Archives / july2019

ഗീത മുന്നൂർക്കോട്
അദ്ധ്യാപികയായി ആദ്യം വേഷമിട്ട ദിവസം

 

 

1980 ജൂൺ അവസാന വാരത്തിലാണ് ഡിഗ്രി പരീക്ഷയുടെ ഫലം പുറത്തുവന്നത്. അതിന് ഒരാഴ്ചക്കു മുമ്പ് നാസിക്കിലുള്ള (എച്ച് എ എൽ ടൗണ്ഷിപ്പ്) ചേച്ചിയുടെ കൂടെ കുറച്ചുനാൾ ചെലവഴിക്കാമെന്നും ജോലി എന്തെങ്കിലും അവിടെ തരപ്പെടുകയാണെങ്കിൽ അതുമാകാം എന്നുമോർത്താണ് അവിടെ എത്തിപ്പെട്ടത്. ചെന്നയുടൻ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് റെജിസ്റ്റർ ചെയ്തു.

അതിനടുത്തയാഴ്ച തന്നെ ദേവലാലി കേന്ദ്രീയ വിദ്യാലയത്തിൽ( കെ വി നംബർ ഒന്ന് ) കണക്കു ടീച്ചർമാർക്കുള്ള കൂടിക്കാഴ്ചക്കു വിളിക്കുന്നു. വെറുമൊരു ബി എസ് സി കൊണ്ട് ജോലി കിട്ടാനുള്ള സാധ്യത ഇല്ലെന്നറിഞ്ഞിട്ടും ഇൻറർവ്യൂവിനു പോയി. കുട്ടിത്തം വിടാത്ത ചൊറുചൊറുക്കുള്ള സമീപനവും ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ സംവദിക്കാനുള്ള പ്രാഗത്ഭ്യവും SSLC മുതൽ Bടc വരെയുള്ള ഉയർന്ന വിജയവും കാരണം, ഉടൻ ജോലിക്കു ചേരാൻ ഓർഡർ കിട്ടി. ഓജ്ജർ HAL ടൗൺഷിപ്പിൽ നിന്നും ദേവലാലി റെസ്റ്റ് ക്യാമ്പ് റോഡിലുള്ള KV യിലെത്താൻ ബസ്സിൽ ഒന്നര മണിക്കൂർ യാത്രയുണ്ട്. ഓജ്ജർ വായുസേന സ്റ്റേഷനിലെ എട്ടാം ക്ലാസ്സു തൊട്ട് പന്ത്രണ്ടു വരെയുള്ള വിദ്യാർത്ഥികൾ KV 1ദേവലാലിയിലാണു് പഠിച്ചിരുന്നത്; കാരണം ഓജ്ജർ KV യിൽ അന്ന് 7 വരെ മാത്രമേ ക്ലാസ്സുകൾ ഉണ്ടായിരുന്നുള്ളൂ. എനിക്കൊപ്പം കിഷോരി കുൽക്കർണിക്കും അപ്പോയിൻമെന്റ് ഓർഡർ ഉണ്ടായിരുന്നു. ഞങ്ങൾ ഇരുവരും ഒരുമിച്ചാണ് കുട്ടികൾക്കൊപ്പം, അവർക്കു വേണ്ടിയുള്ള വായുസേനയുടെ ബസ്സിലാണ് ആദ്യ ദിവസം വിദ്യാലയത്തിലെത്തിയത്. കാലത്ത് 5.45 നു പുറപ്പെട്ട് കൃത്യം 7-15ന് സ്കൂളിൽ എത്തി, പ്രിൻസിപ്പളെ കണ്ടു. അദ്ദേഹം അസംബ്ലി ഗ്രൗണ്ടിൽ വരാനും അതു കഴിഞ്ഞ് അറ്റന്റൻസ് റെക്കോർഡിൽ ഒപ്പിടാനും നിർദ്ദേശിച്ചു. അതിനിടെ മലയാളിയായ കെമിസ്ട്രി അദ്ധ്യാപകന്‍ (പി ജി ടി) കുര്യാക്കോസ് സാറിനെ പരിചയപ്പെട്ടു. അദ്ദേഹം പറഞ്ഞു, അസംബ്ലിയിൽപുതുതായി വരുന്നവർ സംസാരിക്കേണ്ടി വരുമെന്ന്.

7- 5൦ ന് നീണ്ട ആദ്യ മണി മുഴങ്ങി. പൊടുന്നനെ വിദ്യാലയാന്തരീക്ഷം അത്ഭുതപ്പെടുത്തും വിധം ശാന്തമായി. അദ്ധ്യാപകർ ക്ലാസ്സ് മുറികളിലേക്ക് പോകുന്നു. കുട്ടികളുമായി വരികളിൽ സ്ക്കൂൾമുറ്റത്തെത്തുന്നു, അവിടെ ഓരോ ക്ലാസ്സിനും അനുവദിച്ചിട്ടുള്ളയിടങ്ങളിൽ വരിയായി നില്‍ക്കുന്നു. ചുറ്റിലുമുള്ള വരാന്തകളിൽ അദ്ധ്യാപകർ അവരവരുടെ ക്ലാസ്സിനു മുന്നിലും സ്ഥാനം ഉറപ്പിക്കുന്നു.

ഒട്ടും വൈകാതെ അസ്സംബ്ലി തുടങ്ങി. കുട്ടികളുടെ അന്നത്തെ ചിന്ത, പ്രതിജ്ഞ, വാര്‍ത്ത, വിശേഷാൽപരിപാടി എല്ലാം നിശ്ചിത സമയത്ത് കഴിഞ്ഞു.എല്ലാ നിയന്ത്രിച്ചത് കുട്ടികൾ തന്നെ. ശേഷമാണ്‌ പ്രിൻസിപ്പൾ  എന്നെയും കിഷോരിയെയും സ്വയം പരിചയപ്പെടുത്താൻ ക്ഷണിച്ചത്. ഒട്ടും തയ്യാറെടുപ്പില്ലായിരുന്നു, ഇഗ്ലീഷിൽ എന്തെങ്കിലും പറഞ്ഞാൽ മതിയാകുമെന്ന്‍ കുര്യാക്കോസ് സർസൂചിപ്പിച്ചതോര്‍ത്ത്, മനസ്സിൽ ചിലതൊക്കെ സ്വരുക്കൂട്ടിവച്ചു. ആദ്യം കിഷോരി സ്വയം പരിചയപ്പെടുത്തി. പിന്നീടാണ് എൻെറ ഊഴം.                                                                                                                                                              നിറഞ്ഞ ക്വാഡ്രാംഗിൾ... ഇത്രയും കുട്ടികളെ ആദ്യമായി അഭിമുഖീകരിക്കേണ്ടിവന്നപ്പോൾ അല്പം പരിഭ്രമം തോന്നി. എല്ലാ കണ്ണുകളും കാതുകളും എന്റെ നേർക്കു തിരിഞ്ഞ്, ഏറ്റവും നിശ്ശബ്ദമായ ഇടത്താണ് ഞാൻ എന്ന ബോധ്യം വീണ്ടും ആകുലപ്പെടുത്തി. എന്നാൽ മുന്നിലാരുമില്ലെന്ന് സങ്കല്പ്പിച്ച് ധൈര്യം സംഭരിച്ച് ഇങ്ങനെ തുടങ്ങി :

Good morning children. I am Geetha Nair standing before you to introduce myself as a Mathematics teacher to you. It’s the first time I am entering into a job in the capacity of a teacher. I am as fresh as you are in every field and so I expect you would treat me as one among you to exchange whatever we know in the friendliest and compassionate manners. I am sure I’ll be able to fulfill all your expectations as your Maths teacher. Wishing a healthy time ahead to both you and me, thank you. ഞാൻ സ്റ്റേജിൽനിന്നിറങ്ങിയതും കുര്യാക്കോസ് സർ തലകുലുക്കിയതു കണ്ട് സമധാനമായി. ആവൂ...അബദ്ധമൊന്നും സംഭവി്ച്ചില്ല! ആശ്വാസം!

ഒരു പ്രത്യേക താളത്തിൽ കുട്ടികൾ കൈയ്യടിച്ചു. ഉടൻ തന്നെ ശബ്ദം നിലച്ചു. ദേശീയഗാനം ചൊല്ലി അസംബ്ലി പിരിഞ്ഞു. തിരികെ ക്ലാസ്സുകളിലേക്ക് പോകുമ്പോഴും തികഞ്ഞ അച്ചടക്കം!

1500 ലധികം കുട്ടികൾ  തീർത്തും നിശ്ശബ്ദരായി എങ്ങനെ ഇത്രക്കും സമന്വയം പാലിക്കുന്നു എന്നിൽ അത്ഭുതപ്പെടുന്നതോടൊപ്പം കെ വി യിൽ തന്നെ സ്ഥിരം ജോലി ലഭിച്ചെങ്കിൽ എന്ന് അതിയായി മോഹിച്ചു പോയി. ഭാഗ്യമെന്ന് പറയട്ടെ പിൽക്കാലത്ത് മുപ്പത്തിയാറു വര് ഷക്കാലം കെ വി യിലെ അദ്ധ്യാപികയായി കർമ്മനിരതയാകാൻ കഴിഞ്ഞത് ഒരു നിയോഗം!

പിന്നിട് പ്രിൻസിപ്പൽ ചേംബറിൽ വച്ച് അദ്ദേഹം ഏഴും എട്ടും ക്ലാസുകളിലെ കണക്ക്  ഞങ്ങളിരുവരും ചേർന്ന് കൈകാര്യം ചെയ്യണമെന്ന്‍ ആവശ്യപ്പെട്ടു. കിഷോരി എട്ടും, ഞാൻ ഏഴും ക്ലാസ്സുകളുടെ നാല് ഡിവിഷനുകൾ ഏറ്റെടുത്തു. അങ്ങനെ എന്റെ ആദ്യത്തെ ഔദ്യോഗികവൃത്തി അവിടെ വച്ച് തുടങ്ങി. ആദ്യ ദിവസം കിട്ടിയ ക്ലസ്സുകളിലെല്ലാം കഥകൾ പറഞ്ഞും കണക്കിലെ കുറുക്കു വഴികൾ കാണിച്ചും, കണക്കിലെ രസകരമായ ചില കളികൾ കളിച്ചും കുട്ടികളെ വശത്താക്കി.

സ്ക്കൂൾ സമയം കഴിഞ്ഞതും മണി മുഴങ്ങിയതും എത്ര പെട്ടെന്നായിരുന്നു, ഞാൻ വീട്ടിലേക്ക് മടങ്ങുമ്പോൾ ബസ്സിലെ കുട്ടികളോട് അന്നത്തെ അനുഭവങ്ങൾ പറഞ്ഞ് ഞങ്ങൾ കൗതുകം പങ്കു വച്ചു.

 

 

 

 

 

Share :