പോസ്റ്റ്മാന്റെ കത്ത്
കറുത്ത ചായമടിച്ച്, അങ്ങിങ്ങ് പൊള്ളിയടർന്ന തുരുമ്പിച്ച ഗെയ്റ്റിലും പായൽ പിടിച്ച വെട്ടുകല്ലിന്റെ പടിക്കാലുകളിലും താഴോട്ടിറങ്ങുന്ന പടികളിലും മരണത്തിന്റെ തണുത്ത മണം പടർന്നു നിന്നിരുന്നു.
നിറം കെട്ട വീടിന്റെ മങ്ങി നരച്ച ചുവരുകൾ പൊടുന്നനെ വിധവയാക്കപ്പെട്ടവളുടെ മുഖം പോലെ മരവിച്ചു നിന്നു.
സച്ചു, രണ്ടു നാളുകൾ വിരുന്നു വന്ന കുട്ടികളുമൊത്ത് കുറേ കളിച്ചു, ഇന്ന് അവർ പിരിഞ്ഞു പോയ വിഷമത്തിൽ കളിപ്പാട്ടങ്ങളും എടുത്ത് വച്ച് ഹാളിന്റെ ഒരു മൂലയ്ക്കിരുന്നു.
വീട്ടിലെ കാരണവൻമാരും ബന്ധുക്കളും ഇടയ്ക്ക് അവളെ അനുതാപ പൂർവ്വം നോക്കുന്നതെന്തിനെന്ന് അവൾക്ക് മനസ്സിലായില്ല.. ചിലർ തലോടുകയും ചേർത്തു നിർത്തുകയും ചെയ്യുന്നുണ്ടായിരുന്നു.
അമ്മ, മുറിയിൽ നിന്നും പുറത്ത് വരുന്നില്ല... സച്ചുവിന് ആ ഇരുട്ടുള്ള മുറി തീരെ ഇഷ്ടമല്ല.
അച്ഛയുടെ കൂടെ ആനകളിക്കുമ്പോൾ ആ വലിയ വീട്ടിൽ എവിടെ വേണമെങ്കിലും പോകാമായിരുന്നു. ഒട്ടും പേടി തോന്നാറില്ല.
എപ്പോഴും എനിക്ക് വേണ്ടിയുണ്ടാക്കിയ കടലാസുതോണി നനഞ്ഞു കൊണ്ട് തുഴയാറുണ്ടായിരുന്ന അച്ഛയ്ക്ക്, ഇപ്പോൾ വയ്യ തണുക്കുന്നു എന്ന് അച്ഛച്ചൻ പറഞ്ഞു. ഞാനും അമ്മയും കൂടി പുതച്ചു കൊടുത്തു. എല്ലാരും കരയുന്നുണ്ടായിരുന്നു. പിന്നെ ചെറിയച്ഛനും മാമൻമാരും കൂടെ ഏതോ വലിയ ഡോക്ടർടെ അടുത്തേയ്ക്ക് കൊണ്ടുപോയി. അച്ഛ വന്നാൽ ഇനി എവിടെയും വിടരുത്...
ഒരു ദിവസം, സച്ചുവിനെ നഴ്സറിയിൽ ഇനി ചെറിയച്ഛൻ കൊണ്ടാക്കും കുറച്ച് ദിവസം കഴിഞ്ഞ് വന്ന് നല്ല കഥ പറഞ്ഞ് തരാന്ന് പറഞ്ഞ് പറ്റിച്ച് പോയതാ.. സച്ചു ഉറങ്ങിപ്പോയി അന്ന്. പിന്നെ വന്നപ്പോൾ സച്ചു വിളിച്ചിട്ട് അച്ഛ മിണ്ടിയില്ല. അച്ഛമ്മ പറഞ്ഞു വാവു വന്നിട്ടാണ് എന്ന്...
സച്ചുവിന് അച്ഛന്റെ കണ്ണട എടുത്ത് വച്ച് ഒളിഞ്ഞിരിക്കാൻ ഇഷ്ടമാണ്... കണ്ടെത്തിയാലും അച്ഛ വീണ്ടും തിരയും... കാണാനില്ലല്ലോ എന്റെ കുട്ടിയെ... സച്ചൂ... മോളൂ... എന്ന് വിളിച്ച് നടക്കും.
കണ്ടെത്തിയാൽ അവർക്കിരുവർക്കും ഒരുപോലെ ഉള്ള മൂക്കിന്റെ വലതുവശത്തെ കാക്കപ്പുള്ളിയിൽ തൊട്ടു നോക്കും.
p>ഇന്ന് ആ വീട് ഉണർന്നിരിക്കുന്നു എന്ന തെളിവായി ഇടയ്ക്കിടെ സച്ചു കീ കൊടുത്തുകൊണ്ടിരുന്നതിനാൽ മാത്രം കൈ കൊട്ടുന്ന ഒരു കുരങ്ങ് ശബ്ദിച്ചുകൊണ്ടിരുന്നു. അച്ഛൻ ഏതോ യാത്ര കഴിഞ്ഞ് വരുമ്പോൾ കൊണ്ടുവന്നതാണ്.ഗെയ്റ്റിനെ കരയിച്ചു കൊണ്ട് ഒരാൾ വീട്ടിലേക്ക് ഇറങ്ങി വന്നു. പുതിയ പോസ്റ്റുമാനാണ്... താൽക്കാലിക ജീവനക്കാരൻ. അയാൾ വീട്ടുപേര് ഒന്നുകൂടി വായിച്ചുറപ്പിച്ചു... അമ്പഴക്കാട്ടിൽ വീട് അതെ... ഇതു തന്നെ.
ഇവിടെ സന്ധ്യ ആരാണ്...? ഒരു രജിസ്റ്റേർഡ് ഉണ്ട്.
p>അലസമായി വാരിച്ചുറ്റിയ സാരി പിടിച്ചുകൊണ്ട് ഇരുണ്ട മുറിയിൽ നിന്ന് സന്ധ്യ പുറത്ത് വന്നു.ഒപ്പിട്ടു വാങ്ങിയ കവർ റൂമിനകത്ത് കയറിയാണ് പൊട്ടിച്ചത്.
ഒരിക്കൽ ഞാൻ ആത്മാർത്ഥമായി സ്നേഹിച്ചിരുന്ന സന്ധ്യയ്ക്ക്...
നേരത്തേ പലവട്ടം എഴുതണമെന്ന് കരുതിയതാണ്... ആവശ്യമില്ലാതെ നീട്ടിവച്ചു... പലപ്പോഴും നേരിയ പ്രതീക്ഷകൊണ്ടും...
പലതും പറയാൻ വന്നപ്പോഴും നീ കേൾക്കാൻ കൂട്ടാക്കിയില്ല. നിനക്ക് പറയാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എഴുതുന്നത് വായിക്കാൻ ഇപ്പോൾ സമയം ലഭിക്കുമെന്ന് ആശിക്കട്ടെ.
നമ്മൾ പരസ്പരം സംസാരിച്ചിട്ട് മാസങ്ങളായി.. ഒരു മുറിയിലെ രണ്ട് അപരിചിതരായ വ്യക്തികളായി കഴിയുമ്പോൾ സരസ്വതി അവളുടെ നിഷ്കളങ്കമായ ചിരിയാൽ നമുക്കിടയിൽ പ്രകാശിച്ചു കൊണ്ടിരിക്കുകയായിരുന്നു.
അവളുടെ കാര്യം പറഞ്ഞപ്പോഴാണ്, അവൾ ഗ്ലാസ് എടുത്ത് നിലത്തെറിഞ്ഞ് ശബ്ദം കണ്ണടച്ച് കേൾക്കും, വീണിടത്ത് അത് കറങ്ങിത്തിരിയുന്നത് കൈകൊട്ടിച്ചിരിച്ചു കൊണ്ട് നോക്കും. അവളെ അതിന് ചീത്ത പറയരുത്. ദൈവവും കുട്ടികളും ഒരുപോലെയാണ്.
അവൾക്ക് സന്തോഷമുണ്ടാവുന്ന എന്തെങ്കിലും ബാക്കി നിൽക്കട്ടെ.
p>നമ്മുടെ പ്രണയവും വിവാഹവും ഇരു കുടുംബങ്ങളുടെ എതിർപ്പും ഒത്തുതീർപ്പു സംഭാഷണങ്ങളും തീർന്ന്, നിന്റെ കണ്ണീരു തുടച്ച രാത്രി, എനിക്ക് ഒരു വാക്ക് തന്നിരുന്നു... ഒരിക്കലും ഒരു കാര്യത്തിനും വാശി പിടിക്കില്ലെന്നും, ഈ വീട്ടിൽ വേലക്കാരിയുടെ സ്ഥാനമാണെങ്കിലും എന്നോടൊത്ത് കഴിഞ്ഞാൽ മാത്രം മതി എന്നും.നിന്നെ സന്തോഷിപ്പിക്കാനായി മാത്രമുള്ള ദിവസങ്ങളായിരുന്നു അന്നു മുതൽ. കുടുംബത്തിൽ ചിലവിന് കൊടുക്കാത്ത എനിക്ക് അമ്മയിൽ നിന്നു പരിഗണന കിട്ടാതിരുന്നതും, ഉള്ള ജോലി നഷ്ടമായപ്പോൾ, അധികാരത്തിലിരുന്നിരുന്ന അച്ഛൻ ഒരു വാക്ക് പോലും എനിക്ക് വേണ്ടി സംസാരിക്കാതിരുന്നപ്പോഴും, നിനക്കു വേണ്ടിയെങ്കിലും ജീവിക്കണമെന്നതിനാലാണ് കടം വാങ്ങി കച്ചവടം തുടങ്ങിയതും ബാദ്ധ്യതകളിൽ ചെന്ന് ചാടിയതും.
നിന്റെ ആവശ്യങ്ങൾ കൂടുകയും വരുമാനം കുറയുകയും ചെയ്തുകൊണ്ടിരുന്നപ്പോഴും എന്നെ കേൾക്കാനോ ആശ്വസിപ്പിക്കാനോ നിൽക്കാതെ കുറ്റപ്പെടുത്താൻ മാത്രമേ നീ ശ്രമിച്ചുള്ളൂ.
p>വീട്ടിലേയ്ക്ക് വന്നുകയറുമ്പോൾ അമ്മയ്ക്കും നിനക്കും തമ്മിലുള്ള പ്രശ്നങ്ങൾ എന്നെ എല്ലാവരിൽ നിന്നും ഒറ്റപ്പെടുത്തി.കുറ്റപ്പെടുത്തുകയല്ല... വെറുതെ പറയുന്നു എന്നുമാത്രം...
ഇനി പറയാൻ ഒരു അവസരം കിട്ടിയില്ലെങ്കിലോ...
അവസാനം കച്ചിത്തുരുമ്പായി ലഭിച്ച ഈ പോസ്റ്റ്മാൻ ജോലിയിൽ ഞാൻ സംതൃപ്തനായിരുന്നു...
എന്നാൽ ചുരുങ്ങാനാവാത്ത വിധം വളർന്ന നീ അസംതൃപ്തയും.
കടം തീർക്കാനായി മാത്രം കാത്തിരുന്നതാണ് ഞാൻ...
ഒരിക്കൽ നമ്മൾ പ്രണയിച്ചിരുന്നു, ഒരുമിച്ച് സ്വപ്നങ്ങൾ കണ്ടിരുന്നു എന്നതിന്റെ അടയാളമാണ് നമ്മുടെ സച്ചു...
അവളെ നോക്കണം.
നിനക്കായി നീക്കിവയ്ക്കാൻ സമ്പാദ്യമൊന്നുമില്ല ഈ ജോലിയല്ലാതെ.
ഈ കത്ത് നിനക്ക് ലഭിക്കുക എന്റെ മരണശേഷമായിരിക്കും.
നീ കഴിക്കും എന്ന് പറയാറുള്ള ഉറക്ക ഗുളികകൾ ഞാൻ എടുത്തിട്ടുണ്ട്. അവിടെ തിരയണ്ട.
ഒരു പക്ഷെ അത് ഫലിച്ചില്ലെങ്കിലോ എന്നു കരുതി ഞാൻ കുരുക്കുന്ന ഈ കയറിന്റെ മറ്റേ അറ്റത്ത് ഭഗവാൻ ചിരിക്കുന്നുണ്ടാവും. ആത്മഹത്യയെ പരിഹസിച്ചിരുന്ന, അത് ചെയ്യുന്നവരെ ഭീരുവെന്ന് വിളിച്ചിരുന്ന ഒരുവൻ ഇതാ മരിക്കുന്നു എന്ന് കണ്ട് പുച്ഛിക്കുന്നുണ്ടാവും.
ആളുകൾ സമാധാനം തേടി വരാറുള്ള ഈ പുണ്യസ്ഥലത്തും എനിക്ക് ആശ്വാസം കണ്ടെത്താനായില്ല...
ഇവിടെ ഈ ഹോട്ടൽ മുറിയിലും ഞാൻ ഒറ്റയ്ക്ക്....
എന്റെ മരണം സംഭവിച്ച് എത്ര നാൾ കഴിഞ്ഞ് ഈ ശരീരം അവിടെ എത്തുമെന്നറിയില്ല.. എന്റെ മകളെ ഇനി കാണാൻ കഴിയില്ല എന്നതിൽ മാത്രം സങ്കടം ബാക്കിയാക്കി, ഞാൻ മനസ്സിലാക്കപ്പെടലുകളുടെ ലോകത്തിലേയ്ക്കു പോകുന്നു.
നിനക്കും എന്റെ അമ്മയ്ക്കും സമാധാനം നൽകാൻ ഇതിനാൽ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
നിനക്ക് നല്ലത് വരട്ടെ
പോസ്റ്റ്മാൻ ഗോപൻ.
അവളുടെ കയ്യിൽ നിന്ന് ഉതിർന്നു വീണ കത്ത് പിന്നീടെപ്പോഴോ സച്ചു തോണിയാക്കി ഇറ വെള്ളത്തിൽ ഒഴുക്കി...
കത്തിലെ നീല മഷി, വെളുത്ത ചുമരിന്റെ അരികു കോലായിൽ നെയ്തു ചേർത്ത കര പോലെ പറ്റിപ്പിടിച്ചിരുന്നു.