Archives / August 2019

ഫൈസൽ ബാവ
ജീവിതത്തിന്റെ ഗ്രന്ഥത്തിൽനിന്നെടുത്ത മാനവികത കഥകളിൽ

മനുഷ്യമഹത്വം പ്രമേയമാക്കി ഒട്ടേറെ കഥകൾ ലോകത്ത് ഉണ്ടായിട്ടുണ്ട്. മാനവികതയുടെ അക്ഷരവിളക്കായി ആ കഥകൾ ഇന്നും ലോകത്തിനു വെളിച്ചം നൽകുന്നുണ്ട്. ലോകോത്തര കഥകളുടെ പട്ടിക എടുത്താൽ അത്ര പെട്ടെന്നൊന്നും ആ പുഴ നീന്തി കടക്കാൻ ആകില്ല അത്രയും വിശാലമായി കിടക്കുന്ന ഒന്നാണ് കഥാപ്രപഞ്ചം. ഈ വിഷയം അടിസ്ഥമാക്കി ക്ലാസിക്ക് ബുക്ക് ട്രസ്റ്റ്  എം പി മുഹമ്മദ് എഡിറ്റർ ആയി 1984ൽ ഇറക്കിയ *ജീവിതത്തിന്റെ ഗ്രന്ഥത്തിൽനിന്ന് എഴുതിയത്* എന്ന പുസ്തകത്തിൽ രണ്ടു ഇന്ത്യൻ കഥകൾ അതിൽ ഒന്ന് മലയാളത്തിൽ നിന്നും വൈക്കം മുഹമ്മദ് ബഷീറിന്റെയും  അടക്കം 8 കഥകളാണ് ഉള്ളത്.

ജർമനിയിൽ നിന്നുള്ള കാസ്മിർ എഡ്‌സ്മിത്ത്ന്റെ *കുഷ്ഠരോഗികളുടെ കാട്*, 

അമേരിക്കയിലെ ലോകപ്രശസ്ത എഴുത്തുകാരൻ ഒ.ഹെൻറിയുടെ *എന്തും ചെയ്യാൻ മടിയ്ക്കാത്ത രണ്ടുപേർ*

ഫ്രാൻസിൽ നിന്നുള്ള ഫ്രാൻസ്വ കോപ്പേയുടെ *കാണാതായ കുട്ടി*

 ബ്രിട്ടനിൽ നിന്നുള്ള കാതറിൻ മാൻസ് ഫീൽഡിന്റെ *ഒരു കപ്പ് ചായ*

ജപ്പാനിൽ നിന്നുള്ള റിയുനോസുകെ അകുതഗാവായുടെ  *ഒരു കാട്ടിൽ*

ഇന്ത്യൻ എഴുത്തുകാരിൽ പ്രശസ്തനായ കെ.എ. അബ്ബാസിന്റെ *പടച്ചവനൊരു കത്ത്* 

നമ്മുടെ ബേപ്പൂർ സുൽത്താന്റെ *ഇതാ ഒരു മനുഷ്യൻ* 

ഉക്രൈനിൽ നിന്നുള്ള മിഖായ്ലോ കോട്സുബുൻസ്കിയുടെ ഈ പുസ്തകത്തിന്റെ ശീര്ഷകമായ *ജീവിതത്തിന്റെ ഗ്രന്ഥത്തിൽനിന്ന് എഴുതിയത്*  എന്നീ എട്ടു കഥകളുടെ സമാഹാരാണ് ഇത്.

ജർമനിയിൽ നിന്നുള്ള കാസ്മിർ എഡ്‌സ്മിത്ത്ന്റെ *കുഷ്ഠരോഗികളുടെ കാട്* എന്ന കഥയുടെ കാലഘട്ടം പ്രസക്തമാണ് കുഷ്ഠം എന്ന അസുഖം തന്നെ ഭൂമുഖത്ത് നിന്നും തുടച്ചു നീക്കിയ ആധുനിക കാലത്താണ് നമ്മൾ ഇപ്പോൾ ഈ കഥ വായിക്കുന്നത് എന്ന പ്രത്യേകത ഉണ്ട്. ജഹാൻ ബോഡൽ എന്ന മനുഷ്യന്റെ ക്രൂരമായ ഒരു വിനോദം കുഷ്ഠരോഗികളെ പീഡിപ്പിക്കുന്ന എന്നതാണ് മാത്രമല്ല അങ്ങനെ പീഡിപ്പിച്ചവർക്ക് നല്ല സമ്മാനവും അയാൾ നൽകിയിരുന്നു ഇത്തരം സാഡിസ്റ്റായ ഒരു മനുഷ്യന്റെ ഉള്ളിൽ ഉണ്ടാകുന്ന രൂപാന്തരമാണ് ഈ കഥ. ബിയാട്രീസ് എന്ന  അടിമപ്പെണ്ണിലെ   അയാൾ വാങ്ങുകയും അവളിൽ അയാൾക്ക് അനുരാഗം കിളിർക്കുന്നു. പിന്നീട അയാളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ. അയാളിലും കുഷ്ഠരോഗം ഉണ്ടാകുന്നതോടെ ആയാളും കുഷ്ഠരോഗികളുടെ കാട്ടിലേക്ക് പോകുന്നു ഒപ്പം ബിയാട്രീസും പോകാൻ വാശി പിടിക്കുന്നു മനുഷ്യരിൽ വരുന്ന മാറ്റം ആണ് കഥ. മുമ്പെന്താണോ അദ്ദേഹം നിഷേധിച്ചിരുന്നത് അതെല്ലാം സ്വീകരിക്കുകയാണ്. 

ഒ.ഹെന്റിയെ ഒരു പരിചയപെടുത്തലിന്റെ ആവശ്യമില്ല. വളരെ ലളിതായി കഥ പറഞ്ഞു പോകുകയും അവസാനത്തിൽ അപ്രതീക്ഷിതമായ ഒരു ട്വിസ്റ്റിലൂടെ നമ്മെ അമ്പരപ്പിക്കുകയും ചെയ്യുന്ന കഥകളാണ് അദ്ദേഹത്തിന്റേത്.ഒ. ഹെൻറിയുടെ 'എന്തും ചെയ്യാൻ മടിക്കാത്ത രണ്ടുപേർ' എന്ന വളരെ സരസമായി പറയുന്ന കഥയുടെ സവിശേഷമായ ഈ രീതി പഠനമർഹിക്കുന്ന ഒന്നാണ്. ലോകാതെലയുടത്തും സ്വാധീനം ചെലുത്തിയ കഥാകൃത്തുക്കളിൽ ഒരാളാണ് ഒ.ഹെൻറി. അലസരും മോശം സ്വാഭാവക്കാരുമായ രണ്ടു പ്രധാന കഥാപാത്രങ്ങളിലൂടെയാണ് കഥ പറയുന്നത്. അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന ആകസ്മികമായ ചില സംഭവങ്ങൾ വഴി ഉണ്ടാകുന്ന മാറ്റങ്ങൾ ആണ് കഥയിലെ ട്വിസ്റ്റ്. കഥ വായിക്കുക മാത്രമാണ് ഹെൻറിയുടെ കഥകളെ അറിയാൻ ഉള്ള ഏറ്റവും എളുപ്പ മാർഗ്ഗം. 

ഫ്രഞ്ച് എഴുത്തുകാരനായ ഫ്രാൻസ്വാ കോപ്പേയുടെ കാണാതായ കുട്ടി എന്ന കഥയാണ് മൂന്നാമത്തേത്. ഏറെ വൈകാരിക നിമിഷങ്ങളിലൂടെ കടന്നുപോകുന്ന കഥയാണ് ഇത്.  1800റുകളുടെ മധ്യത്തിൽ ജനിച്ച ഇദ്ദേഹം എഴുതിയ കഥകളിൽ അക്കാലത്തു തന്നെ കറുത്ത ഹാസ്യത്തിന്റെ വേരുകൾ കാണാം, പണക്കാരനായ ഗോഡ് ഫ്രോയിയിടെ റാവുൾ എന്ന  മകനെ കാണാതാകുന്നതോടെ ഉണ്ടാകുന്ന സംഭവങ്ങളും ആണ് കഥ. ഗോഡ്‌ഫ്രോയിയുടെ കടുപിടുത്തവും കണിശവുമായ സ്വഭാവ രീതിയിൽനിന്നും താൻ നിസ്സാരരെന്ന് കരുതുന്നവർ വഴി ഉണ്ടാകുന്ന മാറ്റം ആണ് കഥ. പിയറോണി എന്ന സാധാരണക്കാരനിൽ നിന്നും അദ്ദേഹം പഠിക്കുന്ന പാഠങ്ങൾ വളരെ വലുതാണ്. കാണാതായ തന്റെ മകനെ തന്റെ കൈകളിൽ തന്നെ തിരിച്ചെത്താൻ കാരണമായതിനു പ്രതിഫലം നൽകുമ്പോൾ അയാൾ പറയുന്ന വാക്കുകൾ പ്രസക്തമാണ് 

"അരുത് സാർ അരുത്. ഞങ്ങളീ ചെയ്തതൊക്കെ ആരായാലും ചെയ്യും. എനിക്കൊരു പ്രതിഫലവും തരരുത്. ഞാൻ വാങ്ങിക്കില്ല. താങ്കൾക്കതിൽ വിഷമം തോന്നരുത്. ഞാൻ ധനികനായിട്ടല്ല. ഒരു പഴയ പട്ടാളക്കാരന്റെ അഭിമാനം എന്ന് വേണമെങ്കിൽ പറയാം. വിശിഷ്ടസേവനത്തിനുള്ള മെഡൽ നേടിയവനാണ് ഞാൻ.. പിന്നെ-സാർ, അദ്ധ്വാനിക്കാതെ കിട്ടുന്ന ആഹാരം കഴിക്കില്ലെന്നതും എന്റെ ഒരു നിര്ബന്ധമാണ്"  വൈകാരികത  തലങ്ങൾ അത്ര ഭംഗിയായാണ് കഥയിൽ ലയിപ്പിച്ചിരിക്കുന്നത്. 

കാതറീൻ മാൻ ഫീൽഡിന്റെ കഥകളെ സൈക്കോളജിക്കൽ റിയലിസം എന്ന സങ്കേതത്തിൽ ഉൾപ്പെടുത്താം   മാനസിക വ്യാപാരങ്ങൾ ആണ് കഥയിലൂടെ പറയാതെ പറയുന്ന പലതും.  ഒരു കപ്പ് ചായ എന്ന കഥയും മുൻ കഥപോലെ  ഒരു സമ്പന്നരുടെ ജീവിത്തിലൂടെ പറയുന്ന കഥയാണ്. 

ജപ്പാനിൽ നിന്നുള്ള റിയുനോസുകെ അകുതഗാവയുടെ പ്രശസ്തമായ കഥയാണ്  In a Grove - ഒരു കാട്ടിൽ*

പ്രതിഭകൾ അവരുടെ ജീവിതത്തെ പലപ്പോഴും സ്വയം ഇല്ലാതാക്കിയിട്ടുണ്ട്. പ്രതിഭയുടെ ആധിക്യം അവരിൽ ഉണ്ടാക്കുന്ന മാനസിക സംഘര്ഷമാകാം, 

എഴുത്തുകാനായ റിയുനോസുകെ അകുതഗാവയും മുപ്പത്തിയഞ്ചാം വയസിൽ സ്വയം ജീവിനൊടുക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ഒരു കാട്ടിൽ എന്ന ഈ കഥ വായിക്കുന്നതിനു മുമ്പ് തന്നെ ഈ കഥയെ ആധാരമാക്കി അകിര കുറോസോവ സംവിധാനം ചെയ്ത ക്ലാസിക്ക് സിനിമ *റാഷമോണ്* കണ്ടിരുന്നു. ഒരു സംഭവം തന്നെ പങ്കാളികളായ മൂന്നു പേരുടെ കാഴ്‌ചപ്പാടിൽ വ്യത്യസ്തമായി മാറുന്ന കഥ. നാം കാണുന്ന സത്യം ആപേക്ഷികമാണ് എന്നും അവസ്ഥകൾക്കനുസരിച്ചു വ്യത്യസ്തമാകാം എന്നും കൊടും ക്രൂരതകൾ വരെ സാധൂകരിക്കുമെന്നും ഒക്കെയുള്ള അവസ്‌ഥ. കാട്ടിൽ ഒരു കൊലപാതകം നടക്കുന്നതാണ് സംഭവം. കാട് ഇവിടെ മനുഷ്യമനസ്സാണ്.

 പോലീസ് കമ്മീഷണറുടെ മുമ്പിൽ ഒരു വിറകുവെട്ടുകാരന്റെ മൊഴിയോടെയാണ് കഥ തുടങ്ങുന്നത്. വിറകുവെട്ടുകാരൻ കാട്ടിൽ കണ്ട ശവശരീരത്തെ പറ്റിയും താൻ കണ്ട പരിസരവും കമീഷണറോട് വിശദീകരിച്ചു.

സഞ്ചാരിയായ ബുദ്ധ സന്യാസിയുടെ മൊഴിയായിരുന്നു അടുത്തത്. കൊല്ലപ്പെട്ടയാളുടെ വസ്ത്രത്തെ കുറിച്ചും സാഹചര്യങ്ങളും സന്യാസിയുടെ ഊഹങ്ങളും ആണ് കമ്മീഷണറുമായി  പങ്കുവെച്ചു

സംഭവുമായി ബന്ധപ്പെട്ടു കുപ്രസിദ്ധ കൊള്ളക്കാരൻ തേജോമാരുവിനെ സാഹസികമായി കീഴടക്കി അറസ്റ്റ് ചെയ്ത വീരവാദം മേലധികരിക്കു മുന്നിൽ അവതരിപ്പിക്കുകയാണ് അടുത്ത ഭാഗം.

പോലീസുകാരൻ  കമ്മീഷണറുടെ മുമ്പാകെ നൽകിയ മൊഴിയിൽ തേജോമാരുവാണ് കുറ്റക്കാരൻ. "കിയോട്ടുവിന് ചുറ്റും പരുങ്ങി നടക്കുന്ന കൊള്ളക്കാരിൽ ഈ തേജോമാരുവാണ് സ്ത്രീകൾക്ക് ഏറ്റവും ദ്രോഹം ചെയ്യുന്നവൻ" ഇതാണ് പോലീസുകാരന്റെ മൊഴിയിൽ ഉള്ള വാദം. 

എന്നാൽ കമ്മീഷണറുടെ മുമ്പാകെ ഹാജരായ വൃദ്ധ പറയുന്നത് തന്റെ മകളുടെ ഭർത്താവിന്റേതാണ് ശവം എന്നാണ്. അവർക്കും ആ കൊള്ളകാരനെയാണ് സംശയം.

എന്നാൽ തേജോമാരുവിന്റെ കുറ്റസമ്മതം കഴിഞ്ഞാൽ അവസാനിക്കും എന്നു കരുതിയാൽ തെറ്റി തീർത്തും വ്യത്യസ്തമായ മോഴിയുമായി ഷിമീഡു ക്ഷേത്രത്തിലേക്ക് വന്ന സ്ത്രീയുടെ മൊഴി. പിന്നീട് കഥ അസാധാരണമായ അവസ്തയിലേക്ക് പോകുന്നു. കൊല്ലപ്പെട്ട ആത്മാവിന്റെ വിവരണം കൂടി ആയതോടെ കഥ മറ്റൊരു തലത്തിൽ എത്തുന്നു. റാഷമോണെന്ന ക്ലാസിക്ക് സിനിമ കണ്ടവർ ഈ കഥ വായിക്കണം. നമുക്കൊന്നും അത്ര പരിചിതമല്ലാത്ത ഒരു രീതി സ്വീകരിച്ചു എഴുതിയ കഥ ലോകത്തെ വിശ്വാത്തര കഥകളിൽ ഒന്നാണ്. എം ടി വാസുദേവൻ നായർ മലയാളത്തിലേക്ക് തർജ്ജമ ചെയ്തിട്ടുണ്ട്.

 

ഇന്ത്യയിൽ നിന്നും ഉള്ള ഖോജാ അഹമ്മദ് അബ്ബാസ് എന്ന കെ.എ അബ്ബാസിന്റെ പടച്ചവനൊരു കത്ത് എന്ന കഥ ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തോട് വളരെ അടുത്തു നിൽക്കുന്നു. സാമൂഹിക സാസ്കാരിക രംഗത്ത് നിറഞ്ഞ് നിന്നു പ്രവർത്തിക്കുന്ന ഒരാളുടെ  സ്വാഭാവ സവിശേഷതകളിലൂടെ കടന്നുപോകുന്ന ഈ കഥ ഇത്തരം സന്ദർഭങ്ങളിൽ ഉണ്ടാകുന്ന ജാതി മത വർഗീയതയെ കൂടി ചേർത്ത് യാഥാർഥ്യങ്ങളിലേക്ക് കഥ ഇറങ്ങി ചെല്ലുമ്പോൾ കഥ സമകാലികമാകുന്നു.

വൈക്കം മുഹമ്മദ് ബഷീറിന്റെ ഇതാ ഒരു മനുഷ്യൻ എന്ന കഥയെ പറ്റി ഒരു പരിചയപെടുത്തലിൻറെ ആവശ്യം ഇല്ല. ഏതൊരു മനുഷ്യനിലും നന്മയുണ്ടെന്നും എത്ര ദ്രോഹങ്ങൾ ചെയ്യുന്ന ആളാണ് എങ്കിലും ഒരു മനുഷ്യന്റെ ദയനീയാവസ്ഥകണ്ണിൽ തടഞ്ഞാൽ അതിൽ അയാൾ തന്റെ അവസ്‌ഥയാണ്‌ എന്ന് കൂട്ടി ചേർത്ത് അത് തന്റേതാക്കി എടുക്കുന്നവൻ ആരാണോ അവനാണ് മനുഷ്യൻ എന്ന ഭൗതിക സത്യം ഒരു കളളനിലൂടെ വളരെ ലളിതമായി പറയുന്ന ഈ കഥ മാനവികതയുടെ സ്രേഷ്ടതയാണ് കാണിക്കുന്നത്. ബേപ്പൂർ സുൽത്താൻ തന്റെ ശൈലിയിൽ അത് പഠയുമ്പോൾ കഥ ലോകോത്തര നിലവാരത്തിൽ എത്തുന്നു.

ഉക്രേനിയൻ എഴുത്തുകാരൻ മിഖയലോ കൊട്സുബിൻസ്കിയുടെ കഥയായ 'ജീവിതത്തിന്റെ ഗ്രന്ഥത്തിൽനിന്ന് എഴുതിയത്' ആണ് ഇതേ പേരിലുള്ള ഈ പുസ്തകത്തിലെ അവസാന കഥ 

ഈ എഴുത്തുകാരൻ അത്ര പരിചിതനാകാൻ വഴിയില്ല. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഗ്രന്ഥത്തിൽ എഴുതിയത്  എന്ന കഥ വിവർത്തനം ചെയ്തിരിക്കുന്നത് എൻപി മുഹമ്മദാണ്. എംടി വാസുദേവൻനായർ ഈ കഥ കണ്ടെത്തി എൻപി മുഹമ്മദിന് നൽകിയതിനെ പറ്റി ആമുഖത്തിൽ എൻപി ഇങ്ങനെ പറയുന്നു. *"അദ്ദേഹത്തിന്റെ 'ജീവിതത്തിന്റെ ഗ്രന്ഥത്തിൽനിന്ന് എഴുതിയത്' എന്ന കഥയെ കുറിച്ച് ഒരിക്കൽ എംടി വാചാലനായി എന്നോട് സംസാരിക്കുന്നു. ഞാനത് കേട്ട് കോരിത്തരിച്ചിരിക്കുന്നു. ഒരു മായാജാലക്കാരന്റെ പൈക്കൂറയിൽ നിന്നെന്നപോലെ എംടി ആ കഥാസമാഹാരം പുറത്തേക്കെടുത്ത് എനിക്ക് തരുന്നു."* കാലപ്പഴക്കം കഥയെയോ കഥാ സന്ദര്ഭത്തെയോ ബുദ്ധിമുടിക്കുന്നില്ല എന്നു മാത്രമല്ല ഇന്നിനോട് കൂട്ടിക്കെട്ടി വായിക്കാനും ആകുന്നു എന്നതാണ്.  പരിചിതമായ ഒരു വിഷയത്തെ പ്രമേയമാക്കി അതിന്റെ ആഴങ്ങളിൽ അത്ര പരിചിതമല്ലാത്ത ഒരു ലോകത്തേക്ക് നമ്മെ കൊണ്ടുപോകുന്നു.

വിശപ്പ് ദാരിദ്ര്യം ഒക്കെയാണ് പ്രധാന വിഷയം. ദാരിദ്ര്യം മൂലം അമ്മൂമ്മയെ കാട്ടിൽ തള്ളാൻ അമ്മൂമ്മ തന്നെ നിർദേശം നൽകുകയും കൊച്ചുമകൻ അനുസരിച്ചു പ്രവർത്തിക്കുകയും ആണ് കഥ. എല്ലാവരെയും മരണം കൊണ്ടുപോയിട്ടും തന്നെ കൊണ്ടുപോയില്ലല്ലോ എന്ന് അമ്മൂമ്മ വിലപിക്കുന്നുണ്ട്

*"ഓ എന്റെ മരണമേ. നീ എവിടെ പോയീ??"* ചെറുമകനും ഭാര്യയും ഒക്കെ ഈ പറച്ചിലിൽ അസ്വാസ്ഥരാകുന്നുണ്ട്. പക്ഷെ അവരിത് ഇടക്കിടക്ക് പറഞ്ഞുകൊണ്ടിരുന്നു... കഥയുടെ ക്ളൈമാക്‌സ് അത്യന്തം വൈകാരികമാണ്... ലോകത്തെ മികച്ച കഥകളിൽ ഒന്നാണിത്...

മലയാളത്തിന്റെ അഭിമാനങ്ങളായ രണ്ടു എഴുത്തുകാരും കേരളത്തിലെ ഏറ്റവും നല്ല രണ്ടു വായനക്കാരുമായ 

എൻപി മുഹമ്മദും, എംടി.വാസുദേവൻ  നായരുമാണ് ഈ കഥകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ഈ പുസ്തകത്തിലെ എട്ടു കഥകളും ലോകോത്തര കഥകളാണ് എന്നതും ഇതിൽ നമ്മുടെ ബേപ്പൂർ സുൽത്താന്റെ കഥയടക്കം 2 ഇന്ത്യൻ കഥകൾ ഉണ്ട് എന്നതും അഭിമാനകരമാണ്.

Share :