Archives / july2019

അജിത്ത് ആർ കെ
നിലനിൽപില്ലാത്ത പടച്ചോൻമാർ        

 

നാനാർത്ഥങ്ങളും പര്യായങ്ങളുമുള്ള ഒരൊറ്റപ്പദമാണ് പടച്ചോൻ..

 

പലതരത്തിൽ വിരിഞ്ഞ പൂക്കളാൽ അർച്ചനയോ, പലതിൽ നിന്നും കറന്നെടുത്ത പാലുകൊണ്ടഭിഷേക മേൽക്കുന്ന കല്ലോ അല്ല പടച്ചോൻ!

 

വെയിലാറോളം വെന്തുരുകിയാലും വയറാളാതെ കാക്കുന്നോനാണ്,

വീറഭിനയിക്കുന്ന കരുതലാണ്,

വളരുവോളം വീഴാത്ത വീടാണ്...

 

പിന്നെ,

 

തന്നോളം പോന്നാൽ താന്തോന്നിയാകുന്ന ചെക്കൻമാരുടെ അവഗണനയാണ്,

'അവറ്റകളെ'ന്ന് ചിറികോടുന്ന വാക്കാണ്,

ജീവിതമന്തിമയങ്ങുമ്പോൾ തെരുവുതിണ്ണയിലുറങ്ങുന്നോരാണ്,

വിശപ്പകറ്റാൻ വഴിക്കണ്ണെറിയുന്നോരാണ് !

ചിലയിടങ്ങളിൽ സ്നേഹവാത്സല്യം പൂക്കുന്ന ലോകവൃക്ഷമാണ്, വലിയവരാണ്...

 

ഇതിനുമപ്പുറത്തൊരു വേദിയുണ്ട്!

 

ആചാര - അനാചാരങ്ങളിൽ വിചാരണയ്ക്കു വിധിക്കപ്പെട്ട പടച്ചോന്റെ വേദി,

വിധിപറയും മുമ്പേ പ്രച്ഛന്നവേഷത്തിൽ രക്ഷപ്പെട്ട കഥയുള്ള പടച്ചോൻ!

 

ഐതിഹ്യകഥകളായോ പാഠ്യേതരവിഷയമായോ അത്ഭുതസിദ്ധിയുള്ള ഏലസ്സായോ പടച്ചോൻ രക്ഷാമന്ത്രമായി വിൽക്കപ്പെടും...

എങ്കിലും,

 

ഏറ്റവും വിലപിടിപ്പുള്ള പടച്ചോൻമാർ

അമ്മത്തൊട്ടിലുകളിലും, യാചകക്കണ്ണിയായും പൊള്ളുന്ന തിരക്കിലാണ്!

 

പടച്ചോനോ പിശാചോ എന്നറിയാതെ ഞാനിവിടെ കവിതകൾക്കിടയിലൊരൊറ്റപ്പദം തേടിയലയുകയാണ്..

          

 

 

 

Share :