Archives / june 2019

രാജു.കാഞ്ഞിരങ്ങാട്
ഓർമ്മ

എന്നെന്നും നിന്നോർമ്മകൂട്ടുവരും
അന്നുംനിന്നോർമ്മകൾ കൂട്ടുനിൽക്കും
നീയേതുനാട്ടിലാണെങ്കിലും ഞാൻ
ഓമനേ ,നിന്നുടെ കൂടെയല്ലോ
എന്നെന്നും നിന്നോർമ്മകൂട്ടുവരും
അന്നുംനിന്നോർമ്മകൾ കൂട്ടുനിൽക്കും

ഏഴു കടലും കടന്നു വെന്നാൽ
ഏതു നിലയിൽ നീ എത്തിയെന്നാൽ
രാവതിലേതേതുയാമത്തിലും
കേട്ടിടാമെന്റെയാ പാദപാതം
എന്നെന്നും നിന്നോർമ്മകൂട്ടുവരും
അന്നുംനിന്നോർമ്മകൾ കൂട്ടുനിൽക്കും

രാജകുമാരിയായ് വാണിടിലും
രാഗങ്ങളേതേതു മാറിയാലും
ഇങ്ങീക്കിഴക്കൻ മലയിൽ നിന്നും
രാഗിണിയെന്നോർമ്മനിന്നെ മാത്രം
എന്നെന്നും നിന്നോർമ്മകൂട്ടുവരും
അന്നുംനിന്നോർമ്മകൾ കൂട്ടുനിൽക്കും

നാടു മറന്നു നീ പോയിടീലും
നേട്ടങ്ങളേറെനീ നേടിടീലും
നോട്ടത്താ,ലന്നു കൈമാറിയത്
കോട്ടങ്ങളായി ഞാൻ കാണുകില്ല
എന്നെന്നും നിന്നോർമ്മകൂട്ടുവരും
അന്നുംനിന്നോർമ്മകൾ കൂട്ടുനിൽക്കും

സ്വപ്നങ്ങളെത്ര നാം പങ്കുവെച്ചു
ദുഃഖങ്ങളെത്ര പകുത്തു വെച്ചു
രാപ്പകലില്ലാതെ ഞാൻ നയിച്ചു
പേരും പെരുമയും നേടിത്തന്നു
എന്നെന്നും നിന്നോർമ്മകൂട്ടുവരും
അന്നുംനിന്നോർമ്മകൾ കൂട്ടുനിൽക്കും

മംഗല്യ പൊട്ടുനീ ചാർത്തിടീലും
മധുവിധു രാവു നീ ഘോഷിക്കിലും
തമരടിത്താളങ്ങളെന്റെയുള്ളിൽ
ഓമലേ ,നിന്നോർമ്മ നൃത്തമാടും
എന്നെന്നും നിന്നോർമ്മകൂട്ടുവരും
അന്നുംനിന്നോർമ്മകൾ കൂട്ടുനിൽക്കും

ഒരു നാളിൽ മലമേട്ടിൽ ഒറ്റയായ് ഞാൻ
മരണത്തെ കാത്തു കിടക്കുകിലും
അന്നും നിന്നോർമ്മകൾ കൂട്ടുനിൽക്കും
എന്നെന്നും നിന്നോർമ്മകൂട്ടുവരും
എന്നെന്നും നിന്നോർമ്മകൂട്ടുവരും
അന്നുംനിന്നോർമ്മകൾ കൂട്ടുനിൽക്കും
 

Share :