Archives / july2019

അശോക്
നിമിഷങ്ങൾ പോകുന്നതിങ്ങനെ

മൂളിയകലുന്ന കാറ്റിനെപ്പോലെ,

വീണുടയും മഴത്തുള്ളി പോലെ,

നിലാവിന്റെ ഊർഷരശോഭയിൽ മങ്ങിയ

മാനത്തെ മാരിവിൽ പോലെ,

അമ്മതന്നുള്ളിൽ കുരുതികഴിപ്പിച്ച

പേറിന്റെ വേദനപോലെ,

മുത്തശ്ശി വേവിച്ച കഞ്ഞിക്കലത്തിലെ

കിട്ടാത്ത വറ്റിനെപ്പോലെ,

പൊള്ളും വയറിന്റെയുള്ളിലൊളിച്ച

വിശപ്പിന്റെ ദാഹംപോലെ,

സ്കൂളിലേക്കോടാനെടുത്തിട്ടനിക്കറിൻ-

തുന്നിയ പാടുകൾപോലെ,

ഉള്ളിൽമറഞ്ഞ കിനാവിന്റെമുറ്റത്ത്

മൊട്ടിട്ടപ്രണയംപോലെ,

ഒപ്പമിരുന്നയച്ഛന്റെ ജീവനെ

കൊത്തിയെടുത്തതുപോലെ,

ഇന്നത്തെ ജീവിതം യാചിച്ചു നില്ക്കുന്ന

കൈവിട്ട മോഹങ്ങൾപോലെ.

നിമിഷങ്ങൾ പോകുന്നതിങ്ങനെ

ജീവന്റെ ചില്ലയിൽ അടരാൻ വെമ്പുന്ന

പ്രാണന്റെ നോവതു പോലെ........

 

         

Share :