Archives / june 2019

മുല്ലശ്ശേരി
വൃദ്ധൻ..... ചുമലിൽ ഭാണ്ഡം നോവൽ . (ഇരുപത്തിയൊന്ന്)

നോവൽ .

 

(ഇരുപത്തിയൊന്ന്)

(ഒന്ന് മുതൽ ആറുവരെ archives ജനുവരി 2019 ലും ഏഴു മുതൽ പത്ത് വരെ archives  ഫെബ്രുവരി 2019 ലും പതിനൊന്ന് മുതൽ പതിനാല് വരെ archives മാർച്ച് 2019 ലും പതിനഞ്ചു മുതൽ പതിനെട്ട് വരെ archives ഏപ്രിൽ 2019 ലും  പത്തൊൻപതും ഇരുപതും ഹോം പേജിലും വായിക്കാം)

       ഗേറ്റിലൂടെ ഞാൻ  പുറത്ത് കടന്നു. നടക്കുമ്പോൾ ,''ഏകനായ ഒരുവന്റെ വേദന ഞാനും അനുഭവിക്കുന്നത് പോലെ. അയാൾ കുട്ടം തെറ്റിയവനല്ല മറിച്ച്  നിങ്ങൾ അയാളെ കൂട്ടത്തിൽ കൂട്ടാത്തതാണ് . പക്ഷേ നിങ്ങളുടെ ഭാവങ്ങൾ അയാൾ സ്വയം കൂട്ട് തെറ്റിയവനാണെന്നും.
അത് നിങ്ങൾ  നിങ്ങളെ തന്നെ സ്വയം  ആശ്വസിപ്പിക്കലാക്കാം. '' ഞാൻ ആരോടെന്നില്ലാതെ സ്വയം പിറുപിറുത്തു .

          പെട്ടെന്നാണ് ആരോ അതെന്നെ ഓർമ്മിപ്പിച്ചത് പോലെ   ഇന്ന് ഞായറാഴ്ച അല്ലേ , ഫിലിപ്പ് എന്നെ കാത്തിരിക്കുമെന്ന് പറഞ്ഞിരുന്ന ആ ഞായറാഴ്ച ഇന്നല്ലേ ,അപ്പോൾ ഒരു ലക്ഷ്യം കിട്ടിയത് പോലെ -- ഫിലിപ്പെന്ന ലക്ഷ്യം.
 
        ഫിലിപ്പ് എന്നെയും കാത്ത് അവന്റെ റൂമിൽ തന്നെയുണ്ട്. എന്നെ കണ്ടപ്പോൾ അവൻ തുടങ്ങി. '' എന്താടാ ഇന്നും
ഔട്ട് ഓഫ് മൂഡ് തന്നെ?'' 
ഞാൻ വെറുതെ ചിരിച്ചു. പക്ഷേ ,അവൻ പതിവില്ലാതെ കുടുതൽ സംസാരിക്കുന്നത് പോലെ.

         ഭക്ഷണം കഴിച്ചിരിക്കുമ്പോഴും തിരികെ റൂമിൽ എത്തിയപ്പോഴും അവൻ സംസാരം നിറുത്തിയില്ല. 

'' ഇവിടെ നിന്നും ബീച്ചിലെത്താൻ ആറേഴു കിലോമീറ്റർ കാണും - നമുക്കൊരു ആട്ടോയിൽ പോകാം, ''.....

''ഇപ്പേഴേ പോകണമോ? വെയിൽ കുറച്ച് കൂടി മാറിയിട്ട് പോയാൽ പേരെ?'' എന്ന് ഞാനും ചോദിച്ചു.
'' ബീച്ചിനടുത്തുള്ള ആർട്ട് ഗ്യാലറിയിൽ ഒരു പ്രദർശനമുണ്ടു - ഇന്ന്. അവിടെ കയറാം.''

     എന്റെ ചിന്ത അപ്പോൾ അയാളെക്കുറിച്ചായി. ഇത്തരം പ്രദർശനങ്ങൾ  കാണാൻ അയാൾ ഉറപ്പായും പോകും. എന്റെ നിശബ്ദത മനസിലാക്കിയ ഫിലിപ്പ് ചോദിച്ചു -- ''നിന്റെ മൂഡ് വീണ്ടും പോയോ?''

        പെട്ടെന്ന് ഞാൻ  ഉണർന്നത് പോലെ --- '' ഇല്ല - നിനക്ക് തോന്നിയാ'' എന്ന് പറയുകയും എന്നിൽ ഒരു പ്രസരിപ്പ് ഉണ്ടാക്കുകയും ചെയ്തു.

         ആട്ടോയിൽ ഞങ്ങൾ ആർട്ട് ഗ്യാലറിയിൽ എത്തി. കവാടത്തിൽ തന്നെ ആ പ്രദർശനത്തെ ക്കുറിച്ചുള്ള അർത്ഥവത്തായ വാക്കുകൾ കൊണ്ട് ചെറിയ ചെറിയ ബോർഡുകളിൽ ചാർത്തിയ ചിത്രങ്ങൾ എന്നെ വല്ലാതെ ഉത്തേജിപ്പിക്കുന്നത് പോലെ .

                         ധൃതി കാണിക്കാതെ  അവൻ എന്നോടൊപ്പം സാവധാനം നടക്കാൻ തുടങ്ങി. ഞാൻ പെയിന്റിംഗ്കളെക്കുറിച്ച് അവനോട് ചോദിച്ചു - അവൻ ചിരിച്ചിട്ട് '' നീ പറഞ്ഞാൽ മതി. നിന്നെ ഇതൊക്കെ ഒന്ന് കാണിക്കാനല്ലേ കഴിഞ്ഞൊരു ദിവസം ഈ പ്രോഗ്രാം ഞാൻ കണ്ടെടുത്തത് - മിക്കവാറും ഇത് പോലുള്ള പ്രോഗ്രാമുകളുടെ അറിയിപ്പുകൾ കമ്പനിയിൽ വരും. നിന്റെ മൂഡ് ശരിയാക്കാനല്ലേ ഞാൻ ഈ പ്രോഗ്രാമിന് നിന്നെയും കൂട്ടിയത് പോലും '' 
       ഞാൻ അവനെ സൂക്ഷിച്ച് നോക്കി - ഉളളിൽ പറഞ്ഞു - ഇങ്ങനെ ഉത്തേജിപ്പിക്കാൻ ഒരാളുണ്ടെങ്കിൽ ഏതൊരു ആളിലും മാറ്റങ്ങളുണ്ടാവുമോ? 

        അവൻ പെയിന്റിംഗ് കളിൽ നിന്നും പെയിന്റിംഗ് കളിലേക്കു് ശ്രദ്ധയോടെ നീങ്ങുന്നു -- ഒപ്പം ഞാനും.  കുറച്ച് സമയം കഴിഞ്ഞു അവൻ എന്റെ ചെവിയിൽ: '' നമ്മുടെ പുറകിലൂടെ വരുന്ന ഒരു സ്ത്രീ നിന്നെ ശ്രദ്ധിക്കുന്നുണ്ടു... ''  ഞാൻ തിരിഞ്ഞുനോക്കി. അവൻ പറഞ്ഞത് ശരി തന്നെ. പക്ഷെ അവർ പെട്ടെന്ന് മുഖം മാറ്റിയത് കൊണ്ട് ആ മുഖം എനിക്ക് കാണാൻ കഴിഞ്ഞുമില്ല. പിന്നെ ഞങ്ങൾ അവരെ ശ്രദ്ധിക്കാനും പോയില്ല.

       ആർട്ട് ഗ്യാലറിയിൽ നിന്നും ഇറങ്ങി കടൽ തീരത്തിലൂടെ ഞങ്ങൾ നടന്ന് കൊണ്ടിരുന്നു. ഇടക്കിടെ അവൻ ഓരോ തമാശകൾ പറയുകയും ചെയ്യും. സൂര്യൻ അസ്തമിച്ചപ്പോൾ ഞങ്ങൾ തിരികെ മടങ്ങി.

        ഞാൻ വീട്ടിലെത്തിയപ്പോൾ നിധിൻ എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് : '' ചേട്ടനിന്ന് ബീച്ചിൽ പോയിരുന്നു ,അല്ലോ?''
         മറുപടി പറയാതെ അവനെ നോക്കി. അവൻ വളരെ സന്തോഷത്തിലാണ് .  
'' നീ എങ്ങനെ അറിഞ്ഞു.'' അവനോട് ഞാൻ ചോദിച്ചു. 
 ''ശരി തന്നെയല്ലേ? '' എന്നവൻ മറുചോദ്യം ചോദിക്കുന്നു. 
ഞാൻ വീണ്ടും ആവർത്തിച്ചു. ''നീ എങ്ങനെ അറിഞ്ഞു?''
      ''അത് അമ്മ വിളിച്ച് പറഞ്ഞു.''
''നിന്റെ അമ്മക്ക് എന്നെ അറിയാമോ?''
''ഞാൻ റോഡിൽ വെച്ച് ചേട്ടനെ കാണിച്ച് കൊടുത്തിട്ടുണ്ടു... ''

            അവനെക്കുറിച്ച്  ഒന്നും തന്നെ അവനോട് ഇന്ന് വരെ ഞാൻ ചോദിച്ചിട്ടില്ല...

'' അതെ ,പോയിരുന്നു ''

 എനിക്ക് മാത്രം കേൾക്കാൻ പാകത്തിന്   എന്നോട് കൂടുതൽ അടുത്ത് നിന്ന് കൊണ്ട് അവൻ പറഞ്ഞു:
''എനിക്ക് ചിലത് ചേട്ടനോട് മാത്രം ,പറയാനണ്ടു ''

        മറുപടി പറയാതെ അവനെ നോക്കിയിരുന്നു.

(തുടരും)

Share :