Archives / December 2017

എം.കെ. ഹരികുമാര്‍
വിമര്‍ശകന്‍റെ വ്യാമിശ്രമായ ഏതോ അന്തരംഗ സമുദ്രങ്ങള്‍

പരമ്പരാഗതമായ ധാരണയനുസരിച്ച്, ഒരാള്‍ വിമര്‍ശനമെഴുതുന്നത് ഏതെങ്കിലും കൃതിയെ വിശദീകരിക്കാനാണ്. ഒന്നു വ്യാഖ്യാനിച്ച് കുറേക്കൂടി സ്പഷ്ടത വരുത്തിക്കൊടുക്കുക. എഴുത്തുകാരന്‍ എന്താണ് ഉദ്ദേശിച്ചതെന്ന് പറയാനാണ് പൊതുവേ അക്കാദമിക് വിമര്‍ശകരൊക്കെ ശ്രമിച്ചിട്ടുള്ളത്. ഒരു ഇടനിലക്കാരന്‍റെ റോളാണത്. ഇത് അദ്ധ്യാപനത്തിന്‍റെ ഭാഗമായി ഇവിടെ പ്രബലപ്പെട്ടുവന്ന ഒരു സംസ്കാരമാണ്. ക്ലാസില്‍ പഠിപ്പിക്കുന്നതിനുവേണ്ടി അദ്ധ്യാപകര്‍ക്ക് പാഠഭാഗങ്ങളുടെ അര്‍ത്ഥം വിശദീകരിക്കേണ്ടിവരും. പാണ്ഡിത്യത്തിന്‍റെ പശ്ചാത്തലത്തില്‍ വാദങ്ങള്‍ തെളിയിക്കാന്‍ ഉദ്ധരണികളും ഉണ്ടാകും. ഇത് എഴുത്തുകാരനെ കണ്ടെത്തുക എന്ന പ്രക്രിയയാണ്. വ്യാഖ്യാനശാസ്ത്രം എന്ന ശാഖതന്നെ ഇങ്ങനെ വികസിച്ചിട്ടുണ്ട്. ഈ വഴിയാണ് ശരിയെന്ന് വിചാരിക്കുന്ന എഴുത്തുകാരുണ്ട്. അവര്‍ വിമര്‍ശകരില്‍നിന്ന് പ്രതീക്ഷിക്കുന്നത് ഈവിധത്തിലുള്ള ചര്‍ച്ചയാണ്. സാഹിത്യകൃതിയെ ചുറ്റിപ്പറ്റിയുള്ള ഒരു വ്യാഖ്യാനാത്മക ചര്‍ച്ചയാണ് വിര്‍ശനമായി പലരും കരുതുന്നത്. എന്നാല്‍ വിമര്‍ശനത്തിനു മറ്റൊരു മാനമുണ്ട്. അതില്‍ ഒരു വായനക്കാരന്‍റെ സ്വകാര്യചിന്തയുടെ പ്രസക്തി കാണേണ്ടതുണ്ട്. മനുഷ്യവ്യക്തി എന്ന നിലയിലാണ് വായനക്കാരന്‍ നില്‍ക്കുന്നത്. അയാള്‍ക്ക് വിചാര വികാരങ്ങളുണ്ട്. അയാള്‍ ആരുടെയും അടിമയല്ല. സ്വകാര്യനിമിഷങ്ങളില്‍ സാഹിത്യത്തിന്‍റെ പ്രലോഭനത്തെ നേരിടുന്ന അയാള്‍, അതില്‍നിന്ന് രക്ഷനേടാന്‍ വായനയിലേക്കുതന്നെ തിരിച്ചുപോകും. പരപ്രേരണയില്ലാതെ സാഹിതീയമായ ചിന്തകളുടെ ഒഴുക്കില്‍പ്പെടുന്നതുകൊണ്ട്, വായനക്കാരനുണ്ടാവുന്ന അറിവുകള്‍ വ്യക്തിപരമായ ദര്‍ശനമാണ്. വായനക്കാരനും സര്‍ഗാത്മക ലോകമുണ്ട്. അത് ഭാവനയുടെ തട്ടകമാണ്. അവിടേക്ക് അയാള്‍ കൃതികളെ കൊണ്ടുവരുകയാണ്.

വായനക്കാരന്‍റെ സ്വകാര്യഭാവനയിലാണല്ലോ അയാള്‍ കഥാപാത്രങ്ങളെ വിന്യസിക്കുന്നത്. എഴുത്തുകാരന്‍ കണ്ട സാഹചര്യം എത്ര വിശദമായി വാക്കുകളിലൂടെ പകര്‍ന്നുകിട്ടിയാലും, അതിനു വായനക്കാരന്‍ ചില തൊങ്ങലുകള്‍ വച്ചുപിടിപ്പിക്കും. തന്‍റെ സൗന്ദര്യബോധത്തിന്‍റെ അടിസ്ഥാനത്തിലാണ് അയാള്‍ ജീവിക്കുന്നത്.

എന്‍റെ \'ആത്മായനങ്ങളുടെ ഖസാക്ക്\' (1984) എന്ന കൃതിയുടെ പശ്ചാത്തലം ഇതാണെന്ന് പറയട്ടെ. എന്‍റെ സാഹിതീയമായ വ്യാമോഹങ്ങളുടെയും ആന്തരികമായ ഉന്മാദങ്ങളുടെയും ആകെത്തുകയായി അത് ആവിഷ്കരിക്കപ്പെട്ടതാണ്. ഏത് കാലത്തും കലാകാരന് ഒരു ഇംപ്രഷണസ്റ്റിക് തലമുണ്ട്. തന്‍റെ മനസിലുള്ളത് പകര്‍ത്തുക എന്നു പറഞ്ഞാല്‍ ലഘുവായിപ്പോകും. മനസിലേല്‍പ്പിച്ച വികാരങ്ങളോട് സത്യസന്ധനാവാന്‍ അയാള്‍ വിധിക്കപ്പെടുകയാണ്. ഇവിടെ വായന മാത്രമല്ല ഉള്ളത്. \\\'ഖസാക്കിന്‍റെ ഇതിഹാസ\\\'ത്തെക്കുറിച്ച് എഴുതിയതിനപ്പറും, അതില്‍ ആ നോവലിലുപരി എന്നെ മാനസികമായി പിന്തുടര്‍ന്ന അനേകം ഉന്മാദങ്ങളും ഭയവിഹ്വലതകളുമുണ്ട്. അത് വരികള്‍ക്കൊപ്പം നില്‍ക്കുകയാണ്. ഭാഷയിലേക്ക് അതു വരുന്നത് പൂര്‍വ്വകാലത്തിന്‍റെ ഏതോ അറ ഭേദിച്ചാണ്. ഭാഷ ഒരേസമയം നമ്മെ കാലികമാക്കുന്നതോടൊപ്പം ഭൂതകാലത്തിലേക്കും ബന്ധിപ്പിക്കും. സ്വയം ആരാണ് എന്ന് ചോദിക്കുന്നതുപോലെയാണ് ഭാഷ നമ്മുടെ അബോധത്തെ ചിട്ടപ്പെടുത്തുന്നത്.

\\\"പ്രാകൃതവര്‍ഗാധിഷ്ഠിതജീവിതത്തില്‍, ദൈവത്തിന്‍റെ സംജ്ഞ (idea) പൊന്തിവന്നത് മൃതദേഹങ്ങളെ ചുറ്റിപ്പറ്റിയുള്ള അനുസ്മരണങ്ങളില്‍ നിന്നായിരുന്നുവെന്ന് ഗ്രാന്‍റ് അല്ലന്‍ എഴുതുന്നു. ഖസാക്കിലും, ഏതോ പ്രാക്തന ജീവിതത്തിന്‍റെ സാന്നിദ്ധ്യമുണ്ട്. മൃതമായ ദിവ്യശരീരത്തിന്‍റെ ആയുസ്സ് ഓര്‍മ്മകളിലൂടെ അലയുന്നു. അതിന്‍റെ ലഹരിയില്‍ ഖസാക്കിലെ മണല്‍ത്തരിപോലും ആശിസ്സുകളെ നേരിടുകയാണ്. വാക്കുകള്‍ തോടുപൊട്ടിച്ച് കടന്നുവരുന്നു. വാക്കുകള്‍ക്കും മാന്ത്രികതയുണ്ട്. മൗനങ്ങള്‍ ശരീരങ്ങള്‍ക്കപ്പുറത്തുള്ള കാലത്തിലേക്ക് പെറ്റുവീഴുന്നു. അവ ശരീരത്തിലൂടെയാണ് കാലത്തെ അതിജീവിക്കുന്നത്. അതിന്‍റെ സഭ്യതയില്‍ ഖസാക്കിനു സുരതത്തിന്‍റെ പൂര്‍ണതയുണ്ട്.\" കേവലം വിദ്യാര്‍ത്ഥിയായിരുന്ന ഞാന്‍ എഴുതിയ \'ആത്മായനങ്ങളുടെ ഖസാക്കി\'ല്‍ നിന്നുള്ള ഉദ്ധരണിയാണിത്. ഈ ഭാഷ ഒരു വിമര്‍ശകനില്‍ നിന്ന് വരാന്‍ പാടില്ലാത്തതാണ്. കാരണം നമ്മുടെ ഭാഷയിലെ വിമര്‍ശനം എന്നത് കാര്യകാരണങ്ങളും എഴുത്തുകാരന്‍ ഉദ്ദേശിച്ചതിനെക്കുറിച്ചുള്ള വ്യാഖ്യാനവും ചേര്‍ന്ന രചനയാണ്. അവിടെ എഴുതുന്നയാളിനു മനസ് ഉണ്ടാകാന്‍ പാടില്ല. കവിക്ക് മനസ് ആകാം. വിമര്‍ശകന് യുക്തിയും അപഗ്രഥനവും മാത്രമേ പാടുള്ളൂ; ഭാവനയോ കലയോ നിഷിദ്ധമാണ്. സൗന്ദര്യാനുഭവം യുക്തിയെ മറികടന്ന് എങ്ങോട്ടോ സഞ്ചരിക്കുകയാണ്. എഴുതുന്നയാളിനെക്കുറിച്ചോ, നോവലിനെക്കുറിച്ചോ ഉള്ള ഒരു വ്യാഖ്യാനമല്ലിത്. ഏതോ വ്യാമിശ്രമായ അന്തരംഗ സമുദ്രങ്ങള്‍ പ്രവഹിക്കുകയാണ്. യുക്തികൊണ്ട് പറയാന്‍ പറ്റാത്ത മൗനത്തെക്കുറിച്ചും ശരീരത്തെക്കുറിച്ചുമാണ് എഴുതിയിരിക്കുന്നത്. വ്യാഖ്യാനിക്കാന്‍ പറ്റാത്ത ഗാഢമായ അനുഭവത്തിലെത്തുമ്പോഴാണ് കലയുടെ ഉന്നതതലത്തിലെത്തുന്നത്. വിമര്‍ശനത്തില്‍ കലാപരമായ ആഴങ്ങളുണ്ടാകുന്നത്, ഒരു വായനക്കാരനെന്ന നിലയിലും മനുഷ്യജീവി എന്ന നിലയിലും ഒരാള്‍ക്ക് അഗാധമായ മനനവും അതീന്ദ്രിയമായ കാഴ്ചകളും ഉണ്ടാകുമ്പോഴാണ്. നമ്മെ അജ്ഞാതമായ പ്രചോദനങ്ങള്‍ക്ക് വിട്ടുകൊടുക്കേണ്ടതുണ്ട്. പൂര്‍ണമായും വ്യക്തിയുടെ നിയന്ത്രണത്തിലുള്ളതെന്ന് നാം വിചാരിക്കുന്ന ലോകമാണ് വിമര്‍ശനത്തില്‍ കണ്ടുവരുന്നത്. അങ്ങനെയല്ല എന്ന് തെളിയിക്കാന്‍ ക്രൂരമായ, അതിമാനുഷമായ നിഷ്കളങ്കത അനിവാര്യമാണ്. ആത്മായനങ്ങളുടെ ഖസാക്കി\'ല്‍ ഈ തരത്തിലുള്ള നിഷ്കളങ്കതയെയാണ് ചിത്രീകരിക്കുന്നത്. അത് ഒരു വിമര്‍ശകന്‍റെ സാങ്കല്പികകൃതി എന്ന സ്വപ്നത്തെയാണ് സാക്ഷാത്കരിക്കുന്നത്. ആ ഭാഷ കേവലയുക്തിയുടെ ശാഠ്യങ്ങളോട് മുഖം തിരിച്ചുനില്‍ക്കുകയും വിമര്‍ശകവ്യക്തിയുടെ ആന്തരിക മൗനങ്ങളെ കലാപരമാക്കുകയും ചെയ്യുകയാണ്. അസ്തിത്വത്തിന്‍റെ അറിയത്തതല്ലാത്ത കണങ്ങളിലേക്ക് തിരിയുന്നതോടെ യഥാര്‍ത്ഥ എഴുത്തുകാരന്‍ സ്വപ്നത്തിന്‍റെയും യാഥാര്‍ത്ഥ്യത്തിന്‍റെയും ദല്ലാള്‍ അല്ലാതാവുകയും നിരുപാധികമായ അലച്ചിലിനു വിധേയനാവുകയും ചെയ്യുകയാണ്. ഭൗതികജീവിതത്തിനു പൂരിപ്പിക്കാന്‍ കഴിയാത്ത ചില നിമിഷങ്ങള്‍ രൂപപ്പെടുകയാണ്.

Share :

Photo Galleries