എല്ലുകള്‍ കൂടുതലുള്ള ക്ലാസ് റ്റീച്ചര്‍
നമ്മളോരോരുത്തർക്കും ജീവിതത്തിലുണ്ടാകുന്ന അനുഭവങ്ങൾ പല വിധമാണ്.. എന്നാൽ അവയിൽ ചിലത് മറക്കാനാവാതെ മനസ്സിന്റെ കോണിൽ എന്നുമെന്നും ചുരുണ്ടു കിടക്കത്തക്ക വിധം വൈകാരിക ക്ഷോഭങ്ങൾ സൃഷ്ടിച്ചവയാകാം. ചിലത് ഓർമ്മകളിൽ തികട്ടി വന്ന് അലോസരത ഉണ്ടാക്കിയേക്കും; ചിലത് മനസ്സിനെ മഥിച്ച് ആകുലപ്പെടുത്തും ; മറ്റു ചിലത് രസിപ്പിച്ചു ചിരിപ്പിക്കും. ഇവിടെ ഞാൻ കുറിക്കാൻ പോകുന്നത് എന്നെ മാത്രമല്ല, എന്റെ സഹപ്രവർത്തകരെയും ഒരു പാടു ചിരിപ്പിപ്പിച്ച ഒരു സംഭവമാണ്.
1982 ലാണ് സംഭവം. അന്ന് ഞാൻ മഹാഷ്ട്രയിലെ നാസിക്കിലുള്ള ഓജ്ജർ കെ വിയിൽ ജോലി ചെയ്തിരുന്ന കാലം. എനിയ്ക്ക് വെറും 22 വയസ്സ് പ്രായം. കുട്ടികളുടെ കൂടെ ഒരു കുട്ടി മാത്രമായി നടന്നിരുന്ന അദ്ധ്യാപിക. ഞാൻ ഏഴു ബിയിലെ ക്ലാസ്സ് ടീച്ചറായിരുന്നു. ആ ക്ലാസ്സിൽ കണക്കും പഠിപ്പിച്ചിരുന്നു. അതേ കുട്ടികളെ ആറിലും ഞാൻ തന്നെയാണ് കണക്ക് പഠിപ്പിച്ചത്. കുട്ടികളുമായി ഒരു നല്ല വൈകാരിക അടുപ്പമായിരുന്നു എനിക്ക് . എന്റെ കുട്ടികൾ നല്ല നിരീക്ഷണ പാടവത്തോടെ, ധീരരും സമർത്ഥരുമായി വളർന്നു വരണമെന്ന നിർബ്ബന്ധത്തോടെ ഞാൻ പലവിധ അദ്ധ്യയനതന്ത്രങ്ങളും പ്രയോഗിക്കാറുണ്ട്. ഓരോ ക്ലാസ്സ് കഴിയുമ്പോഴും കുട്ടികൾക്ക് എന്നോടു ചോദ്യങ്ങൾ ചോദിക്കാൻ അവസരമുണ്ടാക്കുക ഒരു പതിവാണ്. അന്നത്തെ ഏഴു ബിയിലെ എന്റെ കുട്ടികൾ നല്ല ചുണക്കുട്ടന്മാർ, കുറെ ചോദ്യങ്ങളുമായി തയ്യാറെടുത്തേ വരുമായിരുന്നുള്ളൂ. വിഷയസംബന്ധമായ ഏറ്റവും നല്ല ചോദ്യത്തിന് ക്രെഡിറ്റ് മാർക്ക് കൊടുക്കുകയും ചെയ്തിരുന്നതിനാല്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ കുട്ടികള്‍ക്ക് ഏറെ ഉല്‍സാഹവുമായിരുന്നു . സ്വയം കാര്യകാരണസഹിതം ബോദ്ധ്യമാക്കി മാത്രമേ എന്തും ഉൾക്കൊള്ളാവൂ എന്ന് ഞാൻ തന്നെ കുട്ടികളെ ഉപദേശിക്കാറുമുണ്ട്.
ആയിടയ്ക്ക് സ്കൂളിൽ ഒരു പുതിയ സയൻസ് ടീച്ചർ, മിസ്സിസ് സെഹ്ഗൾ, തേജ്പൂർ കെ വിയിൽ നിന്നും സ്ഥലം മാറി വന്നു. അവരുടെ ഭർത്താവ് ഓജ്ജർ വയുസേനയിൽ വിംഗ് കമാണ്ടർ ആയിരുന്നു. ആദ്യ ദിവസം ആദ്യമായി അവർക്ക് കിട്ടിയത് ഏഴു ബിയിലെ സയൻസ് പീരിയഡ്. അവരുടെ മട്ടും ഭാവവും എന്റെ മക്കൾക്ക് ആദ്യമത്ര രസിച്ചില്ലെന്ന് തോന്നുന്നു. എന്നാലും അവരെ കുട്ടികൾ ഗുഡ് മോർണിംഗ് പറഞ്ഞ് നന്നായി എതിരേറ്റു. അവർ പഠിപ്പിക്കാനും തുടങ്ങി. എന്നാൽ 10 മിനിറ്റ് കഴിഞ്ഞില്ല, ഏറെ കോപിച്ച് സെഹ്ഗൾ മാഡം ക്ലാസ്സിൽ നിന്നും ഇറങ്ങിയോടുകയായിരുന്നു പ്രിൻസിപ്പൽ ചേംബറിലേക്ക്! കണ്ടു നിന്നവരെല്ലാം എന്തെന്നറിയാനുള്ള ആകാംക്ഷയിലായിരുന്നത്രേ. ആ സമയം ഞാൻ മറ്റൊരു ക്ലാസ്സിൽ പഠിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു, ഇക്കാര്യങ്ങളൊന്നുമറിയാതെ. പുതിയ ടീച്ചറോട് ഇരിക്കാൻ പറഞ്ഞ് പ്രിൻസിപ്പൾ കാര്യമാരാഞ്ഞു. അപ്പോൾ അവർ പറഞ്ഞു.: ‘ഏഴു ബിയിലെ കുട്ടികൾ വളരെ മോശമാണ്, സർ, തീരെ അച്ചടക്കമില്ല. ആരാ ഇവരുടെ ക്ലാസ്സ് ടീച്ചർ…?’
‘ഉം...അവരെന്തു ചെയ്തു…? ഈ സ്ക്കൂളിലെ തന്നെ ഏറ്റവും മികച്ച , അച്ചടക്കമുള്ള ക്ലാസ്സാണല്ലോ ഏഴു ബി...എന്തേ ആ കുട്ടികൾ ചെയ്തത്..?.’
‘ സർ, ഞാൻ മനുഷ്യശരീരത്തിലെ അസ്ഥികളെക്കുറിച്ചും അസ്ഥികൂടത്തെക്കുറിച്ചും പഠിപ്പിക്കാൻ തുടങ്ങി. – There are 206 bones in every human body – എന്ന് പറഞ്ഞതും അവർ ഒന്നിച്ച് ‘No Madam.. No Madam’ എന്നും പറഞ്ഞ് എതിർക്കുന്നു. എന്തു കൊണ്ടാണ് അവരങ്ങനെ പറയുന്നതെന്ന് ഞാൻ അന്വേഷിച്ചപ്പോൾ ക്ലാസ്സ് മോണിട്ടറോട് എല്ലാവരും ചേർന്ന് നീ പറയ്... നീ പറയ്... എന്ന് കയ്യും കണ്ണും കാണിക്കാൻ തുടങ്ങി. അപ്പോൾ മോണിട്ടർ എഴുന്നേറ്റ് പറഞ്ഞു :‘ You are not correct, Madam. All the human bodies may not have the same number of bones. Our class teacher Madam has more bones. We are sure. Please tell us why does she have more bones? We want to get the answer for our question’ അവർ എന്നെ തുടർന്നു പഠിപ്പിക്കാൻ സമ്മതിക്കുന്നേയില്ല…’
‘സർ, ഇനി ഞാനെന്തു ചെയ്യും.. എനിക്കറിയുന്ന സയൻസല്ലേ ഞാൻ പഠിപ്പിക്കൂ...’ ഇതു കേട്ടയുടൻ പ്രിൻസിപ്പൾ പൊട്ടിച്ചിരിക്കാൻ തുടങ്ങി. അദ്ദേഹം :
‘ഉം. ഏഴു ബി, ഗീതാ മാഡത്തിന്റെ ക്ലാസ്സാണ്. കുട്ടികൾ ഇതു ചോദിച്ചില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ. നിങ്ങൾ ഒരു കാര്യം ചെയ്യൂ. ഈ ചോദ്യത്തിനുത്തരം ഗീതാമാഡത്തെ തന്നെ കണ്ട് അവരോടു ചോദിക്കൂ. അവർ തന്നെ ഉത്തരം കണ്ട് പിടിച്ചു തരും.’
പാവം സെഹ്ഗൾ മാഡം. എന്നെ തിരഞ്ഞ് സ്റ്റാഫ് റൂമിലെത്തി. അപ്പോഴേക്കും ലഞ്ച്ബ്രേക്ക് തുടങ്ങിയിരുന്നതിനാൽ എല്ലാ അദ്ധ്യാപകരുമുണ്ടായിരുന്നു, സ്റ്റാഫ് റൂമിൽ. കേറി വന്നതും പുതിയ മാഡം ഗീതാനായരെ അന്വേഷിച്ചു. ഞാനൊരു ചമ്മലോടെ അവരുടെ അടുത്തെത്തി. മുൻ പരിചയമില്ലല്ലോ. പിന്നെന്തിനെന്നെ അന്വേഷിക്കണം… എന്നായിരുന്നു എന്റെ മനസ്സിൽ. അവർ,എല്ലാവരും കേൾക്കെ എന്റെ ക്ലാസ്സിലുണ്ടായ സംഭവം വള്ളി പുള്ളി വിടാതെ വിവരിച്ചു. മുഴുവനാകും മുമ്പേ കൂട്ടച്ചിരി ഉയർന്നു. പാവം വിംഗ് കമാണ്ടറുടെ ഭാര്യ വിഷമിച്ചു നിന്നുപോയി ഞാൻ അവരെ ഒരു കോണിലേക്ക് വിളിച്ച് മാറ്റി നിർത്തി പറഞ്ഞു. ‘I am sorry Mam, for the mischief done by my kids. But they are right. You just look at my feet. I’ve got six toes on each foot. So according to them, I have more bones.’
ഇതു കേട്ട് സെഹ്ഗൾ മാഡമാണ് ചിരിച്ചത്. എന്റെ കാലിലേക്ക് അൽഭുതം കൂറിയ ആ നോട്ടം എനിക്കൊരിക്കലും മറക്കാനാകില്ല. അവർ വളരെ സന്തോഷത്തോടെ തോളിൽ കയ്യിട്ട് എന്നെ അനുമോദിച്ചു : ‘ Madam you are really very lucky and so are your kids of VII B.’
ലഞ്ച് ടൈം കഴിയും മുമ്പ് ഞാനവരെ കൂട്ടി ഏഴു ബിയിലെത്തി. ഏറെ വിനയത്തോടെ കുട്ടികൾ എഴുന്നേറ്റ് നിന്നു. ഞാൻ സെഹ്ഗൾ മാഡത്തെ പരിചയപ്പെടുത്താനാണ് വന്നതെന്ന് പറഞ്ഞപ്പോൾ അവർ കയ്യടിച്ചു. ഞാൻ തുടർന്നു: Dear kids, she will be your science teacher here after. Please do co- operate with madam’
അവർ മറിച്ചൊന്നും പറയും മുമ്പ് ഞാൻ പറഞ്ഞു..’ Look, she has all the answers for all the questions you have put to her. Just be patient.’
ഞാൻ മാഡത്തെ ക്ലാസ്സേൽപ്പിച്ച് അവിടം വിട്ടു. പിന്നീട് കുട്ടികളും സയൻസ് ടീച്ചറും തമ്മിൽ എന്തുണ്ടായെന്നോ ഒന്നും ഞാൻ തിരക്കിയില്ല . എന്നാൽ അതേ ഏഴു ബി, സെഹ്ഗൾ മാഡത്തിന്റെയും പ്രിയപ്പെട്ട ക്ലാസ്സായി മാറി, ഞാൻ അവരുടെ ഉറ്റ സുഹൃത്തും.
ഇതേ കുട്ടികളെ പത്താം ക്ലാസ്സുവരെ ഞാൻ തന്നെ കണക്കു പഠിപ്പിച്ചു, അവരുടെ ക്ലാസ്സ് ടീച്ചറായിത്തന്നെ. ഒരു കൂട്ടുകാരിയോ.,സഹോദരിയോ, അമ്മയോ…ആരായിരുന്നു ഞാനവർക്ക് എന്ന് എപ്പോഴും സ്ന്ദേഹാം തോന്നാറുണ്ട്. അത്രക്കും സ്നേഹം ഞാനും അവരും തമ്മിൽ പങ്കു വച്ചിട്ടുണ്ട്.
ഈ ബാച്ചിലെ എന്റെ ശിഷ്യരിൽ രണ്ടു പേർ എനിക്ക് കത്തുകളയക്കുമായിരുന്നു. എന്നാൽ ഞാൻ നാസിക്ക് വിട്ടപ്പോൾ ആ ബന്ധം മുറിക്കപ്പെട്ടു.
ഇന്നും എന്റെ കാലുകളിലേക്ക് നോക്കുമ്പോൾ മേൽ പറഞ്ഞ സംഭവം ഓർമ്മയിലെത്തി എന്നെ ചിരിപ്പിക്കാറുണ്ട്. അധികമായിക്കിട്ടിയ എല്ലുകളെയും ഞാനന്നു മുതൽ സ്നേഹിക്കാൻ തുടങ്ങി എന്നതാണ് വാസ്തവം. ഒരദ്ധ്യാപികയെന്ന നിലക്കുള്ള 36 വർഷത്തെ പരിചയത്തിൽ നിന്നും പറയട്ടെ - നമ്മൾ കുട്ടികളെ പഠിപ്പിക്കുന്നത് സ്നേഹിച്ചു കൊണ്ടായിരിക്കണം,പ്രതിഫലം പ്രതീക്ഷിക്കാതെ. അവരെ നിരീക്ഷണ പാടവമുള്ളവരാക്കണം. അന്വേഷണകുതുകികളാക്കണം. അവരുടെതായ വഴികളിലൂടെ തന്നെ നേർപ്പാതകളിലെത്തിക്കാൻ രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും കഴിയണം. കുട്ടികൾ പഠിക്കട്ടെ, കളിച്ചും രസിച്ചും. എന്നാൽ അവരുടെ പിറകെ നമ്മുടെ നോട്ടം വേണം. കുട്ടികളെ സ്നേഹിച്ച് സ്നേഹിക്കാൻ പഠിപ്പിക്കുക. തീർച്ചയായും ഭാവിയിൽ അവർ നമ്മെ സന്തോഷിപ്പിക്കാനും ചിരിപ്പിക്കാനും അവരാലാവത് ചെയ്യും; ഇതെന്റെ നേരനുഭവം.