Archives / july2019

ഡോ.എൽ . തോമസ് കുട്ടീ
വചനമൊരിക്കലും മാംസമാവില്ല.

        നിറമല്ല . ഗന്ധമാണ് . അറിയുവാൻ ശ്രമിക്കുകയാണ്. അറിയില്ലെന്ന് അറിയുകയാണ് ബക്കർ മേത്തല. കാഴ്ചകൾ കുമിയുന്ന ,നിറങ്ങൾ നിറയുന്ന വർത്തമാന കാലത്തേയ്ക്ക് മിഴികൾ ഇറുക്കി അടച്ചു കൊണ്ട് നോക്കുകയാണ് കവി. മുങ്ങിത്താഴുന്ന നക്ഷത്രത്തെ അതിന്റെ ദിവ്യ ദീപ്തി കൊണ്ടല്ല ,ചന്ദ്രലാവണ്യം കൊണ്ടല്ല ,പാട്ടു കൊണ്ടേ ഉയർപ്പിക്കാനാവൂ എന്ന് അവനറിയുന്നു . രാപ്പാടി അതിനായി ഉറക്കമൊഴിക്കുന്നതും കാട്ടുപൂക്കൾ കാത്തിരിക്കുന്നതും കവി കാണുന്നു. കാഴ്ചയുടെ ഉപരിപ്ലവതയിൽ നിന്നും അനുഭവത്തിന്റെ ആഴങ്ങളിലേക്ക് കടന്നു പോകുവാൻ അവൻ ലക്ഷ്യം വെയ്ക്കുന്നു. കരിഞ്ഞ മാംസത്തിന്റെ ഗന്ധം പോലും അവിടെ സന്നിഹിതമാകുന്നു. ദുർവൃത്തികളുടെ ഹിംസാ ലോകത്തേക്കുള്ള കവാടമൊരുക്കി അത് നിലകൊള്ളുന്നു. വിശപ്പിന്റെ മന്ത്രവും ദുരിതപർവ്വങ്ങളുടെ അകമ്പടിയുമായി അത് മാറുന്നു.

        ക്രൗഞ്ചങ്ങളുടെ ചോരയല്ല ,നിലവിളിയല്ല അവയെഴുതിയ കവിതയിൽ തളം കെട്ടി നിൽക്കുന്ന ചോരയിലേക്ക് സൂര്യൻ പകച്ചു നോക്കിപ്പോകുന്നത് കവിതയുടെ നോവു വെളിച്ചത്തിൽ സൂര്യപ്രഭ പോലും വിളറിപ്പോകുന്നു. പതിനനും നിരാലംബനും അഗതിയുമാണ് ചിറകറ്റ വണ്ടെങ്കിലും പ്രണയ സുഗന്ധത്താൽ മത്തനായ അവന്റെ വാക്കുകൾ ,സംഗീതത്തിനും സാഹിത്യത്തിനുമപ്പുറമുള്ള മുദ്ധ മനോഹരമായ പൊരുളാണ് പങ്ക് വെക്കുന്നത്. പ്രചഞ്ചത്തിന്റെ നിലനില്പിന്നാധാരമായ ,സനാതനവും സാർവ്വജനീനവുമായ ആ മഹാസത്യം പ്രണയമല്ലാതെ മറ്റെന്താണ്? സൗന്ദര്യമായും സത്വമായും നിത്യതയായും നിരാമയമായും നിലകൊള്ളുന്ന -- കാണുന്നതിലും കാണപ്പെടാത്തതിലുമെല്ലാം പരംപൊരുളായി നിലകൊള്ളുന്ന വിശുദ്ധ വിലോലമായ ആ ചൈതന്യമേതാണ്? ഏക മോ ബഹുത്വമോ? നാദമോ ദൃശ്യമോ ? ലൗകികമോ അതിതമോ ? കാലാതീതമായ തേടലിന്റെ കേന്ദ്രം ഏതാണ്ട്?  അറിയുന്നു എന്നു തോന്നുന്ന അറിവിൽ നിറയുന്നതോ അതിവർത്തിക്കുന്നതോ? അറിവായി താൻ തന്നെ മാറുമ്പോഴുണ്ടാകുന്ന അനുഭൂതി വിശേഷമോ?

          അഭേദമെങ്കിൽ അത് വിവരണാതീതമാകുന്നു.  അനുഭൂതി വിശേഷം പകർന്നു കൊടുക്കാനാവാത്തതാകുന്നു. അറിയില്ല 1എന്നല്ലാതൊന്നും അറിയിക്കാനറിയില്ല എന്നു വരുന്നു.   വാങ്മയ വിനിമയത്തിന്റെ പരിമിതകളുല്ലംഘിക്കുവാൻ കാവ്യാനുഭവം വ്യഗ്രതപ്പെടുന്നു. അയഞ്ഞതും വഴുപ്പോകുന്നതുമായ കാവ്യാനുഭൂതിയെ അനായാസം കോറിയിടുവാനാണ് ബക്കർ മേത്തലയുടെ യത്നം.  അത് സാർത്ഥകമാവുകയും ചെയ്തു. ആദർശ സ്വപ്നങ്ങൾ ചക്രവാളങ്ങളായി ,അകലങ്ങളിലെ ദീപ്തികളായി നിലകൊള്ളുമ്പോൾ എന്നെന്നും അത് തേടിയലയുന്ന ജ്ഞാനാന്വേഷകന്റെ അപരിഹാര്യമായ ,അവാച്യമായ ആത്മാനുഭവമാണ് ഓരോ സർഗയാത്രയും ,അതിനെ സ്ഫുടം ചെയ്യുകയാണ് ബക്കർ കവിത.

Share :

Photo Galleries