പി'.യുടെജീവിതം: കവിതയും പ്രകൃതിയും
“കുയിലും, മയിലും,
കുഞ്ഞിരാമന്‍ നായരും
കൂടുകൂട്ടാറില്ല” -: കെ. ജി. ശങ്കരപ്പിള്ള
മലയാള കവിതയില്‍ പ്രകൃതി സൗന്ദര്യം കവിതകളിലേക്ക് ആവാഹിച്ച കാല്പനിക കവിയായിരുന്നു ‘പി’ എന്ന ചുരുക്കപേരില്‍ അറിയപ്പെടുന്ന പി. കുഞ്ഞിരാമന്‍ നായര്‍. കേരളത്തിന്റെ പച്ചപ്പ് നിറച്ച കവിതകള്‍ നിരവധി സംഭാവന ചെയ്യാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞു. ജീവിതം തന്നെ കവിതക്കായി ഒരലച്ചിലാക്കി മാറ്റിയ ഈ നിത്യസഞ്ചാരിയുടെ ജീവിതം അടുക്കും ചിട്ടയുമില്ലാതെ എഴുതിയ കവിത പോലെയായിരുന്നു. കേരളത്തിന്റെ പച്ചപ്പ്, ക്ഷേത്രാന്തരീക്ഷം, ആചാരാനുഷ്ഠാനങ്ങൾ, ദേവതാസങ്കൽപ്പങ്ങൾ എന്നിവയുടെ, ചുരുക്കത്തിൽ കേരളീയതയുടെ നേര്‍ ചിത്രങ്ങള്‍ ആയിരുന്നു പിയുടെ ഓരോ കവിതയും.
തനി കേരളീയ കവിയാണ് പി. പ്രകൃതിക്ക് മനുഷ്യഭാവവും മനുഷ്യന് പ്രകൃതിഭാവവും നല്‍കിയ കവി. ഏറെക്കാലം കൊതിച്ചു കാത്തിരുന്ന ഉത്സവം കാണാനാകാതെ ആല്‍ത്തറയില്‍ കഞ്ചാവടിച്ചു മയങ്ങിപ്പോയതിനെപ്പറ്റിയും ‘തോഴനാം കൊച്ചുമിടുക്കന്റെ ഉര്‍വശീവേഷമിരുട്ടത്ത് കണ്ടുമിരണ്ടനാള്‍’ പടിക്കു പുറത്താവുന്ന കഥകളി ക്കാരനെപ്പറ്റി എമെഴുതുമ്പോള്‍ ആത്മകഥയും കവിതയും ഒന്നാവുന്നു. പ്രകൃതിക്ക് മേല്‍ മനുഷ്യന്‍ ഏല്‍പ്പിക്കുന്ന ഓരോ മുറിവും പി കവിതയിലൂടെ ആവിഷ്കരിച്ചു. വിശ്വാസത്തിന്റെ വരമ്പിലൂടെ നടക്കുമ്പോള്‍ തന്നെ വിശ്വാസത്തിന്റെ പേരില്‍ നടക്കുന്ന നെറികേടുകളെ കണ്ടില്ലെന്നു നടിക്കാന്‍ പിയ്ക്ക് ആയില്ല.
“ക്ഷേത്രം ഭരിപ്പുകാരായ
പെരുച്ചാഴികള്‍ കൂട്ടമായ്
മാന്തിപ്പൊളിക്കയായ് സ്വര്‍ണ
നിക്ഷേപത്തിന്റെ കല്ലറ.” (നരബലി)
ആത്മീയത എന്നാല്‍ സ്വയം തിരിച്ചറിയേണ്ട ഒന്നാണെന്ന് പി മനസിലാക്കി
“പാട്ടുപെട്ടിക്കേളി കേട്ടൊരു കോവിലിന്‍
നീടുറ്റ പുണ്യനട കണ്ടുവെങ്കിലും,
പേര്‍ത്തുമടച്ച നട തുറക്കും വരെ
കാത്തു കിടക്കാന്‍ സമയമില്ലായ്കയാല്‍
മിന്നുന്ന സത്യപ്പൊരുളിന്‍ മലരടി
കണ്ടു തൊഴാതെ തിരിച്ചു പോകുന്നു ഞാന്‍.”
പി എവിടെയും കാത്തു നില്‍ക്കാതെ അലയുകയായിരുന്നു. തന്റെ കവിതക്കായ് നിറുത്താതെ അലഞ്ഞ തീര്‍ത്തും ഒരു സമ്പൂര്‍ണ്ണനായ ഒരു കവി. തന്റെ ഏറ്റവും പ്രശസ്തമായ കവിതയായ കളിയച്ഛനില്‍ ഇങ്ങനെ എഴുതി
“ബോധമില്ലാതെ കിടക്കുമവസ്ഥയ്ക്കു
മീതെയായ് ഘോരവിപത്തെന്തു ഭൂമിയില്‍?”
അലച്ചിലിനിടയില്‍ ഏറെ പ്രണയഭാരങ്ങള്‍ പിയെ വലം വെച്ചു, ചിലത് തേടി ചെന്നു, ചിലത് ഉപേക്ഷിച്ചു. ഇത്തരത്തില്‍ കുറെ പ്രണയ പാപങ്ങളും കവിയില്‍ വന്നടിഞ്ഞു
“ഏവമെന്തിനിണങ്ങി നാം തമ്മില്‍
വേര്‍പിരിയുവാന്‍ മാത്രമായ് ” (മാഞ്ഞുപോയ മഴവില്ല്)
“യൗവനം വറ്റിയ കാറ്റിന്‍ പ്രേമ-
ലേഖനം പൂവു തിരിച്ചയച്ചു” (പിച്ചിച്ചീന്തിയ പുഷ്പചിത്രം)
നാട്ടിന്പുറത്തു നിന്നും അന്യമായിക്കൊണ്ടിരിക്കുന്ന പച്ചപ്പും നാട്ടു കാഴ്ചകളും ഓർമകളുടെ അറയിൽ നിന്നും ചികഞ്ഞെടുക്കുന്ന ചിത്രങ്ങളെ ഇന്ന് നമ്മൾ പരിശോധിച്ചാൽ പി വർഷങ്ങൾക്ക് മുമ്പ് ദീർഘവീക്ഷണത്തോടെ നിരീക്ഷിക്കുന്ന കാര്യങ്ങൾ കവിയെവിടെ എന്ന കവിതയിൽ നമുക്ക് ബോധ്യപ്പെടും
അന്തിവെട്ടത്തൊടൊത്തെത്തി ഞാനു -
മന്നത്തെയോണം നുകര്‍ന്ന നാട്ടില്‍ ,
പോരിന്‍ പഴം കഥ പാട്ടു പാടി
പേരാറലകള്‍ കളിക്കും നാട്ടില്‍ ,
കൈതമലര്‍മണം തേവിനില്‍ക്കും
തൈത്തെന്നല്‍ തോഴനായ്‌വാണനാട്ടില്‍ ,
അന്‍പിന്‍ പൂപ്പുഞ്ചിരിപോറ്റിപ്പോരും
തുമ്പകള്‍ മാടിവിളിക്കും നാട്ടില്‍ ,
പച്ചിലക്കാടിന്‍ കടവു താണ്ടി-
പ്പൈങ്കിളിപ്പാട്ടു വിതയ്ക്കും നാട്ടില്‍ ,
കാവിന്‍നടകളിലാണ്ടുതോറും
വേലപൂരങ്ങള്‍ നടക്കും നാട്ടില്‍
സത്യസംസ്കാരത്തിടമ്പിന്‍ മുമ്പില്‍
വെച്ച കെടാവിളക്കെങ്ങു പോയി?
കവിയെവിടെ എന്ന കവിതയില്‍ തന്നെ വെച്ച ഈ ആകുലതകള്‍ ഇനിയും പലതുണ്ട്.
“ആനന്ദവൈകുണ്ഠം കാട്ടിത്തന്ന
പാണന്‍റെ ചാളയിന്നെങ്ങുപോയി?
പ്രാണനു ചെറ്റിട മിന്നലൊളി
കാണിക്കും പാണനിന്നെങ്ങുപോയി?”
എന്ന് കവിക്ക് ചോദിക്കാനകുന്നു.
ജീവിതം തന്നെ കവിതക്കായി ഒരലച്ചിലാക്കി മാറ്റിയ ഈ നിത്യസഞ്ചാരിയുടെ ജീവിതം അടുക്കും ചിട്ടയുമില്ലാതെയായിരുന്നു എങ്കിലും എഴുതിയ കവിത കള്‍ തുറന്നിടുന്ന വലിയലോകത്തെ എത്ര വ്യാഖാനിച്ചാലും അതധികമാകില്ല. പ്രകൃതിക്ക് മേല്‍ മനുഷ്യന്‍ ഏല്‍പ്പിക്കുന്ന ഓരോ മുറിവും പി കവിതയിലൂടെ ആവിഷ്കരിച്ചു.
“കൈ മെയ് പുണര്‍ന്നു മലരുതിരു-
മാമരത്തോപ്പുകളെങ്ങുപോയി?
പൊന്‍കതിരുണ്ടു പുലര്‍ന്നോരോമല്‍-
പ്പൈങ്കിളിക്കൂടുകളെങ്ങുപോയി?
സല്ലീലമോമനക്കാറ്റുനൂഴും
വല്ലീനികുഞ്ജങ്ങളെങ്ങുപോയി?”
എന്ന് കവി ചോദിച്ചുകൊണ്ടേയിരുന്നു. നഷ്ടമാകുന്ന പ്രകൃതിസൌന്ദര്യത്തിൽ മനംനൊന്ത് വിലപിക്കുന്ന പി ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ നാല് പതിറ്റാണ്ട്കള്‍ക്ക് മുമ്പ് ചോദിച്ചതത്രയും ഇന്നിന്റെയും യാതാര്‍ത്ഥ്യമാകുന്നു എന്നിടത്താണ് കവിയുടെ ദീര്‍ഘവീക്ഷണം പ്രസക്തമാകുന്നത്
“കന്നാലിമേയും ഹരിതചിത്ര-
സുന്ദരമൈതാനമെങ്ങുപോയി?
കുന്നിന്‍ചെരുവില്‍ കുഴല്‍വിളിക്കും
കന്നാലിപ്പിള്ളരിന്നെങ്ങുപോയി?”
പ്രകൃതിയോടു ഇണങ്ങി ജീവിച്ചിരുന്ന മനുഷ്യരെയും കവി അന്വേഷിക്കുകയാണ്. ഗ്രാമത്തിന്റെ ഇല്ലായ്മകളിലേക്കും കവി ചെന്നെത്തുന്നു. ഗ്രാമത്തെ വിട്ടൊഴിയുന്ന ഒരു മനസ്സ് ചേക്കേറുന്ന മനുഷ്യവിചാരങ്ങളെ ഇല്ലാതാകുന്ന ചിഹ്നങ്ങളിലൂടെ കാണിക്കുന്നു. ഒപ്പം അവനവന്റെ തന്നെ വീഴ്ചയും തിരിച്ചറിയുന്നു.
“മര്‍ത്ത്യന്റെ ഭാരം ചുമന്നു നിന്നൊ-
രത്താണി മണ്ണില്‍ക്കമിഴ്ന്നു വീണു!
വൈദ്യുതക്കമ്പികളേറ്റി, തന്ത്ര-
വാഹനം മര്‍ദ്ദിച്ച പാതപറ്റി,
ഒന്നിനു പിമ്പൊന്നായ്‌ക്കാളവണ്ടി
ചന്ത കഴിഞ്ഞു തിരിക്കയായി.”
ഇങ്ങനെ എല്ലാ കോണുകളിലൂടെയും പി. എന്ന ഏകാക്ഷരത്താല്‍തന്നെ പ്രസിദ്ധനായിത്തീര്‍ന്ന മഹാകവി സഞ്ചരിക്കുമ്പോള്‍ പ്രകൃതിയെ പറ്റി തന്‍റെ കാവ്യപ്രമേയത്തിന്‍റെ അപൂര്‍വതകൊണ്ടും കാവ്യശൈലിയുടെ മനോഹാര്യത കൊണ്ടും മറ്റാരുണ്ട് എന്ന ചോദ്യം ബാക്കിയാകുന്നു.
കവിയെവിടെ എന്ന കവിതയില്‍ മോന്നോട്ടു വെച്ച ഈ ആകുലതകള്‍ ഇനിയും പലതുണ്ട്.
“ആനന്ദവൈകുണ്ഠം കാട്ടിത്തന്ന
പാണന്‍റെ ചാളയിന്നെങ്ങുപോയി?
പ്രാണനു ചെറ്റിട മിന്നലൊളി
കാണിക്കും പാണനിന്നെങ്ങുപോയി?”
എന്ന് കവിക്ക് ചോദിക്കാനകുന്നു. പ്രകൃതിയുടെ മനോഹാര്യത അവിടുത്തെ മനുഷ്യരും ചേര്‍ന്നതാണ് എന്നും എന്നാല്‍ മനുഷ്യര്‍ തന്നെ തീര്‍ത്ത മതില്കെട്ടിനു പുറത്തേക്കു വലിച്ചെറിയപ്പെട്ട മനുഷ്യരുടെ വിലാപവും അതോടൊപ്പം കൂര്‍ത്ത ചോദ്യങ്ങളും കവി നിരന്തരം ചോദിച്ചുകൊണ്ടേയിരുന്നു. കവി കവിയോട് തന്നെ നിരന്തന്തരം ചോദിച്ചുകൊണ്ടിരുന്നു.
“കുഗ്രാമവീഥിതന്നുള്‍പ്പൂവിലെ -
യുള്‍ത്തുടിപ്പിന്‍ കവിയെങ്ങുപോയി?
പട്ടിണിത്തീയിലെരിഞ്ഞെരിഞ്ഞാ
നാട്ടിന്‍പുറത്തിന്‍ കവി മരിച്ചു!”
നിത്യ സഞ്ചാരത്തില്‍ താന്‍ കണ്ടെടുത്ത ജീവിതത്തിന്‍റെ നേര്‍ചിത്രങ്ങളിലെ ഓരോ അണുവും സൂക്ഷ്മദര്‍ശിനി വെച്ച് നോക്കുന്നതായി നമുക്ക് കാണാം. ഇന്നും ഈ ചോദ്യങ്ങള്‍ പ്രസക്തം എന്നതാണ് കാവ്യപ്രമേയത്തിലെയും അപൂര്‍വതകൊണ്ട് സ്വന്തം തട്ടകം തീര്‍ത്ത കവിയെ അനശ്വരനായിത്തീര്‍ക്കുന്നത്
“കുളിച്ചു പൂപ്പൊലിപ്പാട്ടിൽ വിളിച്ചു
മലനാടിനെ
ഒളിച്ചു പൂക്കളം തീർത്ത്
കുളിച്ചുപുലർവേളകൾ”
എന്ന് തുടങ്ങുമ്പോള്‍ നമ്മുടെ ഉള്ളിലെ പച്ചപ്പും കേരളത്തിന്‍റെ പ്രകൃതിയും നിറയുന്നു, എന്നാല്‍ ആപോഴെല്ലാം പ്രകൃതിയെ മനുഷ്യന്‍ ഉപയോഗിച്ചുവരുന്ന രീതിയില്‍ ഉള്ള ആശങ്കയും ആകുലതയും കവിതകളിലെങ്ങും കാണാം. വര്‍ത്തമാനകാലത്ത് നാം അഭിമുഖീകരിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ അതുമൂലം സര്‍വ്വ ജീവികളും നേരിടേണ്ടിവരുന്ന വെല്ലുവിളികള്‍ ഇതെല്ലാം അന്നേ കവിതയിലൂടെ നിരന്തരം ചോദിച്ചുകൊണ്ടിരുന്നു. .
പ്രകൃതിയുടെ ഓരോ ചലനവും കവിതയിലൂടെ അവഹിക്കുന്നു. പ്രാകൃതിയും പ്രണയവും ഇഴചേര്‍ന്നു നില്‍ക്കുന്നു. ഇവിടെ പ്രകൃതിയോടുള്ള പ്രണയം സൌന്ദര്യ പൂജയായ് മാറുന്നു
“പൂനിലാവിൽ മുങ്ങി
നീരുമാമ്പലപ്പൂവുപോലവേ
മലഞ്ചെരുവിലാപ്പുള്ളി
മാൻകിടാവെന്നപോലവെ
കസ്തൂരിക്കുറിപൂശുന്ന വരമ്പിൻ
വക്കിലൊക്കെയും കാൽവെപ്പിനാൽപൂനിരത്തി
രമ്യശാരദ കന്യക”
ഇങ്ങനെ നീളുന്നു പിയുടെ പ്രകൃതിയും ജീവിതവും കവിതയിൽ . അതുകൊണ്ടാണ് ഭ്രഷ്ടകാമുകനായി അലഞ്ഞുതിരിഞ്ഞ പി. വാക്കും വരികളും വാരിയെറിഞ്ഞ ധൂര്‍ത്തന്‍ എന്ന് പറയുന്നത് .
വിരഹവേദനയും ഗൃഹാതുരതയും കാല്‍പ്പനിക കവികളുടെ പൊതുസ്വത്താണെങ്കിലും ആ ബാങ്കില്‍ ഏറ്റവും വിപുലമായ സ്ഥിരനിക്ഷേപം കുഞ്ഞിരാമന്‍നായരുടെ പേരില്‍ത്തന്നെ പതിഞ്ഞുകിടക്കും’ – എന്ന് പിയെപറ്റി എം. ലീലാവതി എഴുതി. അതെ പിയുടെ നിക്ഷേപം കവിതയായ്, ആത്മകഥയായ് നമുക്ക് മുന്നില്‍ അനശ്വരമായി നിലനില്‍ക്കുന്നു. പ്രകൃതിയെ കുറിച്ച് നിറുത്താതെ കവിതയെഴികൊണ്ടിരുന്ന പി ഈ പച്ചപ്പിനെ വിട്ടകന്നാലും നമ്മോടൊപ്പം കവിതയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കും. ഒട്ടേറെ കവിതാ സമാഹാരങ്ങളും ജീവചരിത്രങ്ങളും നാടകങ്ങളും രചിച്ചിട്ടുണ്ട്. ആത്മകഥാപര ഗ്രന്ഥങ്ങളായ ‘കവിയുടെ കാൽപ്പാടുകൾ’,'എന്നെ തിരയുന്ന ഞാൻ’, ‘നിത്യകന്യകയെത്തേടി’ എന്നിവ മലയാളഭാഷയിലെ കവിത തുളുമ്പുന്ന ഗദ്യത്തിന് ഉത്തമോ ദാഹരണങ്ങളാണ് ഇവ. വാസന്തിപ്പൂക്കള്‍, പൂമ്പാറ്റകള്‍, അന്തിത്തിരി, മണിവീണ, അനന്തന്‍കാട്ടില്‍, ഭദ്രദീപം, പടവാള്‍, നിറപറ, പാതിരാപ്പൂവ്, ശംഖനാദം, നിശാന, പ്രേമപൗര്‍ണമി, വരഭിക്ഷ, കളിയച്ഛന്‍, നക്ഷത്രമാല, പൂത്താലി, പൂമാല, താമരത്തോണി, താമരത്തേന്‍, വയല്ക്കരയില്‍, പൂക്കളം, ഓണപ്പൂക്കള്‍, സൗന്ദര്യദേവത, ചിലമ്പൊലി, രഥോത്സവം എന്നിവയാണ് പിയുടെ മറ്റു പ്രധാന കൃതികള്‍.
കവിതയൊഴികെ മറ്റൊന്നും ജീവിതത്തിൽ ലക്ഷ്യമാക്കാതെ നടത്തിയ യാത്രകൾക്കൊടുവിൽ 1978 മേയ് 27ന് തിരുവനന്തപുരത്തെ ഒരു സത്രത്തിൽ ഹൃദയസ്തംഭനംമൂലം പി കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു. എന്നാല്‍ ‘പി’യുടെ കവിതകള്‍ കാലത്തെ അതിജീവിച്ച് കൂടുതല്‍ കൂടുതല്‍ നമ്മളിലേക്ക് ചേര്‍ന്ന് വരികയാണ്. ‘പി’യില്ലാത്ത മലയാള കവിത അപൂര്‍ണ്ണമാണ്. അത്രയും മലയാളത്തെ സ്വാധീനിച്ച കവിയാണ് ‘പി’. പ്രകൃതിയെപ്പറ്റി ഇത്രയധികം പാടിയ മറ്റൊരു കവിയുണ്ടാവില്ല. ആധുനികകാല കവികളില്‍ അടിമുടി കവിയായ പി. കുഞ്ഞിരാമന്‍ നായര്‍. ഇനിയും നൂറ്റാണ്ട്കളോളം കൂടുതൽ തിളക്കത്തോടെ നിലനിൽക്കും