Archives / june 2019

 ഗീത മുന്നൂര്‍ക്കോട് -
പരിണാമസിദ്ധാന്തത്തിന്റെ പുതു വഴികളിൽ

-കുത്തഴിഞ്ഞ് 
കടയുടഞ്ഞ്
മഴയൊഴുക്കുകളിലൂടെ
നന്മയുലഞ്ഞ 
കൊയ്ത്തുകറ്റകളിൽനിന്നും
നേരില്ലാപ്പതിരുകളും
കളച്ചപ്പുകളും 
എഴുന്നു വരുന്നു…


ഇരമ്പുന്നത് കേൾക്കുന്നില്ലേ
നിലവിളിയൊലിക

ൾ…?
മാറ്റൊലിക്കൊള്ളുന്ന
പിഞ്ചുനോവുകൾ….?


കുരുന്നു ശരീരങ്ങളിലെ
നിണപ്പാടുകളിൽ…
ഇളംനെഞ്ചുകളിലെ
മുറിപ്പോറലുകളിൽ
നേരു മുറിഞ്ഞ 
പോറ്റമ്മയുടെ കാർക്കശ്യം
പൊള്ളിക്കനയ്ക്കുമ്പോൾ….
എവിടെത്തിരയാൻ
മനുഷ്യമുഖങ്ങൾ…?


ചോരയുടെ 
സമരസങ്ങളിൽപ്പോലും
മുൾക്ഷതമിറക്കുന്ന
പിതൃത്വം
വന്യതയുടെ പുതുമുഖങ്ങളായി
ധാർഷ്ട്യം 
കലഹിക്കുന്ന കാലം…


ജീവപരിണാമശൃംഖലയിൽ
മനുഷ്യൻ പരിണമിക്കുന്നുവോ…
തേഞ്ഞുമായുന്ന 
മനസ്സുകളെയടർത്തി
കൂർത്തുവളരുന്ന
ഹിംസ്രതയുടെ അവയവങ്ങൾ
ഡാർവിൻ 
എന്തേ പ്രവചിച്ചില്ല…!

Share :