പൗരാണിക പ്രൌഢി യുടെ കാവൽകോട്ട
രാജ്യതലസ്ഥാനമായ ദില്ലിയിൽ നിന്നും ഇരുന്നൂറ് കിലോ മീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഉത്തർപ്രദേശിലെ ഒരു ഹിസ്റ്റോറിക്കൽ പട്ടണമാണ് ആഗ്ര. മുഗൾ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ആഗ്രഒട്ടേറെ ചരിത്ര നിർമ്മിതികളാൽ ലോകപ്രസിദ്ധമാണ്. ലോധി രാജവംശത്തിലെ സുൽത്താനായിരുന്ന സിക്കന്ദർലോധി നിർമ്മിച്ച ഈ പട്ടണത്തിന്റെ പ്രൌഢി താജ്മഹലും ആഗ്രകോട്ടയുമാണ്. ഉത്തർപ്രദേശിലെ പ്രധാന പട്ടണങ്ങളിലൊന്നായ ആഗ്രയുടെ തെരുവുകളിലൂടെ സഞ്ചരിയ്ക്കുമ്പോൾ കാണുന്ന മുഖങ്ങൾ വിളിച്ചുപറയും , അതിന്റെ സമകാലികാവസ്ഥ മുഷിഞ്ഞവസ്ത്രങ്ങളും ദാരിദ്ര്യത്താൽചുക്കിച്ചുളിഞ്ഞ മുഖങ്ങളും പഴയകാല പ്രൌഢിയുടെ അവശിഷ്ടമെന്നപോലെ ജീർണാവസ്ഥപ്രാപിച്ച കെട്ടിടങ്ങളും ഇടുങ്ങിയ റോഡുകളും ആൾക്കൂട്ട നിബിഡമായ ഗലികളും കാളവണ്ടികളും എല്ലാം ഈ നഗരത്തിന്റെ നേർകാഴ്ചകളാണ് . നിയന്ത്രണമില്ലാതെ ആളുകളെ കുത്തിനിറച്ച് പോകുന്ന വാഹനങ്ങളുടെ മരണപ്പാച്ചിൽ കാണുമ്പോൾ ഇവിടെ ഒരു ട്രാഫിക്ക് നിയമമുണ്ടോയെന്ന് ആരും സംശയിച്ചുപോകും, തദേശീയരും വിദേശീയരുമായ ആയിരക്കണക്കിന് ടൂറിസ്റ്റുകൾ ദിവസവും വന്നെത്തുന്ന ആഗ്രക്ക് അർഹിക്കുന്നവികസന പരിഗണന കേന്ദ്രസർക്കാരോ, U.P സർക്കാരോ നൽകുന്നതായി തോന്നുന്നില്ല .മുഗൾ രാജവംശത്തിലെ പിൻമുറക്കാരിൽ പലരും ഭിക്ഷാടകരും തെരുവ് കച്ചവടക്കാരുമായി നഗരങ്ങളിൽ അലഞ്ഞു തിരിയുന്നതായി മുൻപ് എവിടെയോ വായിച്ചതായി ഓർമ്മയുണ്ട് . അതിൽ എത്രമാത്രം ശരിയുണ്ടെന്നറിയില്ല. ആഗ്രയാത്രയിൽ എന്റെ കൺമുന്നിലൂടെ കടന്ന് പോയവരിൽ ചിലപ്പോൾ മുഗൾസാമ്രാജ്യത്തിലെ പിൻമുറക്കാരും കണ്ടേക്കാം,
കുമ്പളങ്ങയും പഞ്ചസാരയും ചേർത്തുണ്ടാക്കുന്ന "ആഗ്ര പേഢ '
ഇവിടുത്തെ തദേശിയരുടെ ഒരു പ്രധാന വ്യവസായമാണ്. ലോകാത്ഭുതമായ വെണ്ണക്കൽ കൊട്ടാരത്തിൽ നിന്നും രണ്ടു കിലോമീറ്റർ അകലെയാണ് മുഗൾ ഭരണ സാമ്രാജ്യ ചക്രവർത്തിമാരുടെ ഭരണ സിരാകേന്ദ്രമായ ആഗ്രകോട്ട. ചരിത്രപരമായും , വാസ്തുശില്പ പരമായും, കലാപരമായും,ഏറെ പ്രത്യേകതകളും, കൌതുകങ്ങളും, അത്ഭുതവും നിറഞ്ഞതാണ് ആഗ്രകോട്ട , മുഗളന്മാർക്ക് മുൻപേ രാജ്യം ഭരിച്ചിരുന്ന രജപുത്രരാജാക്കന്മാരാൽ നിർമ്മിതമായ ഈ കോട്ട പാനിപത്ത് യുദ്ധത്തിൽ വിജയിച്ച ബാബറിലൂടെയാണ് മുഗൾ സാമ്രാജ്യത്തിന്റെ ഭാഗമായത്. ബാബർ മുതൽ ഷാജഹാൻ വരെയുള്ള മുഗൾ രാജാക്കന്മാരിൽ പലരും കോട്ട മോടിപിടിപ്പിക്കുകയും പുതുക്കി പണിയുകയും ചെയ്തിട്ടുണ്ട്. ചുവന്ന കല്ലുകൊണ്ടാണ് കോട്ടയുടെ ഭൂരിഭാഗവും പണി കഴിപ്പിച്ചത് ഉള്ളിൽ ചില പ്രത്യേക ഭാഗങ്ങൾ വെണ്ണക്കൽകൊണ്ട് നിർമ്മിച്ചതായികാണാം രണ്ട്പടുകൂറ്റൻ മതിലുകൾകടന്നുവേണം കോട്ടക്കകത്ത്കടക്കാൻ പുറമേനിന്ന് വരുന്ന ശത്രുക്കളെ പ്രതിരോധിയ്ക്കാൻ മതിലുകൾക്കിടയിൽ നിറച്ച വെള്ളത്തിൽ മുതലുകളും രണ്ടാമത്തെ മതിലിൽ, സിംഹം,ആന പോലെയുള്ള വന്യ മൃഗങ്ങളും കോട്ടയ്ക്ക് കാവലായി ഉണ്ടാകുമത്രേ (ഇപ്പോഴില്ല) ഷാജഹാന്റെ കാലത്താണ് കോട്ടയുടെ നവീകരണ പ്രവർത്തനങ്ങൾ കൂടുതലായിനടന്നത് വെള്ളാരം കല്ലുകൾ കൊണ്ടും, സ്വർണ്ണവും, രത്നവും കൊണ്ടും അലങ്കരിച്ച ഡക്കറേഷനുമെല്ലാം മുഗൾ ചക്രവർത്തിമാരുടെ കലാബോധത്തിന്റെ മകുടോധാരങ്ങളാണ്. തൊണ്ണൂറ്റിനാല് ഏക്കർ സ്ഥലത്ത് അർദ്ധവൃത്താകൃതിയിൽ
നിലകൊള്ളുന്നകോട്ട യമുനാനദിയ്ക്ക് സമാന്തരമായാണ് സ്ഥിതി ചെയുന്നത്. ഇരട്ട ഭിത്തിയോട് കൂടിയ ആഗ്രകോട്ട ഇന്ത്യയിലെ തന്നെ ഏറ്റവും പ്രസിദ്ധമായ കോട്ടയാണ്. ഇന്ത്യൻ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ് ഇപ്പോൾ ആഗ്രകോട്ട. ആർജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ അധീനതയിലുള്ള ഭാഗങ്ങൾ മാത്രമാണ് ഇപ്പോൾ സന്ദർശകർക്കായി തുറന്ന് കൊടുക്കുന്നത്. ഇന്തോ ഇസ്ലാമിക്ക് വാസ്തു ശില്പ ചാതുരിയിലാണ് കോട്ടയുടെ പല ഭാഗങ്ങളും പണി കഴിപ്പിച്ചത് അക്ബറിന്റെ കാലത്ത് പണികഴിപ്പിച്ച ജഹാംഗീർ മഹൽ പ്രധാന അന്തപ്പുരമാണ് അക്ബറിന്റെ ഹിന്ദു ഭാര്യമാരാണ് ജഹാംഗീർ മഹലിൽ താമസിച്ചിരുന്നത് അങ്കൂരിബാഗ് എന്ന മുന്തിരി തോട്ടം ഇതിനടുത്താണ് ഇത് കോട്ടയുടെ മറ്റൊരു ആകർഷണമാണ് ഷാജഹാന്റെ പെൺമക്കളായ ജഹാനാരയും, റോഷനാരയും യമുനാ നദിക്ക് കിഴക്ക്ഭാഗം വരുന്ന പാൽക്കി മഹലിലായിരുന്നു താമസിച്ചിരുന്നത് വെണ്ണക്കൽ കൊണ്ട് നിർമ്മിച്ച പാൽക്കിമഹലിന്റെ സമീപത്തുള്ള ജലധാരയും, കുളവും ഇതിന്റെ മാറ്റ് കൂട്ടുന്നു രാജാക്കന്മാരും പ്രഭുക്കന്മാരും സഭ ചേരുന്നഇടമാണ് ദിവാനി-ഇ-ഖാസ് രണ്ട് അറകളുള്ള ഈ മന്ദിരത്തിന്റെ മേൽക്കൂര പൂർണ്ണമായും മരം കൊണ്ട് നിർമ്മിച്ചതാണ് ദിവാനി-ഇ-ഖാസിന് അടുത്തായി നിലകൊള്ളുന്ന മറ്റൊരു മനോഹര സൗധമാണ് മുസമൻ ബുർജ് ഷാജഹാൻ പ്രിയപത്നി മുംതാസിന് വേണ്ടി നിർമ്മിച്ചതാണിത് ഇവിടെ നിന്ന് നോക്കിയാൽ താജ്മഹൽകാണാം മുസമൻ ബുർജിന്റെ ചുമരുകളിൽ സ്വർണ്ണവും, രത്നവുംകൊണ്ട് അലങ്കരിച്ച ചിത്രപ്പണികൾ നിലാവെട്ടത്തിൽ വെട്ടിത്തിളങ്ങുന്നതാണ്. ജീവിതത്തിന്റെ അവസാനകാലം ഷാജഹാനെ ഇവിടെയാണ് മകൻ ഔറംഗസേബ് തടവിലാക്കിയത്. തടവിൽ പാർപ്പിച്ച മുറിയുടെ എല്ലാ ഭാഗങ്ങളിലും കണ്ണാടി പതിപ്പിച്ചതായി കാണാം തടവറയിൽ നിന്നും ഏത് ഭാഗത്ത് നോക്കിയാലും താജ്മഹൽ കാണാൻ വേണ്ടിയാണ് കണ്ണാടി പതിച്ചിരിയ്ക്കുന്നത് ചുമരിൽ നിന്നും രത്നങ്ങൾ സന്ദർശകർ അടർത്തി മാറ്റുന്നതിനാൽ ഈമുറി ഇപ്പോൾ സന്ദർശകർക്കായി തുറന്നുകൊടുക്കാറില്ല. ദിവാൻ-ഇ-ഖാസിന് അടുത്ത് കാണുന്ന കറുത്തകല്ലുകൊണ്ട് നിർമ്മിച്ചപീഠമാണ് ജഹാംഗീറിന്റെ സിംഹാസനം. തഖ്-ഇ- ജഹാംഗീർ എന്നാണ് ഇത് അറിയപ്പെടുന്നത് അലഹബാദ് കോട്ടയിൽ നിർമ്മിച്ചഈ സിംഹാസനം അക്ബറിന്റെമരണ ശേഷമാണ് ജഹാംഗീർ ആഗ്രയിലേക്ക് കൊണ്ടുവന്നത് ബെൽജിയത്തിൽനിന്നും ഇറക്കുമതി ചെയ്ത ഒനിക്ക്സ് എന്നകല്ല് കൊണ്ടാണിത് നിർമ്മിച്ചിരിക്കുന്നത്. ദിവാൻ-ഇ-ആം സാധാരണ പൌരന്മാർക്കുള്ള പൊതുസഭയാണ്. സഭയ്ക്ക് നടുവിലെ ഇരുപ്പിടത്തിലിരുന്നാണ് ചക്രവർത്തിമാർ പ്രജകളെകണ്ടിരുന്നത് യുനൈസ്കോയുടെ ലോകപൈതൃക പട്ടികയിൽ ഇടം നേടിയ ആഗ്രകോട്ട താജ്മഹൽ സന്ദർശിയ്ക്കുന്ന ഭൂരിഭാഗം ആളുകളും സന്ദർശിക്കുകപതിവാണ് നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന ആഗ്ര കോട്ട ലോകമെമ്പാടുമുള്ള ടൂറിസ്റ്റുകളെ ആകർഷിക്കുന്നത് അതിന്റെ പൗരാണിക പ്രൗഡികൊണ്ടും വാസ്തുശില്പചാതുരി കൊണ്ടും കലാപരവും ചരിത്രപരവുമായ പ്രത്യേകതകൾ കൊണ്ടുമാണ്.