Archives / August 2019

ഷാജി തലോറ 
ത്രയംബകേശ്വരത്തിലെ കാഴ്ചകൾ

യാത്രകളിൽ പലവിധ കൗതുകങ്ങളും വന്നുചേരുക സ്വാഭാവികമാണ്. അത് വായിച്ചറിവിനേക്കാളും, കേട്ടറിവിനേക്കാളും മനഃസ്പർശിയുമായിരിക്കും. ഇന്ത്യയിലെ പല ഗ്രാമങ്ങളിലൂടെയും യാത്രകൾ ചെയ്യുമ്പോൾ പലവിധങ്ങളായ ആചാരങ്ങളും, വിശ്വാസങ്ങളും, അനുഷ്ഠാനങ്ങളും  കൗതുകമുണർത്തുന്ന കാഴ്ചകൾക്കും, അനുഭവങ്ങൾക്കുമെല്ലാം  സാക്ഷ്യം വഹിക്കാൻ കഴിഞ്ഞിട്ടുണ്ട്.

പശു, കാള, പോത്ത് തുടങ്ങിയ നാല്കാലികൾ വരെ സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിൽ വിഷയങ്ങളാകുന്ന സാഹചര്യത്തിൽ മഹാരാഷ്ട്ര യാത്രയിൽ എനിക്കുണ്ടായ ഏതാനും ചില നേരനുഭവങ്ങൾ ഇവിടെ പങ്കുവെക്കട്ടെ..

മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ ത്രയംബകേശ്വർ എന്ന സ്ഥലത്തെ പ്രസിദ്ധമായ ഒരു ശിവക്ഷേത്രമാണ് ത്രയംബകേശ്വര ക്ഷേത്രം. 12 ജ്യോതിർ ലിംഗ ക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ട ഒരു ക്ഷേത്രമാണിത്. ക്ഷേത്ര പരിസരത്തുള്ള "കുസാവർത്ത "എന്ന വിശുദ്ധ കുളത്തിൽ സ്നാനം ചെയ്തുവേണം ത്രയംബകേശ്വര സന്നിധാനത്ത് ദര്‍ശനം നടത്താൻ എന്നാണ് വിശ്വാസം. 

കുസാവർത്ത എന്ന തീർത്ഥം ഉണ്ടായതിനുപിന്നിൽ  ഒരു ഐതിഹ്യകഥയുണ്ട്. ഗോഹത്യക്ക് ശാപം കിട്ടിയ ഗൗതമന് ഗംഗയിൽ മുങ്ങിയാലേ ശാപമോക്ഷം കിട്ടുമായിരുന്നുള്ളു. എന്നാൽ ഗംഗ ഗൗതമന്  പിടികൊടുക്കാതെ ഗതികൾ മാറി മാറി ഒഴുകി. അവസാനം ചുറ്റിലും കനത്ത പാറക്കൂട്ടങ്ങളാൽ തളച്ച് ഗംഗാജലം തടം കെട്ടിയിട്ട ശേഷം ഗൗതമൻ അതിൽ സ്നാനം ചെയ്ത് ശാപമോക്ഷം നേടിഎന്നാണ് ഐതിഹ്യം. 

 

ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ നദികളിലൊന്നായ ഗോദാവരിയുടെ സ്രോതസ്സ്  ഈ കുസാവർത്തയിൽ നിന്നാണെന്നു കരുതപ്പെടുന്നു.

ഗോദാവരി മഹാരാഷ്ട്രയുടെ ഗംഗയെന്നാണ് അറിയപ്പെടുന്നത്.    ഗോദാവരിയുടെ ഉത്സവ സ്ഥാനമായി പാണ്ഡവ് ലേനയിലെ ഗംഗാദ്വാർ എന്ന ഒരു പാറയിടുക്കിലെ സ്രോതസ്സാണെന്നു് സങ്കൽപമുണ്ട്. പണ്ട് പാണ്ഡവർ അജ്ഞാതവാസം ചെയ്ത മലമ്പ്രദേശമാണിവിടം. ഇവിടെയാണ് മഹാരാഷ്ട്രയിലെ പ്രശസ്തമായ  പാണ്ഡവ  കേവ് സ്ഥിതിചെയുന്നത്. 

 നവരാത്രി കാലമായതിനാലാണോ എന്നറിയില്ല, ഞങ്ങളവിടെ ചെല്ലുമ്പോൾ വലിയ തിരക്കായിരുന്നു. ക്ഷേത്ര കവാടത്തിൽ തന്നെ വലിയ ആൾക്കൂട്ടങ്ങൾക്കൊപ്പം ധാരാളം ഗോക്കളെയും കാണാൻ കഴിഞ്ഞു. പലരും ആ ഗോക്കളെ  പുല്ല്‌ തീറ്റുന്നത് കണ്ടപ്പോൾ എന്താ കാര്യമെന്ന് മനസിലായില്ല. എന്താണെന്നു തിരക്കിയപ്പോഴാണ് കാര്യം മനസിലായത്. ത്രയംബകേശ്വര ക്ഷേത്രത്തിൽ ദര്‍ശനത്തിന് വരുന്നവരെല്ലാം ഗോക്കളെ പച്ചപുല്ലൂട്ടുക എന്നത് അവിടത്തെ യൊരു ആചാരമാണത്രെ. ആളുകൾ ഗോക്കളെ തൊട്ടുവന്ദിക്കുന്നതും, തലോടുന്നതും ഒക്കെ ഞാൻ കൗതുകത്തോടെ നോക്കിനിന്നു.

അപ്പോൾ പുൽകെട്ടുകൾ വില്പന നടത്തുന്ന രണ്ട് സ്ത്രീകൾ എന്റെയടുത്തേക്ക് വന്ന് മറാത്തി യിൽ  എന്തൊക്കെയോ ചോദിച്ചു, ഭാഷ മനസിലായില്ലെങ്കിലും അവരുടെ ആവശ്യം മനസിലായി, അറിയാവുന്ന മുറി ഹിന്ദിയിൽ ഞാനവരോട് ചോദിച്ചു. കിത്ത്നാ പൈസ ഹെ?  ഉടനെ മറുപടി വന്നു 

ദാ -റുപ്പിയ ' എനിക്കൊന്നും മനസിലായില്ല. അവിടത്തെ ഗ്രാമീണർക് ഹിന്ദിയോ, ഇംഗ്ലീഷോ വശമില്ല മറാഠി മാത്രമേ അറിയൂ. ഭാഷ മനസിലാവാതെ ഞാൻ വാപൊളിച്ചപ്പോൾ ഡ്രൈവർ സുരേഷേട്ടൻ കേറി ചോദിച്ചു. 

'കിത്തി പൈസ ജാല '

അവർ വീണ്ടും പറഞ്ഞു ദാ റുപ്പിയ (10രൂപ).

  രണ്ട് കെട്ടുവാങ്ങുവാൻ ഞാൻ സുരേഷേട്ടനോട് പറഞ്ഞു. ഞങ്ങളെല്ലാവരും ആ ആചാരത്തിന്റെ ഭാഗമായി ഗോക്കളെ പച്ചപുല്ലൂട്ടി, എല്ലാവരും നന്നായി തടിച്ച് കൊഴുത്ത് പ്രമാണിത്വത്തോടെ അവിടെ തലങ്ങും വിലങ്ങും ഉലാത്തുകയാണ്. ത്രയംബകേശ്വര  ക്ഷേത്രത്തിലെ ഒരു പ്രധാന ആചാരമാണ് ഗോക്കളെ ഊട്ട്.  ഇത്‌ സംഘി കൾ മാത്രമല്ല ചെയ്യുന്നത് കക്ഷി രാഷ്ട്രീയ ഭേദമെന്യെ എല്ലാ വിശ്വാസികളും അവിടങ്ങളിൽ ഇതുപോലുള്ള ആചാരാനുഷ്ഠാനങ്ങളിൽ വിശ്വസിക്കുകയും, അനുവർത്തിക്കുകയും ചെയ്യുന്നവരാണ്.

ഉത്തരേന്ത്യയിലെ ഗ്രാമങ്ങളിൽ മിക്കവാറും എല്ലാവീടുകളിലും ഗോക്കൾ നിർബദ്ധമായും ഉണ്ടാകും. ചില വ്യാപാര സ്ഥാപനങ്ങളുടെയും, ഹോട്ടലുകളുടെ യുമൊക്കെ മുന്നിൽ കാളകളെ അലങ്കരിച്ച് നിർത്തുന്നതായും കാണാം . അതുപോലെ തന്നെ പല ഹോട്ടലുകളിലും നോൺ വെജ് വിളമ്പുന്നതും വളരെ ദുർലഭമാണ്.

ചിലയിടങ്ങളിൽ വിശ്വാസത്തിന്റെ പേരിൽ പശുക്കളെയും, പക്ഷികളെയും, പട്ടികളെയും, കുരങ്ങിനെയും, എലികളെയും, വിഷ പാമ്പുകളെയുമെല്ലാം സംരക്ഷിക്കുകയും, ആരാധിക്കുകയും ചെയ്യുമ്പോൾ തന്നെ ഇതേ വിശ്വാസത്തിന്റെ പേരിൽ തന്നെയല്ലേ  മൃഗബലിയും, നരബലിയും ഒക്കെ നടക്കുന്നത് എന്ന വൈരുദ്ധ്യം ഓർത്തുപോയി.

 ഒരു കെട്ട് പുല്ലിന് ആവശ്യ പെട്ടപ്പോൾ പത്ത് ചെറു കെട്ടുകളുള്ള ഇത്തിരി വലിയൊരു കെട്ടാണ് അവർ തന്നത്. പത്ത് രൂപയല്ലേയുള്ളൂ എന്ന് കരുതിയാണ് രണ്ടുകെട്ടു വാങ്ങിയത്, പൈസ കൊടുക്കുമ്പോഴാണറിയുന്നത് കെട്ടിന് ദാ റുപ്പിയ(10രൂപ) യല്ല ശബർ റുപ്പിയ (100രൂപ)യാണെന്ന്  രണ്ട് കെട്ടിനും ചേർത്ത് ഇരുനൂറു രൂപകൊടുക്കാൻ ഞങ്ങൾ വിസമ്മതിച്ചപ്പോൾ പുല്ല്‌ വില്പന നടത്തുന്ന സ്ത്രീകളെല്ലാം ചേർന്ന് ഞങ്ങളെ വളഞ്ഞു. മറാത്തിയിൽ തെറിവിളിയും വരാൻ തുടങ്ങിയപ്പോൾ ഞങ്ങൾ പാതി  കാശും കൊടുത്ത് അവിടുന്ന്  രക്ഷപെട്ടു.

      ശിവപുരാണമനുസരിച്ച് ഒരിക്കൽ മഹാവിഷ്ണുവും ബ്രഹ്മാവും സൃഷ്ടിയിലുള്ള തങ്ങളുടെ ആധിപത്യത്തെ ചൊല്ലി തർക്കമുണ്ടായപ്പോൾ ഇവരെ പരീക്ഷിക്കാനായി പരമ ശിവൻ ത്രിലോകത്തെ വലിയൊരു പ്രകാശഗോപുരമാക്കി (ജ്യോതിർ ലിംഗം) അതിന്റെ അറ്റം കണ്ടുപിടിക്കാനായി വിഷ്ണുവിനെ താഴോട്ടും, ബ്രഹ്മാവിനെ മുകളിലോട്ടും ശിവൻ നിയോഗിച്ചു. ദിവസങ്ങൾ കഴിഞ്ഞിട്ടും ആ പ്രകാശ ഗോപുരത്തിന്റെ അറ്റം കണ്ടുപിടിക്കാൻ കഴിയാതെ ബ്രഹ്മാവ് തിരിച്ചുവന്നു . അറ്റം കണ്ടുപിടിച്ചെന്ന് കള്ളം പറഞ്ഞു. വിഷ്‌ണു വാകട്ടെ ശിവന്റെ മുന്നിൽ തോൽവി സമ്മതിച്ചു. കളവ്‌ പറഞ്ഞ ബ്രഹ്മാവിന്റെ മുന്നിൽ കുപിതനായ ശിവൻ ഇനിമേലിൽ ഒരു ചടങ്ങിലും ബ്രഹ്മാവിന് സ്ഥാനമുണ്ടാവാതിരിക്കട്ടെയെന്നു ശപിച്ചു. തോൽവി സമ്മതിച്ച വിഷ്ണുവിനെ അനാദികാലം ആദരിക്കട്ടെയെന്നു അനുഗ്രഹിക്കുകയും ചെയ്തു. ബ്രഹ്മാവിന് ശാപവും വിഷ്ണുവിന് അനുഗ്രഹവും നേടിക്കൊടുത്ത ആ ജ്യോതിർ ലിംഗമാണത്രെ ത്രയംബകേശ്വരത്തെത്.

  64 ജ്യോതിർ ലിംഗ മുണ്ടെന്നും അതിൽ 12എണ്ണം വളരെ പ്രധാന പെട്ടതെന്നും കരുതുന്നു. 1,സോമനാഥ ക്ഷേത്രം (ഗുജറാത്ത് ),

2,മല്ലികാർജുന ക്ഷേത്രം, ശ്രീ ശൈലം (ആന്ധ്രാ പ്രദേശ് )

3,മഹാ കാളേശ്വർ (മധ്യപ്രദേശ്)

4,ഓം കാരേശ്വർ (മധ്യപ്രദേശ് )

5,കേദാർ നാഥ്‌ (ഹിമാലയം )

6,ബിംബശങ്കരൻ (മഹാരാഷ്ട്ര )

7,വിശ്വനാഥക്ഷേത്രം(വാരണാസി )

8, ത്രയംബകേശ്വർ (മഹാരാഷ്ട്ര )

9,വൈദ്യനാഥ്‌ ക്ഷേത്രം (ബീഹാർ ),

10,നാഗേശ്വര ക്ഷേത്രം,കുംഭകോണം (തമിഴ് നാട് ) 

11,രാമേശ്വരം (തമിഴ് നാട് )

12,ഗിരീശ്വർ, ഔരംഗബാദ് (മഹാരാഷ്ട്ര )

ത്രയംബകേശ്വരത്തെ ജ്യോതിർ ലിംഗത്തിൽ ബ്രഹ്മ്മാവ്, വിഷ്ണു, ശിവൻ ത്രിമൂർത്തി കളുടെ മുഖമുണ്ടെന്നത് ഒരു പ്രത്യേകതയാണ്, എങ്കിലും മുഖ്യ പ്രതിഷ്ഠ ശിവൻ തന്നെ. വശ്യമായ ശിൽപ്പ ഭംഗിയും, വാസ്തു ശിൽപ്പ ഭംഗിയുമുള്ള പൂർണ്ണമായും കരിങ്കല്ലിൽ തീർത്ത ത്രയംബകേശ്വര ക്ഷേത്രം ബ്രഹ്മ ഗിരിയുടെ അടിവാരത്താണ് നിലകൊള്ളുന്നത്. ശിവൻ പ്രകാശ രൂപത്തിൽ പ്രത്യക്ഷപ്പെട്ട ശിവലിംഗം എന്ന ശക്തി വിശേഷം കൂടി ത്രയംബകേശ്വര ക്ഷേത്രത്തിനുണ്ട്.

Share :

Photo Galleries