ഗംഗാദ്വാറിൽ
കേട്ടും വായിച്ചുമറിഞ്ഞ പുരാണേതിഹാസകഥകൾക്ക് എന്റെ അന്വേഷണത്വര വളർത്തിയതിൽ വലിയൊരു പങ്കുണ്ട്. പ്രത്യേകിച്ച് പുരാണങ്ങളിലെ സ്ഥലനാമങ്ങൾ പലതും ഹൃദിസ്ഥമാക്കുകയും അവയൊക്കെ യഥാർഥത്തിൽ എവിടെയൊക്കെയാണെന്ന് അന്വേഷിക്കുകയും ഞാൻ പതിവാക്കിയിരുന്നു. കെ വി യിലെ ടീച്ചർ ജോലി എന്റെ ഇഷ്ടവിഷയഗവേഷണകൗതുകത്തിന് കുറെ അവസരങ്ങൾ നേടിത്തന്നു. സ്ക്കൂളിലെ കുട്ടികളെ വിനോദയാത്രകൾക്കു കൊണ്ടു പോയിരുന്നത് മിക്കപ്പോഴും ചരിത്രത്തോടും ഇതിഹാസങ്ങളോടും ബന്ധപ്പെട്ടു കിടക്കുന്ന സ്ഥലങ്ങളിലേക്കായിരുന്നു.അതിനാൽ നാസിക്കിലായിരുന്നപ്പോൾസ്ക്കൂളിൽ പിക്നിക് എന്നു കേട്ടാലുടൻ ഞാനും എന്ന് കൈപൊക്കുമായിരുന്നു.
ദേവലാലി കെ വി യിലായിരുന്നപ്പോൾ കൂട്ടുകാരി കിഷോരി കുൽക്കർണ്ണിയുടെ എട്ടു ബി ക്ലാസ്സിലെ കുട്ടികൾക്കൊപ്പം പാണ്ഡവർ അജ്ഞാതവാസം നടത്തിയ ഗുഹകൾ സന്ദർശിക്കാൻഅവസരം കിട്ടി. നാസിക്കിലെ സാത്പൂരിനടുത്തുള്ള പാണ്ഡവ് ലേന എന്ന സ്ഥലത്താണ് പാണ്ഡവ കേവ്സ്. എട്ടാം ക്ലാസ്സിലെ നാലു ഡിവിഷനുകളിലെ കുട്ടികളും പതിനാല് അധ്യാപകരുമൊത്താണ് സ്ക്കൂൾ ബസ്സുകളിൽ ഞങ്ങളവിടെ എത്തിയത്.
നിബിഡമായി കുറ്റിച്ചെടികളും മരങ്ങളും വളർന്ന് കാടു മുറ്റിയ മലയടിവാരത്തിൽ സ്ക്കൂൾബസ്സുകൾ പാർക്ക് ചെയ്തു. പാണ്ഡവഗുഹകൾ മലയുടെ ഏകദേശം മുക്കാൽ ഭാഗം പൊക്കത്തിൽപാറകൾ തുരന്ന് നിർമ്മിച്ചവയാണ്. പത്തടിയോളം വീതിയുള്ള ചെമ്മൺ പാത മുകളിലേക്ക് വെട്ടിയിട്ടുണ്ട്. വളഞ്ഞും തിരിഞ്ഞുമുള്ള കയറ്റം. വശങ്ങളിലൂടെ നടക്കുമ്പോൾ വളരെ സൂക്ഷിക്കേണ്ടിയിരുന്നു. ഇടിഞ്ഞുവീഴാനുള്ള സാധ്യത മുൻകണ്ട് കുട്ടികളെ രണ്ടു വരികളിലായി ഞങ്ങൾ മുന്നോട്ടു നയിച്ചു. ഇതരസന്ദർശകർ കുറവായിരുന്നു. അവരൊക്കെ ഞങ്ങൾക്ക് വേണ്ടവിധം വഴി ഒഴിഞ്ഞും തന്നു.
പരിചയക്കുറവുണ്ടായിരുന്നതിനാൽ കിഷോരിയും ഞാനും മറ്റു മൂന്നു ക്ലാസ്സുകൾ പോയതിന് പിറകെ അവസാനമാണ് എട്ടു ബി യെ അണിനിരത്തിയത്. കയറ്റം അത്ര ദുഷ്കരമൊന്നുമല്ലായിരുന്നു. കുട്ടികൾചുറുചുറുക്കോടെ ഉത്സാഹിച്ചു നടന്നു. വഴിയിലൊരു വളവിൽ കുറച്ചിടം പരന്ന് മുറ്റം പോലെ കണ്ടപ്പോൾ ഞങ്ങൾ അവിടേക്ക് കയറി. അവിടെ ഒരു പാറക്കെട്ടിനു മുമ്പിൽ “ഗംഗാദ്വാർ” എന്ന് മറാഠിയിൽ ഒരു ബോർഡ്! അടുത്തു ചെന്നു നോക്കിയപ്പോൾ ഒരു ചെറിയ അമ്പലം! ഒരു പൂജാരിയും ഇരുപതോളം വയസ്സു തോന്നിക്കുന്ന ഒരു പയ്യനും വനംവകുപ്പിന്റെ യൂനിഫോമിട്ട(കാക്കി) ഒരാളും അവിടെയുണ്ടായിരുന്നു. രണ്ടു മൂന്നു സന്ദർശകർ തൊഴുതു പിൻവാങ്ങിയതും ഞങ്ങൾ കുട്ടികളെ പാറപ്പരപ്പിലേക്കു കയറ്റി.
യൂനിഫോമിലുള്ളയാൾ ആ സ്ഥലത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു തന്നു. മഹരാഷ്ട്രയുടെ ഗംഗയാണ് ഗോദാവരി നദി. ഇവിടം ഗോദാവരിയുടെ ഉത്ഭവസ്ഥാനമാണ്. പാറയിടുക്കിലെ ഗുഹക്കുള്ളിൽ മുകളിൽ നിന്ന് നൂൽപ്പാകത്തിൽ തെളിജലം ഇറ്റിറ്റ് താഴോട്ടു വീഴുന്നു. ഈ പ്രവാഹം നിലക്കാത്തതാണെന്ന് അവർ സാക്ഷ്യം പറഞ്ഞു. അവിടെ ഗംഗാദേവിയുടെ പ്രതിഷ്ഠയുണ്ട്. നാടിനെ നനക്കുന്ന ഗംഗയോടുള്ള ആദരസൂചകമെന്നോണം ഗംഗയെ ദേവിയാക്കി ആരാധിക്കുന്നു. കുട്ടികളെഇതെല്ലാം വിശദമായി കാണിച്ചതിനു ശേഷം മുറ്റം പോലെ ചെത്തിയെടുത്ത പാറപ്പരപ്പിൽ വിശ്രമിക്കാനിരുത്തി തലയെണ്ണൽ തുടങ്ങി.
മൊത്തം 43 കുട്ടികളിൽ 42 പേർ മാത്രം! ഒരാൾ എവിടെ? ആരാണ് കൂട്ടം പിരിഞ്ഞത്? കിഷോരി ഹാജറെടുത്തു. നവീൻ ഗയ്ക്ക്വാഡ് കൂട്ടത്തിലില്ല... ഇനിയെന്തു ചെയ്യും ? അവനെവിടെ? കുട്ടികൾകൈമലർത്തി. കിഷോരി പരിഭ്രാന്തയായി. അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു... ’ഹേ ഭഗവാൻ ... അബ് ക്യാ ഹോഗാ... ഉസേ കഹാം ഡൂണ്ടേഗാ...’ അവളെ സമാധാനിപ്പിക്കാൻ ഞാൻ ആവതും ശ്രമിച്ചു. കുട്ടികളിലൊരാൾ ബൈനോക്കുലേഴ്സ് എടുത്തിരുന്നു. അതിപ്പോൾ ഉപകാരപ്പെട്ടു. ഞങ്ങൾ അതിലൂടെ മുകളിലേക്ക് നേരത്തെ പോയവരെ വീക്ഷിച്ചു. പക്ഷേ പുറം വശം മാത്രം ദൃശ്യമായിരുന്നതിനാൽആരേയും തിരിച്ചറിയാൻ കഴിഞ്ഞില്ല. മുകളിലേക്ക് പോയിട്ടുണ്ടെങ്കിൽ വിഷമിക്കേണ്ടതില്ലെന്നും നവീൻ മറ്റേതെങ്കിലും ഡിവിഷനിലെ കുട്ടികളോടൊപ്പം കാണുമെന്നും ആശ്വസിച്ച് താഴെ ഉണ്ടോ എന്ന് നോക്കാമെന്നും പറഞ്ഞ് ഞങ്ങൾ താഴെയുള്ള വഴിയിലേക്കും ചുറ്റുമുള്ള കുറ്റിക്കാട്ടിലേക്കും നോട്ടം വ്യാപിപ്പിച്ചു.
ഭാഗ്യമെന്നു പറയട്ടെ, ഉടനെ തന്നെ നേവി നീലയും വെളുപ്പുമുള്ള യൂനിഫോം കണ്ണിൽ പെട്ടു. അതെ, അവൻ തന്നെ... നവീൻ ! നടവഴിയിൽ നിന്നും ഒരു ഫർലോംഗ് ഇടത്തോട്ടു മാറി മറ്റാരോടോ സംസാരിച്ചു നിൽക്കുന്ന പോലെ തോന്നിച്ചു. വീണ്ടും സൂക്ഷിച്ചു നോക്കിയപ്പോൾ കണ്ടത് അവൻവാട്ടർബോട്ടിൽ തുറന്ന് വെള്ളമെടുത്ത് താഴെ വീണു കിടന്നിരുന്ന ഒരാളുടെ മുഖത്ത് തളിക്കുന്നു, വെള്ളം വായിലേക്ക് ഒഴിച്ചു കൊടുക്കുന്നു...! ഇടയ്ക്കിടെ തിരിഞ്ഞ് വഴിയിലേക്ക് നോക്കി കൈകൊട്ടി വിളിക്കുന്നു... അവൻ എന്തൊക്കേയോ വിളിച്ചു പറയുന്ന പോലെ തോന്നിച്ചു ! ഉടൻ തന്നെ കിഷോരി കാക്കിക്കാരനെയും കൂട്ടി താഴേക്കു കുതിച്ചു. ഞാൻ ഗംഗാദ്വാറിൽ തന്നെ മറ്റുകുട്ടികളെ മുറ്റത്തിരുത്തി അവർക്കൊപ്പം നിന്നു.
നവീൻ നിന്നയിടത്തെത്തി വീണുകിടന്നയാളിനെ അവർ പിടിച്ചുയർത്തി നടവഴിയിലേക്കെത്തിച്ചു. അയാൾ ദാഹിക്കുന്നെന്നും വെള്ളം വേണമെന്നും പറഞ്ഞ് കുഴഞ്ഞു വീഴാനാഞ്ഞപ്പോൾ നവീൻഅയാളെ അടുത്തു കണ്ട മരച്ചുവട്ടിൽ കിടത്തിയതാണത്രേ. സഹായത്തിനു വേണ്ടി അവൻ മുന്നിൽനടന്നു കേറിയിരുന്ന ഞങ്ങളെ വിളിച്ചെങ്കിലും ആരും ഒന്നും കേട്ടില്ല. കുട്ടികൾ പാട്ടും തമാശയുമായി ഉച്ചത്തിൽ ശബ്ദമുണ്ടാക്കിക്കൊണ്ടായിരുന്നു കയറ്റം. പിന്നെങ്ങനെ ഒരാളുടെ ശബ്ദം കേൽക്കാൻ !
മറ്റാരും ആ വഴി പിന്നെ വന്നതുമില്ല. തീരെ വയ്യാതെ ബോധമില്ലാതെ കിടക്കുന്നയാളെ എങ്ങനെ തനിച്ചാക്കും എന്ന വേവലാതിയിൽ ആരെങ്കിലും ആ വഴി വരാൻ കാത്തു നിൽക്കുകയായിരുന്നു നവീൻ... അവന്റെ ആത്മാർത്ഥതയും അനുകമ്പയും കലർന്ന പ്രവർത്തി ഞങ്ങളെ അതിശയിപ്പിച്ചു.
ബോധം മറഞ്ഞു വീണയാളെ ഫോറസ്റ്റ് അധികൃതർ ഹോസ്പിറ്റലിലെത്തിച്ച് വേണ്ടത് ചെയ്തു.
ശേഷം ഞങ്ങൾ മലകയറ്റം തുടർന്നു. താഴെ നടന്ന സംഭവങ്ങൾ പോകും വഴി നവീന് വിവരിച്ചത് മറ്റു കുട്ടികൾ ആകാംക്ഷയോടെ കേട്ടുകൊണ്ട് ഗുഹകൾക്കരികെ പെട്ടെന്നെത്തി. പാണ്ഡവർഅജ്ഞാതവാസം ചെയ്തതെന്ന് കരുതപ്പെടുന്ന ഗുഹകൾ ഓരോന്നായി കണ്ടിറങ്ങി നാലു ക്ലാസ്സുകളിലേയും കുട്ടികൾ ഒന്നിച്ചു തന്നെ ഗുഹകൾക്കു മുന്നിലുള്ള പാറപ്പരപ്പിൽ ഭക്ഷണം കഴിക്കാനിരുന്നു. അവിടെയുണ്ടായിരുന്ന രണ്ടു ഗൈഡുകൾ ഞങ്ങൾക്ക് എല്ലാ സഹാങ്ങളും ചെയ്തു തന്നു. പാണ്ഡവർ ഉപയോഗിച്ചതാണെന്ന് കരുതപ്പെടുന്ന ഒരു കിണറുണ്ട്, മലക്കു മുകളിൽ, ഗുഹകളുടെയടുത്ത്. അതിൽ നിന്ന് വേണ്ടുവോളം വെള്ളം കോരിയെടുത്ത് ഞങ്ങൾ ഉപയോഗിച്ചു.
വീണ്ടും ഒത്തു കൂടിയിരുന്ന് ഗൈഡുകൾ ഗുഹകളുടെ സവിശേഷതകളും ആകൃതിയിലും വലിപ്പത്തിലും നിർമ്മിതിയിലുമുള്ള ഗുഹകളുടെ വ്യത്യാസങ്ങൾ പഞ്ചപാണ്ഡവരുടെ സ്വഭാവത്തിലും ജീവിതരീതികളിലുമുള്ള വ്യത്യാസങ്ങൾക്കിണങ്ങുന്ന വിധമായിരുന്നെന്ന് വിശദീകരിച്ചു. പാണ്ഡവരുടെ വീരപരാക്രമങ്ങളും ബുദ്ധികൂർമ്മതയും കഥകളിലൂടെ അവർഞങ്ങളെ കേൾപ്പിച്ചു.
പിന്നീട് ഇടയ്ക്ക് വെച്ച് കാണാതായി തിരിച്ചു കിട്ടിയ നവീൻ ഗയ്ക്ക്വാഡ് എന്ന എട്ടാം ക്ലാസ്സുകാരൻചെയ്ത നല്ല കാര്യം ഞങ്ങൾ അവതരിപ്പിച്ചു. എല്ലാ കുട്ടികളും അധ്യാപകരും അവൻ കാണിച്ച നന്മയെ വാ തോരാതെ പ്രശംസിച്ചു. ചില കുട്ടികൾ സന്തോഷത്തോടെ അവരുടെ കൈവശം ശേഷിച്ചിരുന്ന ടോഫികളും ബിസ്കറ്റുകളും നവീനിന് സമ്മാനിച്ചു.
ആ ഒരു ദിവസം, മറവിയിൽ മാഞ്ഞുപോകാതെ, അന്നു പിക്നിക്കിനുണ്ടായിരുന്ന കുട്ടികളും അധ്യാപകരും എന്നെപ്പോലെ ഇന്നും ഓർമകളിൽ സൂക്ഷിക്കുന്നുണ്ടാകണം.