Archives / july2019

ബേക്കർ മേത്തല
അറിയില്ല.

ജലാശയത്തിൽ മുങ്ങിത്താഴുന്ന
ഒരു നക്ഷത്രത്തെ
രാപ്പാടി തന്റെ പാട്ടുകൾ കൊണ്ട്
ഉയിർപ്പിച്ചത്
ഏത് കാട്ടുപൂക്കളോട് ചേർക്കനാണ്

കരിഞ്ഞ മാംസത്തിന്റെ
മണം വഹിച്ചു വരുന്ന കാറ്റിനെ
ഒരു കാട്ടുമാക്കാൻ
മൂക്കുവിടർത്തി വലിച്ചു കേറ്റുന്നത്
ഏത് പിശാചിന് മന്ത്രമൂരുക്കഴിക്കാനാണ്

രക്തത്തെക്കുറിച്ച്
ഒരു കിളി എഴുതുന്ന കവിതയിലേക്ക്
സൂര്യൻ എത്തി നോക്കുന്നത്
എന്തിനാണ്?

സുഗന്ധം കൊണ്ട്
തന്റെ പ്രണയം പ്രഖ്യാപിക്കുന്ന
ഒരു നിറമില്ലാ പൂവിനോട്
ചിറകൊടിഞ്ഞ വണ്ടുകൾ
പറയുന്നത് എന്താണ്?

അറിയില്ല കൂട്ടരേ
അറിയില്ല .!

 

Share :