Archives / july2019

ഫൈസൽ ബാവ 
കുന്തിരിക്കത്തിന്റെ മണം പരത്തുന്ന കഥകൾ 

ബാബു കുഴിമറ്റത്തിന്റെ കഥകൾക്ക് Think Global, Act Rural* എന്ന ആശയത്തോട് കൂടിയുള്ളതാണ് എന്ന് പറയാം.  ഗ്രാമീണതയുടെ തുടിപ്പോടെ  ലോകവീക്ഷണത്തിൽ ചിന്തിപ്പിക്കുന്ന കഥകൾ. നാടിൻറെ ഉൾത്തുടിപ്പുകൾ കഥകളിൽ വായിക്കാം. അജയകുമാർ ജ്യോതിഷ്കുമാറിന്റെ പഠനത്തിൽ കുഴിമറ്റം കഥകളെ കൃത്യമായി നിരീക്ഷിച്ചിട്ടുണ്ട് *"കുഴിമറ്റത്തിന്റെ കഥാശരീരത്തിന് നിയതമായൊരു രൂപസംവിധാനമില്ല. അലക്കിത്തേച്ച ഭാഷയുടെ ഒരുക്കവും ഒതുക്കവും ഇല്ല. അപ്രതീക്ഷിതമായ പരിണാമങ്ങളിലേക്ക് നീളുന്ന അനുഭവങ്ങളാണ് കഥകളിലേറെയും പങ്കുവെക്കുന്നത്. ഭാവാത്മകതയുടെ ഉൾക്കരുത്ത് നിറയ്ക്കാനുള്ള പുറന്തോടുമാത്രമാണ് കുഴിമാറ്റത്തിന് കഥയുടെ ശരീരം"* 

കുഴിമറ്റം കഥകളുടെ ആഴങ്ങളിൽ പലതും ഒളിപ്പിച്ചു വെച്ചിരിക്കും. പ്രഥമ ദൃഷ്ടിയിൽ പതിയാതെ അകക്കണ്ണിലൂടെ കാണുന്ന ചിലത്. *യൂഹാനോൻ ളൂവീസിന്റെ പ്രാവുകൾ* അത്തരത്തിൽ നമ്മേ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകുന്നു. കോടതിയിൽ വാദത്തിനിടെ അഡ്വക്കറ്റ് ജോണ് ഫെര്ണാന്റോയുടെ അപ്രതീക്ഷിതമായ ഇറങ്ങിയോട്ടം നമ്മെ അത്ഭുതപ്പെടുത്തും. യൂഹാനോൻ ളൂവീസിന്റെ പ്രാവുകളുടെ അവശിഷ്ടങ്ങൾ സമൂഹത്തിന്റെ അവസ്‌തയുടെ സൂചകങ്ങളാണ്. "മുകളിൽ മച്ചിൻപുറത്തെ ഇരുട്ടിൽ പൊടിപടലങ്ങളിലും ചിലന്തിവലകളിലും മൂടി ഉപയോഗശൂന്യമായ ഫര്ണീച്ചറുകൾക്കും പഴയ കേസുകെട്ടുകൾക്കുമിടയിൽ ചിതറിപ്പോകുന്ന വെളുത്ത തൂവലുകളിലേക്കും കോട്ടിൻ തുണ്ടുകളിലേക്കും ജോണ് ഫെര്ണാന്റോ തളർന്നുവീണ്പോയി. അവിടെയാകെ യൂഹാനോൻ ളൂവീസിന്റെ പ്രാവുകളുടെ അവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്നു" 
നിയമവും നീതിയും, നീതി നിഷേധവും, ജീവിതവും യാഥാർഥ്യങ്ങളും കൂടികലർന്ന സവിശേഷമായ കഥാന്ത്യം. 
ഒരു നിഷേധിയുടെ വേഷപകർച്ചയോടെയാണ് കുഴിമറ്റം കഥകൾ പറയുന്നത്. പൊരുത്തിന്റെയല്ല പൊരുത്തക്കേടിന്റെ സൗന്ദര്യമാണ് എഴുത്തിൽ നിറഞ്ഞു നിൽക്കുന്നത്. ജീവിതം വിട്ടൊരു കളിയിലേക്കില്ലാത്ത തരത്തിൽ  ആഖ്യാനത്തിന്റെ ശക്തി  കഥകളിൽ നിറയ്ക്കുന്നു. നിയമവ്യവസ്ഥിതിയെയും ബ്യുറോക്രാറ്റിന്റെയും കുടുസ്സായ മനസുകളെ കലാപരമായി വിമർശിക്കുന്ന മികച്ച കഥകളിൽ ഒന്നാണ് ഇത്.


*അവൾ മഹിതയാം ബാബിലോണ്* രണ്ടു ദേശ ചരിത്രങ്ങളിലൂടെ സഞ്ചരിച്ചു വർത്തമാന കാല യാഥാർഥ്യങ്ങളെ കൂട്ടിക്കെട്ടുന്നു. വിശ്വാസത്തിന്റെ വഴിയിലെ പൊരുത്തക്കേടുകൾക്ക് കാരണമാകുന്ന പുതിയകാലത്തിന്റെ സംഭവങ്ങളെ തുറന്നുകാട്ടുന്നു. സുവിശേഷങ്ങളല്ല വിശ്വാസത്തിന്റെ ആണിക്കല്ലെന്നും, ദൈവത്തിന്റെ വഴികൾ അടക്കാനുള്ള വഴികളല്ല തുറക്കേണ്ടത് പകരം ദൈവം സ്നേഹംതന്നെയാണ് എന്നുറപ്പിക്കാനുള്ള ആത്മാർത്ഥ ക്ഷണം കാണാം.  നിലവിലെ മതപ്രഭാഷണ സുവിശേഷ യോഗങ്ങളുടെ പൊള്ളത്തരം തുറന്നുകാണിക്കാനുള്ള ശ്രമമാണ് കഥ.

  
ഒരു ശൈത്യകാല വിചാരണ എന്ന കഥ തുടങ്ങുന്നത് "അന്യന്റെ പുതപ്പ് കണ്ടു ഭ്രമിക്കരുത്" എന്നുപറഞ്ഞുകൊണ്ടാണ് ഈ കഥയും നീതിയെ കുറിച്ചുള്ള ചോദ്യങ്ങൾ ഉന്നയിക്കുന്ന കഥയാണ്. ആത്യന്തികമായി  ഭംഗിയുള്ള പുതപ്പ് കണ്ട് ആകൃഷ്ടനായി നടത്തുന്ന പുതപ്പ് മോഷണവുമായി ബന്ധപ്പെട്ട കഥയാണ്. "സ്വന്തമായി ഒരു പുതപ്പുണ്ടായിരുന്നിട്ടും നീ അന്യന്റെ പുതപ്പ് കണ്ടു ഭ്രമിക്കുകയും തരപ്പെട്ടപ്പോഴൊക്കെ കവർന്നെടുക്കുകയും ചെയ്തു." നിയമത്തെ ചോദ്യം ചെയ്യുന്ന എന്നാൽ നീതി വേണമെന്ന് വാശിപ്പിടിക്കുന്ന ഒരാളെ നമുക്കിവിടെ കാണാം. എനിക്ക് നിയമമല്ല നീതിയാണ് വേണ്ടതെന്ന് അയാൾ വാദിക്കുന്നു.

 

ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ കഥയാണ്‌ *അമ്മാളുവമ്മയുടെ ഭർത്താവ്* ഒരു സ്ത്രീ ഒറ്റക്കാവുമ്പോൾ നീളുന്ന കണ്ണുകൾ എവിടെയും കാണാം, അവളെന്തിന് ഒറ്റക്കിങ്ങനെ ജീവിക്കുത്? സഞ്ചരിക്കുന്നത്? അവളെങ്ങോട്ടാണ് പോകുന്നത്? ഇങ്ങനെ നേടന്നുകൊണ്ടിരിക്കുന്ന ചോദ്യങ്ങളുടെ കണ്ണുകൾക്ക് മറുപടി    അമ്മാളുവമ്മയുടെ ഈ വാക്കുകൾ മതി *"അമ്മാളുവമ്മയുടെ പലർക്കും അങ്ങനെ പലതും ചോദിക്കുവാനുണ്ട്. എന്നാൽ അതിനൊക്കെ അമ്മാളുവമ്മക്ക് മറുപടിയുമുണ്ട്: ചോദിക്കാട്ടുന്നവർക്കൊക്കെ ചോദിച്ചാൽ മതിയല്ലോ. ചോദ്യങ്ങൾ ചോദിക്കാൻ അത്രവല്യ ബുദ്ധിമുട്ടുകളൊന്നുമില്ല. ഉത്തരം കണ്ടെത്താനാണ് പ്രയാസം. പട്ടണത്തിൽ ജീവിക്കുവാനുള്ള വരുമാനമാർഗ്ഗങ്ങളൊന്നും തങ്ങൾക്കില്ല. ആകെയുള്ളത് ഭർത്താവിന്റെ ശമ്പളം മാത്രമാണ്. അതുകൊണ്ടുവേണം കുട്ടികളുടെ പഠനച്ചെലവും മറ്റു വീട്ടു ചെലവിളവുകളുമൊക്കെ നടത്തേണ്ടത്"* അമ്മാളുവമ്മയുടെ ഒറ്റക്കുള്ള ജീവിതത്തെ കുറുക്കൻ കണ്ണോടെ നോക്കിയ നാരായണപിള്ളമാർ നമുക്ക് ചുറ്റും ധാരാളം ഉണ്ടെന്നും അമ്മാളുവമ്മമാരെ അവർ നിരന്തരം ഇങ്ങനെ നോക്കികൊണ്ടിരിക്കുന്നു  അന്നും ഇന്നും. എന്നാൽ അപ്രതീക്ഷിതമായ കഥാന്ത്യം കണ്ണുനനയിക്കും. 

 

കുഴിമറ്റം കഥകളിൽ ആത്മപരിഹാസവും ആക്ഷേപഹാസ്യവും ഒപ്പം ജീവിതത്തിന്റെ ആഴത്തിലുള്ള സ്പർശവും കാണാം,  സുവിശേഷങ്ങളോ കുമ്പസാരങ്ങളോ അല്ല ജീവിതം തന്നെയാണ് ഓരോ കഥയും. *ച്ഛീ എന്ന ശബ്ദം, കുമാർ ഗന്ധർവ് പാടിക്കൊണ്ടിരിക്കുന്നു, കുന്തിരിക്കത്തിന്റെ  മണമുള്ള ദിവസം, ആവർത്തണച്ചുവയുള്ള ഒരു ചരിത്ര സംഭവം കൂടി, ചത്തവന്റെ  സുവിശേഷം...*തുടങ്ങി കുറെ നല്ല കഥകളുടെ സമാഹാരമാണ് കുന്തിരിക്കത്തിന്റെ മണമുള്ള ദിവസം. 

 

Share :

Photo Galleries