Archives / june 2019

ജോയിസ് ജോയ്
 ചെഗുവേര..

ഉയരാൻ മടിക്കുന്ന കൈയും പറയാൻ
മടിക്കുന്ന നാവും അടിമത്വത്തിന്റെതാണ്.
                                                     ചെഗുവേര..

വിപ്ലവ മുന്നേറ്റങ്ങള്‍ക്ക്, സാമ്രാജ്യത്വവിരുദ്ധ സമരങ്ങള്‍ക്ക്, സാമൂഹ്യനീതിക്കുവേണ്ടി, ലോകമെമ്പാടുമുളള വിമോചന പോരാളികള്‍ക്ക് ആവേശം പകര്‍ന്ന ധീര രക്തസാക്ഷി -സമര പോരാട്ടങ്ങളിലെ അനശ്വര നക്ഷത്രം  ഏണസ്റ്റോചെഗുവേരയുടെ തൊണ്ണൂറ്റിയൊന്നാം ജന്മദിനമാണിന്ന്.

1928 ജൂണ്‍ 14-ന് അര്‍ജന്റീനയിലെ റൊസാരിയോ നഗരത്തിലാണ് ഏണസ്റ്റോ ചെഗുവേര ജനിച്ചത്. കുട്ടിക്കാലം മുതലേ സാഹസപ്രിയനായിരുന്നു ചെഗുവേര. പാരമ്പര്യമായി കിട്ടിയ വിപ്ളവവീര്യവുമായി കൌമാരകാലത്തു തന്നെ കമ്മ്യൂണിസ്റ്റ്-സോഷ്യലിസ്റ്റ് ആദര്‍ശങ്ങളിലേക്ക് അദ്ദേഹം ആകര്‍ഷിക്കപ്പെട്ടു. കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ ചെയുടെ ജീവിതവീക്ഷണത്തിന് രൂപവും ഭാവവും നല്‍കി. 1952-ലായിരുന്നു ചെഗുവേരയുടെ ജീവിതം മാറ്റിമറിച്ച ആ മോട്ടോര്‍ സൈക്കിള്‍ യാത്രയുടെ തുടക്കം. സുഹൃത്ത് ആല്‍ബര്‍ട്ടോ നാഡോയ്ക്കൊപ്പം അര്‍ജന്റീന, പെറു, ചിലി, വെനിസ്വേല തുടങ്ങിയ രാജ്യങ്ങളിലൂടെയായിരുന്നു യാത്ര.

 സാധാരണക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ സായുധ വിപ്ളവം കൊണ്ടേ സാധ്യമാകൂ എന്ന് ചെഗുവേരയെ ചിന്തിപ്പിച്ചത് ഈ യാത്രയിലെ നാട്ടുകാഴ്ചകളാണ്. ഈ യാത്രയ്ക്കിടെ ഗ്വാട്ടിമാലയില്‍ വച്ചു പരിചയപ്പെട്ട ഹില്‍ഡ ഗാഡിയയെ അദ്ദേഹം ജീവിതസഖിയാക്കി.
ഹില്‍ഡയെ കൂടാതെ നിരവധി സുഹത്തുക്കളെ അദ്ദേഹത്തിനു ഈ യാത്രയില്‍ ലഭിച്ചു. ചെയുടെ ജീവിതഗതിയെ തന്നെ മാറ്റിമറിച്ച ഫിദല്‍ കാസ്ട്രോയുമുണ്ടായിരുന്നു അക്കൂട്ടത്തില്‍.

 1955-ല്‍ ഗ്വാട്ടിമാലയില്‍ വച്ചാണ് ചെഗുവേരയും ഫിദല്‍ കാസ്ട്രോയും ആദ്യമായി കണ്ടുമുട്ടുന്നത്. ക്യൂബന്‍ വിപ്ളവത്തിന് തിരികൊളുത്തിയ സൗഹൃദമായിരുന്നു അത്. ബാറ്റിസ്റ്റയെന്ന ഏകാധിപതിക്കെതിരെ പോരാടാന്‍ ക്യൂബന്‍ വിപ്ളവകാരികളെ നയിച്ച ഫിദല്‍ കാസ്ട്രോ ചെഗുവേരയെന്ന ധീരനേയും ഒപ്പം കൂട്ടി. 59-ല്‍ അവര്‍ ലക്ഷ്യംകണ്ടു. ബാറ്റിസ്റ്റ ഹവാനയില്‍ നിന്ന് പലായനം ചെയ്തതോടെ കാസ്ട്രോയും ചെഗുവേരയും നയിച്ച വിപ്ളവസേന ക്യൂബയില്‍ അധികാരം പിടിച്ചെടുത്തു. ക്യൂബ സ്വതന്ത്രമായപ്പോള്‍ കാസ്ട്രോ അതിന്റെ ഭരണസാരഥ്യം ഏറ്റെടുത്തു. ചെയ്ക്കും കാസ്ട്രോ മന്ത്രിസ്ഥാനം നല്‍കി.

കുറച്ചുകാലം ക്യൂബയില്‍ തന്നെ കഴിഞ്ഞെങ്കിലും ചെയിലെ വിപ്ളവകാരി അടങ്ങിയിരുന്നില്ല. അധികാരത്തിന്റെ ലഹരി, പണം, സുഖസൌകര്യങ്ങള്‍ ഇവയൊന്നും ചെഗുവേരയെ പ്രലോഭിപ്പിച്ചില്ല. മന്ത്രിസ്ഥാനം മാത്രമല്ല, ക്യൂബന്‍ പൗരത്വവും ഉപേക്ഷിച്ച അദ്ദേഹം കോംഗോയിലെ പ്രശ്നങ്ങളില്‍ ഇടപെട്ടു. അക്കാലത്ത് ബൊളീവിയയിലെ പ്രശ്നങ്ങള്‍ രൂക്ഷമായപ്പോള്‍ ചെയും റിബല്ലകളും ബൊളീവിയന്‍ കാടുകളിലെത്തി. അവിടെയും കഷ്ടപ്പെടുന്നവരേയും അടിമകളുടെയും മോചനത്തിനായി അദ്ദേഹം ജനങ്ങളെ സംഘടിപ്പിച്ചു, ഒളിപ്പോരാളികളെ നയിച്ചു. ഒടുവില്‍ അവിടെ സൈന്യം ഒരുക്കിയ ചക്രവ്യൂഹത്തില്‍ നിന്നു പുറത്തുകടക്കാനാകാതെ പോരാടി തളര്‍ന്നു വീണു. 

1967 ഒക്ടോബര്‍ 8-ന് ഒരു ഏറ്റമുട്ടലിനൊടുവില്‍ ബോളീവിയന്‍ പട്ടാളം ചെഗുവേരയെ പിടികൂടി. ചെഗുവേരയേയും ഒപ്പം പിടികൂടിയ വിപ്ലവകാരികളെയും അടുത്തദിവസം പട്ടാളം തോക്കിനിരയാക്കി. വീരമൃത്യു വരിച്ച ആ വിപ്ലവകാരി ഇന്നും ജ്വലിക്കുന്ന ഒാര്‍മയായി ജനഹൃദയങ്ങളില്‍ ജീവിക്കുന്നു. പ്രത്യയശാസ്ത്രത്തിനൊപ്പം കവിതയും പുസ്തകങ്ങളും സംഗീതവും യാത്രകളുമൊക്കെ ഇഷ്ടപ്പെട്ടിരുന്ന ചെഗുവേര പുതുതലമുറകള്‍ക്കും പ്രിയപ്പെട്ടവനായി. സാഹസികതയുടെയും വിപ്ളവത്തിന്റെയും പ്രതീകമായി, ഇതിഹാസമായി ലോകജനത ഇന്നും ചെഗുവേരയെ സ്മരിക്കുന്നു

Share :

Photo Galleries