Archives / july2019

സംഗീത കുളത്തൂർ. Mobile : 9645447892
സഹീറുദ്ദീന്റെ ചാണ

മുറിച്ചിരിയുമായി

കത്തിയൂട്ടുന്ന

സഹീറുദ്ദീൻ ഷാ

തുരുമ്പിച്ച ചാണയുടെ 

നിഴലിനെ വെയിലിൽ തിരിച്ചു കിടത്തി

പടികടന്നെത്തുമ്പോൾ, 

വായ്ത്തല മടങ്ങിയ ഒരുപാടു സമസ്യകൾ

ഞാൻ മുന്നിൽ നിരത്തിയിരിക്കും

 

മിടിക്കുന്ന ഹൃദയത്തോടൊപ്പം  മഞ്ഞച്ച കടുകുപാടങ്ങളും

തവിട്ടു ഗോതമ്പു വയലുകളും  കടന്നെത്തുന്ന കാറ്റിനെ 

ഉള്ളിൽ നിറച്ച് വെക്കും.

 

അവൻ നിന്റെ ബഹുസ്വരത തകർക്കാനെത്തിയെന്ന്

വയലറ്റ് നിറമാർന്ന ചൂണ്ടുവിരലുയർത്തി നീ നിസംഗതപ്പെടുമ്പോൾ, 

നിന്റെ കണ്ണുകളിൽ

കേസരക്കൊടിനാട്ടുന്ന ഭയമുൾക്കൊണ്ട് 

എന്റെ വായ്ത്തല എന്നേക്കുമായി മടങ്ങിയ ആയുധങ്ങൾ

എന്തിനിനി മൂർച്ചയെന്ന് നിലവിളിക്കുന്നുണ്ടെന്ന് നമ്മുടെ ചോരയുടെ നാനാത്വം നിന്നോട് പറഞ്ഞില്ലെന്നോ ....

 

നിന്റെ മുറിച്ചിരിയിലും

കീശയിലെ

മുഷിഞ്ഞ നോട്ടുകളിലും

കൊടി നിറത്തിനു പകരം

ഉടുപ്പെന്നും മിഠായിയെന്നും കൊതിച്ച എല്ലാ ദാഹങ്ങളും

മുഴുവനാക്കാത്ത കവിത പോലെ

വെള്ളം കുടിച്ച് ചീർത്ത്

ചത്ത് മലയ്ക്കുന്നത്

എന്റെ കൂടി അറിവോടെയാണ്

 

ഓരോ മൂർച്ചപ്പെടുത്തലുകളും 

മരിച്ച മനുഷ്യന്റെ കൃഷ്ണമണി പോലെ നിന്നെയും നിന്റെ സ്വപ്നങ്ങളെയും നരച്ചതാക്കുമ്പോൾ ..

പ്രിയ സഹീറുദ്ദീൻ

ഞാൻ

മാപ്പു ചോദിക്കുന്നു

എന്റെ രാജ്യത്തിന്റെ പേരിൽ.

 

 

 

Share :