Archives / November 2017

ഫൈസൽ ബാവ
ഉള്ളെഴുത്തുകളുടെ പേരുടൽ യാത്രകൾ

(ധനം എൻ പി യുടെ പേരുടൽ യാത്രകൾ എന്ന അനുഭവക്കുറുപ്പിനെ ആസ്പദമാക്കി തയ്യാറാക്കിയത് )

അനുഭവങ്ങൾ വായനക്കാരെ കൂടി അനുഭവിപ്പിക്കാൻ പാകത്തിൽ ഉള്ള അക്ഷരക്കൂട്ടാണ്‌ ഈ പുസ്‌തകം വായിക്കാൻ പ്രേരിപ്പിക്കുന്ന ഘടകം. അതിനെ അന്വർത്ഥമാകുന്ന തരത്തിലാണ് അവതാരികയിൽ വികെ ശ്രീരാമൻ കുറിച്ചിട്ടുള്ളത്. \"എഴുത്തിന്റെ ജന്മദൗത്യങ്ങളിൽ പ്രധാനപ്പെട്ട ഇനങ്ങളിൽ ഒന്നു വായനാസുഖമാണ്, അക്ഷരക്കാടുകളിൽ നിന്നും ഒരു ചെടി ഒരില. ഒരു പൂവ് നമ്മെ തൊട്ടുനോക്കാൻ, വാസനിക്കാൻ പ്രേരിപ്പിക്കുന്നുവെങ്കിൽ അതിന്റെ ജന്മം സ്വാർത്ഥകമായി എന്നുതന്നെയാണാർത്ഥം\" ഈ പുസ്തകം ആ വായനാ സുഖം തരുന്നു . സത്യത്തിൽ ആര്ക്കാണ് ഭ്രാന്ത് ഉള്ളത്, കുറച്ചുകൂടി കൃത്യമായി ചോദിച്ചാൽ ആർക്കാണ് ഭ്രാന്ത് ഇല്ലാത്തത്, നമ്മുടെ യൊക്കെ ഉള്ളിയിൽ തട്ടുന്ന ഭ്രാന്തരെന്നു സമൂഹം വിളിക്കുന്ന എന്നാൽ നമ്മളെ ഞെട്ടിച്ചുകൊണ്ട് അത്ഭുതപ്പെടുത്തുന്ന പ്രവര്ത്തിയിൽ മുഴുകുന്ന ചിലരെങ്കിലും ഓരോ ഗ്രാമങ്ങളിൽ ഉണ്ടാകും. \"എനക്ക് പൈത്യമില്ലൈ\" എന്ന് പറയുന്ന അഴകമ്മയും അതുപോലൊരാളാലാണ്, എല്ലായിടത്തും ഒരഴകമ്മ ഉണ്ടാകാം. ഊരും പേരും ഇല്ലാത്ത മലയാളമോ തമിഴോ ചിലപ്പോൾ ഇതൊന്നുമല്ലാത്ത ഒന്നോ സംസാരിക്കുന്ന ആരെങ്കിലും ഒക്കെ നമുക്ക് ചുറ്റും ഉണ്ടാകാം. ആമ്പല്ലൂരിൽ ഉള്ള അഴകമ്മയുടെ വേദന പേറുന്ന ചിത്രമാണ് ആദ്യ അദ്ധ്യായത്തിൽ മനസുടക്കുന്നത്. \"എനക്ക് പൈത്യമില്ലൈ \" എന്ന് മന്ത്രിച്ചുകൊണ്ട് പാവം മണ്ണിലേക്ക്... ആമ്പല്ലർകാർക്കിടയിൽ ഒരു മുറിപ്പാടായി മാത്രമല്ല എല്ലാവരുടെയും ഉള്ളിൽ ഈ മുറിപ്പാട് ഉണ്ടാകും, ചില അനുഭവങ്ങൾ നാം മനസുകൊണ്ടാണ് കാണുക, അതിൽ ജീവിതത്തിന്റെ പൊടിയുന്ന ചോരത്തുള്ളികൾ നാമറിയാതെ തന്നെ പകർത്തുമ്പോൾ പറ്റിപിടിക്കും എനക്ക് പൈത്യമില്ലൈ എന്ന വിളിച്ചു പറയലുകൾ എന്നും നമ്മളിൽ വേദനയോടെ അലട്ടും ഇത്തരം അഴകമ്മമാരുടെ അഴക് പിരിച്ചെടുത്ത തെരുവുകളിൽ അവർ പിന്നീട് എനക്ക് പൈത്യമില്ലൈ എന്ന് ജീവിതം വീഴും വരെ പറഞ്ഞു നടന്നുകൊണ്ടിരിക്കും ആരാരും കേൾക്കാതെ കേട്ടിട്ടും കേൾക്കാതെ നാമൊക്കെ ഇങ്ങനെ നടക്കും. ചിലരിൽ മാത്രം അതൊരു നെരിപ്പോടായി തുടരും പിന്നെയത് എഴുതാതെ വയ്യ എന്നാകും അത്തരത്തിൽ ഉറഞ്ഞിരിക്കുന്ന വേദന ഈ എഴുത്തിലും കാണാം.

ലോകത്തെ ഏറ്റവും മഹത്തായ കാര്യം ഏതാണ് എന്ന് ചോദിച്ചാൽ അതിൽ സംശയം വേണ്ട അത് പ്രസവം തന്നെയാണ്. ഏതൊരു ജീവിയുടെയും കാര്യം ഇത് തന്നെ . ഒരു സ്ത്രീ ഗര്ഭവതിയാകുമ്പോഴാണ് ഏറ്റവും സുന്ദരിയാകുന്നത്, അവളുടെ മുഖം തുടുക്കുന്നത്, \"ഒരു പെണ്ണുടലിനും അവളുടെ മുള്ളിനും മാത്രം താങ്ങാനും കടക്കാനും കഴിയുന്ന ചിലത് ഈ ഉലകത്തിലുണ്ട്\" എന്ന് പറഞ്ഞുകൊണ്ടാണ് ഈ അദ്ധ്യായം തുടങ്ങുന്നത്. പെണ്ണ് അനുഭവിക്കുന്ന വേദന മാത്രമല്ല മാനസികമായ ഒട്ടേറെ പരിവർത്തങ്ങൾക്ക് പ്രസവം വഴിവെക്കുന്നു. ഒരു പുതു ജന്മത്തിനു തുടക്കം കുറിക്കുക എന്നത് എത്ര വലിയ കാര്യമാണ്. ആ പത്ത് മാസം അവരുടെ ശരീരത്തിൽ വരുത്തുന്ന മാറ്റങ്ങൾ, ഓരോ മാസവും ഉണ്ടാകുന്ന വളർച്ച, അതിന്റെ അസ്വസ്ഥതകൾ, ഉള്ളിൽ നിറഞ്ഞുകൊണ്ടിരിക്കുന്ന മാതൃസ്നേഹം ഇങ്ങനെ ഓരോ സ്ത്രീയും ഓരോ ലോകമായി മാറുന്ന അവസ്ഥയല്ലേ ഗര്ഭസ്ഥകാലം? \\\"എത്ര കരഞ്ഞാലും പിഴിഞ്ഞാലും നിശ്ശൂനമാകാതെ ഉള്ളിലുയിർക്കുന്ന ഒരു ഞാനുണ്ട്. മറ്റാർക്കും എന്നെ വിട്ടുകൊടുക്കില്ലെന്ന കൗശികന്റെ അഹങ്കാരം. മരിച്ച കുഞ്ഞിനെ പ്രസവിച്ചപ്പോഴും ഞാൻ അതിലാണ് ഉയിർത്തത്\\\" ജീവനില്ലാത്ത കുഞ്ഞിനെ പ്രസവിക്കേണ്ടി വരുന്ന ഒരമ്മയുടെ വേദനയും ഒപ്പം അതിനെ അതിജീവിച്ച ധൈര്യവും ഈ വരികളിൽ കാണാം. ജീവൻറെ വേദന കടിച്ചിറക്കിയ അനുഭവം ഈ അക്ഷരങ്ങളിലൂടെ വായനക്കാരിലും പടരുന്നു. ഇത്തരം വിഷയങ്ങൾ പൊതുവേ സങ്കടങ്ങളായി കണ്ണീരിൽ ലയിച്ചു മാഞ്ഞുപോകാറാണ് പതിവെങ്കിൽ ഇതിവിടെ മാറ്റിമറിക്കുന്നു. ഏവർക്കും ഈ അനുഭവം വായിക്കുമ്പോൾ ഉള്ളൊന്നു പിടക്കുന്ന, എന്നാൽ \"ഇതുപോലെ അനുഭവിച്ചെണീറ്റ അമ്മമാർ നിരവധിയുണ്ടാവാം\" എന്ന് ലളിതമായി പറഞ്ഞു ഒരു നുറുങ്ങു നോവാക്കുകയാണ് ഇവിടെ.

\"എന്റെ നാട്ടിലെ പുഴയാണ് എന്റെ മനസിലെ പുഴ മനസ്സിനെ ഹരിതാഭമാക്കിയ ആദ്യ പുഴ\" പുഴ എല്ലാവരുടെയും ഗൃഹാതുരത്വമാണ് അന്നൊക്കെ കണ്ട പുഴകളിന്നെവിടെ എന്നൊക്കെ ചോദിച്ചാൽ പേരാറും പെരിയാറും കണ്ണീർച്ചാലായ് മാറിയെന്ന സത്യം വേദനയോടെ ഓർക്കും നിളയോട് ഓരോരുത്തർക്കും ഓരോ തരാം കുശുമ്പാണ് അത് തീര്ത്താലും തീരില്ല അത്തരം കുശുമ്പും കുട്ടിക്കാലത്ത് മനസിലൊഴുകിയ പുഴയുടെ നിർവൃതിയിൽ മനസ് നിറയ്ക്കുന്നു. മഴപെയ്താൽ പുഴയറിയും മനസും

ഒരു പേരിലെന്തിരിക്കുന്നു എന്ന നാടൻ ചോദ്യമുണ്ട്, പേരുകൾ നമ്മുടെ തന്നെയാണ് എങ്കിലും നാം ഓരോരുത്തരും നമ്മുടെ ഇഷ്ടത്തിന് തെരെഞ്ഞെടുത്ത ഒരു പെരുമായല്ല നാം ജീവിക്കുന്നത് എന്നാൽ ആ പേരിലേക്ക് നാം മെല്ലെ മെല്ലെ ലയിച്ചു ചേരുകയായിരുന്നു \"ഹൃദയത്തെ തൊട്ടുണർത്തുന്ന ഒന്നാണ് പേരെന്ന്\" ചിന്തിക്കുന്നവരിലേക്ക് കൂടുതൽ പേരും വന്നു ചേരുന്നു, ചിലരത് സഹിച്ചും, ചിലർ താലോലിച്ചും പേരിനെ ഒപ്പം കൂട്ടുന്നു \"പേരും ഉടലുമായി യാത്ര തുടരുമ്പോൾ \'എന്റെ പേര് മാത്രം\' എന്ന ചിന്തയിൽ നമ്മൾ കുടുങ്ങുന്നു. ഒരേ പേരുള്ളവരോട് അടുപ്പം പേരറിയാൻ ആളറിയാൻ ഔൽസുക്യാം, തന്റെ പേരു മറ്റാർക്കില്ലാത്തതെന്ന് ഊറ്റം.\" ഇങ്ങനെ ഒരു പേരിലെന്തിരിക്കുന്നു എന്ന ചോദ്യത്തിൽ നാമൊക്കെ ഒതുക്കി പേരിനെ വിട്ടുകളയുകയും അതൊന്നുമല്ലാത്ത തലത്തിലേക്ക് പേരിനെ പറ്റിയുള്ള ചിന്ത വളർത്തുകയുമാണ് പേരുടൽ യാത്രകൾ എന്ന അദ്ധ്യായം

ഉള്ളുപൊള്ളിക്കുന്ന ഇങ്ങനെയൊരു പ്രണയിനി, പുത്തൻ പുസ്തകത്തിനായി കാത്തിരിക്കുന്ന കുട്ടി വിദ്യാലയത്തിലേക്ക് നടന്നു പോകുകയും വീട്ടിലേക്ക് ഓടിപോകുകയും ചെയ്യുന്നു എന്ന നിരീക്ഷണം അധ്യാപികയുടെ മനസിലൂടെ കടത്തിവിടുന്ന നിരീക്ഷണങ്ങൾ ആണ് പുത്തൻ പുസ്തകമണത്തിനായി കാത്തിരിക്കുന്നു എന്ന അദ്ധ്യായം. വീട്ടാനുള്ള വീടുകൾ, സ്വപ്നേപി, ക്‌ളാസ് മുറിയിലെ രവിവർമ്മച്ചിത്രം, കാരിരുമ്പിന്റെ കരുത്തും പൂവിന്റെ സൗമ്യതയും, ആമ്പൽപ്പൂവിൽ പാദമൂന്നിനിന്നു കന്നിനിലാവൊളി, ഹേ! ഗന്ധമോഹിനി; ധരിത്രി, തൊട്ടുനോക്കട്ടെ കൈപൊള്ളുമോ?, നിന്റെ വിളി കേൾക്കാൻ എന്റെ കാതു നീളുന്നു..., പറയാമോ രുചിഭേദങ്ങൾ, കർപ്പൂരദീപങ്ങളാവട്ടെ കണ്ണുകൾ. തുടങ്ങിയ മറ്റു അധ്യായങ്ങളും ഓരോന്നും വ്യത്യസ്‌ത അനുഭവങ്ങലാണ് പകർന്നു തരുന്നത്. വെറുതെ ഒന്നും വിട്ടുകളാണുളളതല്ല എല്ലാത്തിലും എന്തെങ്കിലും ഉണ്ട് എന്ന നിരീക്ഷണം ലേഖിക സ്വീകരിക്കുന്നു നാമൊക്കെ വിട്ടുകളയുന്ന ചെറിയകാര്യങ്ങളിൽ നിന്നും വലിയ നിരീക്ഷണങ്ങളിലേക്ക് വളര്ത്ത് അങ്ങിനെയാണ്. ഒരു ക്‌ളാസിൽ കൊച്ചുകുട്ടിയായി വായിക്കുമ്പോൾ ലളിതമായി ഇക്കാര്യങ്ങൾ പറഞ്ഞുതരുന്ന ഒരധ്യാപികയെ നമുക്കീ പുസ്തകത്തിൽ കാണാം. മനസ്സിൽ പച്ച നിറച്ച പ്രകൃതിയെ തലോടിക്കൊണ്ട് ഇടവഴിയിലൂടെ ഇലത്തലപ്പുകളിൽ സ്നേഹത്താൽ തൊട്ട് പൂക്കളിൽ തലോടി ക്‌ളാസിൽ എത്തുന്ന ടീച്ചർ, ടീച്ചറുടെ കഥ കാത്തിരിക്കുന്ന കുട്ടികളായി വായനക്കാർ മാറുന്നു. ഈ വായനാ സുഖമാണ് പേരുടൽയാത്രകൾ എന്ന പുസ്തകത്തെ നമ്മോട് അടുപ്പിക്കുന്നത്. ജീവിതത്തിന്റെ നഗ്നവിശുദ്ധികളിൽ നിന്നാണ് ഉള്ളെഴുത്തുകൾ ഉയിരെടുക്കുന്നതെന്ന് ഈ പുസ്തകം പറയുന്നു, വികെ ശ്രീരാമന്റെ പുസ്തകത്തിന്റെ ഉള്ളു തൊട്ടറിഞ്ഞ അവതാരികയും കവിയായ റഫീഖ് അഹമ്മദിന്റെ വരയും പുസ്തകത്തേ നമ്മോട് കൂടുതൽ അടുപ്പിക്കും. നേരിന്റെ ലളിതമായ അനുഭവ തലത്തിലേക്ക് നടന്നു പോകുന്ന ഈ എഴുത്തിലും എഴുത്തുകാരിയിലും വായനക്കാർ പ്രതീക്ഷ വെച്ചുപുലർത്തിയാൽ അതൊരു അതിശയോക്തിയാകില്ല.

Share :

Photo Galleries