Archives / December 2017

Dhanish Antony
കശ്മീരിന്റെ സൗന്ദര്യം തേടിയൊരു സ്വപ്നയാത്ര

മുഗള്‍ ചക്രവര്‍ത്തി ജഹാംഗീര്‍ \'ഭൂമിയിലൊരു പറുദീസയുണ്ടെങ്കില്‍ അതിവിടെയാണ്\' എന്നു വിശേഷിപ്പിച്ച കാശ്മീരിലേയ്ക്കൊരു യാത്ര പോയാലോ എന്ന് സഹപ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ ഒരിക്കലും സ്വപ്നങ്ങളില്‍ പോലുമില്ലാതിരുന്ന യാത്രയ്ക്ക് വഴി തെളിയുകയായിരുന്നു. അടുത്ത ചോദ്യം ഭയമുണ്ടോ എന്നായിരുന്നു. മരണഭയമേ ഇല്ല എന്ന എന്‍റെ മറുപടിയില്‍ തമിഴ്, തെലുങ്ക് സുഹൃത്തുക്കള്‍ രണ്ടുപേരും തൃപ്തരായി.

2017 ഏപ്രില്‍ ഒന്നിന് ഡല്‍ഹിയില്‍ നിന്ന് ജമ്മു & കാശ്മീരിന്‍റെ വേനല്‍ക്കാല തലസ്ഥാനമായ ശ്രീനഗര്‍ എയര്‍പോര്‍ട്ടിലിറങ്ങുമ്പോള്‍ മഴത്തുള്ളികള്‍ റണ്‍വേയില്‍ ചിതറിക്കിടക്കുന്നു. (കേരളത്തില്‍ മഴയില്ലാത്ത മാര്‍ച്ച്-മേയ് മാസങ്ങളിലാണ് കാശ്മീര്‍ വാലിയില്‍ മഴ പെയ്യുക എന്ന ഇന്ത്യയുടെ കാലാവസ്ഥാ വൈവിധ്യം ഞങ്ങള്‍ ദക്ഷിണേന്ത്യക്കാരെ അത്ഭുതപ്പെടുത്തി.).എയര്‍പോര്‍ട്ടില്‍ നടക്കുമ്പോള്‍ കൊടും തണുപ്പനുഭവപ്പെട്ടു. മഴ തണുപ്പിനെ തീവ്രമാക്കിയിട്ടുണ്ടാകണം.

ആദ്യദിനം ശ്രീനഗര്‍, രണ്ടാം ദിനം ഗുല്‍മാര്‍ഗ്, മൂന്നാം ദിനം പെഹല്‍ഗാം എന്നതാണ് യാത്രാപദ്ധതി (സമയ ലഭ്യതക്കുറവിനാല്‍ മറ്റൊരു ടൂറിസ്റ്റ് കേന്ദ്രമായ സോന്‍മാര്‍ഗ് സന്ദര്‍ശിക്കേണ്ടതില്ല എന്നായിരുന്നു തീരുമാനം)ആദ്യ സന്ധര്‍ശനം ശ്രീനഗറിലെ Hazratbal Shrine എന്ന മുസ്ലീം മോസ്കിലേയ്ക്കായിരുന്നു. മുസ്ലീങ്ങളില്‍ ഒരു വലിയ വിഭാഗം ആളുകള്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടെ താടിരോമമാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നതെന്ന് വിശ്വസിക്കുന്നു. അകത്തളങ്ങളില്‍ വരെ യാത്രികര്‍ക്ക് കയറാം. (സ്ത്രീകള്‍ക്ക് പ്രത്യേക കവാടങ്ങളാണ്, അത് ഏറ്റവും ഉള്ളിലെത്തുമെന്ന് തോന്നുന്നില്ല. പകരം ബാല്‍ക്കണിയിലേയ്ക്കായിരിക്കാം അതെത്തുക എന്നു തോന്നുന്നു.) അവിടുത്തെ ഒരു വൃദ്ധനായ മനുഷ്യന്‍ ഞങ്ങള്‍ക്ക് മോസ്കിന്‍റെ ചരിത്രവും, ഓരോ വര്‍ഷവും ഈ താടിരോമം പുറത്തെടുക്കുന്ന ദിവസങ്ങളും കാശ്മീരി കലര്‍ന്ന ഹിന്ദിയില്‍ പറഞ്ഞു തന്നു. വളരെ ശാന്തമായി പെരുമാറിയ വൃദ്ധന്‍ ഞങ്ങള്‍ വ്യത്യസ്ത മതസ്ഥരാണെന്നതൊന്നും കാര്യമാക്കിയില്ല. ശ്രീനഗറിലെ പ്രശസ്തമായ ഡാല്‍ തടാകത്തിന്‍റെ ഓരത്ത് സ്ഥിതിചെയ്യുന്ന മോസ്കിന്‍റെ വശങ്ങളില്‍ പുല്‍ത്തകിടിയും, മരങ്ങളും നില്‍ക്കുന്നത് ഒരു പാര്‍ക്കിന്‍റെ അനുഭവം പകര്‍ന്നു നല്‍കും.

അടുത്തതായി ശ്രീനഗറിലെ മുഗള്‍ ഗാര്‍ഡന്‍ (ഷാലിമാര്‍ ബാഗ്) കാണുവാനായാണ് പോയത്. ജഹാംഗീര്‍ തന്‍റെ ഭാര്യ നൂര്‍ജഹാനായി 1619-ല്‍ പണിത പൂന്തോട്ടം 31 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്നു. സന്ദര്‍ശകരുടെ നടപ്പാതയ്ക്ക് നടുവിലൂടെയുള്ള ജലധാര ചെറിയ വെള്ളച്ചാട്ടങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് ഡാല്‍ തടാകത്തിലേയ്ക്കൊഴുകുന്ന കാഴ്ച വ്യത്യസ്തമായ അനുഭവം പകരും. പിന്നീട് സന്ദര്‍ശിച്ചത് ടുലിപ് ഗാര്‍ഡനായിരുന്നു. (Indira Gandhi Memorial Tulip Garden) 74 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ് പൂന്തോട്ടത്തില്‍ 46 വ്യത്യസ്ത തരത്തിലുള്ള 20 ലക്ഷം ടുലിപ് പൂക്കള്‍ നിലനില്‍ക്കുന്നു. ധഏകദേശം 4 ആഴ്ചകള്‍ മാത്രമാണ് ടുലിപ് പൂക്കള്‍ നിലനില്‍ക്കുക, വസന്തത്തിന്‍റെ തുടക്കമായി ടുലിപ് പൂക്കള്‍ വിടരുന്നതിനെ കണക്കാക്കുന്നു.പ 15 ദിവസത്തേക്ക് മാത്രമാണ് ടുലിപ് ഫെസ്റ്റിവല്‍( ഏപ്രില്‍ 1-15).

അടുത്തതായി പോയത് അടുത്തുള്ള chashme shahi എന്ന പൂന്തോട്ടത്തിലേയ്ക്കാണ്. അതിനു തൊട്ടുമുന്‍പാണ് കാശ്മീരിലെ രാജഭവന്‍ (ഗവര്‍ണറുടെ വസതി). അതിനാല്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി മെറ്റല്‍ ഡിറ്റക്ടറുകള്‍ക്കുള്ളിലൂടെ ഓരോ യാത്രികരും ഏകദേശം 30 m നടക്കണം (കാശ്മീരിലെ ഹൈവേ, നഗരഭാഗങ്ങള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒക്കെയും ഏകദേശം 50m ദൂരത്തില്‍ ആയുധമേന്തിയ പട്ടാളക്കാരോ, അര്‍ദ്ധസൈനികരോ നില്‍ക്കുന്നുണ്ടാകും എന്നാല്‍ സഞ്ചാരികളോട് ചോദ്യം ചോദിക്കുന്നതായോ, രേഖകള്‍ പരിശോധിക്കുന്നതായോ കണ്ടില്ല) chashme shahi യും ഒരു മുഗള്‍ ഗാര്‍ഡനാണ്. 1632-ല്‍ നിര്‍മിച്ച ഒരേക്കര്‍ വരുന്ന ഈ പൂന്തോട്ടം Rupa Bhawani എന്ന കാശ്മീരി പണ്ഡിറ്റ് വിശുദ്ധ സന്യാസിനി കണ്ടെത്തിയ നീരുറവയ്ക്കു (Spring) ചുറ്റുമാണ് നിര്‍മിച്ചിരിക്കുന്നത്. ഇതിലെ ശുദ്ധമായ തണുത്ത വെള്ളം യന്ത്രസഹായമില്ലാരെ നടന്ന വെള്ളച്ചാലുകളിലൂടെ ഡാല്‍ തടാകത്തിലേക്കൊഴുകുന്നു.

കാശ്മീർ എന്നു കേള്‍ക്കുമ്പോഴേ മനസ്സിലേക്കോടിയെത്തുന്ന ഡാല്‍ തടാകത്തിലേക്കായിരുന്നു അടുത്ത യാത്ര. കാശ്മീരിന്‍റെ കിരീടത്തിലെ ആഭരണം (Jewel in the crown of Kashmir) എന്നറിയപ്പെടുന്ന ഡാല്‍ തടാകം 316 സ്ക്വയര്‍ കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്നു. ഏറ്റവും വിശാലമായ ഭാഗത്ത ഏഴര കിലോമീറ്റര്‍ നീളവും, മൂന്നര കിലോമീറ്റര്‍ വീതിയുമുള്ള 6 മീറ്റര്‍ വരെ ആഴമുള്ള വിശാല തടാകം. ഡാല്‍ തടാകത്തില്‍ കാണപ്പെടുന്ന പ്രത്യേകതരം വഞ്ചി Shikara യില്‍ തടാകത്തിലൂടെയുള്ള യാത്രയില്‍ വാട്ടര്‍ ലില്ലികള്‍, പൊങ്ങിക്കിടക്കുന്ന തോട്ടങ്ങള്‍(Floating Garden), പൊങ്ങിക്കിടക്കുന്ന ചന്തകള്‍ (FloatingMarket)തുടങ്ങിയവ പുതുമയുള്ള അനുഭവമായിരിക്കും.

ഇവിടെ ഹൗസ് ബോട്ടുകള്‍ എന്നാല്‍ ബോട്ടിന്‍റെ ആകൃതിയില്‍ തടാകതീരത്ത് സ്ഥിരമായി നിര്‍ത്തിയിട്ടിരിക്കുന്ന താമസ സൗകര്യമുള്ള ഒരു വീടിന്‍റെ സൗകര്യമുള്ള നൗകകളാണ് (ഇങ്ങനെ ജീവിച്ചിരുന്ന പ്രാദേശിക മനുഷ്യരുടെ ജീവിതരീതി സഞ്ചാരികള്‍ക്കായി നല്‍കുന്ന ഹോട്ടല്‍ ബിസിനസ് ഇതിപ്പോള്‍ മാറി). തടാക മധ്യത്തില്‍ ഒരു ഭാഗത്ത് പഴയ കാശ്മീര്‍ രാജാവിന്‍റെ സ്ഥലവും, കെട്ടിടവും അതിര്‍ത്തി തിരിച്ച് നിലനിര്‍ത്തിയിരിക്കുന്നു. \\\'മിഷന്‍ കാശ്മീര്‍\\\' പോലുള്ള പല ഹിന്ദി സിനിമകളും ചിത്രീകരിച്ചത് ഈ തടാകത്തിലാണ്. തടാകത്തില്‍ സഞ്ചരിക്കുമ്പോള്‍ മറ്റ് Shikara കളില്‍കരകൗശല വസ്തുക്കള്‍ വില്‍ക്കുന്നവര്‍, പരമ്പരാഗത കാശ്മീരി വസ്ത്രമണിയിപ്പിച്ച് ഫോട്ടോയെടുക്കുന്നവര്‍, പാനീയങ്ങള്‍ വില്‍ക്കുന്നവര്‍ തുടങ്ങിയവര്‍ ഒഴുകുന്ന ബിസിനസ് ലോകം നിങ്ങള്‍ക്കു ചുറ്റും തീര്‍ക്കും ധചിലപ്പോള്‍ ഇതൊരു ശല്യമായി തോന്നിയെന്നു വരാംപ. ശ്രീനഗറിലെ കാഴ്ചകള്‍ ഇതോടെ അവസാനിപ്പിക്കുവാന്‍ ഘടികാര സൂചി ഞങ്ങളെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു.
(രണ്ടാം ഭാഗം : കാശ്മീരിലെ മഞ്ഞിന്‍ ലോകം തേടി ഗുല്‍മാര്‍ഗിലേക്കൊരു യാത്ര)

Share :

Photo Galleries