Archives / june 2019

സുനിത ഗണേഷ്
ബലിതർപ്പണം

എറിയൂ...
 ഇത്തിരി എള്ളും
പൂവും.
കാറ്റിലെന്നാതമാവ് നിന്നെ
പിന്തുടർന്നേക്കാം...
എറിയൂ ഇത്തിരി കടുകുമണികൾ.
നീ പോകും വഴി ഞാൻ 
മറന്ന് പോട്ടെ...
തളിക്കൂ ഇത്തിരി തുളസിജലം
ദാഹമകന്നു ഞാൻ
മണ്ണിൽ തീരട്ടെ....
തിരിഞ്ഞു നോക്കരുത്...
പിന്നെയും
തിരിഞ്ഞു നോക്കരുതേ..
എന്റെയാത്മാവു രക്തമിറ്റിച്ചു
പിറകിൽ വന്നേക്കാം..
നീ പോകും വഴിനീളെ
കാറ്റായി അലഞ്ഞേക്കാം...

എറിയു...
എറിഞ്ഞകറ്റൂയെന്നാത്മാവിനെ 
എറിഞ്ഞെറിഞ്ഞകറ്റൂ...
ഒരു വേള,
നിന്റെ കണ്ണുകൾ
ഞാൻ അടർത്തിയെടുത്തേക്കാം...
അതെന്റെ ഹൃദയത്തോട്
ചേർത്തിയേക്കാം...
കരൾ പറിച്ചൊരു
ചുംബനം നല്കിയേക്കാം...
അതിൽ നീയുമൊരു
ചാരമായി മാറിയേക്കാം...
എറിയൂ ഇത്തിരി എള്ളും പൂവും..
തിരിഞ്ഞു നോക്കാതെ,
നടന്നകലൂ...

 

Share :