Archives / july2019

ജയ.
പ്രതികാരം........ 


ഇന്നലെ വൈകുന്നേരം നിശബ്ദത നിശബ്ദമായി ചിന്തിക്കുകയായിരുന്നു. ആ നിശബ്ദ ചിന്തയിലേക്ക് പെട്ടെന്നാണ് ഒരു ശബ്‌ദചിന്ത കടന്നെത്തിയത്. നിശബ്ദതയുടെ മനസൊന്നു പിടഞ്ഞു. അപ്പോൾ അവിടെ ഉണ്ടായിരുന്നനിശബ്ദതയെ വേണ്ടെന്നു വക്കാൻ നിശബ്ദചിന്തക്ക് വിഷമം ഉണ്ടായിരുന്നു . പക്ഷെ വന്നു കയറിയ ശബ്ദചിന്തക്കു അതറിയില്ലല്ലോ! വന്നയുടനെ ശബ്‍ദചിന്ത നിശബ്ദ ചിന്തയെ വേദനിപ്പിച്ചു.. എനിക്കൊരു ശരീരം വേണമെന്ന് നിശബ്ദചിന്ത അതിയായി ആഗ്രഹിച്ചു പോയി. ശബ്‍ദ ചിന്ത ഒരു ഫോണുമായാണ്  വന്നത്. അതിൽപിന്നെ നിശബ്ദത എന്തെന്നു നിശബ്ദത അറിഞ്ഞിട്ടേയില്ല....ആ യന്ത്രം നിരന്തരം  ശബ്‍ദം ഉണ്ടാക്കികൊണ്ടേ ഇരുന്നു. ഓരോ തവണയും  സ്വയം ശബ്ദിക്കുകയും -തുടർന്ന് ആ പ്രദേശം മുഴുവൻ ശബ്‍ദത്തിൽ മുക്കുകയും ചെയ്തു കൊണ്ട് യന്ത്രം തന്റെ ജോലി നിർബാധം തുടർന്നു. നിശബ്ദത ആകെ ബുദ്ധിമുട്ടിലായി.നിശബ്ദതക്കു തങ്ങി നിൽക്കാൻ ഒരിടം പോലും ഇല്ലാത്ത മട്ടിൽ ശബ്‍ദം അവിടമാകെ നിറഞ്ഞു. സംസാരത്തിന്റെ നീളവും, ആൾക്കാരുടെ എണ്ണവും കൊണ്ട് ആ പ്രദേശം കുറേശേ ശ്വാസം കിട്ടാൻ പ്രയാസപ്പെട്ടു തുടങ്ങി. പക്ഷെ അതൊന്നും വക വെക്കാൻ ശബ്‍ദം തയ്യാറായിരുന്നില്ല. ശബ്‍ദത്തിനു പല രീതിയിലും സ്വന്തം വ്യക്തിത്വം പ്രകടിപ്പിക്കാനുള്ള വ്യഗ്രതയായിരുന്നു. ഓരോ വഴിയിലൂടെയും അതിനുള്ള ത്വര കൂട്ടികൊണ്ടേ ഇരുന്നു. അപ്പോഴാണ് രണ്ടു കുട്ടികളെ ശബ്‍ദം കണ്ടത്. ശബ്‍ദം വേഗം അവരിലെത്തി.അവർ വഴക്കിടും എന്നായിരുന്നു ശബ്‍ദത്തിന്റെ വിചാരം. എന്നാൽ  അവർ തമ്മിൽ നിശബ്ദതയെകുറിച്ച് ആണ് സംസാരിച്ചത്. ക്ലാസ്സിൽ ടീച്ചർ പറഞ്ഞ, നിശബ്ദതയുടെ ഗുണങ്ങൾ, ശബ്‍ദ മലിനീകരണത്തിന്റെ ദോഷവശങ്ങൾ.. അങ്ങനെ നീണ്ടു നീണ്ടു പോയി അവരുടെ സംസാരം. ഒടുവിൽ ശബ്‍ദത്തിനു നല്ല ദേഷ്യം വന്നു. ഞാനില്ലഎങ്കിൽ ഇവരെങ്ങനെ നിശബ്ദതയുടെ കഥ പറയും?? ശബ്‍ദം ചിന്തിച്ചു...ശബ്‍ദത്തിന് ശബ്‍ദം നഷ്ടപ്പെടുന്ന പോലെ ഒരു  തോന്നൽ. അപ്പോഴും ഫോൺ ശബ്‌ദിക്കുന്നുണ്ടായിരുന്നു.ശബ്ദത്തിന് അനിയന്ത്രിത മായ ദേഷ്യം തോന്നി. ഒന്ന് നിശബ്ദമായെങ്കിൽ എന്ന് ഒരു നിമിഷം ചിന്തിച്ചു. അപ്പോൾ ത്തന്നെ നിശബ്ദത വിചാരിച്ചു. പാവമല്ലേ... ശബ്ദതിനെ സഹായിക്കാം.ഫോൺ നിശബ്ദതയിലേക്ക് മടങ്ങിപ്പോയി. സൈലന്റ് മോഡിൽ ആയ ഫോൺ പിന്നേട് ശബ്‌ദിക്കാൻ വയ്യാതെ വിഷമിച്ചു കിടപ്പായി. അപ്പോൾ നിശബ്ദതയുടെ ആഗ്രഹം നടന്നു. മ്യു ട്ട്  ഓപ്ഷൻ ആക്റ്റീവ് ആയി.നിശബ്ദത വീണ്ടും തന്റെ നിശബ്ദചിന്തയിലേക്ക് മടങ്ങിപ്പോയി. 
 

Share :