Archives / October 2019

എം.കെ. ഹരികുമാർ
ചെറുകഥയ്ക്ക്‌ പുതിയ ഭാവന

ഇരുപതാം നൂറ്റാണ്ടിൽòചെറുകഥ എന്ന മാധ്യമത്തിൽ ഏറ്റവും അത്ഭുതകരമായ ആഖ്യാനം കൊണ്ടുവന്നത്‌ അർജന്റീനക്കാരനായ ലൂയി ബോർഹസ്‌ (1899-1986) ആണ്‌. ഊരാക്കുടക്കുപോലെ വിഷമിപ്പിക്കുന്നതും ഭ്രാന്തമായ ഭാവനകൊണ്ട്‌ സ്ഥലകാലങ്ങളെ കുഴപ്പിക്കുന്നതുമായ അദ്ദേഹത്തിന്റെ കഥകൾ വേറൊരാൾക്ക്‌ എഴുതാനാവുന്നതല്ല. അത്‌ ബോർഹസിന്റെ സാഹിത്യ പ്രത്യയശാസ്ത്രവും സിദ്ധാന്തവും കലർന്ന പുതിയൊരു നോട്ടമാണ്‌. മനുഷ്യഭാവനയുടെ ഒരു പൊട്ടിത്തെറിയാണ്‌. കവിതകളും വിമർശനങ്ങളും ചെറുകഥകളുമാണ്‌ അദ്ദേഹത്തിന്റെ സംഭാവന. വളരെയേറെ വ്യാഖ്യാനങ്ങളും വായനകളും നടന്നു കഴിഞ്ഞ ബോർഹസ്‌ കഥകളുടെ ഒരു സമാഹാരം മലയാളത്തിലേക്ക്‌ പരിഭാഷപ്പെടുത്തിയ കെ. ജീവൻകുമാറും പി. അനിൽകുമാറും ചരിത്രപരമായ നേട്ടം കൈവരിച്ചിരിക്കയാണ്‌. മലയാളത്തിൽ ബോർഹസിനെപ്പറ്റി നേരത്തെ ചർച്ച നടന്നിട്ടുണ്ടെങ്കിലും, ആ കഥകളുടെ രൂപപരമായ പ്രത്യേകതകൾ മലയാളികൾ വേണ്ടപോലെ മനസിലാക്കിയിട്ടുണ്ടോ എന്ന സംശയമാണ്‌. ഇനി ബോർഹസ്‌ കഥകൾക്ക്‌ പുതിയ വായനക്കാർ ഉണ്ടാകുമെന്ന്‌ പ്രതീക്ഷിക്കാവുന്നതാണ്‌.

എങ്ങനെയാണ്‌ എഴുതേണ്ടതെന്ന്‌ ബോർഹസ്‌ നിങ്ങൾക്ക്‌ പഠിപ്പിച്ചു തരുമെന്ന്‌ പറഞ്ഞത്‌ 'ഏകാന്തത്തയുടെ ഒരുനൂറ്‌ വർഷങ്ങൾ' എന്ന വിഖ്യാത നോവലെഴുതിയ ഗബ്രിയേൽ ഗാർസിയ മാർകേസാണ്‌.

ഉപന്യാസത്തിന്റെയും കൽപിതകഥയുടെയും അധികപ്രസംഗങ്ങൾ എന്ന നിലയിലാണ്‌ ആ കഥകൾ അവതരിക്കുന്നത്‌. ഈ സമാഹാരത്തിൽ, അദ്ദേഹത്തിന്റെ മികച്ച കഥകളെല്ലാം തന്നെ വന്നിട്ടുണ്ട്‌. ഞെട്ടിക്കുന്ന ഒരു കഥയാണ്‌, 'പിയറി മെനാദ്‌, ഡോൺ ക്വിക്സോട്ടി'ന്റെ രചയിതാവ്‌ (പിയറി മെനാദ്‌, ഓഥർ ഓഫ്‌ ക്വിക്സോട്ട്‌). സ്പാനീഷ്‌ ഭാഷയിലെ ഏറ്റവും വലിയ സാഹിത്യകാരനായ മിഗ്വൽ സെർവാന്തിസ്‌ (1547-1616) രചിച്ച ഡോൺ ക്വിക്സോട്ട്‌ നൂറ്റിനാൽപതു ഭാഷകളിലേക്ക്‌ മൊഴിമാറ്റം ചെയ്തിട്ടുണ്ട്‌. ബോർഹസിന്റെ കഥയുടെ പ്രമേയം, സെർവാന്തിസിന്റെ 'ഡോൺ ക്വിക്സോട്ടി'നു സമാനമായി മെനാദ്‌ എന്ന എഴുത്തുകാരൻ മറ്റൊരു 'ക്വിക്സോട്ട്‌' രചിക്കുന്നതിനെക്കുറിച്ചാണ്‌. പകർത്തിയെഴുത്തല്ല, ഓരോ വരിയിലും കൃതിയോട്‌ യാദൃച്ഛികമായ ഏകീഭാവം പുലർത്തുന്ന കുറേ പേജുകൾക്ക്‌ രൂപം കൊടുക്കുകയായിരുന്നു ലക്ഷ്യം. മെനാദ്‌ എന്ന എഴുത്തുകാരൻ യഥാർത്ഥത്തിലുള്ളതല്ല. സെർവാന്തിസിന്റെ നോവലിനേക്കാൾ നല്ലതാണ്‌ മെനാദിന്റേതെന്ന്‌ ബോർഹസ്‌ കാര്യകാരണ സഹിതം പ്രഖ്യാപിക്കുന്നു. ഈ രണ്ടു കൃതികളുടെയും താരതമ്യം, മെനാദിനു നേരിടേണ്ടിവന്ന താത്ത്വികമായ വെല്ലുവിളികൾ തുടങ്ങിയ കാര്യങ്ങളാണ്‌ ബോർഹസ്‌ പരിശോധിക്കുന്നത്‌. ചെറുകഥയെപ്പറ്റിയുള്ള യാഥാസ്ഥിതിക കാഴ്ചപ്പാടുകൾ ഇവിടെ തകർന്നുവീഴുന്നു. അത്‌ എഴുത്തുകാരന്റെ നിശിതമായ വ്യക്തിപരതയുടെയും ആത്മവിചാരണയുടെയും ലോകത്തിന്റെ നേരിട്ടുള്ള ഇടപെടലായി മാറുകയാണ്‌.

ഒൻപതാം വയസിൽ ഓസ്ക്കാർ വൈൽഡിന്റെ നാടകം മൊഴിമാറ്റിയ മഹാനാണ്‌ ബോർഹസ്‌. അദ്ദേഹത്തിനു പല ഭാഷകൾ അറിയാമായിരുന്നു അതിഗഹനമായി ചിന്തിക്കുന്നതും യാഥാർത്ഥ്യത്തെ പുനർവിചാരണ ചെയ്യുന്നതും ഈ കഥാകാരന്റെ ശീലമാണ്‌.  കാവ്യപരമായ സൈദ്ധാന്തിക തത്ത്വങ്ങളെക്കുറിച്ച്‌ ഗഹനമായി മനസിലാക്കിയ കഥാകാരൻ കഥാരചനയിൽ അതിനെ ഭാവനയിലൂടെ പുതിയ രീതിയിൽ സന്നിവേശിപ്പിക്കുന്നു.

അദ്ദേഹം ഇങ്ങനെ എഴുതി: "ഞാനൊരു യാഥാസ്ഥിതികനാണ്‌, കമ്മ്യൂണിസ്റ്റ്‌ വിരുദ്ധനാണ്‌, നാസികൾക്കെതിരാണ്‌, ജൂതവിരുദ്ധരെ അംഗീകരിക്കാത്തവനാണ്‌ എന്നൊക്കെ പറഞ്ഞോളൂ. എന്നാൽ എന്റെ ഈ തരത്തിലുള്ള അഭിപ്രായങ്ങളൊന്നും സാഹിത്യരചനകളിൽ കടന്നുവരാൻ ഞാൻ അനുവദിക്കില്ല. സ്വപ്നം കാണാൻ കഴിയുന്നിടത്താണ്‌ സാഹിത്യം. എഴുതുമ്പോൾ സ്വപ്നവും കലരണം. വാക്കുകളെ മറക്കുകയാണ്‌ വേണ്ടത്‌. നിങ്ങൾക്ക്‌ പറയാനുള്ളത്‌ പറയുക. അതിനു വാക്കുകളിൽ അമിതമായ ശ്രദ്ധവേണ്ട. നിങ്ങൾ പുസ്തകത്തെയാണ്‌ ഇഷ്ടപ്പെടുന്നത്‌, വാക്കുകളെയല്ല."

ബോർഹസിന്റെ ഏറ്റവും പ്രശസ്തമായ കഥകളിലൊന്നാണ്‌ 'ബാബേൽ ലൈബ്രറി'. അനന്തമായ ഷഡ്ഭുജ ഗാലറികൾകൊണ്ട്‌ നിർമ്മിച്ച ലൈബ്രറിയെക്കുറിച്ചാണ്‌ അദ്ദേഹം എഴുതുന്നത്‌. ലൈബ്രറി നമ്മുടെ മുന്നിൽ ഒരു വാർപ്പ്‌ രൂപമായി നിൽക്കുകയാണെങ്കിലും, കഥാകൃത്ത്‌ അതിനെ പ്രപഞ്ചമായി ഭാവന ചെയ്യുന്നു. എഴുതപ്പെട്ട പുസ്തകങ്ങൾപോലെ എഴുതപ്പെടാത്തതുമുണ്ട്‌. എഴുതപ്പെട്ടതുതന്നെ പല രീതിയിൽ ആവർത്തിച്ചുകൊണ്ടിരിക്കുന്നു. ലൈബ്രറി അവസാനമില്ലാത്തത്താണെന്ന്‌ ഞാൻ പ്രഖ്യാപിക്കുന്നു. മനുഷ്യൻ എന്ന അപൂർണനായ ലൈബ്രേറിയൻ, ഭാവിയുടെ സവിസ്തരമായ ചരിത്രം, ഭ്രാന്തിനും മതിഭ്രമത്തിനും അടിമയായ ഏതോ ദേവത, ഉന്മാദത്തിന്റെ ലൈബ്രറി തുടങ്ങിയ വാചകങ്ങൾ കഥാകൃത്ത്‌ ലൈബ്രറിയെ എങ്ങനെ അയഥാർത്ഥമാക്കുന്നതെന്ന്‌ വ്യക്തമാക്കുന്നുണ്ട്‌. ഒരു ഖരവസ്തുവിനെ അതിന്റെ വിഭിന്നങ്ങളായ സാധ്യതകളായി പറിച്ചെടുത്ത്‌ വിശകലനം ചെയ്യുന്ന കഥനരീതിയാണ്‌ ബോർഹസിന്റേത്‌. അദ്ദേഹം അനുവദിക്കപ്പെട്ട സ്ഥിതിവിവര കണക്കുകളിൽ അതൃപ്തനാണ്‌. തന്റെ ജ്ഞാനദാഹിയും വികേന്ദ്രീകൃതവും ചലനാത്മകവുമായ സാഹിത്യധിഷണയ്ക്ക്‌, ഭൂമിയിൽ നിന്ന്‌ സ്വാഭാവികമായി ലഭിക്കുന്ന വാസ്തവികത മതിയാവില്ലെന്ന്‌ ഈ കഥകളിലൂടെ അദ്ദേഹം വിളിച്ചു പറയുന്നതായി തോന്നും. ബോർഹസ്‌ വ്യത്യസ്തമായ ഒരു സാഹിത്യവീക്ഷണത്തിന്റെ പിടിയിലാണ്‌. വ്യവസ്ഥാപിതമായ രചനകൾ മനുഷ്യരാശിയുടെ ഇന്നത്തെ അവസ്ഥയെ പ്രതിഫലിപ്പിക്കുന്നില്ല എന്ന വാദം ഉയർത്തുന്നത്‌ ഇതിനു തെളിവാണ്‌. മനുഷ്യരാശി നാശത്തിലേക്ക്‌ കുതിക്കുകയാണ്‌. ഭ്രാന്തവും ക്രമരഹിതവുമായ ഒരു ജീവിതത്തിന്റെ സംഘർഷങ്ങളിൽപ്പെട്ട്‌ അവന്റെ ചിന്തയ്ക്ക്‌ സ്വാഭാവികത നഷ്ടപ്പെട്ടിരിക്കുന്നു. വ്യവസ്ഥാപിത സാഹിത്യം ധ്വനിപ്പിക്കുന്നത്‌, എല്ലാം നേരത്തേ തന്നെ എഴുതപ്പെട്ടതാണെന്ന കാര്യമാണ്‌. അത്‌ നമ്മുടെ വിഭ്രാമകമായ ബൗദ്ധിക വ്യാപാരത്തെയോ ആന്തരികമായ വഴിതെറ്റലുകളെയോ കാണുന്നതിനു പകരം, ജീവിതം എന്ന സാമ്പ്രദായികത്വത്തെ പിന്നെയും പിന്നെയും ആനയിക്കുകയാണ്‌. സംഭവിച്ചതു, അല്ലെങ്കിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌ അതേപടി എഴുതുന്നത്‌ നമ്മുടെ അസ്തിത്വത്തെ നിഷേധിക്കുന്നതിനു തുല്യമാണെന്ന്‌ ബോർഹസിനു അഭിപ്രായമുണ്ട്‌.

ഈ ലോകം മനുഷ്യനെ കുഴച്ചുമറിക്കുന്ന ഒരു നൂൽകുരുക്കാണെന്നും അതുകൊണ്ടുതന്നെ ജീവിതം അർത്ഥശൂന്യമായിപ്പോയേക്കാവുന്ന ഒരു ഉദ്യമമാണെന്നും ചിന്തിച്ച ഫ്രാൻസ്‌ കാഫ്കയോടു സാദൃശമുള്ളതാണ്‌ ബോർഹസിന്റെയും ചിന്താരീതി. 'വൃത്താകാരമാർന്ന അവശിഷ്ടങ്ങൾ' (ദ്‌ സർക്കുലർ റൂയിൻസ്‌) എന്ന കഥയിൽ സ്വപ്നം കാണാൻ വേണ്ടി ഏറെക്കുറെ വിജനമായ ഒരു ഗ്രാമത്തിലെത്തുന്ന അപരിചിതനെ കാണാം. യാഥാർത്ഥ്യത്തെയും സ്വപ്നത്തെയും ഇഴപിരിക്കാൻ അയാൾ ആഗ്രഹിക്കുന്നു. എന്നാൽ അയാൾ, ചിലപ്പോൾ യാഥാർത്ഥ്യമല്ല. കഥയുടെ അന്ത്യത്തിലെ വാക്യങ്ങൾ ഇതാണ്‌. ആശ്വാസവും അപമാനവും ഭീതിയും ഇടകലരവേ താനും വെറുമൊരു തോന്നൽ മാത്രമാണെന്നും മറ്റാരോ തന്നെ സ്വപ്നം കാണുകയാണെന്നും അയാൾ തിരിച്ചറിഞ്ഞു.

എന്താണ്‌ എഴുത്ത്‌ എന്ന സാമാന്യമായ ചോദ്യത്തെ കൂടുതൽ ആഴമുള്ളതാക്കിക്കൊണ്ട്‌ ബോർഹസ്‌ ഒരിക്കൽ ഇങ്ങനെ പ്രതികരിച്ചു: എഴുത്തുകാരൻ തന്റെ മനസിലേക്ക്‌ വരുന്ന വസ്തുക്കളെയും ചിന്തകളെയും പ്രതീകങ്ങളാക്കി മാറ്റണം. പ്രതീകങ്ങൾ വാക്കുകൾ തന്നെയാണ്‌. അതിൽ വർണങ്ങളും രൂപങ്ങളും ഉൾപ്പെടും. ഇത്‌ അനന്തമായ ജോലിയാണ്‌. എല്ലാറ്റിനെയും മറ്റൊന്നാക്കിമാറ്റണം.

സാഹിത്യരചന ശാരീരികമോ മാനസികമോ ആയ ക്രമക്കേടായി മാറിയതാണ്‌ ബോർഹസിന്റെ കാര്യത്തിൽ സംഭവിച്ചതു. അദ്ദേഹം പറഞ്ഞു: എനിക്ക്‌ എഴുതാതിരിക്കാനാവില്ല. എഴുത്തിൽ നിന്ന്‌ വിട്ടുനിൽക്കുന്നത്‌ എന്റെ മനസിൽ കുറ്റബോധം നിറയ്ക്കും.

ബോർഹസിന്റെ വാർദ്ധക്യകാലത്ത്‌ അദ്ദേഹം പൂർണമായും അന്ധനായി മാറി. ഇതും ആ മനോഘടനയിൽ ആവിഷ്കാരത്തെപ്പറ്റി ഭിന്നാഭിപ്രായം ജനിക്കുന്നതിനു സാധ്യതയൊരുക്കി.

സാങ്കൽപിക കൃതികളുടെ വിശകലനം ബോർഹസിന്റെ ഒരു രീതിയാണ്‌. 'യൂദാസിന്റെ മൂന്ന്‌ പാഠഭേദങ്ങൾ', ട്ലോൺ, ഉഖ്ബാർ, ഓർബിസ്‌ ടേർഷ്യസ്‌, അൽമുത്താസിമിനോടുള്ള സമീപനം എന്നീ കഥകൾ സാങ്കൽപിക രചനകളെ ഉപയോഗിച്ചുകൊണ്ട്‌ തന്റെ സ്വകാര്യസ്വപ്നങ്ങളെ സമസ്യ എന്ന നിലയിൽ പകർത്തുന്നു; ഓരോന്നും ഓരോ ഘടനയിൽതന്നെ.

ഭാവനയിലേക്കുള്ള പ്രവേശനം, ഉപാധികളില്ലാത്ത ഒരൊഴുക്കാണ്‌. നശ്വരമായ ഈ ലോകത്തിന്റെ  ഇടുങ്ങിയതും യുക്തിയാൽ വിറങ്ങലിച്ചതുമായ നീതീകരണങ്ങളിൽ നിന്ന്‌ രക്ഷനേടാൻ ആന്തരവും സ്വപ്നസദൃശവും വിമലീകൃതവുമായ ആകാശങ്ങൾ ആവശ്യമാണ്‌. എഴുത്തുകാരനെ അത്‌ ഒന്നുകൂടി ജനിക്കാൻ പ്രലോഭിപ്പിക്കുകയാണ്‌. ഈ പ്രലോഭനമാണ്‌ തെക്കൻദേശം, പരേതൻ, ഒരു ജർമ്മൻ ചരമഗീതം എന്നീ കഥകളിൽ കാണാനാകുന്നത്‌. യാഥാർത്ഥ്യത്തെക്കുറിച്ചുള്ള പരമ്പരാഗത ധാരണകളെ പിഴുതെറിഞ്ഞുകൊണ്ട്‌ ബോർഹസ്‌ ഇങ്ങനെ വിശദീകരിക്കുന്നു: "അയഥാർത്ഥവസ്തു, അയഥാർത്ഥ സംഭവം എന്നൊക്കെ പറയുന്നതിൽ വൈരുദ്ധ്യമുണ്ടെന്നാണ്‌ എന്റെ പക്ഷം. നിങ്ങൾ എന്തിനെക്കുറിച്ചാണോ പറയുന്നത്‌ അല്ലെങ്കിൽ സ്വപ്നം കാണുന്നത്‌, അത്‌ ആ നിലയിൽ യഥാർത്ഥമാണ്‌. യഥാർത്ഥം എന്ന വാക്കിന്‌ വേറെ അർത്ഥമുണ്ടാകുമായിരിക്കും. എന്നാൽ അയഥാർത്ഥം എന്ന്‌ പറയുന്നതിന്റെ അർത്ഥം എന്താണെന്ന്‌ എനിക്ക്‌ മനസിലാകുന്നില്ല."

കാലത്തിന്റെ പുതിയ നിരാകരണം (എ ന്യൂ റെഫ്യൂട്ടേഷൻ ഓഫ്‌ ടൈം) എന്ന ലേഖനത്തിൽ ബോർഹസ്‌ ഓർമ്മിപ്പിക്കുന്നത്‌, തന്നെ ഭക്ഷിക്കാൻ കാലം എന്ന കടുവ പാഞ്ഞടുക്കുകയാണെന്നും എന്നാൽ താൻ തന്നെയാണ്‌ ആ കാലമെന്നുമാണ്‌. യുക്തിയുടെ ഈ വൈചിത്ര്യമാണ്‌ ബോർഹസ്‌ കഥകൾ ഉള്ളിൽനിന്ന്‌ നിർധാരണം ചെയ്യുന്നത്‌. ക്രമം തെറ്റിക്കിടക്കുന്ന ലോകത്ത്‌, ഉപേക്ഷിക്കപ്പെട്ട യുക്തികൊണ്ട്‌ അദ്ദേഹം ഭാവനയുടെ ക്രമമുണ്ടാക്കുന്നു. അതാകട്ടെ ചെറുകഥയുടെ ഭാവിയെ കൂടുതലായി ആവശ്യപ്പെടുകയാണ്‌.

Share :