Archives / june 2019

ഷുക്കൂർ ഉഗ്രപുരം
ഈദ്

വ്രത വിശുദ്ധിയിൽ
തെളിഞ്ഞ
ആത്മാവിൻ ആകാശത്ത്
പിറവി കൊള്ളുന്ന
നൻമയുടെ
നിലാവെളിച്ചമാണ്
ഈദിൻ ഘടികാരം
വിശപ്പിൻ നോവറിഞ്ഞ
ദേഹവും ദേഹിയും
നേരിൻ ദിശാനക്ഷത്രമായ്
ജ്വലിക്കുന്നു നൻമയുടെ
വഴികളിൽ
ഇരുൾ മുറ്റിയ
ഹൃത്തടത്തിൽ
ദൈവവാക്യമാം
വിശുദ്ധ ഖുർആനിൻ
സൂക്തങ്ങളാൽ
വെളിച്ചത്തിൻ റാന്തൽ
കൊളുത്തിയവൻ
ഇരുളിനേകാന്തതയിൽ
നിശാനമസ്ക്കാര
സാഷ്ടാംഗങ്ങളിൽ
കണ്ണുനീർ കൂട്ട് വന്ന്
കഴുകിക്കളഞ്ഞു
പാപത്തിൻ ഇരുണ്ട
പാടുകൾ.
തപിക്കുന്ന ഹൃദയം
ദൈവിക
സ്തുതികീർത്തനങ്ങളാൽ
നനുത്ത ജപമാലയെ
ചുംബിക്കുമ്പോൾ
നൻമയുടെ
അനേകമരുവികൾ
ഉയിരെടുക്കുന്നു ആത്മാവിൻ
വരണ്ടഭൂമികയിൽ.
സകാത്തിൻ നാണയത്തുട്ടുകൾ
ഹൃദയം നോവുന്നവന്റെ
മിഴിനീരിനെയൊപ്പുമ്പോൾ
പെയ്തിറങ്ങുന്നു ഭൂമിയിൽ
ഈദിൻ നിലാമഴ.

മനസിനുദ്യാനത്തിലെ
നന്മച്ചെടികളെല്ലാം
പുഷ്പിച്ച് സുഗന്ധം
വിതറുന്ന രാവിൽ
മാനത്തുയരുന്ന
ഇശ്ഖിൻ
പുഷ്പമാണ് ഈദിൻ
പൊന്നമ്പിളി.

Share :