Archives / july2019

·ഗീത മുന്നൂര്‍ക്കോട് -
ത്രയംപകേശ്വറിൽ* 

ത്രയംപകേശ്വറിൽ* 
 

കുട്ടികളുടെ കുസൃതികളെന്ന് തള്ളിക്കളയാനാവാത്ത ഒരു പെൺകുട്ടിയുടെ കള്ളക്കളി അന്ന് എന്നിൽ ഏറെ പരിഭ്രാന്തിയുണ്ടാക്കിയെങ്കിലും പിന്നീട് ആ സംഭവത്തെ കുറിച്ചോർക്കുമ്പോഴൊക്കെ വെറും പന്ത്രണ്ടു വയസ്സു പ്രായമുള്ള ധീരയായ ഒരു കുട്ടിയുടെ നിശ്ചയദാർഢ്യവും ചങ്കുറപ്പും ഏറെ അത്ഭുതപ്പെടുത്തുകയാണിപ്പോഴും. അവൾ ശ്വേത, ആരെങ്കിലും പറയുന്നതിനെ അപ്പാടെ വിഴുങ്ങി അനുസരിക്കാൻ കൂട്ടാക്കാത്ത, അങ്ങനെയല്ലെങ്കിൽ എന്തു സംഭവിക്കുമെന്ന് പരീക്ഷിച്ചു നോക്കാൻ കൗതുകം കാണിച്ചിരുന്ന മിടുക്കിപ്പെൺകുട്ടി!

കെ വി ദേവലാലിയിൽ നിന്നും 1980 ഒക്ടോബർ മാസത്തിൽ ഏഴാം ക്ലാസ്സിലെ കുട്ടികളെ ത്രയംപകേശ്വറിലേക്ക്(നാസിക്കിൽ നിന്നും ഏകദേശം മുപ്പത് കി മീ ദൂരം) വിനോദയാത്രക്ക് കൊണ്ടുപോയപ്പോഴാണ് പ്രസ്തുത സംഭവം. 
അവിടെയുള്ള ക്ഷേത്രത്തിന് ചില പ്രത്യേകതകളുണ്ട്. മനോഹരമായി പണിത ശിലയിൽ ധാരാളം കൊത്തിപണികൾ ചെയ്ത ക്ഷേത്രം! ക്ഷേത്രത്തിന്റെ നിർമ്മിതിയിലെ മികവ് ഏറെ ആകർഷകം! ശ്രീകോവിൽ വളരെ താഴ്ത്തി പണിതിരിക്കുന്നു. ജ്യോതിർലിംഗപ്രതിഷ്ഠ ഒത്ത നടുക്ക്! മുകളിലെ നിലയിൽ ശ്രീകോവിലിനു ചുറ്റിലുമുള്ള നടവഴിപോലുള്ള ഗ്യാലറി, (സ്ത്രീ) ഭക്തജനങ്ങൾക്ക് പ്രതിഷ്ഠയും പൂജയും കാണത്തക്കവിധമാണ് പണിതിട്ടുള്ളത്. പുരുഷന്മാർക്കു മാത്രമേ ശ്രീകോവിൽ നടയിലേക്കിറങ്ങി പ്രാർത്ഥിക്കാൻ പാടൂ എന്നായിരുന്നു അവിടത്തെ അന്നത്തെ ആചാരരീതി. അവർ ക്ഷേത്രതീർത്ഥത്തിൽ മുങ്ങി ഈറനണിഞ്ഞു വേണമായിരുന്നു നടയിലെത്താൻ . പെൺകുട്ടികളും സ്ത്രീകളും മുകളിൽ നിന്നും താഴേക്ക് നോക്കി ദേവനെ തൊഴുത് തൃപ്തിപ്പെടണം. സ്ത്രീകൾക്ക് അവിടെ പ്രവേശനം അക്കാലത്ത് നിഷിദ്ധമായിരുന്നു. ഇതറിഞ്ഞു കൊണ്ടുതന്നെ ആൺകുട്ടികൾക്ക് യൂണിഫോം മാറി  കുളിക്കാനായി ഒരു ജോഡി വസ്ത്രം കയ്യിൽ കരുതാൻ ഞങ്ങൾ നിർദ്ദേശിച്ചിരുന്നു. 
ഏഴാം ക്ലാസ്സിലെ കുട്ടികളെയായിരുന്നു ത്രയംപകേശ്വറിൽ കൊണ്ടു പോയത്. സ്കൂൾ ബസ്സിൽ അവിടെ എത്തിയതിനു ശേഷം നാലു സെക്ഷനുകളിലെ ആൺകുട്ടികളെ നാല് പുരുഷ അധ്യാപകർക്കൊപ്പം കുളത്തിലേക്കയച്ച് ഞങ്ങൾ മൂന്ന് അധ്യാപികമാർ പെൺകുട്ടികളെ ഗോവണി വഴി മുകളിലെ വരാന്തപോലുള്ള ഗ്യാലറിയിൽ വരിയായി കൊണ്ടു പോയി. എനിക്ക് ഏഴു ഡി യിലെ കുട്ടികളുടെ ചുമതലയായിരുന്നു. മുകളിലെത്തിയപ്പോൾ കൂട്ടത്തിൽ ഒരാളെ – ശ്വേതയെ - കാണുന്നില്ല... പരിഭ്രമം പുറമെ കാണിക്കാതെ ഞാൻ മറ്റു ഡിവിഷനുകളിലെ കുട്ടികളുടെ ഇടയിൽ തിരച്ചിൽ തുടങ്ങി. അടുത്ത നിമിഷം ഒന്നു താഴോട്ടു നോക്കിയപ്പോൾ ഞാൻ ശരിക്കും ഭയന്നു വിറച്ചു... മുങ്ങിക്കുളിച്ച് ഈറൻ വേഷത്തിലുള്ള’ഏഴു എ’യിലെ ആൺകുട്ടികൾക്കൊപ്പം ഷോട്സും ടീ ഷർട്ടുമിട്ട് ശ്വേത! മുടി ക്രോപ്പ് ചെയ്ത അവളെ കണ്ടാൽ ആൺകുട്ടിയാണെന്നേ ഒറ്റനോട്ടത്തിൽ ആരും കരുതൂ. അവൾ ശിവഭഗവാനെ തൊഴുത് പ്രസാദം കൈ നീട്ടി വാങ്ങുന്നു. ശിവലിംഗത്തിലേക്ക് പുഷ്പാർച്ചന ചെയ്യുന്നു! ഒന്നനങ്ങാൻ പോലും കെൽപ്പില്ലാത്ത വിധം ഞാൻ അടിമുടി പേടിച്ചു വിറച്ച നിമിഷം. പിടിക്കപ്പെട്ടാൽ അവിടത്തെ ബ്രാഹ്മണരും പൂജാരിമാരും മറ്റു പുരുഷഭക്തന്മാരും ആ കുട്ടിയെ എന്തും ചെയ്തേക്കും എന്ന് ഭയന്ന്...

പക്ഷേ വളരെ പെട്ടെന്ന് മറ്റ് ആൺകുട്ടികളുടെ ശ്രദ്ധയിൽ പെടാതെ ശുഷ്കാന്തിയോടെ ശ്വേത പുറത്തേക്കു വലിഞ്ഞ്, അത്രയും പെട്ടെന്നു തന്നെ വേഷം മാറി മുകളിലെത്തി. അവൾ കയറുന്നതും കാത്ത് ഞാൻ ആർക്കും സംശയം തോന്നാത്ത വിധം പടിക്കു മുകളിൽ തന്നെ നിന്നു. യാതൊരു ഭാവവ്യത്യാസവും കൂടാതെ അവൾ മുകളിലെത്തി എന്നോടു പറഞ്ഞു: ’ Sorry Mam, I went to the toilet. So I am late. Please excuse me’ 
ഞാനും ഒന്നും മിണ്ടാതെ അവളെ മറ്റു കുട്ടികൾക്കൊപ്പം നിൽക്കാൻ അനുവദിച്ചു. സംഭവിച്ചതൊന്നും ആരോടും പറഞ്ഞില്ല.
ശ്വേതയെ മാത്രം, അവളുടെ ചലനങ്ങൾ വീക്ഷിച്ച് സ്കൂളിൽ തിരിച്ചെത്തും വരെ ഞാൻ കരുതലോടെ ഒപ്പം നടത്തിച്ചു. ക്ഷേത്രാങ്കണത്തിലെ മരച്ചുവട്ടിൽ ഭക്ഷണം കഴിക്കാനിരുന്നപ്പോൾ ശ്വേതയെ തനിച്ച് അടുത്തു വിളിച്ചിരുത്തി ചോദ്യം ചെയ്തു. “കുട്ടി എന്തിനു വേണ്ടി ആൺവേഷമിട്ട് അനുവാദമില്ലതെ ക്ഷേത്രനടയിൽ പോയി...? കണ്ടു പിടിക്കപ്പെട്ടാൽ വരാനിരിക്കുന്ന ഭവിഷ്യത്ത് എന്തായിരിക്കും എന്ന് എന്തുകൊണ്ട് നീ ചിന്തിച്ചില്ല.. ? ക്ലാസ്സ് ടീച്ചറായ എനിക്ക് കുട്ടി പിടിക്കപ്പെട്ടിരുന്നെങ്കിൽ എന്തെല്ലാം പ്രയാസങ്ങളുണ്ടാകുമായിരുന്നു...? ഇത്രയ്ക്കും കടുത്ത കുസൃതികൾ ചെയ്യാനും ശേഷം ഒന്നും സംഭവിച്ചില്ലെന്നുള്ള മട്ടിൽ പെരുമാറാനും നിനക്കെങ്ങനെ കഴിയുന്നു, കുട്ടീ”
അവൾ മൗനിയായി എല്ലാം കേട്ടിരുന്നതേയുള്ളൂ. പിന്നെ വളരെ താഴ്ന്ന സ്വരത്തിൽ എന്നോടു പറഞ്ഞു.’മാഡം, ഇതൊന്നും ഞാനോർത്തില്ല. വീട്ടിൽ അച്ഛനമ്മമാർ തമ്മിൽ തലേന്ന് നടന്ന സംഭാഷണം കേൾക്കാനിടയായെന്നും ത്രയംബകേശ്വറിൽ സ്ത്രീപ്രവേശനമില്ലെന്നും അച്ഛൻ അമ്മയോട് പറഞ്ഞതും കേട്ടപ്പോൾ ഒരു തമാശ തോന്നി. ശ്രീകോവിലിൽ കയറി തൊഴണമെന്ന്...അതിനാൽ മാറിയിടാനുള്ള വസ്ത്രം അമ്മയറിയാതെ പിക്നിക് കിറ്റിൽ ഒളിപ്പിച്ചു കൊണ്ടു വന്നു. മാഡം, പ്ലീസ് ആരോടും പറയരുതേ...’

ഇനിയിപ്പോൾ വിവരം മറ്റാരെങ്കിലുമറിഞ്ഞാൽ ഞാനും കുറ്റക്കാരിയായി മുദ്രയടിക്കപ്പെടും എന്നുറപ്പായിരുന്നു. അതിനാൽ ഇരു ചെവിയറിയാതെ ഈ സംഭവം ഞാനും രഹസ്യമായിത്തന്നെ സൂക്ഷിച്ചു. 
വീട്ടിൽ പലപ്പോഴും ഇങ്ങനെ പല തരികിട കളികളും ചെയ്യുന്നതും പിടിക്കപ്പെടാതെ രക്ഷപ്പെടുന്നതും ശ്വേത ഏറെ രസിച്ചിരുന്നത്രേ. ചില അധ്യാപകരുടെ ക്ലാസ്സുകളിൽ അവൾ കുസൃതികൾകാണിച്ച് മറ്റേതെങ്കിലും നിരപരാധിയായ കുട്ടി സംശയിക്കപ്പെട്ട സംഭവങ്ങളും ഉണ്ടായി. 
എന്നാൽ ക്ഷേത്രത്തിലെ സംഭവത്തിനു ശേഷം അവൾ ജാകരൂകയായി. മേലിൽ എന്തെങ്കിലും പ്രശ്നമുണ്ടാക്കി മറ്റാരെയെങ്കിലും കുഴിയിൽ ചാടിച്ചാൽ ത്രയംബകേശ്വറിൽ നടന്നത് ഞാൻ എല്ലാവരേയും അറിയിക്കുമെന്ന് ഒരു താക്കീതു നൽകി. 
പിന്നീട് സ്കൂളിൽ കുറെ നാളുകൾ ശ്വേതക്ക് എന്റെ മുഖത്തു നോക്കാൻ തന്നെ വല്ലാത്ത വിമ്മിട്ടമുണ്ടായിരുന്നു. ക്രമേണ അവൾ എന്തും ചെയ്യാനൊരുങ്ങുമ്പോൾ എന്നെ തേടി വരിക പതിവായി. കൊല്ലാവസാനം ഞാൻ അവിടെ നിന്നും പിരിഞ്ഞു വരുമ്പോൾ നിറകണ്ണുകളോടെ മുമ്പിൽ വന്നു നിന്ന് ചെവി പിടിച്ച് ഏത്തമിട്ട് ചെയ്ത തെറ്റിന് മാപ്പു ചോദിച്ച ആ കുട്ടിയുടെ മുഖം ഓർമകളിൽ എനിക്ക് ചിന്തിച്ചു ചിരിക്കാനുള്ള വക തരുന്നു! 
പിന്നീട് തൃപ്തി ദേശായി കോടതി വിധി സമ്പാദിച്ച് ഈ ക്ഷേത്രത്തിൽ ആദ്യം പ്രവേശിച്ച വാർത്ത വായിച്ചപ്പോൾ ഞാൻ ശ്വേതയെയാണ് ഓർത്തത്!

    അങ്ങനെ എത്രയോ വർഷങ്ങൾക്കു മുമ്പ്         ഒരാചാരലംഘനത്തിന് എനിക്ക്   മൂകസാക്ഷിയായി കൂട്ടുനിൽക്കേണ്ടി വന്നു, ഒരു ശിഷ്യയുടെ സുരക്ഷയുടെ പേരിൽ.

 

 

*ട്രിംപകേശ്വർ എന്ന്‍ മറാഠിയിൽ അറിയപ്പെടുന്നു

Share :

Photo Galleries