ഖഡക് വാസ്ലയിലെ കിടങ്ങിനു മുകളിലൂടെ...
1991 സെപ്തംബർ മാസമാസത്തില്‍ നടന്ന സംഭവം. അന്ന് ഞാൻ മഹാരഷ്ട്രയിലെ നാസിക് ജില്ലയിലെ ഓജ്ജർ വായുസേനാ സ്റ്റേഷനിലെ കേന്ദ്രീയ വിദ്ധ്യാലയത്തിൽ ജോലി ചെയ്യുന്ന കാലം.
ഞാൻ പറയാൻ പോകുന്ന സംഭവം, അന്നത്തെ സ്ക്കൂൾ പ്രിൻസിപ്പൽ എന്നോട് കാണിച്ച അനീതിയും അതില്‍ നിന്നും ഞാൻ അനുഭവിച്ച ഒരു ഭീതിതമായ അനുഭവവുമാണ്. ഞങ്ങൾ കേന്ദ്രീയവിദ്യാലയത്തിലെ അദ്ധ്യാപകർക്ക് പഠിപ്പിക്കുന്നതിന് പുറമെ മറ്റു ചില ഡ്യൂട്ടികൾ കൂടിയുണ്ട്. കായിക സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കുന്ന കുട്ടികളെ മറ്റു വിദ്യാലയങ്ങളിലേയ്ക്ക് എസ്കോർട്ട് ചെയ്യുക അതിലൊന്നാണ്. പെൺകുട്ടികളുടെ കൂടെ വനിതകൾ മാത്രമേ പോകാവൂ എന്നത് നിര്‍ബന്ധവുമാണ്.
1991 ആഗസ്റ്റ് മാസം ഭർതൃസഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കാൻ രണ്ടാഴ്ച്ചത്തെ ലീവെടുത്തു എന്ന കാരണത്താൽ പ്രിൻസിപ്പൽ എന്നോട് വിരോധത്തിലായി. നാട്ടിൽ നിന്നും തിരിച്ചെത്തി ഒരാഴ്ച്ച തികഞ്ഞില്ല. രണ്ടാമത്തെ മോന് അന്ന് 8 മാസം പ്രായം,മുലകുടി മാറാത്ത പിഞ്ചു കുഞ്ഞ്. യാത്രയുടെ പ്രതികൂല സാഹചര്യങ്ങളുടെ ഫലമായോ,പല്ലു മുളയ്ക്കുന്നതിന്റെ മുന്നോടിയായോ എന്നറിയില്ല, കുട്ടിയ്ക്ക് വയറിളക്കം.ഇടയ്ക്കിടെ പനിയും. വീണ്ടും രണ്ടു ദിവസം കൂടി എന്റെ ലീവ് നീട്ടിയെടുത്തു. തിരിച്ച് ഡ്യൂട്ടിയ്ക്ക് ജോയിൻ ചെയ്ത ദിവസം. സ്ക്കൂൾ വിടാൻ 5 മിനിട്ടു മാത്രം ബാക്കി. പ്യൂൺ വന്ന് ഒരു ഓഫീസ് ഓർഡർ കയ്യിൽ തന്നു. അതു തുറന്നു പോലും നോക്കാതെയാണ് വീട്ടിലേയ്ക്കോടിയത്. വീട്ടിലെത്തി മോനെയെടുത്ത് പാലൂട്ടി. അവനെ ഉറക്കിയതിന് ശേഷം കവർ തുറന്ന് വായിച്ചതും ഞാൻ അന്തം വിട്ടു പോയി. പിറ്റേന്ന് കാലത്ത് ഏഴു മണിക്ക് സ്ക്കൂളിൽ റിപ്പോർട്ട് ചെയ്യണം. രണ്ട് പെൺകുട്ടികളെ ബാറ്റ്മിന്റൺ ടൂർണമെന്റിന്( റീജിയണൽ)
പങ്കെടുപ്പിക്കാൻ ഖടക് വാസ്ലയിലുള്ള (പൂനെ) കെ വിയിൽ കൊണ്ടു പോകണം, മൂന്നു ദിവസത്തേയ്ക്ക്. പോകാനുള്ള കുട്ടികളേതെന്ന് അറിയില്ല, പോകുന്നതിനുള്ള മാർഗ്ഗരേഖയുമില്ല. ചെലവിനുള്ള കാശുമില്ല. തിരിച്ച് സ്ക്കൂളിൽ പോയി അന്വേഷിച്ചിട്ട് കാര്യവുമില്ല, കാരണം ഓഫീസ് അര മണിക്കൂറിൽ തന്നെ അടയ്ക്കുകയാണ് പതിവ്.
ഭർത്താവ് ധൈര്യം തന്നു… നീ പൊയ്ക്കോ… കുഞ്ഞിനെ കുറിച്ചോർത്ത് വിഷമിക്കേണ്ട...ആയയുണ്ടല്ലോ... ഞങ്ങൾ എങ്ങനെയും അവനെ നോക്കിക്കൊള്ളാം...അദ്ദേഹത്തിന്റെ
ഈ ഉറപ്പിന്റെ പിൻബലത്തിൽ ഞാൻ പിറ്റേന്ന് തയ്യാറായി സ്ക്കൂളിലെത്തി,പ്രിൻസിപ്പളെത്തന്നെ ആദ്യം കണ്ടു. പോകാനുള്ള നിർദ്ദേശങ്ങൾ ആരാഞ്ഞു…ഉടനെ കർക്കശമായ മറുപടി : I am on leave today. Just ask the VP. I don’t have time to instruct you. ഞാനും വിട്ടില്ല. പോകാനുള്ള പൈസ ഉടനെ വേണമെന്ന് വാശി പിടിച്ചപ്പോൾ ചെക്ക് തന്നു.പിന്നെയും ഞങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായി. ഞാൻ ഒരു വികലാംഗയാണ്. 90%കേൾവിക്കുറവുള്ളയാൾ. സ്വനഗ്രാഹിയന്ത്രമുപയോഗിച്ച് കേൾക്കുന്നു. ഇങ്ങനെയുള്ള ഒരാളെ ഒരിക്കലും സ്റ്റേഷനു പുറത്തുള്ള ഡ്യൂട്ടികൾക്ക് വിടരുതെന്നാണ് നിയമം.എന്നാൽ ഞാൻ മെഡിക്കൽ സർട്ടിഫിക്കറ്റ് ഓഫീസിൽ കൊടുത്തിട്ടില്ലെന്നത് അയാൾ ഓർമ്മിപ്പിച്ചു. ആദ്യമായാണ് പൂനെയിലേക്ക് പോകുന്നത്.
സ്ഥലത്തെക്കുറിച്ചും എത്തിപ്പെടേണ്ടത് എങ്ങനെയെന്നോ ഒന്നും അറിയില്ല. കയ്യിലുള്ള ഒർഡറിൽ അഡ്രസ്സുണ്ടല്ലോ .അതും വച്ച് പോവുക തന്നെ. എന്തും വരട്ടെ എന്ന് കരുതി ഞാൻ കുട്ടികളെയും കൊണ്ട് ബസ്സിൽ യാത്ര തിരിച്ചു. നാസിക്കിൽ നിന്നും പൂനെയ്ക്കുള്ള ബസ്സ് അല്പം വൈകിയാണ് പുറപ്പെട്ടത്. പൂനെയിലെത്തുമ്പോൾ സമയം നാലു മണി. കുട്ടികൾക്ക് കഴിക്കാൻ വാങ്ങിച്ചു കൊടുത്ത്
ഖടക് വാസ്ലെയിലേക്ക് പോകുന്നതിനുള്ള ബസ്സ് ഏതെന്ന് പോലീസുകാരോട് അന്വേഷിച്ചറിഞ്ഞ് അതിൽ കയറി. സമയം നാലര കഴിഞ്ഞു. ബസ്സ് കണ്ട്ക്ടർ പറഞ്ഞു ഇറങ്ങേണ്ട സ്ഥലം അവസാനത്തെ സ്റ്റോപ്പാണെന്ന്, അര മണിക്കൂറിൽ എത്തുമെന്നും.ഞങ്ങൾ അഞ്ചു മണിയ്ക്ക് ഖടക് വാസ്ലയിൽ ബസ്സിറങ്ങി, അടുത്തു തന്നെയുള്ള സ്ക്കൂളിൽ എത്തി. എന്നാൽ, അടച്ചിട്ടിരിക്കുന്ന ഗെയ്റ്റ് കണ്ട് എന്തു ചെയ്യണമെന്നറിയാതെ ചുറ്റുവട്ടത്തെല്ലാം അന്വേഷിച്ചു. പിന്നീട് ഗാർഡ് റൂമിൽ നിന്ന് പ്രിൻസിപ്പളിനെ വിളിച്ചന്വേഷിച്ചപ്പോളാണറിയുന്നത്, ടൂർണമെന്റ് നടക്കുന്നത് എൻ ഡി എ യിലുള്ള വിദ്യാലയത്തിലാണെന്നത്. എന്നാൽ ഞങ്ങളെത്തിപ്പെട്ടത് ഗിരിനഗർ സ്ക്കൂളിലും. രണ്ടും ഖടക് വാസ്ലെയിൽ തന്നെ. പൂനെയിൽ നിന്ന് വെവ്വേറെ ബസ്സ് റൂട്ടുകൾ… റിലീവിങ് ഓർഡറിലെ വിലാസം കെ വി ഖടക് വാസ്ല എന്നു മാത്രം.
ഇനി എങ്ങനെ മറ്റേ സ്ക്കൂളിലെത്തും എന്ന് വ്യാകുലതയോടെ മാർഗ്ഗങ്ങൾ തേടി. രണ്ടു സ്റ്റേഷനുകളും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പാലമുണ്ട്, ഒരു ഭീമൻ കിടങ്ങിനു മേലെ. ആ പാലത്തിലൂടെ എൻ ഡി എ യിലേക്ക് ഏകദേശം ഒന്നര കി മി ദൂരം കാണും. ഒട്ടും നേരം കളയാതെ ഓട്ടൊ പിടിയ്ക്കാൻ തീരുമാനിച്ചു. സ്റ്റാന്റിൽ ആകെ രണ്ട് ഓട്ടോകൾ.പോകേണ്ടത് എൻ ഡി എയിലേയ്ക്കെന്ന് പറഞ്ഞപ്പോൾ പറ്റില്ലെന്ന മറുപടി. ഒരു കി.മീറ്ററിന് 5 രൂപ ഒട്ടോച്ചാർജ്ജുള്ളതിന് 50 രൂപയോ അധിലധികമോ കൊടുക്കാൻ തയ്യാറായിട്ടും അവർ കൂട്ടാക്കിയില്ല.
ഇനി നടക്കുക തന്നെ. ലഗ്ഗേജും തൂക്കി ഞാനും മുതിർന്ന
(പതിനഞ്ചും പതിനാറും വയസ്സു പ്രായമുള്ള) രണ്ട് പെൺകുട്ടികളും കൂടി നടക്കാൻ തുടങ്ങി. ഭയാനകവും വിജനവുമായ പാലം. താഴെ ഒരു പാട് ആഴമുള്ള കിടങ്ങ്. കാടു പോലെ വളർന്നു മുറ്റിയ മരങ്ങൾ…കുട്ടികൾ എന്റെ വേവലാതിയും വിഭ്രാന്തിയും നല്ല പോലെ മനസ്സിലാക്കിയിരുന്നു.അവരും ഭയന്നിരുന്നു. ഞങ്ങൾ ഓടുകയായിരുന്നു. കുറച്ചു നേരം കഴിഞ്ഞപ്പോൾ രണ്ടു പേർ ഞങ്ങൾക്ക് മുമ്പിൽ നടന്നു പോകുന്നതും കണ്ട് വീണ്ടും ഓട്ടം … അവർ ശബ്ദം കേട്ട് തിരിഞ്ഞു നോക്കി, ഞങ്ങൾക്കായി കാത്തു നിന്നു.അടുത്തെത്തിയപ്പോൾ അവർ ആർമിയിലുള്ളവരാണെന്നും എൻ ഡി എയിലാണ് താമസമെന്നും അറിഞ്ഞു. ഈ വഴി അപകടം പിടിച്ചതാണ്, നിങ്ങൾ ആദ്യത്തെ ഗെയ്റ്റിൽക്കൂടെ കയറിക്കൊള്ളൂ എന്നും പറഞ്ഞ് അവർ ഞങ്ങളെ ഗാർഡ് റൂമിലെത്തിച്ചു.
എന്നാൽ കെ വി യിലേക്ക് വീണ്ടും ഒരു കി മി ദൂരമുണ്ടെന്നും ഒരു തരത്തിലുള്ള വാഹനവും ആ വഴി പ്രതീക്ഷിക്കേണ്ടതില്ലെന്നും ഗാർഡ് …
നേരം ഇരുട്ടാൻ തുടങ്ങി.ഞാനും കുട്ടികളും ഒരടി പോലും നടക്കാൻ പറ്റാത്ത വിധം അവശരായിരുന്നു. എൻ ഡി എ കെ വി യിലെ പ്രിൻസിപ്പൾക്ക് ഒന്നു ഫോൺ ചെയ്യണമെങ്കിൽ അവരുടെ വീട്ടിലെ നമ്പർ ആർക്കുമറിയില്ല. സ്ക്കൂളിൽ ആരും ഫോണെടുക്കുന്നുമില്ല. വല്ലാത്തൊരു പ്രതിസന്ധി.
അപ്പോഴാണ് ഒരു കാർ ഗേയ്റ്റിനടുത്തു വന്നത്. ഗാർഡ് ഓടിച്ചെന്ന് ഗേയ്റ്റ് തുറന്ന് സെല്യൂട്ടടിക്കുന്നതു കണ്ടതും ഞാനെടുത്തു ചാടി . കാർ നിർത്തി. ഗാർഡെന്നെ വഴക്ക് പറയാൻ തുടങ്ങുമ്പോഴേയ്ക്കും കാറിൽ നിന്ന് ഒരു ഓഫീസർ ഇറങ്ങി, എന്നോട് കാര്യങ്ങളന്വേഷിച്ചു. ഒരൊറ്റ വായിൽ എന്റെ വിഷമം, രണ്ട് മുതിർന്ന പെൺകൂട്ടികളെയും കൂട്ടി ഓജ്ജാറിൽ നിന്നു തുടങ്ങി ഗിരിനഗറിലെത്തി പാലം നടന്നു താണ്ടി അവിടം വരെ എത്തിയ കഥ വിവരിച്ചു. ഇനി സ്ക്കൂളിലെത്താൻ വഴി കാണാതെ വലയുകയാണെന്ന് കേട്ടതും അദ്ദേഹം ഞങ്ങളോട് കാറിൽ കയറാൻ ആവശ്യപ്പെട്ടു.അദ്ദേഹം കെ വി പ്രിൻസിപ്പളെ വിളിച്ച് കാര്യങ്ങൾ സംസാരിച്ചു. തന്റെ മകൾ കെ വി യിലാണ് പഠിക്കുന്നതെന്നും പ്രിൻസിപ്പളിനെ നന്നായറിയാമെന്നും അദ്ദേഹം.
സ്ക്കൂളെത്തുന്നതു വരെ എന്നോട് ആ കിടങ്ങിനെ പറ്റിയും അവിടെ നടക്കുന്ന അനാശ്യാസകരമായ പല സംഭവങ്ങളെക്കുറിച്ചും അദ്ദേഹം വിവരിച്ചു. അതു കൊണ്ടു തന്നെ ആ പാലത്തിലൂടെ ആൾ സഞ്ചാരം പകൽ സമയങ്ങളിൽ പോലും കുറവാണത്രേ.വൈകുന്നേരങ്ങളിൽ ഓട്ടോക്കാർ ആ വഴി വരാൻ കൂട്ടാക്കില്ലത്രേ….ഞാനും കുട്ടികളും ഭാഗ്യമുള്ള കൂട്ടത്തിലാണെന്നും അതുകൊണ്ട് അനാരോഗ്യകരമായതൊന്നും സംഭവിച്ചില്ലെന്നും അദ്ദേഹം ആശ്വസിച്ചു. അവിടം അധോലോകനായകന്മാരുടെ വിളയാട്ടകേന്ദ്രമാണെന്നും കൂടി കേട്ടപ്പോൾ ഞാനും കുട്ടികളും വിറക്കുകയായിരുന്നു…
സ്ക്കൂളിൽ ഞങ്ങളെത്തുമ്പോൾ പ്രിൻസിപ്പലും രണ്ടദ്ധ്യാപകരും കാത്തു നിന്നിരുന്നു.ഞങ്ങളെ ഇറക്കി പ്രിൻസിപ്പലിനോട് കുശലവും പറഞ്ഞ് അദ്ദേഹം എന്റെ മുന്നിൽ വന്ന് നിന്ന് പെട്ടെന്ന് സെലൂട്ടടിച്ചു “ I salute you for your courage” എന്നും പറഞ്ഞ് കൈ നീട്ടി.ഞാൻ ചമ്മി നിന്നു പോയി. ഒരു വിധം അദ്ദേഹത്തിന് കൈ കൊടുത്ത് നന്ദി പറഞ്ഞു.
എൻ ഡി എ കെ വി യിൽ താമസത്തിനുള്ള എല്ലാ ഒരുക്കങ്ങളും ചെയ്തിരുന്നു. കുട്ടികൾക്ക് ഭക്ഷണം കൊടുത്ത് അവരെ മുറിയിൽ വിട്ടതിന് ശേഷം അവിടത്തെ പ്രിൻസിപ്പളുമായി ഏറെ നേരം സംസാരിച്ചു. തമിഴ്നാട്ടുകാരിയായിരുന്നെങ്കിലും അവർക്ക് മലയാളവും അറിയാമായിരുന്നു. എന്റെ സ്ക്കൂളിൽ നിന്നും എനിയ്ക്കുണ്ടായ ഈ ദുരനുഭവം ഇനിയാർക്കും ഉണ്ടാകില്ലെന്ന് അവർ ഉറപ്പ് തന്നു. പിറ്റേന്ന് തന്നെ അവർ അസിസ്റ്റന്റ് കമ്മീഷണർക്ക് വിശദമായ ഒരു റിപ്പോർട്ട് ഫാക്സ് ചെയ്തു.
മൂന്നു ദിവസങ്ങൾ നെഞ്ചെരിഞ്ഞ് ഞാൻ എന്റെ മുലകുടി മാറാത്ത കൊച്ചു കുട്ടിയെ പിരിഞ്ഞ് അവിടെ കഴിച്ചു കൂട്ടി.
ഈ സംഭവം മുംബൈ റീജിയണിൽ അക്കൊല്ലം ഏറെ ചർച്ച ചെയ്യപ്പെട്ടു. അദ്ധ്യാപക സംഘടനകൾ എ സി ഓഫീസിന് മുമ്പിൽ ധർണ ചെയ്തു. അതു കൊണ്ട് ഏറെ പ്രയോജനമുണ്ടായി. ഇനി മേൽ 2 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളുടെ അമ്മമാർ,വികലാംഗർ തുടങ്ങിയവർക്ക് ഒരിയ്ക്കലും എസ്കോർട്ട് ഡ്യൂട്ടി കൊടുക്കരുതെന്ന ഓർഡർ വന്നു. അന്നത്തെ എന്റെ സ്ക്കൂൾ പ്രിസിപ്പളിന് ഒരു ശിക്ഷയും ഉടൻ ലഭിച്ചു.ഒരു സ്ഥലം മാറ്റം.
ഇന്നും ആ പൂനെ യാത്ര എന്റെ മനസ്സിൽ ഒരു അവിസ്മരണീയമായ ഭീതിജനകമായ അനുഭവമായി ശേഷിയ്ക്കുന്നു. എന്നാൽ ദുരന്തങ്ങളെ നേരിടാനുള്ള ആത്മധൈര്യം ഒരു പക്ഷേ അന്നത്തെ അനുഭങ്ങളായിരിക്കാം എന്നിൽ വളർത്തിയത്