പോറ്റമ്മ
നിങ്ങൾ പറയുന്ന പാറു അമ്മ എന്നയാൾ ഇവിടെയുണ്ട്
പക്ഷേ അവരുടെ മകനാണ് ഇയാളെന്ന് പറഞ്ഞതുകൊണ്ടാണ് ഒരു സംശയം .
എന്താ പേര് പറഞ്ഞത് അമീനെന്നല്ലേ.
വൃദ്ധസദനത്തിലെ ചുമതലയിലുള്ള സിസ്റ്റർ ആശ്ചര്യത്തോടെയാണ് വീണ്ടുമത് ചോദിച്ചത്.
മോൻ അമീൻ കാണാൻ വന്നിരിക്കുന്നു എന്നു പറഞ്ഞാൽ മതി ബാക്കിയൊക്കെ അവരുമായി നേരിൽ സംസാരിക്കുമ്പോൾ മനസ്സിലാക്കാമല്ലോ സിസ്റ്ററേ...
തനിക്ക് അഭിമുഖമായി ഇരിക്കുന്ന സിസ്റ്ററോടായി വിനയത്തോടെ അവൻ സൂചിപ്പിച്ചു.
പ്രായം തളർത്തിയ ശാരീരിക അവശതകളെ ഗൗനിക്കാതെ പൂർണ്ണചന്ദ്രനുധിച്ച മുഖവും കൂമ്പിനിറഞ്ഞ നയനങ്ങളുമായിഓടിവന്നു എന്നു പറയുന്നതാവും ശരി അത്ര വേഗതയിലായിരുന്നു ആ വരവ്.
അടുത്തെത്തിയതോടെ മോനേ എന്ന വിളിയോടെ പരിസരം മറന്നവർ അവന്റെ മാറിലേക്ക് വീണ് മുഖമമർത്തി പൊട്ടിക്കരഞ്ഞു.
അവരെ ആശ്വസിപ്പിക്കുവാൻ വാക്കുകളില്ലാതെ അവൻ നിശബ്ദനായി നിന്നു.
വലതുകൈകൊണ്ട് പുണർന്നും ഇടതുകൈകൊണ്ട് തലോടിയും അവരെ അവൻ ആശ്വസിപ്പികാൻ ശ്രമിക്കുമ്പോഴും
ലോകം കീഴടക്കിയവനേ പോലെ സന്തോഷത്താൽ വികാര ഭരിതനായി.
സിസ്റ്റർ ഇത് കണ്ടില്ലേ എന്റെഅമ്മയാണെന്നതിന് ഇതിൽ കൂടുതൽ തെളിവു വല്ലതും വേണോ.
ഇവരുടെ രണ്ടു മക്കളുടെ കൊച്ചനുജനായാണ് അയൽവാസിയായ ഞാനും വളർന്നത്.
ഒരു അമ്മയും മോനും തമ്മിലുള്ള എല്ലാ കടപ്പാടും എനിക്ക് ഇവരിലുണ്ട്
ഞാൻ അമ്മയെ കൊണ്ടുപോകാൻ വന്നതാ
എന്നെ ഊട്ടിയതിനു പകരം ഊട്ടാനായല്ല എനിക്ക് അമ്മയായി എന്റെമക്കളുടെ മുത്തശ്ശിയായി.
മോൻ എന്താ ഇത്ര ആലോചിക്കുന്നത് .
യാത്രയിലെ നിശബ്ദതയെ വേദനിച്ചുകൊണ്ട് വാത്സല്യം നിറഞ്ഞതായിരുന്നു ആ ചോദ്യം.
അതല്ലമ്മേ ഞാൻ ചിന്തിക്കുകയായിരുന്നു ഇത്ര പെട്ടെന്ന് നടപടിക്രമങ്ങൾ കഴിഞ്ഞു അമ്മയെ എനിക്ക് കിട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
അമ്മയുടെ ആഗ്രഹവും എന്റെ ആവശ്യപ്പെടലും സിസ്റ്റർക്ക് മറുത്തൊന്നും ചിന്തിക്കേണ്ടി വന്നില്ല.
അമ്മയുടെ പൂർണ സുരക്ഷ അതാണ് അവരുടെയും സ്ഥാപനത്തിന്റെയും ലക്ഷ്യം.
എന്നിലത് ഭദ്രമാണെന്നു ആശങ്കക് വകയില്ലാത്ത രീതിയിൽ അവർക്ക് ബോധ്യമായിക്കാണും അതുകൊണ്ടാവും.
വേണു വീട് വെച്ച് എറണാകുളത്തേക്ക് മാറി അവർ രണ്ടുപേരും അവിടെ ജോലിക്കാരല്ലേ
സമയക്കുറവു കാരണം മക്കളെപ്പോലും ഹോസ്റ്റലിലാക്കിയാണ് പഠിപ്പിക്കുന്നത്. പിന്നെയെങ്ങനെ അവർ അമ്മയെ നോക്കും.
ഗിരീഷ് അവൻ ഉള്ളതും ഇല്ലാത്തതും കണക്കാ എന്നിരുന്നാലും ഭാര്യയുടെ നാട്ടിൽ വീട് വെച്ച് ഒരു ചെറിയ ഒരു ജോലിയും അവിടെ അവന് ശരിയായി അതോടെഅങ്ങോട്ട് പോയി
ഈ എക്സ്പെയറായ എന്നെ ആർക്കുവേണം
അവർക്ക് ബുദ്ധിമുട്ട് ആയിട്ടാണോ സ്നേഹക്കൂടുതൽ കൊണ്ടാണോ എന്നറിയില്ല
വേണു വിളിച്ചു പറഞ്ഞു എന്നും പറഞ്ഞു ആരൊക്കെയോ വന്നെന്നെ വൃദ്ധസദനത്തിൽ കൊണ്ടാക്കി.
ഈ പ്രാവശ്യം വീട് പണിയുടെ ബാധ്യത തീർത്തേ മടങ്ങൂ എന്നു ശപഥം ചെയ്തായിരുന്നല്ലോ ഞാൻ പോയിരുന്നത് വർഷം മൂന്നായി ഒന്ന് രക്ഷപ്പെടാൻ.
എത്തിയപാടെ അമ്മയെ അന്വേഷിച്ചു പുറപ്പെട്ടു പക്ഷേ ആർക്കും വ്യക്തമായ ഉത്തരം നൽകുവാൻ കഴിഞ്ഞില്ല
കാടുപിടിച്ച് കിടക്കുന്ന മുറ്റവും പറമ്പും കണ്ടു തെല്ലൊന്നുമല്ല ഞാൻ വിഷമിച്ചത്.
അമ്മയെ കണ്ടെത്തിയേ അടങ്ങൂ എന്ന വാശിയാണ് കാര്യങ്ങൾ എളുപ്പമാക്കിയത്.
മക്കൾക്ക് കഥ പറഞ്ഞു കൊടുക്കാൻ മുത്തശ്ശിയുമായിയേ ഞാൻ മടങ്ങിയെത്തു എന്ന് പറഞ്ഞു മക്കളെ സമാധാനിപ്പിച്ചാണ് ഇന്ന് ഞാൻ വീട്ടിൽ നിന്നും ഇറങ്ങിയത്.
അവർ അമ്മയേയും കാത്തിരിക്കുകയാണ്.
അമ്മ തന്ന കാശാണ് എന്നെ ഞാനാക്കിയത്
എന്റെ എല്ലാ സൗഭാഗ്യത്തിനും അമ്മയുടെ ത്യാഗത്തിന്റെ സ്നേഹത്തിന്റെ സ്പർശമുണ്ട്.
അത് ഒരിക്കലും എനിക്ക് മറക്കാൻ കഴിയില്ല
അന്ന് അമ്മ കാശ് തന്നില്ലായിരുന്നെങ്കിൽ ഇന്നും ഞാൻ ഒരു ഓട്ടോക്കാരനായി ജീവിതം മുചക്രത്തിൽ തള്ളി നീക്കേണ്ടി വന്നേനേ.
ഇതു കേട്ട പാറു അമ്മ എന്തോ മനസ്സിലുദിച്ച പോലെ ഒന്നു ദീർഘശ്വാസമെടുത്തു കൊണ്ട് പറഞ്ഞു .
മക്കൾക്ക് ഉന്നതവിദ്യാഭ്യാസം കൊടുക്കുമ്പോൾ അതോടൊപ്പം രക്ഷിതാക്കൾ വൃദ്ധസദനവും നേരത്തെ കണ്ടെത്തുന്നത് നന്നാവുമെന്ന് ജീവിതാനുഭവം എന്നെ പഠിപ്പിച്ചു മോനേ.
ഇല്ലമ്മേ അമ്മ ഇനി അതൊന്നും ഓർത്ത് വിഷമിക്കരുത് ഞങ്ങളുടെ ഉമ്മയാണ് ഇനി അമ്മ.
ഈ വീടിന്റെ നാഥനായി, വിളക്കായി അമ്മയെന്നും ഞങ്ങളുടെ കൂടെ വേണം . ഇനി വേണ്യാട്ടനോ ഗിരീഷോ അമ്മയെ തേടി വന്നാലും അവർക്ക് ടീച്ചറമ്മയെ ഞങ്ങൾ വിട്ടുകൊടുക്കില്ല.
ആ സ്നേഹ വാക്കുകൾക്ക് വൃദ്ധയായ പാറു അമ്മയിൽ ഉത്തരമില്ലായിരുന്നു നിറഞ്ഞ മിഴികളല്ലാതെ.
അരയിലൂടെ കോർത്തു പിടിച്ചു തന്നിലേക്ക് ചേർന്നുനിൽക്കുന്ന മക്കളെ തലോടിക്കൊണ്ട് മാതൃസ്നേഹം ചെറുമക്കളുടെ സ്നേഹത്തെ ആസ്വദിക്കുകയായിരുന്നു അപ്പോഴും
ഇതു കണ്ടോ അമ്മേ വീട്ടിലെ പ്രാർത്ഥന മുറിയാണ് .ഇനി ഇത് അമ്മക്കാണ് ഞങ്ങൾ മുകളിലെ റൂമിലേക്ക് മാറിക്കോളാം.
ഈ റൂമ് കണ്ടോ ഇത് അമ്മയ്ക്കും മക്കൾക്കും ഉള്ളതാ ഞാൻ ഇങ്ങോട്ട് വിളിച്ചു പറഞ്ഞതു കൊണ്ട് ഇവർ ഇതെല്ലാം ശരിയാക്കി വെച്ചതാ..
ഒരുകണക്കിന് ഇന്നിവർ ഭാഗ്യവാന്മാരാണ് സ്വന്തം ചെറു മക്കൾക്ക് കിട്ടാതെ പോയ സ്നേഹം എന്റെ മക്കൾക്ക് കിട്ടുമല്ലോ..
അമീൻ അമ്മയെ വീടുമുഴുവൻ നടന്നു കാണിച്ചു.
കോളിംഗ് ബെൽ കേട്ടാണ് സുനിയ വാതിൽ തുറന്നതത് അപരിചിതനെ കണ്ട് തെല്ലൊന്ന് ഭയന്നെങ്കിലും അത് പുറത്തുകാണിക്കാതെ അവൾ ചോദിച്ചു .
എന്താ സാറേ......
ബിസ്മില്ലാ മൻസിൽ ഇത് അമീൻ എന്ന ആളുടെ വീടല്ലേ...
അതെ... അദ്ദേഹം ഇപ്പോ ഇങ്ങെത്തും അമ്മയെ കൂട്ടി അമ്പലം വരെ പോയതാണ്.
ഞാൻ സിറ്റിയിലെ സ്റ്റേഷനിൽനിന്നാണ് പാർവ്വതി ടീച്ചറുടെ മോൻ അമീനെതിരെ ഒരു പരാതി നൽകിയിട്ടുണ്ട് അത് അറിയിക്കാൻ വന്നതാ.അവരൊന്ന് സ്റ്റേഷൻ വരെ വരേണ്ടി വരും.പരാതിയിൽ കാണിച്ചപോലെ പാറു അമ്മയുടെ വീട് പേരൊക്കെ മാറ്റി സ്വന്തമാക്കിയിരിക്കുകയാണല്ലേ.
സാറിരിക്ക് അവർ ഇപ്പൊ ഇങ്ങെത്തും
ഞാൻ കുടിക്കാൻ വല്ലതും എടുക്കാം. സാനിയ അകത്തേക്ക് പോയതോടെ .അയാൾ പരിസരമൊന്ന് വീക്ഷിച്ചു.
എന്താണിത് പ്രധാന വാതിലിനു മുകളിൽ ഖുർആൻ സൂക്തങ്ങൾ അടങ്ങിയ ഫ്രൈം ചെയ്തു തൂക്കിയ ബോർഡ്.
താഴെ തറയിൽ ചെറുതല്ലാത്ത നിലവിളക്കും.
ബിസ്മില്ല ഹൗസ് . കുടുംബനാഥയുടെ പേര് പാർവതി അമ്മ.ഒന്നും മനസ്സിലാകുന്നില്ലല്ലോ ദൈവമേ സ്റ്റേഷൻ ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കേസ്.
ഗേറ്റ് കടന്നെത്തിയ വണ്ടിയിലെ മുൻ സീറ്റിൽ സെറ്റും മുണ്ടും ഉടുത്ത് ഒരു തമ്പുരാട്ടിയെ പോലെ പാറു അമ്മ.
ഡ്രൈവിംഗ് സീറ്റിൽ നിന്നിറങ്ങിയ അമീൻ മറുവശത്തെ ഡോർ തുറന്ന് പാറു അമ്മയെ കൈ പിടിച്ചു വണ്ടിയിൽ നിന്നും ഇറക്കി മെല്ലെ വീട്ടിലേക്ക് നടത്തി.
ഒരു തമ്പുരാട്ടിയുടെ മുഖ ഗാന്ധിയും ഐശ്വര്യവും വേഷവും കണ്ട് കയറി വരുന്ന അമ്മയെ പോലീസുകാരൻ ബഹുമാനത്തോടെ എണീറ്റുനിന്ന് തൊഴുത് വന്ന കാര്യം അവതരിപ്പിച്ചു തുടങ്ങി.
അമ്മയുടെ മോൻ ഒരു പരാതി തന്നിട്ടുണ്ട് അമ്മയെ വശീകരിച്ച് വീടും പറമ്പും തട്ടിയെടുത്തെന്ന് പറഞ്ഞ് അമീനെതിരെ ബുദ്ധിമുട്ടില്ലങ്കിൽ രണ്ടു പേരും സ്റ്റേഷൻ വരെ ഒന്ന് വരണം.
അതിനെന്താ സാറേ ഞങ്ങൾ വരാം.
എന്നെ വശീകരിച്ചതല്ലെന്ന് സാറ് കണ്ടു മനസ്സിലാക്കിയല്ലോ. പിന്നെ വീട് തട്ടിയെടുത്തതല്ല ഇത് ഇവരുടെ വീടാണ്. എന്റെ വീട് അവിടെ കാടുമൂടി കിടക്കുന്നുണ്ട്.
രാവിലെ സ്റ്റേഷനിലെത്തി കാര്യങ്ങളൊക്കെ സംസാരിച്ചു.പാറു അമ്മയുടെ ഭാഗം കേട്ടു കഴിഞ്ഞ പോലീസുകാരൻ ചോദിച്ചു.
എങ്കിലമ്മേ ഈ കേസ് നമുക്ക് തിരിച്ചു കൊടുത്താലോ.അമ്മയെ ഉപേക്ഷിച്ചു പോയ മക്കൾക്കെതിരെ
വേണ്ട സാറേ... അതുവേണ്ട.അവർക്ക് അമ്മ ഒരു ഭാരമാവേണ്ട.ഞാൻ പ്രസവിച്ചില്ലെങ്കിലും മോനായി അമീൻ എനിക്കുണ്ട് .എങ്കിലും അവരെ കുറിച്ച് ആലോചിക്കുമ്പോൾ എനിക്ക് വിഷമമുണ്ട്.
അമ്മയെ വേണ്ടാത്ത മക്കളെ ഓർത്ത് എന്തിനാ ടീച്ചറമ്മ വിഷമിക്കുന്നത്. പുച്ഛവും നർമ്മവും നിറച്ചുള്ള പോലീസുകാരന്റെ ചോദ്യത്തിന് .
ആ മാതൃത്വത്തിൽ നിന്നും വന്ന മറുപടി എല്ലാവരേയും നിശബ്ദരാക്കി.
അതുകൊണ്ടല്ലേ സാറേ എനിക്ക് വിഷമം
എന്റെ മക്കൾക്കും മക്കളുണ്ട് .
അവരുടെ ആ മക്കൾ വലുതാകുമ്പോൾ എന്റെ മക്കൾക്കും എന്റെയീ അവസ്ഥയെങ്ങാനും വന്നാൽ അവർ ഒറ്റപ്പെട്ടു പോവില്ലേ... എന്നോർത്തുപോയി.
അന്ന് പെറ്റവയറിനെ ഓർത്തെങ്ങാനും ഇങ്ങോട്ട് തിരിച്ചു വന്നാൽ അവരെ സമാധാനിപ്പിക്കാൻ ഞാൻ ഉണ്ടായെന്നുവരില്ലലോ ...
...