Archives / july2019

ഗീത മുന്നൂർകോട്
അപസ്മാരം ആദ്യമായി കണ്ട നാൾ

അധ്യാപനത്തിന്റെ ആദ്യവർഷം. കെ വി ദേവലാലിയിലെ ഏഴാംക്ലാസ്സ് നാലു ഡിവിഷനുകളിൽകണക്കു പഠിപ്പിക്കുന്നതോടൊപ്പം ഏഴു ഡിയുടെ ക്ലാസ്സ് ടീച്ചർ പദവിയും ഏറ്റെടുത്താണ് തുടങ്ങിയത്.

അന്ന് തണുത്ത് മഞ്ഞു മൂടി വിറച്ചു നിന്ന ഒരു ഡിസംബർ പ്രഭാതം. മോർണിംഗ് അസംബ്ലിക്കു ശേഷം വരിയിൽ കുട്ടികളെ നയിക്കുമ്പോൾ ക്ലാസ്സ് മോണിട്ടർ രോഹിത്, നല്ല ചുറുചുറുക്കോടെ മുന്നിൽനടക്കുന്നുണ്ടായിരുന്നു. സ്ഥായിയായ ഒരു പ്രസരിപ്പ് അവന്റെ മുഖത്ത് അന്നും തെളിഞ്ഞിരുന്നു. കുട്ടികളെ അവന്റെ നിയന്ത്രണത്തിൽ വിട്ട് ജ്യോമെട്രി പഠിപ്പിക്കാനുള്ള ഉപകരണങ്ങൾ സ്റ്റാഫ് റൂമിൽ നിന്നുമെടുത്ത് രണ്ടു മിനുട്ടുകൾക്കകം ഞാൻ ക്ലാസ്സിലെത്തുമ്പോൾ കുട്ടികൾ വളരെ അച്ചടക്കത്തോടെ എന്റെ വരവും പ്രതീക്ഷിച്ചിരിക്കുന്നതു കണ്ട് അവരെ നോക്കി ഒന്നു പുഞ്ചിരിച്ച്, അവരുടെ ’ഗുഡ് മോർണിംഗ് മാഡ’ ത്തിന് പ്രത്യഭിവാദനം ചെയ്ത് ജ്യോമെട്രിപെട്ടിയിൽ നിന്നും ഉപകരണങ്ങളെടുത്ത് മേശമേൽ നിരത്തി പഠിപ്പിക്കാന് തയ്യാറെടുത്തു. ബ്ലാക്ക് ബോർഡിൽപഠിപ്പിക്കാൻ പോകുന്ന പാഠത്തിന്റെ ടൈറ്റിൽ എഴുതാനൊരുങ്ങവേ പൊടുന്നനെ... ഒലർച്ചയും കുട്ടികളുടെ ബഹളവും! തിരിഞ്ഞപ്പോൾ കണ്ടത് രോഹിത് സീറ്റിൽ നിന്നിറങ്ങി തല വട്ടം വീശി ആടിയാടി ടീച്ചേർസ് പ്ലാറ്റ്ഫോമിനടുത്തേക്ക് നടന്നടുക്കുന്നു. അടുത്തെത്തും മുമ്പെ നിലത്തു വീഴുന്നു... കൈകാലുകളടിക്കുന്നു... വായിൽ നിന്നും നുരയും പതയും വന്ന് അവൻ നിലത്ത് കിടന്ന്‍ ഉരുളാൻ തുടങ്ങുന്നു...

ഞാനും കുട്ടികളും എന്തു ചെയ്യുമെന്നറിയാത്ത ഭയപ്പാടിൽ... ഇത്തരമൊരു ദൃശ്യം അന്ന് ഞാനാദ്യമായി കാണുകയായിരുന്നു! ഒന്നുരിയാടാൻ പോലും ഭയന്ന് കുട്ടികളോട് നിശ്ശബ്ദരായിരിക്കാന് ആംഗ്യം കൊടുത്ത് അടുത്ത ക്ലാസ്സിലെ ടീച്ചറെ വിളിക്കാനൊരുങ്ങിയപ്പോൾ ... അതാ വരുന്നു ഘനശ്യാം, ക്ലാസ്സിലെ വികൃതികളിൽ മൂപ്പനായ പോക്കിരി, എന്റെയടുത്തേക്ക് ! അവന് എന്റെ കയ്യിൽ നിന്നും സ്കെയിൽ ബലമായി പിടിച്ചു വാങ്ങി.

“No… please don’t go near Rohith or touch him…” ഞാൻ ശകാരിച്ചത് വകവെക്കാതെ രോഹിത്തിന്റെയടുത്തു ചെന്ന് തന്ത്രപൂർവ്വം അവന്റെ കൈകളിൽ സ്കെയിൽ പിടിപ്പിക്കുന്നു ! എന്നിട്ട് എനിക്ക് നേരെ തിരിഞ്ഞ്                                                   “Don’t worry Mam, He’ll be all right in a minute.”  അല്പനിമിഷങ്ങൾക്ക് ശേഷം രോഹിത് ശാന്തനായി.

 എങ്കിലും കുട്ടി അവശനായിരുന്നു. ഘനശ്യാം അവനെ പിടിച്ചിരുത്തി വെള്ളം കുടിപ്പിച്ചു. ക്ലാസ്സിൽതന്നെ രണ്ടു ബെഞ്ചുകൾ കൂട്ടിയടുപ്പിച്ച് ഷൂവും സോക്സും അഴിച്ചു വെച്ച് രോഹിത്തിനെ അതിനു മുകളിൽ കിടത്തി. ഘനശ്യാം തന്നെ സ്വന്തം തൂവാലയെടുത്ത് രോഹിത്തിന്റെ മുഖത്തുണ്ടായിരുന്ന നുരയും പതയുമെല്ലാം തുടച്ചു വൃത്തിയാക്കി. അവന്റെ മുഖത്തല്പം വെള്ളം തളിച്ചു. പിന്നെ ഗൗരവത്തോടെ രോഹിത്തിന്റെ അടുത്തു നിന്ന് നെറ്റി തടവിക്കൊടുക്കാൻ തുടങ്ങി. മറ്റു കുട്ടികളെ തുറിച്ചു നോക്കി പേടിപ്പിച്ച് സീറ്റുകളിൽ നിന്ന് അനങ്ങാൻ പോലും അനുവദിച്ചില്ല.

അവൻ എന്നോട് : “ മാം, ആപ് പ്രിൻസിപ്പൾ സർ കോ ബുലായിയേ. രോഹിത് ബഹുത്ത് ഥക് ഗയാ ഹെ. ഇസേ ഘർ ഭേജ്നാ പഡേഗാ.”

ക്ലാസ്സിന്റെ മേൽനോട്ടം അവനെ ഏല്പിച്ച് ഞാൻ അടുത്ത ക്ലാസ്സിലെ ടീച്ചറോട് വിവരം പറഞ്ഞ് പ്രിസിപ്പളെ കണ്ടു. അദ്ദേഹത്തോട് കാര്യം പറഞ്ഞു, ക്ലാസ്സ് റെജിസ്റ്ററിൽ നിന്ന് കുട്ടിയുടെ അച്ഛന്റെ ഓഫീസ് വിലാസവും ഫോണ് നമ്പറും എടുത്തു കൊടുത്തു. അദ്ദേഹം രോഹിത്തിന്റെ അച്ഛനെ വിളിപ്പിച്ചു. അര മണിക്കൂറിനകം അദ്ദേഹം എത്തി. കുട്ടിയുടെ രോഗത്തെ പറ്റി വിശദമാക്കി. നേരെ ഡോക്ടറെ കാണിക്കാൻ കൊണ്ടു പോയി.

ക്ലാസ്സിൽ അത്രയും നേരം തികഞ്ഞ നിശ്ശബ്ദതയായിരുന്നു. എല്ലാം ഘനശ്യാമിന്റെ മിടുക്ക്. അവനെയടുത്ത് വിളിച്ച് ചേർത്തു നിർത്തി നെറ്റിയിലൊരുമ്മ കൊടുത്ത് ഞാനവനെ അഭിനന്ദിച്ചു. “ കുട്ടീ, നീയാണ് മിടുക്കൻ. ബുദ്ധിമാൻ. തക്ക സമയത്ത് അറിവ് പ്രയോഗിക്കാൻ കഴിയുന്നവൻ ! ശബാഷ്! “

ക്ലാസ്സു കഴിഞ്ഞ്എന്റെ കൂടെ പുറത്ത് വന്ന അവൻ പറയാൻ തുടങ്ങി:   “മാം, രോഹിത്തും ഞാനും അടുത്താണ് താമസിക്കുന്നത്. അവന് ഹിസ്റ്റീരിയ ഇടയ്ക്കൊക്കെ വരാറുണ്ട്. അപ്പോൾ അവന്റെ അമ്മ കയ്യിൽ തടിക്കഷണമോ ചപ്പാത്തിക്കോലോ എന്തെങ്കിലും പിടിപ്പിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. പെട്ടെന്നു തന്നെ വിറയൽ മാറി അവൻ നോർമലാകാറുണ്ട്. അതാ ഞാൻ മാഡത്തിന്റെ കയ്യിൽ നിന്ന് സ്കെയിൽ തട്ടിപ്പറിച്ച് മേടിച്ചത്. രോഹിത്തിനെ അടിക്കാനൊന്നുമല്ല. സോറി മാം.”നിഷ്കളങ്കമായ ഘനശ്യാമിന്റെ മാപ്പു പറച്ചിൽ എന്നെ അത്ഭുതപ്പെടുത്തി.

വീണ്ടുമവനെ ചേർത്തു നിർത്തി ഞാൻ വിതുമ്പിപ്പോയി.

“മോനേ നീ എത്ര നല്ല കുട്ടിയാ! എനിക്കറിയാത്തത് നീ ചെയ്തു കാണിച്ച് ഒരു പ്രതിസന്ധിയിൽ നിന്നും എന്നെ രക്ഷിച്ചു. Thanks….. Thanks a lot, dear.”

ഏഴു ബി യിലെ ഏറ്റവും മണ്ടനായ പോക്കിരിക്കുട്ടിയായിട്ടായിരുന്നു സ്കൂളിൽ ഘനശ്യാം അറിയപ്പെട്ടിരുന്നത്. മിക്ക അദ്ധ്യാപകരും അവനെ പറ്റി ദിവസവും പരാതികൾ പറയുമായിരുന്നു. പല തരത്തിലുള്ള ശിക്ഷകളും അവന് കിട്ടിയിട്ടുമുണ്ട്. അടുത്തിരിക്കുന്ന കുട്ടികളെ ഉപദ്രവിക്കുകയും ശല്യപ്പെടുത്തുകയും ചെയ്തിരുന്ന അവനെ , പിറന്നാൾ കുട്ടികൾ തന്നിരുന്ന ടോഫികൾ കൊടുത്താണ് ഞാൻ മെരുക്കിയിരുന്നത്.

എന്നാൽ നേരെ വിപരീതമായിരുന്നു രോഹിത്തിന്റെ കാര്യം. എല്ലാ വിഷയത്തിലും ഒന്നാമനും സർവ്വകലാനിപുണനുമായിരുന്നു, രോഹിത്. സമ്മാനങ്ങൾ ഒട്ടേറെ വാങ്ങിക്കൂട്ടാറുള്ള രോഹിത്തിനോട് ഘനശ്യാമിന് ദേഷ്യവും വിരോധവും ഉണ്ടായിരുന്നത് സ്വാഭാവികം. എന്നാൽരോഹിത് ശാന്തനും കലഹപ്രിയനല്ലാത്തവനുമായതിനാൽ അവർ തമ്മിൽ കലഹങ്ങൾപതിവില്ലായിരുന്നു..

രോഹിത് അസുഖം മാറി തിരിച്ചെത്തും വരെ ഞാൻ ഘനശ്യാമിനെ ക്ലാസ്സ്മോണിട്ടറാക്കി. ക്ലാസ്സിൽഇടയ്ക്കിടെ ഘനശ്യാമിന്റെ പ്രായോഗിക ബുദ്ധിയേയും ധൈര്യത്തേയും പൊക്കിപ്പറഞ്ഞു. അത് അവനിൽ ചില പുതിയ മാറ്റങ്ങൾ ഉണ്ടാക്കുന്നത് ഞാനറിഞ്ഞു.

ഈ സംഭവത്തിനു പിറ്റേന്നു തന്നെ രാവിലെ അസംബ്ലിയിൽ ഘനശ്യാമിനെ അനുമോദിക്കണമെന്ന എന്റെ അഭ്യർത്ഥന മാനിച്ച് പ്രിൻസിപ്പൽ അവനെ സ്റ്റേജിൽ വിളിച്ച് അഭിനന്ദിച്ചു. സ്ക്കൂൾ ഒന്നടങ്കം അവനു വേണ്ടി കയ്യടിച്ചപ്പോൾ സന്തോഷം കൊണ്ട് അവന്റെ മുഖം തുടുത്തിരുന്നു, താൻഎന്തൊക്കെയോ ആണെന്ന ഒരു ഉന്മേഷം!

ശേഷം ഒരു പാക്കറ്റ് ചോക്ലേറ്റ് ഞാനവന് സമ്മാനിച്ചു.

ഘനശ്യാം എന്ന വികൃതിക്കുട്ടി ക്രമേണ അച്ചടക്കം പാലിക്കാനും ശാന്തനാകാനും തുടങ്ങി. അവനും കഴിവുകളുണ്ടെന്ന ബോധം ഞാനും എന്റെ നിർദ്ദേശപ്രകാരം ക്ലാസ്സിലെ മറ്റു കുട്ടികളും  പറഞ്ഞുറപ്പിക്കാൻ ആവതും ശ്രമിച്ചു. അവനെ രോഹിത്തിന്റെയടുത്തിരുത്തി പഠനകാര്യങ്ങളിൽവേണ്ട സഹായങ്ങൾ ചെയ്യാനുള്ള ഏർപ്പാടും ചെയ്തു. അവർ ഉറ്റ സുഹൃത്തുക്കളായി മാറി. അത്ഭുതമെന്നു പറയട്ടെ, ഘനശ്യാം അടുത്ത യൂണിറ്റ് ടെസ്റ്റിൽ എല്ലാ വിഷയങ്ങളിലും പാസ്സായി.

ഒരു വൈകുന്നേരം ഞാനും രോഹിത്തും കൂടി ഘനശ്യാമിന്റെ താമസസ്ഥലത്തെത്തി. അവന്റെയച്ഛൻ എം ഇ എസ്സിൽ തുച്ഛമായ വേതനം പറ്റുന്ന തൂപ്പുകാരനായിരുന്നു. അമ്മക്ക് ജോലിയൊന്നുമില്ലായിരുന്നു. വിദ്യാഭ്യാസവും കുറവ്.

ഒരു കിടപ്പുമുറിയും അടുക്കളയും മാത്രമുള്ള ക്വാർട്ടേഴ്സിൽ അച്ഛനുമമ്മയും മൂന്നു കുട്ടികളും താമസം. ദാരിദ്ര്യം വിളിച്ചോതുന്ന അന്തരീക്ഷം... എന്നെ കണ്ടതും എങ്ങനെ സ്വീകരിക്കുമെന്ന് പരിഭ്രാന്തരായ അവരോട് ഉപചാരങ്ങളൊന്നും വേണ്ടെന്നും മകന്റെ മിടുക്ക് അറിയിക്കാൻ വന്നതാണെന്നും ഞങ്ങൾവിസ്തരിച്ചപ്പോൾ ആ അമ്മയുടെ കണ്ണുകൾ സന്തോഷാധിക്യത്താലാകാം നിറഞ്ഞു നിന്നത്.

പിന്നീട് കുട്ടികളും ഞാനും ഉൽസാഹിച്ച് ഘനശ്യാമിന് പഠനസാമഗ്രികൾ വാങ്ങിച്ചു കൊടുത്തു. അവന്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് കുട്ടികൾ ഓരോരൊത്തരും സഹായിച്ചു. വർഷാവസാനമായപ്പോഴേക്കും ആർക്കും പരാതികളില്ലാത്ത നല്ലൊരു വിദ്യാർത്ഥിയായി മാറിയ ഘനശ്യാം ഓർമകളിൽ എന്റെ ഹൃദയത്തോട് ഇന്നും ചേർന്നു നിൽക്കുന്നു

Share :