Case and syntax
സാമ്പ്രദായിക വ്യാകരണങ്ങള് ഭാഷാപഗ്രഥനത്തിന് വിവരണാത്മകവും
രൂപമാത്രനിഷ്ഠവുമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. ഭാഷാഘടകങ്ങളെ
ശബ്ദാനുശാസനത്തിന്റെ ഭാഗമായി രൂപപരമായി വിശദീകരിക്കുന്നതിനാല് അ വയുടെ
വ്യാവഹാരികവും ഘടനാപരവുമായ പ്രസക്തി അവഗണിക്കപ്പെടാ നും ഇടയായിട്ടുണ്ട്.
വിഭക്തിയുടെ ചര്ച്ചയിലാണ് ഈ നിലപാട് വളരെ അശാ സ്ത്രീയവും അപൂര്ണ്ണവുമായി
അനുഭവപ്പെടുന്നത്. ആധുനിക ഭാഷാശാസ്ത്രം വികസിപ്പിച്ച
പ്രജനകാര്ത്ഥവാദത്തിന്റെ ഭാഗമായി രൂപംകൊണ്ട വിഭക്തി വ്യാകരണം ഭാഷയിലെ
വിഭക്തികാര്യത്തെ ഘടനാപരമായി സമീപിക്കാനുള്ള സൈദ്ധാന്തിക പശ്ചാത്തലം
ഒരുക്കിയിട്ടുണ്ട്.
മലയാളവിഭക്തിയെ ഘടനാപരമായി വിശകലനം ചെയ്യാനുള്ള ശ്രമമാണ് ഇവിടെ
നടത്തുന്നത്. വിഭക്ത്യുപാധികളെപ്പോലെ വിഭക്തിബന്ധങ്ങളും വിഭക്ത്യ
പഗ്രഥനത്തില് പ്രസക്തമാണെന്ന കാഴ്ചപ്പാടാണ് അവലംബിച്ചിരിക്കുന്നത്.
വിഭക്തി ഒരു വ്യാകരണ സംജ്ഞയാണ്. പാണിനിക്കു മുന്പേതന്നെ പ്രചാ
രത്തിലുണ്ടായിരുന്നതിനാല് ഈ സങ്കേതം അനുക്തസിദ്ധമായി സ്വീകരിക്കപ്പെടുക
യായിരുന്നു. കാരകസംബന്ധങ്ങളെക്കുറിക്കാന് പ്രാതിപദികങ്ങളില് ചേര്ക്കുന്നതി നാല്
വിഭക്തിയുടെ ധര്മ്മം പദങ്ങള് തമ്മിലുള്ള സംബന്ധത്തെ പ്രത്യക്ഷീകരിക്ക ലാണെന്ന്
വ്യവസ്ഥാപിതമായി.
ഭജ് ധാതുവിനോട് വി എന്ന ഉപസര്ഗ്ഗവും –ക്തിന് പ്രത്യയവും ചേര്ന്നാ ണ് വിഭക്തി
പദത്തിന്റെ നിഷ്പ്പത്തി.1
വി+ ഭജ്+ ക്തിന് – വിഭക്തി
ഉപസര്ഗ്ഗത്തിന്റെ ശക്തികൊണ്ട് വേര്പിരിയുന്നത് എന്നര്ത്ഥം. വിഭക്തിചേരു ന്ന
പ്രകൃതി അതിന്റെ മൂലാര്ത്ഥത്തില് നിന്നും ഭേദിക്കുന്നു. പ്രകൃതിയോട് പദ
ത്വസമ്പാദനാര്ത്ഥമാണ് പ്രത്യയങ്ങള് ചേര്ക്കുന്നത്. അങ്ങനെ നാമത്തിന്റെ രൂപ
നിഷ്പാദക പ്രത്യയമായി ചേര്ക്കപ്പെടുന്ന സുപ് പ്രത്യാഹാരത്തിനകത്ത് വരുന്ന
വിഭക്തികള് നാമത്തിന്റെ രൂപസിദ്ധിദായകങ്ങളാണെന്ന ധാരണയുണ്ടായി. ലിംഗ
വചനഭേദങ്ങളോടെ ഓരോ വിഭക്തിക്കും ഇരുപത്തിയൊന്ന് പ്രയോഗങ്ങളുള്ളതി നാല്
സംസ്കൃതപഠനം നാമശബ്ദത്തിന്റെ സിദ്ധരൂപാവലി ഹൃദിസ്ഥമാക്കിക്കൊ ണ്ടാണ്
സമാരംഭിക്കുന്നത്. പാണിനീയ പാരമ്പര്യത്തിലും പ്രക്രിയാപ്രധാനങ്ങളാ യ
വ്യാകരണങ്ങളിലും ഈ ചട്ടക്കൂടിനകത്തുതന്നെ വിഭക്തിപഠനം ഒതുങ്ങി. സം സ്കൃത
വ്യാകരണത്തെ അനുകരിക്കുന്ന പ്രാദേശികഭാഷാവ്യാകരണങ്ങളും വിഭ
ക്ത്യപഗ്രഥനത്തിന് സംസ്കൃത മാതൃക സ്വീകരിക്കുകയായിരുന്നു.
പാശ്ചാത്യവ്യാകരണങ്ങളിലും ഇതേ രീതിയിലാണ് വിഭക്തികാര്യം പരിഗ ണിച്ചു
കാണുന്നത്. ഗ്രീക്കിലെ ptosis എന്ന പദമാണ് ലാറ്റിനില് casus എന്ന് പരി
ഭാഷപ്പെടുത്തുന്നത്. വിഭക്തി കുറിക്കുന്ന അര്ത്ഥഭേദത്തെ മുന് നിര്ത്തി രണ്ടു മുതല്
നാല്പതുവരെ വിഭക്തികളുള്ള യൂറോപ്യന് ഭാഷകളെക്കുറിച്ചുള്ള വിവ രണം ഓക്സ്ഫോഡ്
ഡിക്ഷ്ണറിയില്2 കാണാം. സംസ്കൃതത്തിലും ഇന്ത്യന് ഭാ ഷകളിലും വിഭക്തി സംഖ്യ
ഏഴാണ്. വിഭക്തിയെ പ്രഥമ, ദ്വിതീയ എന്ന മട്ടില് സംഖ്യാനാമത്തില് വ്യവഹരിക്കുകയും
ചെയ്യുന്നു.
മലയാളവിഭക്തിയെക്കറിച്ചുള്ള പ്രഥമ പരാമര്ശം കാണുന്നത് മണിപ്രവാള
ലക്ഷണശാസ്ത്ര ഗ്രന്ഥമായ ലീലാതിലകത്തിലാണ്.2 കന്നടവ്യാകരണമായ ശബ്ദമ ണി
ദര്പ്പണവും തമിഴിലെ തൊല്ക്കാപ്പിയവും പരിചയമുള്ള ലീലാതിലകകാര ന്
മലയാളത്തിന് എട്ടുവിഭക്തികള് നിര്ദ്ദേശിക്കുന്നു. അവയില് പേര്,വിളി എന്നിവ
വിഭക്തിനാമങ്ങളും സംബന്ധികയടക്കം ആറെണ്ണം വിഭക്തി പ്രത്യയ ങ്ങളുമായാണ്
വിഭക്തിസൂത്രത്തില് നല്കിക്കാണുന്നത്. (പേര്,എ,ഒടു,ക്കു,നിന്നു, ഇല്,
വിളിയിത്യഷ്ടകം)3 ലീലാതിലകം നിലവിലുള്ള സംസ്കൃത സങ്കല്പമാണ്
ഭാഷാവിഭക്തികളെ ചര്ച്ച ചെയ്യാന് മാതൃകയാക്കിയത്. പിന്നീടുണ്ടായ എല്ലാ മലയാള
വ്യാകരണങ്ങളും ഇതേ മാതൃക പിന്തുടരുകയും ചെയ്യുന്നു. കേരള പാണിനീയം
പരിഷ്ക്കരിച്ച രണ്ടാം പതിപ്പിലാണ് മലയാളവിഭക്തി കാര്യത്തി ല് മൌലികമായതെന്ന്
പറയാവുന്ന വിഭക്ത്യപഗ്രഥനം പ്രത്യക്ഷപ്പെടുന്നത്.4 ബാലപ്രബോധനത്തിലെ 5
സംസ്കൃത വിഭക്തിപരിഭാഷയെ പൂര്വ്വപക്ഷമാക്കി ഏ.ആര് നടത്തുന്ന വിമര്ശനമാണ്
ഇന്ന് മലയാളത്തില് വ്യവസ്ഥാപിതമായി ക്കഴിഞ്ഞിട്ടുള്ള വിഭക്തിസങ്കല്പം ഭാഷക്ക്
സംഭാവന ചെയ്യുന്നത്. ബാലപ്രബോ ധനത്തിലെ ഇരുപത്തിയൊന്നു
വിഭക്ത്യുപാധികളില്നിന്ന് പ്രത്യയസ്വരൂപമുള്ള വയെമാത്രം വിഭക്തിയായി
പരിഗണിക്കുകയും അല്ലാത്തവയെ ഉപേക്ഷിക്കുക യോ വിഭക്ത്യാഭാസമോ
മിശ്രവിഭക്തിയോ ആയി മാറ്റിനിറുത്തുകയോ ചെയ്യുക യാണ് ഏ.ആര്.
മലയാളത്തില് വ്യവസ്ഥാപിതമായിക്കഴിഞ്ഞ കേരളപാണിനിയുടെ വിഭ ക്തി
ചര്ച്ചയും സംസ്കൃതത്തിലെ സാമ്പ്രദായിക രീതി പിന്തുടരുന്ന രൂപമാത്രാ
പഗ്രഥനമാണ്. നാമത്തിന്റെ രൂപനിഷ്പ്പാദനപ്രത്യയമെന്നതിലപ്പുറം വിഭക്തിയെ
പരിഗണിക്കാന് കേരളപാണിനീയവും മുതിര്ന്നിട്ടില്ല. പാണിനീയം കാരകങ്ങളു മായി
വിഭക്തിയെ ബന്ധപ്പെടുത്തിയ യുക്തി വിവരണാത്മകവും രൂപനിഷ്ഠവു മായ നിലപാട്
പിന്തുടരുന്ന സാമ്പ്രദായിക വ്യാകരണങ്ങള് സ്വീകരിച്ചില്ല.
വിഭക്തിക്ക് കേരളപാണിനീയം നല്കുന്ന നിര്വ്വചനം ഇങ്ങനെയാണ്, നാമ ത്തിന്
മറ്റു പദങ്ങളോടുള്ള സംബന്ധത്തെ കുറിക്കുവനായി ചേരുന്ന പ്രത്യയങ്ങ ളാണ്
വിഭക്തികള്.6 മലയാളത്തില് ഏഴു വിഭക്തികളെയാണ് കേരളപാണിനീയം അംഗീകരിച്ചത്.
സംബോധനയെക്കൂടി വിഭക്തിയായിപരിഗണിച്ച് വിഭക്തികള് എട്ടെണ്ണമാണ്.
സംഖ്യാനാമങ്ങള് ഉപേക്ഷിച്ച് അര്ത്ഥത്തെ അടിസ്ഥാനമാക്കി നിര് ദ്ദേശിക,
പ്രതിഗ്രാഹിക എന്നിങ്ങനെ നവീനസംജ്ഞകള് നല്കുന്നതിന് കേരളപാ ണിനി പറയുന്ന
യുക്തികളില് മൌലികതയുണ്ട്.ഏ.ആര് കാരകത്തെ വിഭക്ത്യര് ത്ഥമെന്ന നിലയിലാണ്
ചര്ച്ചചെയ്യുന്നത്. ഭാഷയിലും സംസ്കൃതത്തിലും വിഭ ക്തിളുടെ എണ്ണം
ഒന്നുതന്നെയെങ്കിലും അവ തമ്മില് ഭേദമുണ്ട്. സംബന്ധികക്ക്
കാരകബന്ധമില്ലെങ്കിലും മറ്റ വിഭക്തിയെപ്പോലെ അതിനേയും വിഭക്തിയായി
ഗണിച്ചു. സംബോധികയെയും വിഭക്തിയായിട്ടാണ് വ്യവഹരിക്കുന്നത്.
കേരളപാണിനീയം വ്യവസ്ഥാപിതമാക്കിയ ധാരണയിലാണ് ഇന്നും മലയാ ളത്തിലെ
വിഭക്തിസങ്കല്പം തുടരുന്നത്. നിര്ദ്ദേശികാദി ഏഴുവിഭക്തികളും വിഭ ക്ത്യാഭാസവും
അതോടൊപ്പം വിഭക്ത്യര്ത്ഥമായി കാരകവുമെന്ന് ഏ.ആര് അവ തരിപ്പിച്ച
വിഭക്തിവ്യാകരണം നൂറ്റാണ്ടുപിന്നിട്ടും മലയാളം നിലനിര്ത്തിപ്പോരു ന്നു. എന്നാല്
രൂപനിഷ്ഠമായി സമീപിക്കുന്ന സാമ്പ്രദായിക കാഴ്ചപ്പാടിലുള്ള കേരളപാണിനീയത്തിലെ
വിഭക്തിപഠനം ഭാഗികവും അശാസ്ത്രീയവുമണെന്ന് കാണാവുന്നതാണ്. പ്രത്യയം
മാത്രമാണ് വിഭക്തിക്കുറി എന്ന കേരളപാണിനീയ നിലപാട് വസ്തുനിഷ്ഠമല്ല
വിഭക്ത്യാഭാസവും മിശ്രവിഭക്തിസങ്കല്പവും അവ തരിപ്പിച്ച ഏ. ആര്. തന്നെ അതു
നിരാകരിച്ചിട്ടുണ്ട്. കേരളപാണിനീയഭാഷ്യം ര ചിച്ച സി.എല്.ആന്റണിയും
ശ്രീ.പ്രഭാകരവാര്യരും പുതുതായി മാരഗ്ഗവിഭക്തി, ലക്ഷ്യവിഭക്തിയെന്നിവ കൂടി
നിര്ദ്ദേശിച്ച് ഭാഷയിലെ വിഭക്തിവികാസം ചൂണ്ടി ക്കാണിച്ചിട്ടുണ്ട്. കാരകം
വിഭക്ത്യര്ത്ഥമല്ലെന്നും വിഭക്തി നാമശബ്ദത്തിന്റെ രൂ പനിഷ്പ്പാദനവുമായി
ബന്ധപ്പെട്ട വ്യാകരണഘടകമല്ലെന്നും വ്യക്തമാണ്.
സാമ്പ്രദായിക വ്യാകരണത്തിന്റെ സൈദ്ധാന്തികമായ പരിമിതിയാണ് ഭാഷയെ
രൂപമാത്രമായി അപഗ്രഥിക്കുന്നത്. വാക്യത്തിലെ ക്രിയാപദത്തിന്റെ ആകാംക്ഷ
പൂര്ത്തീകരിക്കുന്ന ആര്ത്ഥികബന്ധത്തെ കുറിക്കുന്ന ഉപാധികളെ നാമത്തിന്റെ
രൂപാംശമായി കാണേണ്ടതില്ല. ലിംഗവചന പ്രത്യയങ്ങളെപ്പോലെ യല്ല വിഭക്തി.
നാമപദത്തിനോടാണ് വിഭക്തി ചേരുന്നത് എന്നത് ഭാഷയുടെ ഒരു സാര്വ്വലൌകികമായ
അഭിലക്ഷണമാണ്. വിഭക്തിയുടെ വ്യാകരണയുക്തി യെക്കുറിച്ച് ജോര്ജ് മാത്തന്
മലയായ്മയുടെ വ്യാകരണത്തില് പറഞ്ഞിട്ടുള്ള കാര്യങ്ങള് വളരെ പ്രധാനമാണ്. ഭാഷയില്
ശബ്ദങ്ങള്ക്കുതമ്മിലുള്ള ബന്ധം വെളിപ്പെടുത്താന് മൂന്നു മാര്ഗ്ഗങ്ങളാണ്
അവലംബിക്കുന്നത്. നാമങ്ങളുടെ പ്രകൃതിയില് മാറ്റംവരുത്തുക, നിലഭേദം വരുത്തുക,
അവ്യയങ്ങള് ചേര്ക്കുക എന്നിവയാണത്,7 പ്രധാന സംബന്ധങ്ങളെ രൂപഭേദംകൊണ്ടു
കാണിക്കുന്നതിനാല് വാക്യത്തിന് രൂപഭംഗിയും ശക്തിയുമുണ്ടാകും.വിഭക്തി
പ്രത്യയസ്വരൂപത്തില് മാത്രം പ്രത്യക്ഷപ്പെടുന്ന ഉപാധിയല്ലെന്ന മാത്തന്റെ
നിരീക്ഷണം ശ്രദ്ധേയമാണ്. ദ്രാവിഡത്തിലെ ഓരോ അനുപ്രയോഗവും
വിഭക്തിക്കുതുല്യമാണെന്ന റവ.കാ ല്ഡ്വല്ലിന്റെ നിരീക്ഷണവും വിഭക്തി
വാക്യഘടനയുടെ ഭാഗമാണെന്ന ഡോ.ഗു ണ്ഡര്ട്ടിന്റെ നിരീക്ഷണവും
സാമ്പ്രദായികയായി ശബ്ദത്തിന്റെ രൂപാംശമാണ് വിഭക്തിയെന്ന നിലപാടിന്റെ
അയുക്തികത വ്യക്തമാക്കുന്നുണ്ട്. വാക്യത്തില് പദങ്ങള്ക്കു തമ്മിലുള്ള ബന്ധം
പ്രകടമാക്കാന് പ്രത്യങ്ങളെ മാത്രമല്ല ആശ്രയി ക്കുന്നത്. പദക്രമം, പ്രത്യയയോഗം,
പ്രത്യയങ്ങള്ക്കുമേല് പ്രത്യയങ്ങളോ അവ്യ യങ്ങളോ ചേര്ക്കല്,പദസമാസം
എന്നിങ്ങനെ പല ഉപാധികളുണ്ട്. ഇതിലൊ ന്നു മാത്രമായ പ്രത്യയത്തെമാത്രം
വിഭക്തിയായി ഗണിക്കുന്നത് ഭാഗികമാകും.
വാക്യത്തിന്റെ ആര്ത്ഥികാപഗ്രഥനത്തിലാണ് വിഭക്തി പ്രസക്തമാകുന്നത്.
ക്രിയയുടെ ആകാംക്ഷകളുടെ പൂര്ത്തിയെന്നത് പ്രത്യക്ഷീകരിക്കാന് ഘടനാപരമാ യി ഭാഷ
സ്വീകരിച്ച തന്ത്രമാണ് വിഭക്തിയെന്ന കാരകക്കുറി. രൂപാംശമെന്ന് വി ഭക്തിയെ കേവലം
യാന്ത്രികമായി ഒതുക്കുന്ന ശബ്ദാനുശാസനത്തിന്റെ സമീപനം
നിരാകരിക്കപ്പെടേണ്ടതാണ്. ക്രിയാപദത്തിന്റെ വിവിധങ്ങളായ ആകാംക്ഷകളെ
പൂര്ത്തീകരിക്കുന്ന നാമസംബന്ധങ്ങളെ കുറിക്കാന് ചേരുന്ന ഉപാധികളെന്ന നില യില്
വിഭക്തിയുടെ ആര്ത്ഥികവും ഘടനാപരവുമായ അപഗ്രഥനമാണ് വ്യാകര ണത്തില്
ഉണ്ടാവേണ്ടത്. മലയാളത്തിലെ ക്രിയാപദങ്ങള് വ്യാവഹാരികമായി ആവശ്യപ്പെടുന്ന
നാമസംബന്ധങ്ങളെ സൂക്ഷാമാവലോകനം ചെയ്ത് പ്രസ്തുത നാമസംബന്ധങ്ങളെ
വാക്യത്തിലെ പദങ്ങളോട് ബന്ധിപ്പിക്കുന്ന വിവിധങ്ങളായ ഉപാധികളെയൊക്കെയും
വിഭക്തിയായും പരിഗണിക്കണം. ക്രിയയുടെ ആകാം ക്ഷാപൂര്ത്തിയുടെ ഘടകങ്ങളെ
കാരകബന്ധമായി സ്വീകരിക്കുമ്പോള് അത് സം സ്കൃതവ്യാകരണം പണ്ടേ
വ്യവച്ഛേദിച്ച സംസകൃത കാരകങ്ങളിലേക്ക് ഒതു ക്കേണ്ടതില്ല. ഓരോ ഭാഷയിലേയും
വ്യവഹാരസാദ്ധ്യതയുമായി ബന്ധപ്പെട്ട് കാരകസംഖ്യയിലും അതിന്റെ ആവിഷ്ക്കാര
പ്രകാരത്തിലും ഭേദമുണ്ട്. മലയാള ക്രിയാപദങ്ങളുടെ പ്രയോഗതല സൌകര്യമനുസരിച്ച്
കാരകങ്ങളെ പുനര്നിര്ണ്ണയം ചെയ്യേണ്ടതുണ്ട്. സംസ്കൃതത്തിലെ കാരകങ്ങള്
ഘടനാപരമാ യി വ്യവസ്ഥപ്പെടുത്തിയ സാങ്കേതികസംജ്ഞയായതിനാല്
വിഭക്ത്യര്ത്ഥമെന്ന നിലയിലാണ് കാരകങ്ങളെ ഇവിടെ പരാമര്ശിക്കുന്നത്.
സാമ്പ്രദായിക സങ്കല്പത്തില്നിന്ന് വ്യത്യസ്ഥമായി വിഭക്തിയുടെ വ്യാവ
ഹാരികമായ ധര്മ്മത്തെ മുന് നിര്ത്തി പരിശോധിക്കുമ്പോള് ആര്ത്ഥികമായ ഘടകമെന്ന
നിലയില് വിഭക്തിയെ വാക്യഘടനയുടെ ഭാഗമായാണ് പരിഗണി ക്കേണ്ടത് എന്നു
വ്യക്തമാകും. വാക്യത്തിലെ പ്രധാനക്രിയയുടെ ആകാംക്ഷാപ്ര കാരങ്ങളെ
സാക്ഷാത്ക്കരിക്കുന്ന ഉപാധികളായതുകൊണ്ട് ഓരോ ക്രിയയും ആശ്രയിക്കുന്ന
അര്ത്ഥസംബന്ധങ്ങളുടെ എണ്ണമനുസരിച്ച് വാക്യത്തിലെ നാമ പദങ്ങളുടെ സംഖ്യ
വര്ദ്ധിക്കുന്നു. സംബന്ധത്തെ ആവിഷ്ക്കരിക്കാനായി നാമ പദങ്ങളില്
വിഭക്ത്യുപാധികളും ചേരുന്നു. ഉപാധികളില് പ്രത്യയങ്ങളാണ് പ്ര ധാനമെങ്കിലും
മലയാളഭാഷ പ്രത്യയമല്ലാത്ത ഉപാധികളെയും പ്രയോജനപ്പെടു ത്തുന്നുണ്ട്.
വാക്യത്തില് പദങ്ങള്ക്കു നല്കുന്ന ക്രമം, പ്രത്യയങ്ങള്ക്കുമേലുള്ള കൂട്ടിച്ചേര്ക്കല്,
പദസമാസം എന്നിവയാണ് പ്രസ്തുത ഉപാധികള്. ക്രിയയുടെ പ്രവര്ത്തകനായ കര്ത്താവ്,
ക്രിയയാല് പരാമര്ശകമാവുന്ന നാമം, പ്രയോ ഗംകൊണ്ട് അര്ത്ഥബോധം തരുന്ന കര്മ്മം,
സ്ഥലകാലസൂചകങ്ങള് എന്നിങ്ങനെ പല ആര്ത്ഥിക ബന്ധങ്ങളും
വിഭക്ത്യുപാധിയില്ലാതെ പദക്രമം തന്നെ വിഭ ക്ത്യുപാധിയായി ആവിഷ്കൃതമാവുന്നു.
പ്രധാനപ്പെട്ട മിക്ക ആര്ത്ഥികബന്ധ ങ്ങളും പ്രത്യയത്താല്
സാക്ഷാത്ക്കരിക്കപ്പെടുന്നു. എ,ഒട്,ക്ക്,ആല്,ഇല്,കല് തുടങ്ങിയവയാണ് വിഭക്തി
പ്രത്യയങ്ങള്. നിന്ന്, ഊടെ തുടങ്ങിയ അവ്യയ ങ്ങളെകൊണ്ടും പ്രത്യയങ്ങളുടെ മേല്
അവ്യയം ചേര്ത്തും വിഭക്തിബന്ധം ആവിഷ്ക്കരിക്കുന്നുണ്ട്. ഇവ കൂടാതെ മൂലം,കാരണം
തുടങ്ങിയ പദങ്ങള് സമാസിച്ചും വിഭ്ക്ത്യര്ത്ഥം ഭാഷയില് വെളിപ്പെടുത്തുന്നു.
ഉപാധികളെ രൂപപരമായി അപഗ്രഥിക്കുന്നതിനേക്കാള് വിഭക്തികാര്യചര് ച്ചയില്
അഭികാമ്യമായത് ക്രിയയുടെ ആകാംക്ഷാപ്രകാരങ്ങളെ മുന് നിര്ത്തി വിഭക്തിബന്ധങ്ങളെ
പരിഗണിക്കുന്നതാണ്. സംസ്കൃതവ്യാകരണം കാരകങ്ങ ളെന്ന് വ്യവഹരിച്ച് ആ
ഭാഷയുടെ ഘടനാപരമായ വിവരണത്തിന് ഉതകുന്ന ചുരുക്കം ചില കാരകബന്ധങ്ങളെയാണ്
സ്വീകരിച്ചിട്ടുള്ളത്. വ്യാവഹാരികമായി വ്യത്യസ്ഥമായ മലയാളത്തിലെ
ക്രിയാപദങ്ങളുടെ വ്യാവഹാരികവും ആര്ത്ഥി കവുമായ സൌകര്യത്തെ മുന് നിറുത്തി
മലയാളത്തിലെ കാരകങ്ങളെ സ്വത ന്ത്രമായി ഗണിക്കേണ്ടതുണ്ട്.
കര്ത്താവ്,കര്മ്മം,കരണം,സ്വാമി,സാക്ഷി,ഹേതു,
അധികരണം,മാരഗ്ഗം,ലക്ഷ്യം,പ്രഭവം,മാധ്യമം,താരതമ്യം,സംബന്ധം എന്നിങ്ങനെ
വിഭക്തിബന്ധങ്ങളും ഓരോ ബന്ധവും ആവിഷ്ക്കരിക്കുന്ന വിഭക്ത്യുപാധിയും
നിര്ദ്ധാരണം ചെയ്യാനാവുമെന്നിരിക്കെ സംസ്കൃതത്തിലെ വിഭക്തിസംഖ്യയും ഉപാധിയും
അനുസരിച്ച് മലയാളത്തിന്റെ വിഭക്തികാര്യം വ്യാകരിക്കണ്ടതില്ല. പ്രയോഗതലത്തില്
ഓരോരോ ക്രിയയും ഏതേതു ആകാംക്ഷയെ ഉള്ക്കൊള്ളു ന്നു എന്നതിന്റെ അടിസ്ഥാനത്തില്
വിഭക്തിബന്ധവും വിഭക്ത്യുപാധിയും സ്വീകരിക്കപ്പെടുന്നു. വാക്യത്തിലെ ക്രിയയും
അതിന്റെ ആകാംക്ഷകളുമാണ് അതിലെ പദസംഖ്യയെയും പദങ്ങള് തമ്മിലുള്ള ബന്ധം
വെളിവാക്കുന്ന ഉപാ ധികളെയും നിശ്ചയിക്കുന്നത്. ആ നിലക്ക് വിഭക്തിയുടെ പഠനം
വാക്യഘടന യുടെ അപഗ്രഥനം വഴിയാണ് സാദ്ധ്യമാവുന്നത്. ഘടനാപരമായ
നീക്കുപോക്കു കളാണ് പ്രത്യക്ഷത്തിലുള്ള ഉപാധികളല്ലാത്ത
വിഭക്ത്യാവിഷ്ക്കാരത്തില് കാണു ന്നത്. പ്രത്യയങ്ങളെ മാത്രം പരിഗണിച്ച്
വിഭക്തികാര്യം ചര്ച്ചചെയ്ത സാമ്പ്ര ദായിക വ്യാകരണങ്ങളുടെ പ്രശ്നം മറ്റുപാധികളെ
പരിഗണിക്കാന് കഴിയാ ഞ്ഞതാണ്. അതിനാല് വിഭക്തിസംഖ്യ,രൂപം,വിഭക്ത്യര്ത്ഥമെന്നീ
കാര്യങ്ങളെല്ലാം ആ വ്യാകരണങ്ങളില് ഭാഗികമായിപ്പോയി.
ക്രിയാപദത്തിന്റെ ആകാംക്ഷകളെയും അതിന്റെ പ്രത്യക്ഷീകരണങ്ങളെ യും
വാക്യഘടനയുടെ അപോദ്ധാരത്തിലൂടെ പരിശോധിക്കാനാവും.
കര്ത്താവ്+ക്രിയ
എന്ന പ്രധാന വാക്യമാതൃകയും ക്രിയയുടെ കാരകാപേക്ഷ അനുസരിച്ചുള്ള വികാസവും
വാക്യഘടനക്ക് മാറ്റമുണ്ടാക്കുന്നു.
കര്ത്താവ്+കര്മ്മം+ക്രിയ
കര്ത്താവ്+ കരണം+ക്രിയ
അഥികരണം+ക്രിയ
ലക്ഷ്യം+ക്രിയ ....
എന്നിങ്ങനെ ക്രിയാപദം ആകാംക്ഷാപൂര്ത്തിക്കായി ആശ്രയിക്കുന്ന മുഴുവന്
അര്ത്ഥബന്ധങ്ങളും ഉപാധികളും ഘടനാപരമായി വ്യാവര്ത്തിപ്പിക്കാനാവും. ഭാഷയുടെ
വിഭക്തിവ്യാകരണത്തിനായി ഘടനാപരമായ അപഗ്രഥനമാണ് അഭികാമ്യമായിട്ടുള്ളത്.
റഫറന്സ്
1. An Encyclopedea of Linguistics. Vol.4 1992
2. കുഞ്ഞന്പിള്ള, ഇളംകുളം.(പ്രസാ.) ലീലാതിലകം. 1955 കോട്ടയം. എന്.ബി.എസ്
3. മാത്തന്, ജോര്ജ്, മലയാഴ്മയുടെ വ്യാകരണം.1969 കോട്ടയം,എന്ബിഎസ്
4. രാജരാജവര്മ്മ, ഏ.ആര്. കേരളപാണിനീയം.1895 തിരുവനന്തപുരം
5. ബാലകൃഷ്മപ്പണിക്കര്,കെ.കെ.,ബാലപ്രബോധനം.2000. തൃശൂര്എച്ച്&സി
പബ്ളിഷിങ്ങ് ഹൌസ്.
6. രാജരാജവര്മ്മ, ഏ.ആര്. കേരളപാണിനീയം.1895 തിരുവനന്തപുരം
7. മാത്തന്, ജോര്ജ്, മലയാഴ്മയുടെ വ്യാകരണം.1969 കോട്ടയം,എന്ബിഎസ്