Archives / july2019

ദിവ്യ.സി.ആർ
പ്രണയഭേദങ്ങളിൽ

     വേദനകളും വാശികളും തീർക്കാൻ ഞാൻ തീർത്ത അഭൗമമായ ലോകത്ത് ഒറ്റയ്ക്ക് നടന്നു തളർന്നിരിക്കുന്നു..! എനിക്കിഷ്ടമില്ലാത്ത യാതൊന്നും തന്നെ ഇവിടെയില്ല. എൻെറ സ്വപ്നങ്ങളും സ്വാതന്ത്ര്യങ്ങളും നിറഞ്ഞ സുന്ദരമായ ലോകം ! പ്രകൃതിയും മനുഷ്യനും പരസ്പരം സംവദിക്കുന്ന തരത്തിലുള്ള ഈ രമ്യഹർമ്മത്തിലെ അന്തേവാസം ഏറെ കാലമായി മോഹിച്ചിരുന്നതാണ്. സ്വപ്ന സാക്ഷാത്കാരം നേടി, സ്വന്തമാക്കുമ്പോൾ ജീവിതം വെട്ടി പിടിച്ചവളുടെ സംതൃപ്തി !
   ആരും ശല്യം ചെയ്യാതെ പുസ്തകങ്ങളും നുറുങ്ങു മോഹങ്ങളും ഈ ചുവരുകളിൽ വരിച്ചിടുമ്പോൾ ഇങ്ങനെ മതി ജീവിതമെന്ന് ആവർത്തിച്ചു പറഞ്ഞു.
പക്ഷേ... 
ഇപ്പോൾ എന്തോ ഒന്ന് കുറയുന്നതു പോലെ..
പ്രകൃതിയും മനുഷ്യനും പരസ്പരപൂരകങ്ങളായി അനുവർത്തിക്കേണ്ട ഈ ലോകത്തെ ബന്ധിപ്പിക്കുന്ന ഘടകം.
പ്രണയം !
  പ്രണയവിരോധിയായി മറ്റുള്ളവർക്ക് തോന്നുമെങ്കിലും പ്രണയത്തിനായി ദാഹിക്കുന്ന  ലോലമനസ്സ് ഞാനടക്കി, വായിച്ചു മടക്കിയ പുസ്തകങ്ങളിൽ നിന്നും പ്രണയം കണ്ടെത്താനായി ഒരു ഭ്രാന്തിയെ പോലെ അലഞ്ഞതും ഒടുവിൽ വിവശയായി നിലത്തു വിതറിയ പുസ്തകങ്ങളിലേക്കു വീണതും മാത്രമേ എനിക്കോർമ്മയുള്ളൂ.
    കണ്ണുകൾ മെല്ലെ തുറക്കുമ്പോൾ നീ എനിക്കരുകിലുണ്ട്. നിൻെറ കൈകളുടെ നനുത്ത സ്പർശനത്തിന് തൂമഞ്ഞിൻെറ നൈർമല്യമുണ്ടായിരുന്നു. ചുണ്ടിൽ നിന്നുതിർന്നത് ആത്മീയതയുടെ ശാന്തി മന്ത്രങ്ങളായിരുന്നു.
വിരസതയുടെ ആഴങ്ങളിലേക്കു പോയൊളിക്കാൻ തിടുക്കം കൂട്ടിയ എനിക്കായി നീ ഉറങ്ങാതെ കാത്തിരുന്നത് എന്തിനായിരുന്നു..?
    ഏകാന്തതയുടെ ഭാരം ഹൃദയപാളികൾക്ക് കനം പകർന്നപ്പോൾ ജീവിതം വലിച്ചെറിഞ്ഞ് ചക്രവാളങ്ങളിലെ അസ്തമയ സൂര്യനെ പുൽകാൻ ധൃതിവച്ചപ്പോൾ, വിവശയായി വാശി പിടിച്ച എന്നെ ചേർത്തു നിർത്തി മുറുകെ പുണർന്നതും മന്ത്രങ്ങളുതിർന്ന അധരങ്ങളാൽ ചുംബിച്ചതും മോഹാലസ്യമായി നിൻ മാറിൽ ചേരുമ്പോൾ ഞാനറിഞ്ഞിരുന്നു..
പ്രണയമെന്തെന്ന് !
    ദാ.. നമുക്കായി രാവ് പളുങ്കുമണലിനാൽ പട്ടുമെത്തയൊരുക്കിയിരിക്കുന്നു. നക്ഷത്രങ്ങൾ നാണത്താൽ കണ്ണുച്ചിമ്മുന്നത് കണ്ടെൻെറ കവിൾത്തടങ്ങൾ നാണത്താൽ പൂത്തുലയുന്നു. തിരയും തീരവും ചേരുന്ന ഈ നേർരേഖയിൽ നമുക്കും ഒന്നായിത്തീരണം.. വിയർത്ത നിൻ നെറ്റിത്തടങ്ങളിൽ ഒരായിരം ചുംബനങ്ങളുതിർത്ത് എൻെറ പ്രണയത്തിൽ നിന്നെ തളച്ചിടണം..!
    ഉന്മാദിനിയെ പോലെ തുടിക്കുകയാണെൻ മനം. കേശാലങ്കാരങ്ങളില്ലാതെ പാറി നടക്കുന്ന മുടിയിഴകൾ നിൻെറ ലാളനകൾക്കായി തുടിക്കുന്നു. താളം നഷ്ടപ്പെട്ട പാദസരകുഞ്ചുകങ്ങൾ നിൻെറ രാഗങ്ങൾക്കൊപ്പം നൃത്തമാടാൻ തിടുക്കം കൂട്ടുന്നു..
    നീ എവിടെയാണ്..?
നിനക്കായി മനസ്സിൻെറ വാതിൽ തുറന്നിട്ട് കാത്തിരിക്കുകയാണ്. നിശബ്ദതയിൽ പെയ്തിറങ്ങുന്ന രാമഴപോൽ നീയെന്നിൽ നിറയുന്ന നിമിഷങ്ങൾ കാത്ത്...
  രാത്രിമഴയുടെ അന്ത്യയാമത്തിലാവും.. രാക്കിളിപ്പാട്ടുമായി നീ എനിക്കരുകിലെത്തിയതും..! ഞാനെഴുതിയ കവിതകൾ ഈണത്തിൽ മൂളിയപ്പോൾ നാണത്താൽ  നിൻ മാറിലേക്കു ചാഞ്ഞതും, മുല്ല പോൽ നിന്നിലേക്ക്‌ പടർന്നതും ഒടുവിൽ സുഖസുഷുപ്തമായ നിർവൃതിയിൽ ഞാൻ മയങ്ങിയതും നീ മറന്നുപോയോ ?
  സൂര്യന്റെ പൊൻകിരണങ്ങളാൽ, എൻെറ കിടക്കയിൽ നിൻെറ വിയർപ്പുകണങ്ങൾ തിളങ്ങുന്നത് കണ്ട് നാണിച്ച പകലുകൾ..
നിൻെറ നീലരക്തം പടർന്ന്‌  വേരോടിയ പുസ്തകത്താളുകളിൽ ഞാനെന്റെ ലജ്ജ ഒളിപ്പിക്കാൻ ശ്രമപ്പെടുന്നു.

Share :