Archives / june 2019

അജിത്ത് ആർ കെ
അവനില്ലാത്ത വീട്

പൊന്നുണ്ണിയെ വാരിയെടുത്തൊരുമ്മ കൊടുത്തിറങ്ങിയതാണവൻ
മടങ്ങിവരവില്ലെന്നറിയാതെ..

ഉച്ചയ്ക്കൊന്നിച്ചുണ്ടപ്പോൾ ചിണുങ്ങിയതാണ് 'അച്ഛേ അത്താഴത്തിനൊരു കോഴിക്കറി'വേണമെന്ന്!
ഉച്ചമയക്കത്തിനു നിക്കാതെ,
അവളുടെ സ്നേഹനിയന്ത്രണത്തിനു നിക്കാതെ
ഒന്നോടിപ്പോയിട്ടിപ്പൊ വരാന്നൊരു പറച്ചിലും പോക്കുമായിരുന്നു; തിരികെവന്നതൊരു പൊതിക്കെട്ടിലായിരുന്നു...

കാത്തിരുന്ന് വൈകീട്ടും കാണാതായപ്പോൾ ഉള്ളിലൊരാന്തലുണ്ടായവൾക്ക്.. 
വിളിച്ചിട്ടും കിട്ടാതായപ്പോളൊരഗ്നിനാളവും പടർന്നുകേറി!

അവൻ..
അത്താഴം നിറച്ചുണ്ണാൻ കൊതിച്ച മകന്
വേണ്ടതെല്ലാം കരുതിയവൻ,
നിയന്ത്രിച്ചിട്ടും നിക്കാത്ത കുരുത്തംകെട്ട വണ്ടിക്കിരയായവൻ, ഇന്നവന്റെ വീട്
അത്താഴപഷ്ണിയാവുമെന്നറിയാത്തവൻ; പാവപ്പെട്ടവൻ!

വീട്...
വൈകുന്നേരം കഴിഞ്ഞ് രാത്രിയായപ്പോൾ എണ്ണിപ്പെറുക്കി കരയുന്നവരിൽ മുങ്ങിപോകുന്നു, മകൻ ഞെട്ടിയുണരുന്നു; അവളൊരു മരമാകുന്നു, ഒടുക്കമൊരു ഭ്രാന്തിയാകുന്നു...

 അവൻ വരുമെന്ന പ്രതീക്ഷകളില്ലാത്ത നാളത്തെ നേരങ്ങളിൽ അവളുരുകിയുരുകി മെഴുകിനേക്കാളുരുകി ചുരുണ്ടുകൂടും, 
അച്ഛേന്ന് വിളിക്കാനാകാതെ ഒരു കരച്ചിലുയരും,
അവളൊരു ചിതയാകും!

കുഞ്ഞേ...
നിന്റെ കൊതിക്കൂട്ടുകൾ പൊതിഞ്ഞ സഞ്ചിയും,
നിർത്തിയിട്ട നിന്റച്ഛന്റെ വണ്ടിയും
വഴിയോരത്തുണ്ട്..
നിന്നെയൂട്ടിയൂട്ടിയുറക്കാനാകാതെ
നിൻറമ്മയെ ചേർത്തു പിടിച്ചൊന്നുമ്മ വയ്ക്കാനാകാതെ അവൻ തണുത്തു മരവിക്കുമ്പോൾ 
വീടിനേതു ഭാവമായിരുന്നെടാ..?

 

Share :