Archives / july2019

ഫൈസൽ ബാവ
മലയാളിയുടെ ദേശാന്തരകുടിയേറ്റം.

     ദേശങ്ങൾ താണ്ടിയുള്ള മലയാളിയുടെ പ്രയാണത്തിന്റെ ചരിത്രം നോക്കിയാൽ അതിൽ പ്രധാനപ്പെട്ട കുടിയേറ്റമാണ് ഗൾഫ് മേഖലയിലേക്ക് ജീവിതം തേടിയുള്ളത്. വർത്തമാന കാലത്തും കേരളത്തിന്റെ സമ്പത്തിനെയും സാമൂഹിക ജീവിതത്തെയും ഏറെ സ്വാധീനം ചെലുത്തിയ ഗൾഫ് കുടിയേറ്റത്തിന്റെകാലത്തെ സമഗ്രമായി ആഴത്തിൽ വിലയിരുത്തുന്ന ലേഖനങ്ങളാണ് ഇകെ ദിനേശന്റെ "പ്രവാസത്തിന്റെ വർത്തമാനം" എന്ന പുസ്തകം.

         മലയാളിയുടെ ഈ ദേശാന്തരകുടിയേറ്റം  വെറും തൊഴിൽജീവിതമല്ല എന്ന നിരീക്ഷണം പ്രസക്തമാണ്. താൻ ജീവിക്കുന്ന ഭൂമികയോടുള്ള ദേശക്കൂറ് കൂടി ഉൾച്ചേർന്നുള്ള ഇരു രാജ്യങ്ങളുടെയും പുരോഗതിക്കു വേണ്ടി പ്രയത്നിച്ചവർ എന്നൊരു പ്രത്യേകത കൂടിയുണ്ട് ഗൾഫ് കുടിയേറ്റത്തിന്. 

           അതിനാൽ തന്നെ ഗൾഫ് ഭൂമികയെ പോറ്റമ്മയായി തന്നെയാണ് ഓരോ പ്രവാസിയും കാണുന്നത്. പ്രവാസവുമായി ബന്ധപെട്ടു ഒട്ടുമിക്ക വിഷയങ്ങളും ഗഹനമായി വിശദീകരിക്കുന്ന 27 ലേഖനങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. ഗൾഫ് ജീവിതത്തെ കുറിച്ച് നടത്തിയ ഈ ഇടപെടൽ അതിന്റെ രാഷ്ട്രീയം വിളിച്ചോതുന്നു. വലിയൊരു സമൂഹത്തിന്റെ രാഷ്ട്രീയ സ്വരമായി ആ കിതപ്പും കുതിപ്പും സങ്കടങ്ങളും പരിഭവങ്ങളും സന്തോഷങ്ങലും നമ്മുടെ മുഖ്യധാരയിലേക്ക് തുറന്നു വിടുന്ന ഈ ലേഖനങ്ങൾക്ക് സമകാലിക അവസ്ഥയിൽ ഏറെ രാഷ്ട്രീയ മാനങ്ങളുണ്ട് എന്ന് വിശ്വസിക്കുന്നു. 'ഗൾഫ് കുടിയേറ്റവും പുതിയ കുടിയേറ്റ കേരളവും' എന്ന ആദ്യ ലേഖനത്തിൽ ആ രാഷ്ട്രീയത്തെ പറ്റി പറയുന്നുണ്ട് .

         "അതിപുരാതതന കാലത്ത് ഇതൊരു പാലായന ജീവിതത്തിന്റെ അരാഷ്ട്രീയ വായനയാണെങ്കിൽ പുതിയ കാലത്ത് വ്യക്തമായ രാഷ്ട്രീയ വായനയുടെ ഭാഗമാണിത്" ഈ വെക്തതയോടെയാണ് ഇകെ ദിനേശന്റെ ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. ഗൾഫ് മലയാളിയെ പറ്റി പറയുമ്പോൾ എപ്പോഴും കേൾക്കുന്ന ഒരു പഴിയാണ് കേരളത്തിൽ സാമ്പത്തിക അസമത്വം സൃഷ്ടിച്ചവർ എന്ന്. എന്നാൽ ഗൾഫ് കുടിയേറ്റം കേരളത്തിൽ ഉണ്ടാക്കിയ ഗുണകരമായ ഒട്ടേറെ മാറ്റങ്ങളെ പറ്റിപറയാൻ പലരും മടിക്കുന്നു.  "കേരളത്തിലെ നിലവിലെ ജീവിതാന്തരീക്ഷത്തെ ക്രമപ്പെടുത്തുന്നതിൽ ഗൾഫ് പണത്തിന്റെ സ്വാധീനത്തെ നിഷേധിക്കിന്നില്ല. എന്നാൽ ഈ പണത്തെ വ്യവസായ വൽക്കരണതത്തിനായി ഉപയോഗപ്പെത്താൻ സാധ്യമായിട്ടില്ല എന്നതാണ് സത്യം." ഈ സത്യം നില നിൽക്കെ തന്നേ ഗൾഫ് പണം കേരളത്തിന് നേടിത്തന്ന ഒട്ടനവധി സൗഭാഗ്യങ്ങൾ കൈരളിക്ക് മറക്കാൻ ആകില്ല.

         ദിനേശിന്റെ മറ്റൊരു നിരീക്ഷണം വളരെ പ്രസക്തമായ ഒന്നാണ്. "കേരളത്തിലെ അഭ്യസ്തവിദ്യരായ  ചെറുപ്പക്കാർ തൊഴിൽ എടുക്കാൻ ഇഷ്ടപ്പെടാതെ  നിൽക്കുകയും അങ്ങിനെ വലിയൊരു തൊഴിൽ ഗർത്തം കേരളത്തിൽ രൂപപ്പെടുകയും ചെയ്‌തു. ആ ഇടത്തിൽ 26 ലക്ഷം അന്യസംസ്ഥാന തൊഴിലാളികൾ ജോലി ചെയ്തു 25ലക്ഷം  കോടി രൂപ കേരളത്തിൽ നിന്നും പുറത്തേക്ക് തളിവിടുകയാണ്. മഹത്തായ മാനവീകതയുടെ പക്ഷത്തു നിൽക്കുന്ന ഒരാൾ എന്ന നിലയിൽ നമുക്ക് അതിൽ സന്തോഷിക്കാം. കാരണം  ഭൂമിയിൽ സമ്പത്ത് വിന്യാസിക്കപ്പെടുമ്പോൾ മാത്രമേ മനുഷ്യ ജീവിതം വികാസം പ്രാപിക്കൂ.

              ആ അർഥത്തിൽ ഉത്തരേന്ത്യൻ അടുപ്പുകളിൽ തീ പുകയുന്നത് കേരളത്തിന്റെ മനസ്സ് കൊണ്ടാണ് എങ്കിൽ അതിൽ നമുക്ക് അഭിമാനിക്കാം" ഈ വീക്ഷണകോണിൽ നിന്ന് കൊണ്ടുള്ള നിരീക്ഷങ്ങൾ അപൂർവമാണ്. ഗൾഫ് തൊഴിലിടങ്ങളിലെ അവർക്ക് ലഭിക്കുന്ന പണത്തിന്റെ കണക്കുകൾ വരെ കൃത്യമായി രേഖപ്പെടുത്തി ആധികാരികത ഉറപ്പിക്കാൻ ദിനേശൻ ശ്രമിച്ചിട്ടുണ്ട്. 

          പ്രവാസികളിൽ പെരുകി വരുന്ന ആത്മഹത്യയെ ഇനിയും പഠന വിധേയമാക്കിയിട്ടില്ല. ഏറ്റവും സ്വാകാര്യമായ കുടുംബ കാര്യങ്ങൾ തൊട്ട് സാമൂഹിക.രാഷ്ട്രീയ പ്രശ്നങ്ങളിലേക്ക് വരേ നീണ്ടുകിടക്കുന്ന ഗൗരവമേറിയ ഈ വിഷയം അതിന്റെ ആഴത്തിൽ തന്നെകടന്നുപോകുന്നു. സമകാലിക രാഷ്ട്രീയത്തിലെ പ്രവാസികളുടെ ഇടപെടലും അക്കാര്യത്തിൽ  മുന്കാലങ്ങളിൽ ഒന്നും ഉണ്ടാവാത്ത തരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രവർത്തിക്കുന്നത് കാണുമ്പോൾ തൊഴിൽ നഷ്ടമായി വരുന്ന പ്രവാസിക്ക് കൂടുതൽ ഭയപ്പെടേണ്ട അവസ്ഥ ഇല്ല എന്ന് പറയാം. മലയാളികളിൽ കൂടുതൽ പേരും ആത്മഹത്യയിലേക്ക് നയിക്കുന്നതിന്റെ കാരണം ക്രെഡിറ്റ് കാർഡും ലോണുമാണ്. പരിഹരിക്കാവുന്ന വിഷയം അതിനു ശ്രമിക്കാതെ ഉണ്ടാകുന്ന പ്രശ്നങ്ങൾ ആത്മഹത്യയിലേക്ക് നയിക്കുന്നു. ഇത് പഠനവിഷയം ആകേണ്ടതാണ്, താരതമ്യേന കുറച്ചുകൂടി മികച്ച ജോലിയും ജീവിത സാഹചര്യവും ഉള്ളവരിലാണ് ആത്മഹത്യ പ്രവണത കൂടുതൽ.  പഠനവിഷയം ആക്കേണ്ട ഒന്നാണിത്. 

            വർത്തമാനവും പ്രവാസികളുടെ ഭാവിയും എന്ന ലേഖനം പ്രസക്തമാണ് ഭൂതകാലത്തിന്റെ അക്ഷരക്കൂട്ടിൽ നിന്നാണ് ഇന്നും നമ്മൾ പ്രവാസികളെ വരച്ചെടുക്കുന്നത്, കാലം ഈ മാറിയെന്നും പ്രവാസത്തിന്റെ രീതിയും ജീവിതവും ഏറെ മാറിയെന്നും നമുക്ക്  ഉൾകൊള്ളാൻ ഇപ്പഴും ആയിട്ടില്ല, ഇന്ന് ഗൾഫിലേക്ക് കുടിയേറുന്നവരിൽ ഭൂരിപക്ഷവും അഭ്യസ്തവിദ്യരായവരാണ്. മുൻകാലങ്ങളെ അപേക്ഷിച്ച് വിദ്യാസമ്പന്നരായ സ്ത്രീകളും ജോലിക്കെയി ഈ മേഖലയിൽ എത്തിയിട്ടുണ്ട്. എന്നാൽ ഈ ഭൂമികയിലെ അവസരങ്ങൾ കുറഞ്ഞു വരുന്നു എന്നതും ഇതിനോട് ചേർത്ത് വായിക്കണം

ഗൾഫ് മലയാളി എന്നത് ഒരു ബിംബവൽക്കരണം ആക്കി നിർത്തി പ്രത്യേക ഗണത്തിൽ പെടുത്തൽ എന്നും ഉണ്ടായിട്ടുണ്ട്. 

          "ചില ബിംബവൽകാരണം തകരാതെ നിൽക്കേണ്ടത് സവർണ്ണ മനോഭാവത്തിന്റെ ആവശ്യമാണ്. ഗൾഫ് എന്ന ബിംബം എക്കാലത്തും അതിസമ്പന്നതയുടെ അടയാളമാണ് - അവിടെ അതിസമ്പന്നതക്കും സവർണ്ണ ജീവിത ധാരണക്കും വിരുദ്ധമായ ചെറിയൊരു അടയാളം പോലും കാണരുത്. കണ്ടാൽ തകർന്നുപോകുന്നത് അതിസമ്പന്നതയായി കണ്ടുവരുന്ന ഗൾഫ് എന്ന ബിംബമാണ്. അതുകൊണ്ട് തന്നെ ഒരു കാലത്തും ഗൾഫ് പ്രവാസത്തിലെ അവർണ്ണ ജീവിതങ്ങൾക്ക് കാരണമാകുന്ന സാമൂഹ്യ സാഹചര്യങ്ങളെ കുറിച്ചുള്ള അന്വേഷണത്തിന് രാഷ്ട്രീയമായ മറുപടി അസാധ്യമാണ്. അപ്പോൾ ഓരോ പ്രവാസിയും തിരിച്ചറിയുന്നത് തന്റേത് മാത്രമായ പ്രവാസാസ്തിത്വത്തെയായിരിക്കും"

           പ്രവാസത്തിലെ അവർണ്ണ-സവർണ്ണ ജീവിതങ്ങൾ എന്ന അദ്ധ്യായത്തിൽ പറയുന്ന ഈ നിരീക്ഷണം പ്രസക്തമാണ്. എന്നാൽ ഇക്കാലത്ത് പ്രവാസത്തിലെ ദാരിദ്ര്യവും ദയനീയതയും കാണിച്ചു കാണിച്ചു ഒരു ക്ളീഷേ ആയിപ്പോയില്ലേ? രാഷ്ട്രീയ സാംസ്കാരിക നേതാക്കന്മാർ വരുമ്പോൾ ഒരു ആചാരം എന്ന പോലെ ലേബർ ക്യാമ്പ് സന്ദർശനവും പിന്നെ അതിനെ കുറിച്ചുള്ള  വിശദീകരണവും ഒരു സ്ഥിരം പല്ലവിയായി മാറിയിരിക്കുന്നു. 

            ഇത്തരത്തിൽ പ്രവാസ ജീവിതത്തെ അതിന്റെ എല്ലാ ഭാവത്തോടും കൂടി വരച്ചിടുവാൻ ദിനേശനായി എന്നതാണ് പ്രവാസത്തിന്റെ വർത്തമാനം എന്ന പുസ്തകത്തെ പ്രസക്തമാക്കുന്നത്. മലയാളിയുടെ ആദ്യകാല ഗൾഫ് കുടിയേറ്റം മുതൽ ഈയിടെ ഉണ്ടായ പ്രളയകാലത്തെ പ്രവാസ ഇടപെടലും അടക്കം സമകാലികമായ മാറ്റങ്ങൾ വരെ കൃത്യമായി അന്വേഷണ പരിധിയിൽ കൊണ്ടുവന്നു അഭിപ്രായപെടുന്നുണ്ട് ഈ പുസ്തകത്തിൽ. 

           ഗൾഫ് പ്രവാസം കേരളീയ സാമൂഹ്യ ജീവിതത്തിലുണ്ടാക്കുന്ന മാറ്റങ്ങൾ പഠനവിഷയമാക്കുന്നവർക്ക് ഈ ലേഖനങ്ങൾ ആശ്രയിക്കാം. ഗൾഫ് പ്രവാസ ജീവിതത്തെ പറ്റി ഇത്തരം സമഗ്രമായ നിരീക്ഷണങ്ങൾ വളരെ അപൂർവ്വമായേ ഉണ്ടായിട്ടുള്ളു. ദേശാന്തരകുടിയേറ്റത്തിന്റെ മലയാളിയുടെ ജീവിതവും രാഷ്ട്രീയവും ഇനിയും വായിക്കേണ്ടതും ചർച്ചയാവേണ്ടതുമാണ്. അതിലേക്ക് ഈ പുസ്തകം ഏറെ അടുപ്പിക്കുന്നുണ്ട്.

 

Share :