Archives / june 2019

ശ്രീജിത
കമലാ സുരയ്യ : സത്യസന്ധതയുടെ രാജകുമാരി.

 

     അപാരതയിലേയ്ക്ക് അലിഞ്ഞു ചേരുന്ന ഒരനുഭൂതിയാണ് പ്രണയം. 

'' പ്രണയത്തിന്റെ രാജ കുമാരി'' എന്നു പേരിട്ടു വിളിക്കുമ്പോൾ നമ്മൾ മാധവികുട്ടിയെന്ന കമലാ സുരയ്യയെ പ്രണയത്തിന് അടിമയാക്കി മാറ്റരുത്. പ്രണയം പോലെ തന്നെ , താനെന്ന  ഭാവത്തെ ഇല്ലായ്മ ചെയ്യുന്ന ഏതൊരു വികാരത്തിനും തന്നത്താൻ വിട്ടു കൊടുക്കുമ്പോൾ കമലാ സുരയ്യ ചെയ്യുന്നത് അഹംഭാവത്തിൽ നിയന്ത്രിതമായ ജീവിതാനുഭവങ്ങളെ കെട്ടഴിച്ചുവിടുകയാണ്. ആ  ശ്രമമായിരുന്നു അവരുടെ ജീവിതം. നിഗൂഢാനുഭൂതികളെയും വൈകാരികസമ്പത്തിനെയും സത്യസന്ധതയെയും അളവില്ലാത്ത സ്വാതന്ത്ര്യബോധത്തെയും സ്നേഹിച്ച അവർ തന്റെ തന്നെ അധികാര മനോഭാവത്തെ ഇല്ലായ്മ ചെയ്യാൻ പല വിധത്തിൽ പരിശ്രമിച്ചതിന്റെ ഭാഗമാണ്  അവരുടെ മതം മാറ്റം അഥവാ പ്രണയത്തിനു മുന്നിൽ സ്വയം സമർപ്പിക്കൽ.  മതം ,പ്രണയം ,എഴുത്ത് തുടങ്ങിയവയുടെയെല്ലാം അന്തസത്ത ദൈവികതയാണ്.  ആ ദൈവികനുഭൂതിയെയാണ് മാധവിക്കുട്ടിയും കമലാ സുരയ്യയും സ്നേഹിച്ചത്. അത് മതത്തോടുള്ള ആവേശമായിരുന്നോ മനുഷ്യനേടുള്ള അഭിനിവേശമായിരുന്നോ എന്നൊക്കെ തർക്കിക്കുന്നത് അവരെ നിസ്സാരവൽകരിക്കുന്നതിനു തുല്യമാണ്  . 31 മാർച്ച്  1934 ലെ ജനനം അവരെ വളരെയധികം ബോധവികാസം വന്ന ഒരു സാഹിത്യ മണ്ഡലത്തിലേക്കാണ് ആനയിച്ചത്. ''മാതൃഭൂമി '' മാനേജിംങ് ഡയറക്ടറായിരുന്ന അച്ചന്റെയും കവയത്രിയായിരുന്ന അമ്മയുടെയും  സാഹിത്യാഭിരുചിയുള്ള  മറ്റു കുടംബാംഗങ്ങളുടെയും സാന്നിദ്ധ്യത്തിൽ അവരുടെ ബാല്യവും കൗമാരവും യൗവനവുമൊക്കെ സ്വാതന്ത്ര്യത്തെക്കുറിച്ചും കവിത്വത്തെക്കുറിച്ചുമുള്ള ചിന്തകളാൽ ചുറ്റപ്പെട്ടതു തന്നെയായിരുന്നു.  അനിയന്ത്രിതവും നിസ്വാർത്ഥവുമായ സ്നേഹവും പരിലാളനയും അമ്മമ്മയുടെ സാന്നിദ്ധ്യത്തിലൂടെ അവർക്കു ലഭിച്ചിരുന്നു. സ്വാതന്ത്ര്യവും സ്നേഹവും ഏതൊരു കവിയത്രിയേയും പോലെ അവരുടെ പ്രധാന ആവേശങ്ങളായിത്തീർന്നു . ''എന്റെ കഥ'' യിലൂടെ അവർ മലയാളിയുടെ പ്രേമ കാമ സങ്കല്പങ്ങളെ ഒന്നാകെ ചോദ്യം ചെയ്തു. അത് വായിച്ച് ആരും ഞെട്ടിയില്ലെന്നും , ഞെട്ടിയതായി പലരും അഭിനയിക്കുകയായിരുന്നു എന്നും അവർ തുറന്നടിച്ചു. മലയാളിയുടെ മലയാളിത്തത്തിന്റെ തനിമ കാപട്യത്തിൽ പൊതിഞ്ഞതാണെന്ന് അവർ വിളിച്ചു പറഞ്ഞു . പലരെയും പോലെ പ്രണയത്തിന്റെ രാജകുമാരിയായതുകൊണ്ടല്ല ഞാനവരെ പഠിക്കുന്നത്. മറിച്ച് സത്യസന്ധതയുടെ രാജകുമാരിയായതുകൊണ്ടും ,ആരുടേയും അടിമ അല്ലാത്തതകൊണ്ടും ആണ്.  

        ആരുടെയും അടിമയല്ലാത്തർക്കേ പ്രണയം വിളിച്ചു പറയാനാകു .അടിമകൾ പ്രണയം മറച്ചുവയ്ക്കുമ്പോൾ സ്വതന്ത്രർ പ്രണയം വഴി എല്ലാ ആചാരങ്ങളെയും വെല്ലുവിളിക്കുന്നു.  പ്രണയം വഴി ഉണ്ടായേക്കാവുന്ന അസുഖകരമായ ജീവിതാവസ്ഥകളെയും നഷ്ടങ്ങളെയും അവർ അതിജീവിക്കുന്നു. നല്ല വാക്കുകളിൽ വീഴാതെയും തെറി പറയലുകളിൽ  പതറാതെയും അവർ പടികൾ കയറുന്നു. നിസ്വാർത്ഥതയുടെ പടികളാണ് അവർ എണ്ണിക്കയറുന്നത്.  കച്ചവടതാല്പര്യത്തിനും ജീവിതത്തിലെ സുഖ സൗകര്യങ്ങൾക്കും അപ്പുറത്താണ് നിസ്വാർത്ഥമായ പ്രണയത്തിലൂടെ അപാരതയെ അനുഭവിക്കാനുള്ള തൃഷ്ണ .  അതിനു പകരമായി ലോകത്തിലെ പാരിതോഷികങ്ങളോ .പണമോ , വിശ്വാസമോ ഒന്നും തന്നെയില്ല. അവരുടെ അനുഭവത്തെ ലൗകികമായ ലാഭനഷ്ടങ്ങളുമായി തട്ടിച്ചു നോക്കുന്ന രീതി വളരെ മൂഢമാണ്. അവർ അഭൗമവ്യക്തിത്വത്തിനുടമയായിരിക്കുന്നു എന്ന് തന്നെയാണ് അതിന് കാരണം.

        തന്റെതായ വഴി വെട്ടിപ്പിടിക്കുന്നതിൽ ഒറ്റയ്ക്കായിരുന്നു. മരണശേഷവും അവരെ ആശ്ലേഷിക്കാൻ ഏറേ പേർക്ക് കഴിയുന്നില്ലെന്നു തന്നെ വേണം കരുതാൻ. അവരുടെ പേരിൽ വരുന്ന പല വെളിപ്പെടുത്തലുകളോടും  ഉള്ള പലരുടേയും പ്രതികരണം കാണുമ്പോൾ , അത് തന്നെയാണ് ബോധ്യമാകുന്നത്‌. കവികളെ മനസ്സിലാക്കുന്നതു പോലെ കവയത്രികളെ മനസ്സിലാക്കാൻ കഴിയില്ല. സൗന്ദര്യശാസ്ത്രവുമായി പുരുഷനുള്ള ബന്ധമല്ല സ്ത്രീക്കുള്ളത്. അതാവില്ല ഒരു ട്രാൻസ് സ്ത്രീക്കുള്ളത്. ആത്മാവിന്റെ സത്യങ്ങളാരായാൻ ഒരു സ്ത്രീ നടത്തിയ അന്വേഷണങ്ങൾ സ്വന്തം  ശരീരത്തിന്റെ തൃപ്തിക്കു വേണ്ടിയായി മാത്രം കാണുന്നവരായിരുന്നു 'എന്റെ കഥ''  പോലെ ആഴമേറിയ ഒരു കൃതിയോടുള്ള മിക്ക പ്രതികരണങ്ങളും .സ്നേഹത്തെ പല തട്ടിലുള്ള വേഷഭൂഷാദികൾ ഉരിഞ്ഞു കളയുന്നതിനോടുപമിച്ച ഒരു കലാകാരിയെ മനസ്സിലാക്കാൻ , അവരുടെ നാട്ടുകാർക്കും  സാഹിത്യ ലോകത്തിന് തന്നെ ഏറെ പരിശ്രമിച്ചിട്ടു കഴിഞ്ഞിട്ടുണ്ടാവില്ല. എഴുതപ്പെട്ട സത്യങ്ങളിൽ നിന്നും വ്യതിചലിച്ചവയായിരുന്ന കമല സുരയ്യ തനിക്ക് വേണ്ടിയും തനിക്കു ശേഷം വരുന്ന അനേകം സ്ത്രീകൾക്കു വേണ്ടിയും കണ്ടെത്തിയ സത്യം .

          സാമുഹികമായ അധികാരഘടനയോടുള്ള അവരുടെ എതിർപ്പും പ്രണയത്തോടുള്ള അവരുടെ താല്പര്യവും ബന്ധപ്പെട്ടുകിടക്കുന്നു. സാമൂഹിക യഥാർത്ഥ്യങ്ങൾ അവരെ സംബന്ധിച്ചിടത്തോളം ഒരു പാട് പ്രാധാന്യമെന്നും ഉള്ളവരായിരുന്നില്ല , എന്നാൽ മാനസിക വ്യാപാരത്തിന്റേതായ ഒരു അന്തർലോകം  അവരെ നിരന്തരം നിർണ്ണയിച്ചു കൊണ്ടിരുന്നു. ഇത് സമൂഹത്തിൽ വ്യക്തമായും വ്യക്തിയായും ജീവിക്കാനുള്ള  സ്ത്രീകളുടെ സ്വാതന്ത്ര്യക്കുറവിനെയും അധികാര ബന്ധങ്ങളുമായി അവർക്കുള്ള അകൽച്ച യേയും കാണിക്കുന്നു. അവരെപ്പോലെ എഴുത്തുകാരിയെന്ന നിലയിൽ അധികാരമുള്ള ഒരാൾക്കു പോലും പുരുഷാധിപത്യം നിർണ്ണയിക്കുന്ന വ്യക്തി --  സാമൂഹിക ബന്ധങ്ങളെ എതിർത്ത് കൊണ്ട് ഉറച്ച് നിൽക്കാൻ കഴിഞ്ഞില്ല എന്നത്  പുരുഷാധികാരം സമൂഹത്തിൽ എത്രത്തോളം വേരുന്നിയതാണ് എന്ന വസ്തുതയാണ് കാണിക്കുന്നത്.

        ഹൃദയ ദാരിദ്യം കൊണ്ട് നിരന്തരം വേദനിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു ജനവിഭാഗത്തെ അവർ ആത്മകഥയിൽ പരാമർശിക്കുന്നുണ്ട്. നിരന്തരം മറ്റുള്ളവരുടെ കുറവുകളിൽ അഭിരമിക്കുന്നവരുടെ ലോകം അവരെ വ്യാകുലപ്പെടുത്തിയിരന്നു. അവരുടെ സ്നേഹം മനസിലാക്കാൻ അവർ സ്നേഹിച്ചവർക്കാർക്കും കഴിഞ്ഞില്ല എന്നും അവർ അടയാളപ്പെടുത്തുന്നു.  അവരുടെ ഹൃദയ വിശാലതയും അതിന്റെ ആഴവും ചുറ്റുപാടുമുള്ളവരിൽ കാണാത്തതിന്റെ മടുപ്പും നൈരാശ്യവും അവർ ജീവിതത്തിലും വാക്കുകളിലും പ്രകടിപ്പിച്ചു കൊണ്ടിരുന്നു.  വ്യക്തിത്വവുമായി ജീവിക്കുക എന്ന ബുദ്ധിമുട്ടുള്ള ജോലി അവർ ചെയ്തു തീർത്തു. പല ജീവിതങ്ങൾ അവർ ജീവിച്ചു. പല പേരുകൾ സ്വീകരിച്ചു. ഉത്തരങ്ങളെക്കാളേറെ ചോദ്യങ്ങൾ കൊണ്ടു അവർ കാണികളെയും വായനക്കാരേയും അമ്പരപ്പിച്ചു. ഉത്തരം കണ്ടത്താനാവാത്ത അനേകം ചോദ്യങ്ങൾ തന്നെയാണ് ജീവിച്ചിരിക്കുന്ന , ജീവിക്കാനിരിക്കുന്ന മറ്റനേകം സ്ത്രീവാദ ചിന്തകർക്കു അവർ സമ്മാനമായി തന്നിട്ടുള്ളത്  .   ജീവിതം ജീവിച്ചു നോക്കൂകയും ശരികൾ മാറി മാറി വായിക്കുകയും , കയറി നോക്കിയിട്ടില്ലാത്ത മനസ്സിന്റെയും ആഗ്രഹങ്ങളുടെയും ഒരു പാടു മുറികൾ  തുറന്നിടുകയും ചെയ്തു 2009 -ത് മേയ് 31 -ന്  അവർ യാത്രയായി.


 

Share :

Photo Galleries