Archives / November 2017

ആര്യ
വിധു വിൻസെന്റുമായി അഭിമുഖം

നവ സംവിധായികയായ വിധു വിൻസെന്റിനെ കാണാൻ മുല്ലശ്ശേരിസാറുമൊത്തു ഞാൻ പോകുമ്പോൾ എന്റെ ഉള്ളിലുള്ള രൂപഭാവങ്ങൾ ഇങ്ങനെ ആയിരുന്നില്ല സിനിമ ലോകത്തിലെ ആർഭാടങ്ങളും ജാഡകളും ഒക്കെ കേട്ടറിവുള്ള എനിക്കു് വ്യത്യസ്തമായ അനുഭവമാണ് അവരിൽ നിന്നും കിട്ടിയത് .. നമ്മളിൽ ഒരാളായി നമ്മോടെപ്പം എളിമയോടെ സഹകരിച്ചു ള്ള അവരുടെ സംഭാഷണങ്ങൾ കേൾക്കൂ

Q) എങ്ങനെയാണ് മാന്‍ഹോള്‍ എന്ന വിഷയത്തിലേയ്ക്ക് എത്തപ്പെട്ടത്?
ഞാനൊരു മാധ്യമ പ്രവര്‍ത്തകയായിരുന്നു. ചാനലുകളിലായിരുന്നു ജോലി ചെയ്തിരുന്നത്. അവസാനമായി ജോലി ചെയ്തിരുന്ന ചാനലിനുവേണ്ടി ഒരു ഡോക്യുമെന്‍ററി ചെയ്യുകയുണ്ടായി - വൃത്തിയുടെ ജാതി അഥവാ \'caste of cleanliness \'കേരളത്തില്‍ ഇപ്പോഴും തോട്ടിപ്പണിക്കാരുണ്ട്. ഒരു പ്രത്യേക ജാതിയില്‍ പെട്ടവരാണ് അത് ചെയ്യേണ്ടിവരുന്നതും. അങ്ങനെ വരുമ്പോള്‍ തൊഴിലിനേയും ജാതിയേയും ബന്ധിപ്പിക്കുന്ന ചില ചരടുകള്‍ ഇപ്പോഴും കേരളത്തില്‍ നിലനില്‍ക്കുന്നുണ്ട്. അത് പറഞ്ഞ് തീര്‍ക്കാനായിരുന്നു ആ ഡോക്യുമെന്‍ററി ശ്രമിച്ചത്. കാരണം ഇത്തരം കാര്യങ്ങള്‍ ഇല്ലായെന്നാണ് കേരളം അവകാശപ്പെടുന്നത്. അതിനു ശേഷം കുറെയധികം ന്യൂസ് സ്റ്റോറികള്‍ അതിന്‍റെ ഭാഗമായി ചെയ്തു. അപ്പോഴൊക്കെയും നമുക്കെന്താണോ പറയേണ്ടത് അതിന്‍റെ സന്ദേശം കൃത്യമായി ജനങ്ങളിലേക്കെത്തിക്കാന്‍ കഴിഞ്ഞില്ല. കാരണം വാര്‍ത്തയ്ക്ക് എപ്പോഴും ഒരു പരമമിതിയുണ്ട്. അതിനപ്പുറത്തേക്കൊരു കാന്‍വാസിലേയ്ക്ക് പോകണം എന്നുള്ളൊരാഗ്രഹം കൊണ്ടാണ് ആ \\\'മാന്‍ഹോള്‍\\\' എന്ന പേരില്‍ സിനിമ എന്ന കാന്‍വാസില്‍ മാറ്റി പണികഴിപ്പിച്ചത്.

Q) ഇത്തരം ഒരു വിഷയം സിനിമയാക്കാന്‍ പോകുന്നുവെന്നറിഞ്ഞപ്പോള്‍ ചുറ്റുമുള്ളവരുടെ പ്രതികരണം എന്തായിരുന്നു?
എന്‍റെ അഭ്യുദയകാംഷികളായിരുന്നവരെല്ലാം തന്നെ ഈ ഒരു വിഷയത്തില്‍ നിന്നും പിന്‍തിരിപ്പിക്കാനാണ് ശ്രമിച്ചത്. ഇതുപോലൊന്ന് ആദ്യമേ സിനിമയാക്കിയാല്‍ അത് സിനിമയിലേക്കുള്ള എന്‍ട്രിക്ക് ബുദ്ധിമുട്ടുണ്ടാക്കും. അതുകൊണ്ടുതന്നെ പിന്നെയെടുക്കാം എന്നായിരുന്നു പലരും അഭിപ്രായപ്പെട്ടത്.

Q) ഒരു സംവിധായിക എന്ന നിലയില്‍ എന്തൊക്കെ ബുദ്ധിമുട്ടുകളാണ് നേരിടേണ്ടിവന്നത്?
ഒരു സംവിധായിക എന്ന നിലയില്‍ നേരിടേണ്ടിവന്ന പ്രധാന പ്രശ്നം ഒരു നിര്‍മ്മാതാവിനെ കണ്ടുപിടിക്കുക എന്നതായിരുന്നു. അങ്ങനെ പലരേയും നിര്‍മ്മാതാവ് എന്ന നിലയില്‍ സമീപിച്ചു പക്ഷേ പലരും ഒഴിഞ്ഞുമാറി ഒരു സ്ത്രീയായതുകൊണ്ടുതന്നെ പലര്‍ക്കും കാശു മുടക്കാന്‍ ആശങ്കയായിരുന്നു. ഒടുവില്‍ എന്‍റെ അച്ഛന്‍ തന്നെയാണ് ഈ സിനിമയുടെ നിര്‍മ്മാതാവാകാന്‍ തയ്യാറായത്.

Q) ഒരു സംവിധായകയാകണമെന്ന് എപ്പോഴെങ്കിലും ആഗ്രഹിച്ചിരുന്നോ?
ഞാന്‍ എന്നും ഒരു സിനിമാ പ്രേമിയാണ്. സിനിമ കാണാന്‍ ഒരുപാട് ഇഷ്ടമുള്ള വ്യക്തിയാണ് പക്ഷേ, ഒരിക്കല്‍ പോലും ഞാനൊരു സിനിമ സംവിധായകയാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഈ സിനിമയെടുക്കാനല്ലെങ്കില്‍ എനിക്കൊരു സംവിധായികപോലും ആകേണ്ടതില്ല. ഒരു സിനിമയെടുക്കാന്‍ പറ്റുമെന്നൊരാത്മവിശ്വാസം നല്‍കുന്നത് തന്നെ ഈ വിഷയവും അതുമായി ബന്ധപ്പെട്ട ആലോചനകളും ഒക്കെയാ.

Q) 21-ാം ലോക അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഒരു സംവിധായിക എന്ന നിലയില്‍ എത്തിയപ്പോള്‍ ഉണ്ടായ അനുഭവം എന്തായിരുന്നു?
തികച്ചും വ്യത്യസ്തമായിട്ടുള്ളൊരു അനുഭവം തന്നായിരുന്നു. മുന്‍പൊക്കെ ഒരു ചാനല്‍ റിപ്പോര്‍ട്ടര്‍ എന്ന നിലയില്‍ സംവിധായകരോട് ചോദ്യങ്ങള്‍ ചോദിക്കാനായിരുന്നു ചിലച്ചിത്രോത്സവത്തില്‍ എത്തിയിരുന്നത്. എന്നാല്‍ ഇന്ന് ചോദ്യം ചോദിക്കുന്നതില്‍ നിന്നും മാറി ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്ന ഒരവസ്ഥ ശരിക്കും ഒരു റിവേഴ്സ് പ്രോസസ്സ് ആയി മാറി. അത് ഒരേ സമയം എന്‍ജോയിംഗുമാണ് റിസ്കിയുമാണ്.

Q) ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടം ഏതിനോടാണ്? സിനിമയോടോ മാധ്യമപ്രവര്‍ത്തനത്തിനോടോ?
ഞാന്‍ പറയും മാധ്യമ പ്രവര്‍ത്തനത്തിനോട് തന്നെയാണ് അടിസ്ഥാനപരമായി ഞാനൊരു മാധ്യമ പ്രവര്‍ത്തകയാണ്. മാധ്യമ പ്രവര്‍ത്തനക്കാലത്ത് നമ്മള്‍ കണ്ടതും എന്നാല്‍ റിപേപാര്‍ട്ട് ചെയ്യാന്‍ പറ്റാത്തതുമായ സ്റ്റോറീസുമാണ് സിനിമകള്‍ക്ക് പ്രചോദനം നല്‍കിയത്. ഒരു സാധാരണ മനുഷ്യന്‍ കടന്നുപോകുന്നതില്‍ നിന്നും വളരെ വ്യത്യസ്തമായിട്ടാണ് ഒരു മാധ്യമപ്രവര്‍ത്തകന്‍റെ ഒരോ ദിവസവും തുടങ്ങുന്നതും അവസാനിക്കുന്നതും. ഓരോ ദിവസതേത്യും ചില അനുഭവങ്ങളാണ് നമുക്ക് സിനിമയില്‍ നില്‍ക്കാനുള്ള ചവിട്ടുപടിയായി മാറുന്നത്.

Q) കുടുംബത്തില്‍ നിന്നുമുള്ള പിന്തുണ എത്രത്തോളമായിരുന്നു?
അച്ഛനും അമ്മയുടെ പൊതുവെ സപ്പോര്‍ട്ടാണ്. അവരുടെ പിന്തുണയില്ലായിരുന്നെങ്കില്‍ ഈ സിനിമ സാധ്യമകില്ലായിരുന്നു അച്ഛനൊരു റിട്ടയേര്‍ഡ് സ്കൂള്‍ മാഷാണ്. അങ്ങനെ സമ്പത്ത് ധാരാളം ഉള്ള കുടുംബത്തിലെ അംഗം അല്ല പക്ഷേ ഉള്ളത് ഇതിനെടുത്തോ എന്ന് പറയാനുള്ളൊരു മഹാ മനസ്കത അദ്ദേഹം കാണിച്ചു എന്നുള്ളത് പെണ്‍മക്കളുള്ള ഓരോ മാതാപിതാക്കളും മാതൃകയാക്കേണ്ടതാണ്. എന്‍റെ ഹസ്ബന്‍റ് എന്‍.ഐ.ടി.യില്‍ ജോലി ചെയ്യുന്നു. മകള്‍ എട്ടാം ക്ലാസില്‍ പഠിക്കുന്നു.

Q) എപ്പോഴെങ്കിലും ഒരു അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നോ?
തീര്‍ച്ചയായും ഇല്ല. പക്ഷേ, എല്ലാവര്‍ക്കിടയിലും ഡിസ്കസ് ചെയ്യുപ്പെടും എന്ന് ഉറപ്പുണ്ടായിരുന്നു. അപ്രതീക്ഷിതമായാണ് 2016-ലെ മികച്ച സംവിധാനത്തിനുള്ള കേരള സംസ്ഥാന അവാര്‍ഡ് ലഭിച്ചത്. സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയതിലും ഏറെ അഭിമാനകരമായി പറയാന്‍ പറ്റുന്നത് ധനകാര്യമന്ത്രി തോമസ് ഐസക്കിന്‍റെ ബഡ്ജറ്റില്‍ ഈ സിനിമയെക്കുറിച്ചു പറയുകയും കുറച്ചു തുക നീക്കിവയ്ക്കുകയും ചെയ്തു എന്നുള്ളതാണ്. അതായത് ഈ തൊഴില്‍ ചെയ്യുന്ന മനുഷ്യരുടെ തൊഴില്‍ ജീവിതത്തില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കുന്നതിനുവേണ്ടിയും ജീവിതം മെച്ചപ്പെടുത്തുന്നതിനുവേണ്ടിയുമാണ് ഈ തുക. അപ്പോള്‍ അത് എന്നെ സംബന്ധിച്ചിടത്തോളം വലിയൊരു ഓസ്കര്‍ കിട്ടിയതു പോലെയാണ്. കാരണം സിനിമ എന്നു പറയുന്ന കല സിനിമയ്ക്കപ്പുറത്തേയ്ക്ക് സഞ്ചരിച്ചെത്തുകയാണ്. ബഡ്ജറ്റ് എന്നു പറയുമ്പോള്‍ ഒരു സാമ്പത്തിക മാര്‍ഗ്ഗദര്‍ശന രേഖയാണ് എന്നുപറയാം. അപ്പോള്‍ അവിടേക്കൊരു സിനിമയ്ക്ക് കടന്നെത്തി ഒരു സ്പന്ദനം ഉണ്ടാക്കാന്‍ സാധിച്ചു. ഭരണകൂടത്തെയടക്കം ഉലയ്ക്കാന്‍ അതിനെവിടെയോ കഴിഞ്ഞുവെന്നുള്ളത് ഒരു ചെറിയ കാര്യമല്ല.

Q) ആരാണ് ഇഷ്ടപ്പെട്ട ആക്ടര്‍?
ഒരു നടനെന്ന നിലയില്‍ മോഹന്‍ലാലിനെ വളരെ ഇഷ്ടമാണ് നടിയെന്നുള്ള നിലയില്‍ മഞ്ജുവാര്യരെയും. Q) സംവിധാനം തുടരാന്‍ തന്നെയാണോ താല്പര്യം?
അതെ പുതിയ ചിത്രത്തിന്‍റെ പണിപ്പുരയിലാണ് \\\'മാന്‍ഹോള്‍\\\' എന്ന സിനിമയില്‍ നിന്നും വളരെ വ്യത്യസ്തമായിട്ടുള്ളൊരു സിനിമയായിരിക്കും. ഒരു വൈഡ് റിലീസ് പോസിബിലിറ്റി കാണുന്നുണ്ട്. പ്രീ പ്രൊഡക്ഷന്‍ സ്റ്റേജിലായരുകൊണ്ടു തന്നെ കൂടുതലായി ഒന്നും പറയുന്നില്ല.

Share :

Photo Galleries