Archives / 

ആര്‍ച്ചാ ജിതിന്‍
സ്റ്റേറ്റ് ലൈബ്രറിയനുമായൊരു മുഖാമുഖം

തിരക്കുകള്‍ക്കിടയില്‍ ഒരു മുഖാമുഖത്തിന് ശ്രീമതി പി.കെ. ശോഭന (സ്റ്റേറ്റ് ലൈബ്രറിയന്‍) അവസരം നല്കിയതിലുള്ള സന്തോഷത്തിനിടയിലും എന്‍റെ ആദ്യ കാല് വെയ്പ് എന്ന ആശങ്ക ഉള്ളിലൊതുങ്ങി ആ കൂറ്റന്‍ ലൈബ്രറി മന്ദിരത്തില്‍ കടന്ന് ചെല്ലുകയായിരുന്നു ഞാന്‍, മുല്ലശ്ശേരി സാറുമൊത്ത്.

യാതൊരു മുന്നൊരുക്കങ്ങളില്ലാതെ - നോട്ട് തയ്യാറാക്കാതെ - കമ്പ്യൂട്ടറിന്‍റെ സഹായം തേടാതെ - കാര്യങ്ങള്‍ പറഞ്ഞു തുടങ്ങിയപ്പോള്‍ ലൈബ്രറിയെക്കുറിച്ച് ഏറെ വ്യക്തതയുള്ളൊരു ചിത്രം തന്നെ ഞങ്ങളുടെ മുന്നില്‍ അവര്‍ തുറന്നിട്ടു. 1829-ല്‍ സ്വാതി തിരുനാളിന്‍റെ ഭരണകാലത്ത് കേണല്‍ കടോഗല്‍ എന്ന ബ്രിട്ടീഷ് ഓഫീസറുടെ നേതൃത്വത്തില്‍ തുടക്കം കുറിച്ച പബ്ലിക് ലൈബ്രറി, ട്രിവാന്‍ഡ്രം ലൈബ്രറി അസോസ്സിയേഷന്‍റെ കീഴിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ബ്രിട്ടീഷ് മ്യൂസിയവും ലൈബ്രറിയും സംയുക്തമായി കൊണ്ട് പോകാനുള്ള അസോസിയേഷന്‍റെ തീരുമാനം, ഫലം കാണാത്തതിനാല്‍ സരക്കാര്‍ തന്നെ മുന്‍കൈയെടുത്ത് ലൈബ്രറി നിര്‍മ്മിക്കാനുള്ള സ്ഥലം നല്‍കി. 1903 വരെ സാധാരണക്കാര്‍ക്ക് പ്രവേശനമില്ലായിരുന്ന ലൈബ്രറി, അന്നത്തെ പ്രമുഖരുടെ പദവിക്കൊത്ത പുസ്തകങ്ങളും മറ്റ് പ്രസിദ്ധീകരണങ്ങളും കൊണ്ട് സമ്പുഷ്ടമായിരുന്നു. 1897-ല്‍ വിക്ടോറിയ രാജ്ഞിയുടെ അറുപതാം ഭരണ വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി അന്നത്തെ ബ്രിട്ടീഷ് ഗവണ്‍മെന്‍റ് ഇപ്പോള്‍ കാണുന്ന ലൈബ്രറി കെട്ടിടം പണിയാനുള്ള തുക നല്‍കി. 1903-ല്‍ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായി. ഒരു കരാര്‍ വ്യവസ്ഥയിലാണ് സര്‍ക്കാര്‍ ഈ സ്ഥലം സ്വന്തമാക്കിയത്. അതിനൊക്കെയും രേഖകള്‍ ഉണ്ട്.

ഏറ്റവും പഴക്കമുള്ളതും ചരിത്ര പ്രാധാന്യമുള്ളതുമായ ഈ ലൈബ്രറിയില്‍ 1569-ല്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ പോലും ഇവിടെയുണ്ട്. ഇവതന്നെയാണ് ഏറ്റവും പഴക്കമുള്ള പുസ്തകങ്ങളും. 17-ാം നൂറ്റാണ്ടിലേയും 18-ാം നൂറ്റാണ്ടിലേയും വിലമതിയ്ക്കാന്‍ കഴിയാത്ത പുസ്തകങ്ങള്‍ ചരിത്ര വിദ്യാര്‍ത്ഥികള്‍ക്കുള്ള അമൂല്യശേഖരമാണ്. ഇവയുടെ മൂല്യം ഒരിക്കലും നമുക്ക് ണെക്കില്‍പ്പെടുത്താന്‍ കഴിയില്ല. അത്രയ്ക്ക് പ്രാധാന്യമുള്ള പുസ്തകങ്ങള്‍ ഇവിടെയുണ്ട്. പല എഴുത്തുകാരുടെയും പഴയ കൃതികള്‍ (അവരുടെ കൈവശമില്ലാത്തത്) തിരക്കി ഇവിടെ വന്ന സംഭവങ്ങള്‍വരെയുണ്ടായിട്ടുണ്ട്. ഇവിടെ നിന്നും അവരുടെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ കിട്ടുമ്പോഴുള്ള അവരുടെ സന്തോഷവും അത് ഞങ്ങള്‍ക്കുണ്ടാക്കി തരുന്ന സംതൃപ്തിയും അത്രകണ്ട് വലുതാണ്. അത് വാക്കുകള്‍ക്കും അപ്പുറവുമാണ്.

പ്രാചീന പുസ്തകങ്ങള്‍ സൂക്ഷിക്കുന്ന ഈ ലൈബ്രറി ഒരു സര്‍ക്കാര്‍ സ്ഥാപനവുമാണ്. അതുകൊണ്ട് തന്നെ സര്‍ക്കാരിന്‍റെ ഭരണപരമായ പ്രസിദ്ധീകരണങ്ങളും ഇവിടെ സൂക്ഷിക്കുന്നുണ്ട്. സര്‍ക്കാരിന്‍റെ ഭരണറിപ്പോര്‍ട്ടുകളാണ് അവ. അവ ഗസറ്റുകളായി അറിയപ്പെടുന്നു. തിരുവിതാംകൂര്‍ സര്‍ക്കാറിന്‍റെയും കേരള സര്‍ക്കാറിന്‍റെയും ഗസറ്റുകള്‍ ഇവിടെയുണ്ട്. (ഗസറ്റുകളെക്കുറിച്ച് ഒരല്പം : ഇതിന്‍റെ തുടക്കം ലോകത്ത് ആദ്യമായുണ്ടായത് - യു.കെ. യിലാണ് (United Kingdom) അവിടെ പ്ലേഗ് രോഗം ബാധിച്ച് ജനങ്ങള്‍ മരിച്ചപ്പോള്‍ - ആ ദുരന്തത്തെക്കുറിച്ച് പലേ കിംവദന്തികളും പ്രചരിച്ചു. ഈ സാഹചര്യത്തിലാണ് ബ്രിട്ടീഷ് ഗവണ്‍മെന്‍റ് സംഭവത്തിന്‍റെ തീവ്രത മനസ്സിലാക്കി ജനങ്ങളോട് സര്‍ക്കാറിന് പറയാനുള്ള കാര്യങ്ങള്‍ ഗസറ്റിലൂടെ പ്രസിദ്ധീകരിച്ചത്). ഈയടുത്ത കാലത്ത് വിവാദമായ പലേ റവന്യു റിക്കാര്‍ഡുകളും ഇവിടെ നിന്ന് തന്നെയാണ് സര്‍ക്കാറിന് റിപ്പോര്‍ട്ടുകള്‍ക്ക് ഞങ്ങള്‍ കൊടുത്തുവിട്ടത്. അതിന് കഴിഞ്ഞത് തന്നെ അവ സൂക്ഷിച്ചതുകൊണ്ട് മാത്രമാണ്.

പുതിയ തലമുറയ്ക്കുവേണ്ടി ഇവിടെയൊക്കെയും സൂക്ഷിക്കേണ്ടിയിരിക്കുന്നു. പുസ്തകങ്ങള്‍ ഷെല്‍ഫില്‍ സൂക്ഷിക്കുന്ന സങ്കല്പമല്ല ഇനിവേണ്ടത് അതിന് പുതിയ ടെക്നോളജി ആവശ്യമാണ്. [പഴയ കാലത്തെ വിലപിടിപ്പുള്ള രേഖകള്‍ ഡിജിറ്റലൈസ് ചെയ്തു - ഡാറ്റകള്‍ ക്രോഡീകരിച്ച് അതിന് വേണ്ടി പ്രത്യേക software ഉപയോഗിച്ച് സൈറ്റില്‍ uploadചെയ്തിട്ടുണ്ട്-] അവയൊക്കെ നമ്മുടെ സൈറ്റില്‍ നിന്നുകിട്ടും. എങ്കില്‍ അവയുടെ പ്രിന്‍റ് എടുക്കണമെങ്കില്‍ മാത്രം ലൈബ്രറിയില്‍ വന്ന് പ്രിന്‍റ് എടുത്ത് മടങ്ങാം. അത് പോലെ തന്നെ അംഗങ്ങള്‍ക്ക് പുസ്തകങ്ങള്‍ വിതരണം ചെയ്യുമ്പോള്‍ എസ്.എം.എസ് ആയും ഇ-മെയില്‍ ആയും അംഗങ്ങള്‍ക്ക് കിട്ടുന്നുണ്ട്. ഇവയൊക്കെ. നമ്മുടെ ലൈബ്രറിക്ക് മാത്രമേയുള്ളു. അതുപോലെ തന്നെ മറ്റ് മേഖലകളിലും പുതിയ ടെക്നോളജിയില്‍ പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്.

ഇനി - സാമൂഹ്യ സാംസ്കാരിക, കല, സാഹിത്യ മണ്ഡലങ്ങളിലെ വളരെ പ്രശസ്തരായവരുടെ (മരിച്ചവരുള്‍പ്പെടെ) കൈ എഴുത്ത് പ്രതികള്‍ ശേഖരിച്ച് ഡിജിറ്റലൈസ് ചെയ്യാനുള്ള പരിപാടികള്‍ ഞങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. കുട്ടികള്‍ക്കുവേണ്ടി കംപ്യൂട്ടറേഷന്‍, വിപുലീകരിക്കല്‍, തുടങ്ങിയവയ്ക്ക് പുതിയ സ്ഥലസൗകര്യങ്ങളും കെട്ടിടങ്ങളും ആവശ്യമായിവരുന്നു. സർക്കാറിന്റെ ഭാഗത്തുനിന്നും എല്ലാ പിന്തുണയും കിട്ടുന്നുണ്ട് ഒപ്പം സാമ്പത്തികമായി എല്ലാ ആനുകൂല്യങ്ങളും.

പുസ്തകങ്ങളെക്കുറിച്ച് സ്ഥിരമായ ചര്‍ച്ചകള്‍ സംഘടിപ്പിക്കണം - അതിന് ആവശ്യമുള്ള സ്റ്റാഫിന്‍റെ അപര്യാപ്തതയുണ്ട്. പുതിയ പുതിയ മേഖലകളില്‍ പുതിയ പുതിയ കാഴ്ചപ്പാടുകള്‍ വേണ്ടിയിരിക്കുന്നു. പുതിയ ആശയങ്ങള്‍ക്കൊപ്പം നമുക്ക് മുന്നേറാന്‍ കഴിയണം. കുട്ടികള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കേണ്ടിയിരിക്കുന്നു. (കാരണം അവര്‍ മോഡേണ്‍ ടെക്നോളജിയുടെ ഉല്പ്പന്നങ്ങളാണ്) ഈ - ബുക്ക് തുടങ്ങി അവരുടെ കാഴ്ചപ്പാടുകള്‍ വളരെ വ്യത്യസ്തമാണ്.

എങ്കില്‍ പഴയരീതിയില്‍ പുസ്തകങ്ങള്‍ വായിക്കുന്നവരേയും നമുക്ക് തള്ളിക്കളയാന്‍ ആവില്ല. കാരണം പുസ്തകങ്ങള്‍ അവരുടെ ജീവിതത്തിന്‍റെ തന്നെ ഭാഗമായിക്കണ്ടവരാണ്. അവരുടെ പ്രീയപ്പെട്ട പുസ്തകങ്ങളിലെ മിക്ക വാചകങ്ങളും അവരുടെ പ്രിയപ്പെട്ട വാചകങ്ങളായി മാറ്റിയവരാണ് . അതിലെ പേജുകള്‍ വരെ അവര്‍ക്ക് കാണാതെ അറിയാമായിരിക്കും. അത്ര കണ്ടൊരു തീവ്രത ആ പുസ്തകങ്ങളില്‍ അവര്‍ അര്‍പ്പിച്ചിട്ടുണ്ട്. അവര്‍ വളരെ ശാന്തമായ അന്തരീക്ഷത്തില്‍ വായന ആഗ്രഹിക്കുന്നവരാണ്.

ഈ രണ്ട് കൂട്ടരേയും ഒരുപോലെ ലൈബ്രറി കാണുന്നു. ഇനിയും കാണുകയും വേണം. രണ്ട് കൂട്ടരേയും ഒരുപോലെ സ്വാഗതം ചെയ്യണമെന്നാണ് തന്‍റെ അഭിപ്രാപയമെന്ന് അര്‍ത്ഥശങ്കയ്ക്ക് ഇടം തരാതെ അവര്‍ ആവര്‍ത്തിച്ചു.പ മത്സര പരീക്ഷകള്‍ ഉള്‍പ്പെടെയുള്ള എല്ലാത്തരം പരീക്ഷകളെയും അഭിമുഖീകരിക്കുന്ന കുട്ടികളും ഇവിടെ വരുന്നുണ്ട്. എന്നാല്‍ അവരില്‍ പലരും അവരുടെ ആവശ്യം കഴിഞ്ഞാല്‍ പിന്നെ ലൈബ്രറിയുമായി അടുപ്പമില്ലാത്തവരായിത്തീരുന്നു. അതിന് പകരം പുതിയ കുട്ടികള്‍ വരുന്നുണ്ടെങ്കിലും ലൈബ്രറിയുടെ ശക്തി(strength) 60%ത്തോളം പഴയ വായനക്കാര്‍ തന്നെയാണ് - പക്ഷേ, അവരുടേത് ഒരു നരച്ച തലമുറയുമാണ്. പുതിയ എഴുത്തുകാരുടെ രചനകള്‍ക്ക് വലിയ പ്രചരണങ്ങള്‍ കൊടുത്ത് ഒരു തരം മാര്‍ക്കറ്റിംഗ് സമ്പ്രദായം കണക്കേ കാര്യങ്ങള്‍ നടത്തുന്നു. എങ്കില്‍ പഴയ ക്ലാസിക് പുസ്തകങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിവെയ്ക്കാനായെങ്കിലും ജോലിത്തിരക്കുകള്‍ കാരണം മുമ്പോട്ട് കൊണ്ടുപോകാനായില്ല. തുടര്‍ന്നും അതിനുള്ള സംരംഭങ്ങള്‍ ഉണ്ടാവുമെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു. ഇതില്‍ യുവ തലമുറയെ എന്തു മാത്രം പങ്കെടുപ്പിക്കാന്‍ കഴിയുമെന്നതിനെ ആശ്രയിച്ചാണ് ഇതിന്‍റെ വിജയമിരിക്കുന്നതെന്നും അവര്‍ അഭിപ്രായപ്പെട്ടു.

പുതുതായി ഉയര്‍ന്നുവന്നിട്ടുള്ള ലൈബ്രറി കെട്ടിടം - കാഴ്ച വൈകല്യമുള്ളവര്‍ക്ക് വേണ്ടി ബ്രെയിലി ലിപി സംവിധാനവും വായനയ്ക്ക് പ്രാധാന്യം നല്‍കി ഫിക്ഷന് (നോവല്‍) ഇടം നല്‍കാനുമാണ് ഒരുങ്ങുന്നത്. ഒപ്പം ഈ- ബുക്കുകള്‍ക്കും ഇടം ഒരുക്കുന്നു.

നിലവില്‍ ഒരു ലക്ഷത്തോളം അംഗങ്ങളുണ്ട്. വര്‍ഷന്തോറും 8000-ത്തില്‍ പരം പുതിയ അംഗങ്ങള്‍ എത്തുന്നു. ഇന്ത്യയിലെ ലൈബ്രറികളില്‍ ഒരു പക്ഷേ ഇവിടെ മാത്രമായിരിക്കും ഇത്രയധികം അംഗങ്ങള്‍ ഉള്ളത്. അഞ്ച് ലക്ഷത്തോളം പുസ്തകങ്ങളുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ലൈബ്രറി കല്‍ക്കത്തയിലുള്ള നാഷണന്‍ ലൈബ്രറിയാണ് പക്ഷേ അത് തുടങ്ങിയത് 1836-ലാണ് എങ്കില്‍ 1829-ല്‍ ഈ ലൈബ്രറി തുടങ്ങിയതുകൊണ്ട് ഏറ്റവും പഴക്കുമള്ള ലൈബ്രറി ഇതാണെന്ന് വേണമെങ്കില്‍ പറയാമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

യാത്ര പറഞ്ഞ് അവരുടെ ക്യാബിന് പുറത്ത് വരുമ്പോള്‍ പുസ്തകങ്ങള്‍ മാറ്റിവാങ്ങാനും പുതിയ അംഗത്വമെടുക്കാനും നീണ്ട നിരതന്നെ കാണപ്പെട്ടു. തെല്ല് ഖേദത്തോടെയാണ് എനിക്ക് തോന്നിയത്. ഞാന്‍ ഇവിടെ ഇനിയും അംഗത്വമെടുത്തില്ലെന്ന്.

കാലത്തെ സ്വാഗതം ചെയ്ത് പബ്ലിക് ലൈബ്രറി മുന്നേറുകയാണ്. തലയെടുപ്പോടുകൂടി നില്ക്കുന്ന കൂറ്റന്‍ കെട്ടിടങ്ങള്‍ക്ക് പറയാന്‍ ഇനിയും കഥകള്‍ ബാക്കി.

Share :

Photo Galleries