Archives / june 2019

അജിത്ത് .ആർ.കെ
അവൾ അടുക്കളയാകുമ്പോൾ

 

ഒരു കടുംകെട്ടവളെ അടിയാളാക്കിയെടുത്തതാണ്...

എന്നും കള്ളുമണക്കുന്നോന്റെ സംശയത്തിൽ കെടുത്തിയിട്ടും കെടാത്ത അടുപ്പാകാൻ!

 

വേവാനൊന്നുമില്ലാഞ്ഞിട്ടും,

തീയും പുകയുമില്ലാതവൾ നിന്നുകത്തും...

അടുക്കള ചോർന്നൊലിയ്ക്കും

അതിലവൾമാത്രം നനയും!

 

ആ രാവിലൊന്നുമുണ്ടായിട്ടില്ലാത്തപോലൊരു

പകലുദിയ്ക്കും,

അവളധികമാകാത്ത മധുരമുള്ള ചുടുകാപ്പിയാകും,

കഴിച്ചിട്ടും മതിയാകാത്ത ഉച്ചയൂണാകും,

'അമ്മേ'യെന്നോടി വരുന്നോർക്ക്

ചൂടുള്ള പലഹാരമാകും,

 

തനിച്ചാകുമ്പോഴെല്ലാം ഓരോന്നോർത്തെടുക്കും..

അപ്പോഴൊരു ചില്ലുഗ്ലാസുടയും, കടുക് നിലത്തുപോകും,

രണ്ടാമതും ഉപ്പുവിതറും,

പണ്ടാരമടങ്ങാൻ പ്രാകും,

എല്ലാമൊതുങ്ങിയാൽ വയറൊന്നാളാൻ തുടങ്ങും!

 

വീണ്ടുമവൾ ആധിയിട്ടു പുകച്ചൊരത്താഴമാകും

അന്തിയേറെച്ചെന്നാലടിയേറ്റു -

വാങ്ങുന്നൊരടിയാളാകും

അപ്പോളടുക്കള മാത്രം ചോർന്നൊലിയ്ക്കും

അതിവൾമാത്രം നനഞ്ഞൊലിയ്ക്കും...

 

 

 

Share :