Archives / july2019

ഫൈസൽ ബാവ
ജൂലായ് 26. ടിആർ ഓർമ്മ ദിനം ടിആർ - പ്രതിഭയുടെ വിശ്വരൂപം

നാം നാളെയുടെ നാണക്കേട് എന്ന് പ്രവചന സ്വരത്തിൽ മലയാളികളുടെ മുഖത്തു നോക്കി പറഞ്ഞ ടി ആർ നമ്മോട് വിടപറഞ്ഞിട്ട് 19 വര്ഷങ്ങൾ.  കഥയിലും ജീവിതത്തിലും വ്യത്യസ്തനായി അവസാനം മരണത്തിലും വ്യത്യസ്തനായി തന്നെ കടന്നുപോയ ടിആർ എന്ന രണ്ടക്ഷരത്തിൽ മലയാള സാഹിത്യത്തിൽ ഒരിക്കലും മായാത്ത അടയാളം. 2000 ജൂലൈ 26ന് ഒരു എറണാംകുളം പകലിൽ കടത്തിണ്ണയിൽ 
അനാഥ മൃതദേഹമായി ടിആർ എന്ന ടി രാമചന്ദ്രൻ യാത്രയാകുമ്പോൾ നമ്മുടെ രാഷ്ട്രീയ സാംസ്‌കാരികതയുടെ മേലെ  ടിആർ തൂക്കിയിട്ട ഡെമോ‌ക്ലീസിന്റെ വാള് അന്നും  ഇന്നും തൂങ്ങികിടക്കുന്നു. മലയാളി
ടിആറിനെ ഒരോർമ്മയിൽ ചുരുക്കേണ്ട വ്യക്തിത്വമല്ല.  
മലയാള ഭാവന വൈയക്തികതയില്‍ ചുറ്റിത്തിരിയുമ്പോഴായിരുന്നു മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അരപ്പേജില്‍ ഒതുങ്ങുന്ന മൃഗം എന്ന ഒരു കൊച്ചുകഥ വരുന്നത്. വിശാലമായ ഒരു കാൻവാസിൽ തീർത്ത ഒരു ചിത്രം പോലെ തൻറെ സാമൂഹിക നിരീക്ഷണം, ചാട്ടവാറിന്റെ പിടച്ചലിലേക്ക്  
അവൾ, വിൽപന, ലാഭം എന്നീ ചേരുവകളിലൂടെ  സമർഥമായി കൂട്ടികെട്ടിയ വില്പനച്ചരക്കായ ഒരു സ്ത്രീയുടെ കഥയായിരുന്നു മൃഗം. 

 മലയാളത്തിലെ എക്കാലത്തെയും മികച്ച ശില്പഭദ്രതയുള്ള കഥകളിൽ ഒന്നാണ് കാലബിന്ദു. ഏകാകിയുടെ വ്യസനങ്ങളും വ്യഥകളും വിഷയീഭവിച്ച കഥ   'നീ ദൂരകാലങ്ങളുടെ കുരിശില്‍ കിടക്കുകയാണ്...' ഇങ്ങനെയാണ് തുടങ്ങുന്നത്. ഒരേകാകിയുടെ അലച്ചിലാണ് ഈ കഥ. നാം നാളെയുടെ നാണക്കേട് എന്ന് പ്രവചിക്കാൻ ടിആറിനെ ആകൂ. രാഷ്ട്രീയ സാംസ്കാരിക വിമർശനത്തിന്റെ തലത്തിൽ നിന്നുകൊണ്ടു നിരന്തരം നടത്തിവന്ന ഓർപ്പെടുത്തലും ഒരു സാമൂഹിക ജീവി എന്ന നിലയിൽ എഴുത്തുകാരൻ നൽകിയ മുന്നറിയിപ്പും ആയിരുന്നു ടിആർ കഥകൾ. നാം എത്ര ജാഗ്രതയോടെയിരിക്കണം അന്നും ഇന്നും എന്ന ഓർമ്മപ്പെടുത്തലിന്റെ പ്രവചനസ്വരം നമുക്കതിൽ വായിച്ചെടുക്കാം. ആ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് സമകാലികതയോട് കൂട്ടികെട്ടാവുന്ന കഥകളാണ് നാം നാളെയുടെ നാണക്കേട്, കോനാരി, ജാസ്സക്കിനെ കൊല്ലരുത്, എന്നിവയും 
കൊരുന്ന്യേടത്ത് കോമുട്ടി എന്ന നീണ്ടകഥയും.  എഴുത്തിലൂടെ ചരിത്രത്തെ സംഹരിച്ചു മുന്നോട്ടു പോകുന്നു, രാഷ്ട്രീയ ബോധത്തിന്റെ സാമൂഹിക യാഥാർഥ്യത്തിന്റെയും ഗൗരവപൂര്ണമായ നേർനടത്തമാണ് ടിആർ കഥകളിലൂടെ ചെയ്തത്. പരമ്പരാഗത വഴികളെ വകഞ്ഞുമാറ്റി ആത്മരതിയിൽ അകപ്പെടാതെ എഴുതികൊണ്ടിരുന്നു.  ഏറ്റവും സങ്കീർണ്ണമായ  രൂപശില്പത്തിന്റെ ഉടമയായിരുന്നു ടിആർ. 
'ജാസ്സക്കിനെ കൊല്ലരുത്' അന്നത്തെ വർത്തമാനകാലത്തെ ഇന്ത്യൻ സമൂഹത്തിനു നേരെ തൊടുത്ത് വിട്ട കറുത്ത ഹസ്യത്തിൽ  പൊതിഞ്ഞ ക്രൂര വിമർശനം ആയിരുന്നു.
"സമുദ്രം പിളർന്നു, മലനിര കടപുഴങ്ങി മറിഞ്ഞു, ഭൂകമ്പം കൊട്ടാരത്തെ അടിച്ചു വീഴ്ത്തി, നടുവൊടിഞ്ഞ പാലങ്ങൾ, വേരറ്റു നിലം പതിച്ച മാമരങ്ങൾ, കൊട്ടാരം, തടവറ, ഭ്രാന്താലയം, ആസ്പത്രി, ബാങ്ക്, ശ്മശാനം... ഭയങ്കര ശബ്ദമായിരുന്നത്രെ... എങ്കിലും രാജാവിന് ഒരു പോറൽ പോലുമേറ്റില്ല. അദ്ദേഹത്തിന്റെ പരിവാരവും പരിരക്ഷിക്കപ്പെട്ടു" ജാസ്സക്കിനെ കൊല്ലരുത് എന്ന കഥ വർത്തമാന കാലത്തെ രാഷ്ട്രീയത്തോട് കൂട്ടിക്കെട്ടി വായിക്കാൻ കഴിയുന്ന വിമർശനത്തിന്റെ കൂരമ്പുകൾ നിറഞ്ഞ കഥയാണ്. 

കാലഗണനകൾ ലംഘിക്കുന്ന രാജ്യാതിർത്തികളോ ഇതിഹാസ പുരാണങ്ങളോ എല്ലാം ഒന്നായി വായിക്കാവുന്ന മറ്റൊരു കഥയാണ് 'ഉണർന്നവരും ഉറങ്ങുന്നവരും. "ഓരോ വാക്കിൽനിന്നും ആശയത്തിൽ നിന്നും പ്രതീകത്തിൽ നിന്നും ജ്വരം സംക്രമിക്കുന്നു; അപസ്മാരബാധയിൽ രാജ്യാതിർത്തികൾ സംസ്കാരങ്ങൾ, ഭൂതഭാവികൾ, മനുഷ്യനെ വേർതിരിക്കുന്ന എല്ലാ മതിലുകളും ഇടിഞ്ഞു പൊളിഞ്ഞു മനുഷ്യൻ ഒന്നാകുന്നു. മലയാള കഥയിൽ ആധുനികതയുടെ ആദ്യ ജ്വലനങ്ങൾ പടർന്ന ഒരു കാലഘട്ടത്തിന്റെയും ആ  വിഭക്തയുവത്വത്തിന്റെയും ഏറ്റവും ശക്തമായ ആവിഷ്ക്കരണമണീ കഥ" എന്ന് കെ.വിനോദ് ചന്ദ്രൻ വിലയിരുത്തുന്നു. ടിആർ മലയാള കഥയിൽ എഴുതിച്ചേർത്ത 'പുതിയ ക്രമം' എന്ന കഥ കോരിയെറിയുന്ന ബിംബങ്ങളാൽ സമ്പന്നം. സ്ഥലകാലങ്ങളുടെ കുരിശിൽ സ്വയം തറയ്ക്കുകയും ആ വേദന നമ്മെ അനുഭവിപ്പിക്കുയും ചെയ്യുന്ന പലപ്പോഴും രൂക്ഷമായി പ്രതികരിക്കുന്ന കഥകൾ ആണ് ടിആർ എന്ന എഴുത്തുകാരന്റെ സംഭാവന. സംവര്‍ത്തനന്‍, എ. ലൂക്കിന്റെ പാത, തുകല്‍വ്യാപാരി യുവാക്കളുടെ വിപ്ലവ കൗണ്സിൽ, പഴയ വിപ്ലവം പുതിയ സന്യാസം ഇങ്ങനെ  കറുത്ത ഹസ്യത്തിൽ കൂസലില്ലാതെ പ്രതികരിക്കുന്ന കഥകളാണ് ഓരോന്നും. ഡെമോ‌ക്ലീസിന്റെ വാള് പോലെ നമ്മുടെ തലക്ക് മീതെ തൂക്കിയിട്ട നാം നാളെയുടെ നാണക്കേട് എക്കാലത്തെയും വിമർശനാത്മകമായ നോട്ടമാണ്.
ആദ്യ കഥയായ മൃഗം മുതൽ ഗൗരവമാർന്ന ടി ആർ  കഥകൾ മാതൃഭൂമിയിൽ വരുമ്പോൾ പുതിയ ഭാവുകത്വം രൂപപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു.  പ്രതിഭയുടെ വിശ്വരൂപമായ ടിആർ മലയാളമുള്ള കാലത്തോളം നിലനിൽക്കും

Share :

Photo Galleries