങൾ.