Archives / july2019

 ഗീത മുന്നൂർക്കോട്
ഒരു ശിഷ്യയുടെ അന്ത്യാഭിലാഷം നിറവേറിയപ്പോൾ

    സ്ത്രീയായതിൽ അഭിമാനം കൊള്ളുന്ന നിമിഷങ്ങൾ മിക്കവർക്കും അമ്മയുടെ വേഷമണിയുമ്പോഴാണ്. തീർച്ചയായും പെണ്ണിന്റെ പരിപൂർണ്ണത മാതൃത്വത്തിന്റെ സാഫല്യത്തിലേ സാദ്ധ്യമാകൂ.

അമ്മയാണ്  ഞാൻ, രണ്ടു കുട്ടികളുടെ. അതിൽ ഒരു തരം അഹങ്കാരം കലർന്ന അഭിമാനവുമുണ്ട്.എന്നാലും മറ്റു ചിലപ്പോൾ ഞാൻ പ്രസിവിക്കാത്ത, പാലൂട്ടി വളർത്താത്ത, മാറിൽ കിടത്തി ഓമനിക്കാത്ത, പിച്ചവെപ്പിക്കാത്ത ഒരുപാടു കുട്ടികൾക്കൊപ്പം സ്വന്തം കുട്ടികളെന്ന പോലെ സ്നേഹം പങ്കിടുന്ന എണ്ണമറ്റ അനുഭവങ്ങൾ… അവയാണ് ഒരു പെണ്ണായി ജനിച്ചതിന്റെ ,അമ്മമനസ്സായി വളർന്നതിന്റെ പൊരുൾ എന്നിൽ നിറയ്ക്കുന്നത്.

.നിറകണ്ണുകളോടെയാണ് ഞാൻ ഓർമ്മച്ചെപ്പ് തുറക്കുന്നത്…

നാസിക്കിലെ ഓജ്ജർ കെ വിയിൽ ജോലി ചെയ്തിരുന്ന കാലം..

1980 കളിൽ … എല്ലാ വർഷവും സ്ക്കൂളിൽ സാമൂഹ്യപാഠവിഷയങ്ങൾ സംബന്ധിച്ച പ്രദർശനങ്ങൾ നടത്താറുണ്ടായിരുന്നു. ഇപ്പോഴും അതിന്റെ തുടർച്ചയുണ്ട്.

സ്ക്കൂൾ തലത്തിലെ വിജയികളെ റീജിയണൽ തലത്തിലെ മത്സരങ്ങൾക്കായി കൊണ്ട് പോകുക പതിവാണ്. ഇന്ത്യയിലെ രണ്ട് സംസ്ഥാനങ്ങളും ഒരു ലോക രാജ്യവുമാണ് വിഷയം തരിക പതിവ്.ഞാനായിരുന്നു അക്കാലത്ത് എന്റെ സ്ക്കൂളിലെ കുട്ടികളെ ഫോക്ക് ഡാൻസ്  പഠിപ്പിച്ച് മത്സരത്തിന് തയ്യാറാക്കിയിരുന്നത്. ആ വർഷം സംസ്ഥാനമായി കിട്ടിയത് തമിഴ് നാടായിരുന്നതിനാൽ സുബ്രഹ്മണ്യഭാരതി എഴുതിയ വിഖ്യാതമായ “കുമ്മിയടി തമിൾ നാടു മുഴുതം……” എന്ന പാട്ടെടുത്ത് കുമ്മി കളിപ്പിക്കാൻ ഞാൻ തയ്യാറെടുപ്പുകൾ തുടങ്ങി.

പലപ്പോഴും ഞങ്ങളുടെ ടീമുകൾ നന്നായി ചുവടുകൾ വച്ച് സമ്മാനങ്ങൾ നേടിയിട്ടുണ്ട്.

സ്ഥിരമായി ഡാൻസ് ടീമിൽ ഞാൻ കുറച്ചു കുട്ടികളെ തയ്യാറാക്കി വച്ചിട്ടുണ്ടായിരുന്നു. അതിൽ ഒരു കുട്ടിയായിരുന്നു പൂനം . അവൾ പഠിപ്പിലും സ്പോർട്സിലുമെല്ലാം മിടുക്കിയായിരുന്നു.സുന്ദരിക്കുട്ടിയായിരുന്ന പൂനത്തിന്റെ  നീണ്ട കൈവിരലുകളും നീണ്ടു തിളങ്ങുന്ന കണ്ണുകളും നൃത്തത്തിന് അവളെ കൂടുതൽ യോഗ്യതയുള്ളവളാക്കി.  ഏഴ്, എട്ട് ക്ലാസ്സുകളിലായിരുന്നപ്പോൾ സോഷ്യൽ സയൻസ് എക്സിബിഷൻ ഡാൻസ് ടീമിലെ മികച്ച നർത്തകിയായിരുന്നു അവൾ.

എന്നാൽ നിർഭാഗ്യമെന്ന് പറയട്ടെ ഒൻപതാം ക്ലാസ്സിലെത്തിയപ്പോൾ ഇടയ്ക്കിടെ അവൾ സ്ക്കൂളിൽ വരാതായി.വരുന്ന ദിവസങ്ങളിൽ ക്ലാസ്സിൽ ശ്രദ്ധ കുറഞ്ഞില്ലെങ്കിലും ഇടയ്ക്കിടെ നഷ്ടമാകുന്ന ക്ലാസ്സുകൾ അവളെ പഠനകാര്യങ്ങളിൽ പുറകോട്ടു തിരിക്കുന്ന നില വന്നു… 

ആയിടയ്ക്ക് സോഷ്യൽ സയൻസ് എക്സിബിഷന്റെ സർക്കുലർ വന്നതും ഞാൻ ഡാൻസ് തെരഞ്ഞെടുത്ത് കുട്ടികളെ തയ്യാറാക്കാൻ തുടങ്ങി. പൂനത്തെ ഒഴിവാക്കിയാലോ എന്ന് ശങ്കിച്ചപ്പോൾ, അതവളോട് പറഞ്ഞപ്പോൾ നിറ കണ്ണുകളുമായി അവൾ കെഞ്ചി.

 തനിക്കും ഇത്തവണ പങ്കെടുക്കണം എന്നും പറഞ്ഞ് എന്റെ കാലു വരെ തൊട്ടെന്ന നിലയിലായി.

 പൂനത്തിന്റെ മൂത്ത സഹൊദരി പത്താം ക്ലാസ്സിൽ ഉണ്ടായിരുന്നു. ആ കുട്ടിയോട് ഞാൻ കാര്യം പറഞ്ഞ് അമ്മയെ വിളിപ്പിച്ചു. പിറ്റേന്ന് തന്നെ അവരെത്തി. ആ അമ്മ ആദ്യം ഒരക്ഷരമുരിയാടാതെ കരഞ്ഞും കൊണ്ട് എന്റെ മുമ്പിൽ നിന്നു…  എന്റെ അന്ധാളിപ്പിൽ ഒരല്പം ശാന്തയായി അവർ…പിന്നെ എന്റെ രണ്ടു കൈകളും കൂട്ടിപ്പിടിച്ച് വീണ്ടും തേങ്ങി… ഞനവരെ നെഞ്ചോട് ചേർത്ത് , പുറത്ത് തട്ടി എന്തിനെന്നറിയാതെ ആശ്വസിപ്പിച്ചു കൊണ്ടേയിരുന്നു. പതിനഞ്ച് മിനുട്ടുകളോളം ഇത് തുടർന്നു. .. പിന്നീട് ധൈര്യം സംഭരിച്ച് ആ അമ്മ എന്നോട് അപേക്ഷിച്ചു…

 ’മാഡം പൂനത്തിനെ ഡാൻസ് ടീമിൽ ചേർക്കണം. അവളുടെ അവസാനത്തെ ആഗ്രഹം സാധിച്ചു കൊടുക്കണ’

ഞാൻ അന്തം വിട്ടു നിന്നു പോയി…  പിന്നീടവർ പറഞ്ഞതൊന്നും ഞാൻ കേൾക്കുകയയിരുന്നില്ല…  മനസ്സിൽ വന്നു നിറയുകയായിരുന്നു…

’പൂനത്തിന് രക്താർബ്ബുദമാണ്. നാലു മാസങ്ങളായി തിരിച്ചറിഞ്ഞിട്ട്… ഇനി അവൾക്ക് എണ്ണപ്പെട്ട ദിവസങ്ങളേയുള്ളൂ ജീവിക്കാൻ…’

ഇപ്പോൾ പൊട്ടിക്കരഞ്ഞത് ഞാനായിരുന്നു…. അടക്കാനായില്ല ആ സങ്കടം…

പക്ഷേ, കുട്ടിക്ക് രോഗം മൂർച്ഛിച്ച ഈ നിലയിൽ അവളെ ദേഹമാസകലം കുലുങ്ങിച്ചെയ്യുന്ന നർത്തനച്ചുവടുകൾ എങ്ങനെ അഭ്യസിപ്പിക്കും… അവൾ എങ്ങനെ പരിശീലിക്കും…അവള്ക്കതിനുള്ള  ശാരീരികമായ കരുത്തുണ്ടോ... എന്റെ മുമ്പിൽ വലിയ ഒരു ഭീകരരൂപിയായി വന്ന് ആ ചോദ്യം… അതിനിടെ കുട്ടിയ്ക്കെന്തെങ്കിലും സംഭവിച്ചാൽ… ജീവിതകാലം മുഴുവൻ എനിക്ക് മനസ്താപം കൊണ്ട് നടക്കേണ്ടതായി വരില്ലേ… എന്നാൽ പൂനം ഡാൻസ് ചെയ്യണമെന്ന് ശാഠ്യം പിടിച്ച് കൊണ്ടേയിരുന്നു. പ്രിൻസിപ്പൽ മാതാപിതാക്കളിൽ നിന്നും സമ്മതപത്രം എഴുതി വാങ്ങിച്ചു… എന്നിട്ടും, അവൾക്കറിയില്ലെന്നോ അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണം കണ്ടെത്തിയോ ഒഴിവാക്കണമെന്നും അദ്ദേഹം എന്നോട് നിർദ്ദേശിച്ചു… എന്നാൽ...

പൂനത്തിന്റെ കെഞ്ചുന്ന നിറമിഴികൾ…  അവസാനത്തെ ആഗ്രഹം നടക്കാതെ വന്നാൽ അവൾ സ്വന്തം പ്രാണനോടൊപ്പം ചിതയിലേക്ക് കെട്ടിയെടുത്തേയ്ക്കാവുന്ന മോഹഭംഗം

അവൾ അന്നെന്നെ കെട്ടിപ്പിടിച്ച് യാചിച്ചു.

’പ്ലീസ് മാഡം… എന്നെയും ഡാൻസ് ചെയ്യാനനുവദിക്കൂ..ഞാൻ ഒരു ബുദ്ധിമുട്ടും ഉണ്ടാക്കില്ല.’

ഉറക്കമില്ലാതെ രണ്ടു ദിനരാത്രങ്ങൾ ഞാൻ പല വിധേന തിരിച്ചും മറിച്ചും ചിന്തിച്ചു…  അല്ല,ചിന്തിച്ചുറപ്പിച്ചു ! അവളെ ഏറ്റെടുത്തു. പ്രാക്റ്റീസ് സമയങ്ങളിൽ അവൾ നോക്കിക്കൊണ്ടിരിക്കും, മത്സരത്തിൻ പോകും മുമ്പ് ആകെ രണ്ട് തവണ മാത്രം അവളെ കൂട്ടത്തിൽ ചേർത്തി കളിപ്പിച്ചു. അതും വളരെ മയത്തിൽ… എന്നിട്ടും മറ്റുള്ളവരേക്കാൾ മികവോടെ അവൾ ചുവടുകൾ വച്ചു !

മുംബെയിൽ പവായ് ഐ ഐ ടി കെ വിയിൽ വച്ചായിരുന്നു, ആ കൊല്ലം പരിപാടികൾ നടന്നത്.നാസിക്കിൽ നിന്നും ട്രൈയിനിൽ നാലര മണിക്കൂർ യാത്ര… കല്യാണിലിറങ്ങി കഞ്ചൂർമാർഗ്ഗ് വഴി വീണ്ടും യാത്ര… ടാക്സി തന്നെയെടുത്തു, പൂനത്തിന് വേണ്ടി … എന്റെ കൂടെ വേറെയും രണ്ട് അദ്ധ്യാപകരെ മുംബെയിലേക്ക് വിട്ടിരുന്നതിനാൽ അവർ മറ്റുള്ള  കുട്ടികളുടെ കാര്യങ്ങൾ നോക്കുന്നുണ്ടായിരുന്നു.. പൂനത്തിനെ മാത്രം ഞാൻ ശ്രദ്ധിച്ചു. അവളെ എന്റെ കൈ പിടിച്ചു മാത്രം നടത്തി, എപ്പോഴും കൂടെ തന്നെ ചേർത്ത് പിടിച്ച് , ഊട്ടി… ഉറക്കി , മരുന്നുകൾ സമയാസമയം കൊടുത്ത് രണ്ട് ദിനങ്ങൾ… രോഗിയായ ആ കുട്ടി സ്വന്തം അമ്മയിൽ നിന്നെന്ന പോലെ എന്റെ സ്നേഹം ഏറ്റു വാങ്ങി. പെൺകുട്ടികളില്ലാത്ത എനിക്ക് അതിന്റെ സങ്കടം മാറിക്കിട്ടിയ പോലെ തോന്നിപ്പിച്ച് പൂനം എന്നെ ഒരു മകളുടെ അമ്മയാക്കി.

സ്റ്റേജിൽ നൃത്തം അരങ്ങേറുമ്പോൾ എന്റെ ഹൃദയത്തിൽ പെരുമ്പറ മുഴക്കമോ തകിലിടിയോ…എന്തൊക്കെയോ ആയിരുന്നു…മുഴുവൻ സമയവും നോട്ടം ആ കുഞ്ഞിന്റെ മുഖത്തും ചുവടുകളിലും തങ്ങി നിന്നു.ഡാൻസ് കഴിഞ്ഞതും കർട്ടൻ വീഴും മുമ്പേ ഞാനോടിച്ചെന്ന് അവളെ താങ്ങി…അപ്പോൾ

“നൊ പ്രോബ്ലം മാഡം… പ്ലീസ് ഡോണ്ട് വറി…” എന്ന് അവൾ പിറുപിറുത്തു കൊണ്ടേയിരുന്നു.എന്നിട്ടും ഞാൻ ഉടനെ അവളെ ഗ്ലൂക്കോസ് ചേർത്ത നാരങ്ങാനീരു കുടിപ്പിച്ചു ഒരിടത്തിരുത്തി.പലരും ഞങ്ങളെ ശ്രദ്ധിക്കുന്ന കാര്യം ഞാൻ അറിയുന്നേയില്ലായിരുന്നു. ഞങ്ങളുടെ ടീം നല്ല പ്രദർശനം കാഴ്ച്ച വച്ചു !  മുംബൈ റീജിയണിലെ  അസ്സിസ്റ്റന്റ് കമ്മീഷണർ ഡാൻസിനെ പുകഴ്ത്തിപ്പറഞ്ഞു.. 54 സ്ക്കൂളുകൾ പങ്കെടുത്തതിൽ രണ്ടാം സ്ഥാനത്തെത്തി എന്റെ കുട്ടികൾ എന്ന ഫല പ്രഖ്യാപനം…! എന്റെ അരുമക്കുട്ടി തുള്ളിച്ചാടാനാകാതെ എന്നെ കെട്ടിപ്പിടിച്ച് നിന്നു.ഷീൽഡ് വാങ്ങാൻ ടീമിനെ വിളിച്ചതും ഞാൻ പൂനത്തെ കൂടെ നടത്തിച്ച് അവളെക്കൊണ്ട് തന്നെ ആ പുരസ്ക്കാരം ഏറ്റു വാങ്ങിപ്പിച്ചു… ആ നിറ കണ്ണുകളിലെ സന്തോഷം ഇന്നും എന്റെ മനസ്സിൽ തിളങ്ങിത്തുടിച്ചും കൊണ്ട് ഒരു നൊമ്പരമായി കിടക്കുന്നു…

ഞങ്ങൾ ഒരു പ്രതിബന്ധങ്ങളുമില്ലാതെ തിരിച്ചെത്തി. ക്ഷീണിതയെങ്കിലും ഉന്മേഷവതിയായിരുന്നു, പൂനം.

ഒരാഴ്ച … അത്രയ്ക്കേ ബാക്കി വച്ചിട്ടുണ്ടായിരുന്നുള്ളൂ ആ കുരുന്നിന് ജീവിതം... വെള്ള പുതപ്പിച്ചു കിടത്തിയ  നിർജ്ജീവ ശരീരത്തിലേക്ക് എന്റെ കണ്ണീർപ്പുഴയൊഴുകിയത് തടയാൻ ആർക്കുമാവില്ലായിരുന്നു… അവളുടെ ശാന്തമായ അവസാനത്തെ പുഞ്ചിരി എന്നെ ഏറെ നൊമ്പരപ്പെടുത്തി...

പൂനത്തിന്റെ അമ്മയും അച്ഛനും എന്റെ മുമ്പിൽ വന്നു നിന്ന് അന്ന് കൈകൾ കൂപ്പി… മകളുടെ അന്ത്യാഭിലാഷം നിറവേറ്റിയ ഏതോ ഒരു വലിയ ആളാണെന്നൊക്കെ അവർ പറയുമ്പോഴും അതൊന്നുമുൾക്കൊള്ളാൻ ഞാൻ തയ്യാറായില്ല… മനസ്സ് നൊന്തു നീറി…  പത്തു നാളുകൾ കൂടി അവൾ   ജീവിച്ചേനെ, എനിക്കൊപ്പമുള്ള ഡാൻസ് റിസ്ക്ക് ഇല്ലായിരുന്നെങ്കിൽ…എന്നൊക്കെ സങ്കല്പ്പിച്ച്..

അറിയില്ല, ഒരു  തീക്ഷ്ണമായ  കുറ്റബോധം കുറെ നാളുകൾ എന്റെ രാത്രിയുറക്കങ്ങൾ കെടുത്തി…

എന്റെ ഓർമ്മപ്പാച്ചിലുകൾ ഇപ്പോൾ നൊവുപ്പടിഞ്ഞ കോളിളക്കങ്ങളോടെ കദനക്കടലാകുന്നു…

വിതുമ്പലിൽ ചങ്കുടക്കിക്കൊണ്ട് ഞാനിത് അവസാനിപ്പിക്കുന്നു.

 

Share :