Archives / December 2017

ഗവ. എച്ച്.എസ്സ്. കറ്റച്ചക്കോണം

കേശവദാസപുരം പാറോട്ടുകോണം എന്ന സ്ഥലത്താണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. 1971-ല്‍ കറ്റച്ചക്കോണത്തെ രക്ഷാപുരി എല്‍.എം.എസ്സ് പള്ളിയില്‍ സര്‍ക്കാര്‍ ധനസഹായത്തോടെ ആരംഭിച്ച എല്‍.പി സ്കൂളാണ് ഇതിന്‍റെ ആദ്യ രൂപം 35 വര്‍ഷം എല്‍.പി. സ്കൂളായിരുന്നു. പീറ്റര്‍ ആയിരുന്നു ആദ്യ പ്രഥമാധ്യാപകന്‍. 1950 ഗവണ്‍മെന്‍റില്‍ നിന്ന് 50 സെന്‍റ് സ്ഥലം പൊന്നു വിലയ്ക്കു വാങ്ങി ഒരു ഷെഡ് ഉണ്ടാക്കി സ്കൂളിന്‍റെ പ്രവര്‍ത്തനം അവിടേക്കു മാറ്റി. 1957-ല്‍ സ്കൂളിനു സ്ഥിരം കെട്ടിടം ഉണ്ടാവുകയും ആ വര്‍ഷം തന്നെ യു.പി.എസ് ആവുകയും ചെയ്തു. 1958-ല്‍ കറ്റച്ചക്കോണം യു.പി.എസ് കറ്റച്ചക്കോണം എച്ച് എസ് ആയി മാറി.

പ്രീപ്രൈമറി മുതല്‍ 10 ക്ലാസ്സ് വരെ 53 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. പ്രഥമ അധ്യാപിക ഉള്‍പ്പെടെ 12 അധ്യാപികമാരും 3 അനധ്യാപകരുമാണ് ഇവിടെ ഉള്ളത്. ഒട്ടും സമ്പന്നമല്ലാത്ത സാമൂഹിക ഗാര്‍ഹിക ചുറ്റുപാടില്‍ നിന്നും ഓര്‍ഫനേജില്‍ നിന്നും വരുന്ന കുട്ടികളാണ് ഭൂരിഭാഗവും പരിമിതമായ സാഹചര്യങ്ങളാണെങ്കിലും എല്ലാ ദിനാചരണങ്ങളും സ്കൂളില്‍ സമുചിതമായി ആഘോഷിക്കാറുണ്ട്. കുട്ടികളുടെ സമഗ്രമായ ഉന്നമനത്തിനായി അക്ഷീണമായി പ്രവര്‍ത്തിക്കുന്നവരാണ് ഇവിടത്തെ അധ്യാപകരും, അനധ്യാപകരും, മാതാപിതാക്കളും പ്രദേശവാസികളുമെല്ലാം. അതിനാല്‍ത്തന്നെ സ്കൂളിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളിലും അതിന്‍റേതായ പുരോഗതി നമുക്കു കാണാനാകും.

കുട്ടികളേയും അധ്യാപകരേ യും അധിക വായനയ്ക്കായി ഒരു സ്കൂള്‍ ലൈബ്രറി ഇവിടെയുണ്ട്. പുസ്തകങ്ങളെ പല വിഭാഗങ്ങളായി തരം തിരിച്ചാണ് സൂക്ഷിച്ചിരിക്കുന്നത്. സ്കൂള്‍ ലൈബ്രറി കൂടാതെ ഓരോ ക്ളാസ്സിലും ക്ലാസ്സ് ലൈബ്രറിയുമുണ്ട്. ക്ലാസ് ലൈബ്രറിയുടെ ചുമതല ക്ലാസ് ടീച്ചര്‍ക്കാണ്. കുട്ടികളും അധ്യാപകരും ഒന്നുപോലെ രണ്ടു ലൈബ്രറികളുടേയും സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. കുട്ടികള്‍ വായനാക്കുറുപ്പുകള്‍ തയ്യാറാക്കുകയും സ്കൂള്‍ അസംബ്ലിയില്‍ അവ വായിക്കുകയും ചെയ്യുന്നു. വായനാവാരത്തോടനുബന്ധിച്ച് ആരംഭിച്ച ക്ലാസ് ലൈബ്രറികളുടെ പ്രവര്‍ത്തനത്തിലൂടെ കുട്ടികള്‍ പുസ്തകങ്ങളുടെ ലോകത്തിലേയ്ക്ക് കൂടുതല്‍ ഇറങ്ങിവന്നു.

സ്കൂളില്‍ ഒരു പച്ചക്കറിത്തോട്ടമുണ്ട്. ഈ തോട്ടത്തിലെ പച്ചക്കറികള്‍ സ്കൂള്‍ ഉച്ചഭക്ഷണത്തിലേയ്ക്കായി ഉപയോഗിക്കുന്നു. അധ്യാപകരും കുട്ടികളുമെല്ലാം തോട്ടത്തിന്‍റെ പരിപാലനത്തില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. \\\"ഓണത്തിനൊരുമുറം പച്ചക്കറി\\\" എന്ന പദ്ധതിയുടെ ഭാഗമായി സമീപത്തെ കൃഷിഭവനില്‍ നിന്നും ഉദ്യോഗസ്ഥരെത്തി \\\'വിഷരഹിത പച്ചക്കറി\\\' എന്ന ആശയം പങ്കുവയ്ക്കുകയും കുട്ടികള്‍ക്കെല്ലാം വിത്തുകൾ വിതരണം ചെയ്യുകയും ചെയ്തു. പഠനത്തൊടൊപ്പം പാഠ്യേതര പ്രവര്‍ത്തനങ്ങളിലും കുട്ടികളുടെ പങ്കാളിത്തം ഉറപ്പിക്കാന്‍ ഇതിലൂടെ സാധിച്ചു.

കറ്റച്ചക്കോണം സ്കൂള്‍ ഇന്ന് ശതാബ്ദിയുടെ നിറവില്‍ തിളങ്ങുകയാണ്. സാധാരണക്കാരുടെ വിദ്യാഭ്യാസ സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട് നാടിന്‍റെ സാംസ്കാരിക സവോത്ഥാനത്തിനു തുടക്കം കുറിച്ച ഈ വിദ്യാലയത്തിന്‍റെ സമഗ്ര വികസനത്തിനു ലക്ഷ്യമിട്ട് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ശതാബ്ദി പ്രവര്‍ത്തനങ്ങളുടെ തുടക്കം ബഹു. സഹകരണ ദേവസ്വം വകപ്പു മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രന്‍റെ നേതൃത്വത്തില്‍ ആരംഭിച്ചു.

2017 സെപ്റ്റംബര്‍ 20-ന് വിപുലമായ രീതിയില്‍ ശതാബ്ദി ആഘോഷം നടന്നു. ബഹു. ദേവസ്വം സഹകരണം ടൂറിസം വകുപ്പു മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രന്‍, ബഹു. കേരള വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, വാര്‍ഡ് കൗണ്‍സിലര്‍ ശ്രീമതി. ത്രേസ്യാമ്മ തോമസ് തുടങ്ങി സാമൂഹിക രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

കറ്റച്ചക്കോണം സ്കൂള്‍ ഇന്ന് പുതിയൊരുണര്‍വിലേക്ക് നീങ്ങുകയാണ്. പരമമിതികള്‍ വളരെയുണ്ടെങ്കിലും അതില്‍ നിന്നെല്ലാം ഉണര്‍ന്ന് പുതിയൊരു തലത്തിലേക്ക് കുതിക്കാന്‍ തയ്യാറായി നില്‍ക്കുന്നു.

Share :

Photo Galleries