Archives / june 2019

ദിവ്യ.സി.ആർ.
മഴത്താളം          

സായന്തനത്തിലെ നിറഞ്ഞ സദസ്സ് !

 റസിഡൻസ് അസോസിയേഷൻെറ നേതൃത്വത്തിൽ എസ്.എസ്. എൽ.സി.വിജയികളെ അനുമോദിക്കുകയും സ്കൂൾ കുട്ടികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണവും നടക്കുകയാണ്. കാറ്റിൽ ചാഞ്ഞുംം ചരിഞ്ഞും കിണുങ്ങിയെത്തുന്ന ചാറ്റൽ മഴയെ വകവയ്ക്കാതെ മക്കളേയും കൊണ്ടവൾ യോഗം നടക്കുന്ന കെട്ടിടത്തിലേക്ക് നടന്നു. ഭംഗിയായി അലങ്കരിച്ച വാതിലൂടെ അകത്തേക്ക് കടന്നു. മുന്നിലായി നിന്ന രണ്ട് ചെറുപ്പക്കാർ അവരെ ക്ഷണിച്ചു.

'എന്താ മോൻെറ പേര് ?'

'അതുൽനാഥ്.'

ഏത് ക്ലാസ്സിലാ ?'

ആറാം ക്ലാസ്'

'മോളോ..?'

അപ്പോഴേക്കും അമ്മയുടെ സാരിത്തലപ്പിൽ നിന്നും തല മുന്നോട്ടു നീക്കി അവളുടെ കുഞ്ഞുകണ്ണുകൾ തിളങ്ങി.

'അനഘാനാഥ്. ഒന്നാം ക്ലാസിൽ'

അച്ഛനെന്താ ജോലി?'

ചോദ്യം പ്രതീക്ഷിച്ചിരുന്നതാണെങ്കിലും അവരുടെ കണ്ണുകൾ നിറഞ്ഞു.

' അച്ഛൻ.. മൂന്ന് മാസമായി മരിച്ചിട്ട് '

ആ ചെറുപ്പക്കാർ എന്തെങ്കിലും പറയുന്നതിന് മുൻപ് അവർ ഹാളിലേക്ക് നടന്നു. 

കുട്ടികൾ കസേരകളിൽ സ്ഥാനം പിടിച്ചു. വേദിയിലെ സാമൂഹിക സാംസ്‌കാരിക നേതാക്കന്മാരുടെ നീണ്ട നിര കണ്ടപ്പോൾ, അവരുടെ പ്രസംഗം സമ്മാനിക്കുന്ന സമയശൂന്യതയെ കുറിച്ചോർത്തപ്പോൾ, വ്യാഖ്യാനിക്കാൻ കഴിയാത്തൊരു ദീർഘ നിശ്വാസം അവളിൽ നിന്നുതീർന്നു!

  യോഗം തുടങ്ങി. ഊഴമനുസരിച്ച് നേതാക്കളെത്തി. പുതിയതായി ഒന്നും പറയാനില്ലായിരുന്നിട്ടും എല്ലാവരും ഒരേ ചുവട്ടിൽ ആവർത്തിക്കപ്പെട്ടു. ചെറിയ കുട്ടികൾ നിറഞ്ഞ സദസ്സിൻെറ നിറം കെട്ടു. അപ്പോഴേക്കും ചായയും ബിസ്ക്കറ്റുമെത്തി. വീണ്ടും മൈക്കിൽ നിന്നുയരുന്ന അസഹനീയമായ ഗീർവാണങ്ങൾ കുട്ടികളെ അലോസരപ്പെടുത്തി. 

ഉറങ്ങിത്തുടങ്ങുന്ന സദസ്സ് കണ്ട സംഘാടകന് ദയവ് തോന്നി പ്രസംഗം മതിയാക്കി പ്രവർത്തിയിലേക്ക് കടന്നു. 

  അങ്ങനെ കുട്ടികൾ കാത്തിരുന്ന ആ നിമിഷമെത്തി. വേദിയിൽ ഓരോ പേരുകളും മൈക്കിലൂടെ മുഴങ്ങി. വിശിഷ്ടാടാഥിതി തൻെറ കർത്തവ്യം നിർവഹിച്ചു. 

അതുൽനാഥ്!

ആ വിളി കേട്ടതും അവൻ അത്യുത്സാഹത്തോടെ വേദിയിൽ കയറി. നോട്ട് പുസ്തകങ്ങൾ നിറഞ്ഞ കവർ അവൻ വാങ്ങി. തിരികെ വരാനിറങ്ങിയ അവനെ സംഘാടകർ വീണ്ടും വിളിച്ചു. 

അച്ഛനില്ലാത്ത അമൽനാഥിന് അസോസിയേഷൻ പ്രസിഡന്റ് വക ഒരു സ്കൂൾ ബാഗുകൂടി നൽകുന്നു.'

അച്ഛനില്ലാത്ത അവന് ,മറ്റുള്ളവരുടെ സഹാനുഭൂതിയിൽ കിട്ടിയ ഔദാര്യം കൈപ്പറ്റാൻ വേദന തോന്നി. അവരത് അവൻെറ കൈകളിൽ വച്ചു. യാന്ത്രികമായി അവനതു വാങ്ങി. 

നിറഞ്ഞ കണ്ണുകൾ ആൾക്കൂട്ടത്തിൽ അമ്മയെ തിരഞ്ഞു. 

നിസ്സഹയായ ആ മുഖത്തേക്ക് അവൻെറ സങ്കടകണ്ണുകൾ പതിച്ചപ്പോൾ ,ആ ഹൃദയം പുറത്ത് പതിക്കുന്ന മഴത്താളത്തേക്കാൾ ശക്തമായി മുഴങ്ങുകയായിരുന്നു..

Share :