Archives / November 2017

അമീന്‍ ബാരിഫ് BA (ജെർണലിസം), മാർ ഇവാനിയോസ് കോളേജ്, തിരുവനന്തപുരം.
ആള്‍ക്കൂട്ടത്തില്‍ ചിലര്‍ തനിയെ

പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരുടെ കഥകള്‍ ഒട്ടുമിക്ക എഴുത്തുകാരുടെയും, ചിന്തകരുടെയും എഴുത്തുകള്‍ക്കും ചിന്തകള്‍ക്കും വിഷയങ്ങളായിട്ടുണ്ട്. സമൂഹത്തില്‍ ഒറ്റപ്പെടുന്നവന്‍റെ കാരണങ്ങള്‍ തിരക്കി നോക്കിയാല്‍ നിറം, പണം, കുലം എന്നിവയൊക്കെകടന്നുവരാം. സമൂഹത്തിന്‍റെ ഭാഗം തന്നെയാണ് കലാലയങ്ങള്‍. ഒരു പക്ഷെ സമൂഹത്തില്‍ ചിന്താരീതികളില്‍ സ്വാതന്ത്രപരമായ സവിശേഷതകളിലും ഒരുപടി മുന്നിലാണ് കലാലയങ്ങള്‍.

സമൂഹത്തില്‍ കടന്നുവരുന്ന എന്തും അക്കം തെറ്റാതെ കലാലയങ്ങളില്‍ പ്രതിഫലിക്കുക എന്നത് തികച്ചും സത്യസന്ധപരമാണ്. ഒരു പക്ഷെ ഈ പ്രതിഫലനത്തിന് റിയാലിറ്റിയേക്കാള്‍ കൂടുതല്‍ ആഴവും പരപ്പും എന്നും ഉണ്ടായിരുന്നു.

പറഞ്ഞുവന്നത് കലാലയങ്ങളിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു കൂട്ടത്തെക്കുറിച്ചാണ്. സമൂഹം അകറ്റി നിര്‍ത്തപ്പെടുന്നതുപോലെ ഈ കലാലയങ്ങളില്‍ സെല്‍ഫികളില്‍ നിന്നും ഗ്രൂപ്പ് ഫോട്ടോകളില്‍ നിന്നും ഒരല്പം അകലം പാലിക്കുന്നു.

കലാലയങ്ങളില്‍ മതം, ജാതി, നിറം, ധനം, ഇവക്കൊന്നും സ്ഥാനമില്ല. അതിലുമപ്പുറം ആഴങ്ങളുള്ള സൗഹൃദമാണെന്ന് വീമ്പുപറയുന്നവര്‍ ധാരാളമാണ്. ഒരു പരിധിവരെ സമൂഹത്തിന്‍റെ പൊതുവായ അകറ്റിനില്‍ത്തലില്‍ നിന്നും ക്ലാസ്സ് റൂം എന്ന ചെറിയ എസ്റ്റാബ്ലിഷ്മെന്‍റില്‍ അതിന്‍റെ കാഠിന്യം കുറവാണ്.

\'Selection\' എന്ന വാക്ക് വരെ ലളിതമായി തോന്നുമെങ്കിലും അതിനു പിന്നിലെ പശ്ചാത്തലം വളരെ വലുതാണ്. കലായങ്ങളിലെ ആഘോഷ തിമര്‍പ്പുകളില്‍ ചിലര്‍ ഒഴിഞ്ഞുമാറി നില്‍ക്കുന്ന കാഴ്ച അതിശയോക്തിയല്ല. നല്ല വസ്ത്രം ധരിക്കാന്‍ കഴിയാത്തതിനാല്‍ ക്യാമ്പസിനുള്ളിലേക്ക് ചില ദിവങ്ങളില്‍ (സവിശേഷമായ ഈ ദിവസങ്ങളാണ് കലാലയത്തിന്‍റെ ഓര്‍മ്മകളുടെ അയവിറക്കലുകളില്‍ സ്ഥാനം പിടിക്കുന്നത്.) ഇവര്‍ കടന്നുവരാറില്ല. ഒരല്പം നിറം കുറഞ്ഞതിനാല്‍ സ്വയം ഉടലെടുത്ത അപകര്‍ഷതയാല്‍ ചിലര്‍ ചില ഗ്രൂപ്പ് ഫോട്ടോകളില്‍ നിന്നും അപ്രത്യക്ഷരാവുക എന്നത് സത്യം. തിരഞ്ഞെടുപ്പില്‍ ജാതിചോദിക്കില്ലെങ്കിലും തന്‍റെ ജാതിക്ക് ആക്ഷേപിക്കാനോ, അനുസരിപ്പിക്കാനോ കഴിയില്ല എന്ന ബോധത്തില്‍ അടിമയാക്കപ്പെടുന്ന വലിയൊരു കൂട്ടം കലാലയങ്ങളിലുണ്ട്.

ഇത്തരം സത്യങ്ങള്‍ സമൂഹത്തില്‍ നിന്നും വേരുറച്ച് കലാലയങ്ങളിലേക്ക് പടര്‍ന്നുകയറിയാതെണെങ്കിലും, മാനവികതയുടെ വേദികമായ കലാലയങ്ങളില്‍ ഇനിയും ഇത്തരം മാറ്റിനിര്‍ത്തലുകള്‍ അനീതിയാണ്. ഒരു കലാലയത്തിലും ഇത്തരം ചര്‍ച്ചകള്‍ കടന്നുവരാറില്ല. ഒരു മാഗസീന്‍ പേജിലും ഇതിനെക്കുറിച്ചെഴുതാറില്ല. ഒരു തിരഞ്ഞെടുപ്പും ഇതിനെക്കുറിച്ച് വാദിക്കാറില്ല. കലാലയത്തില്‍ എല്ലാവരും തുല്യര്‍ എന്ന വിശ്വാസത്തില്‍ ഇങ്ങനെയൊന്ന് കറപിടിച്ചിരക്കുന്നു.

എല്ലാവരും തുല്യര്‍, എല്ലാവര്‍ക്കും തുല്യ അവസരങ്ങള്‍ എന്ന് പറയുവാന്‍ കഴിയുമെങ്കിലും ആത്മാര്‍ത്ഥമായ തുറന്നു പറച്ചിലില്‍ ഈ വാദം തെറ്റാണ്.

കറുത്ത (നിറം ഉപയോഗിക്കേണ്ടി വന്നതില്‍ ഖേദം) പെണ്‍കുട്ടികള്‍ കലാലയങ്ങളുടെ ആകര്‍ഷണീയത അല്ല. വെളുത്ത സൗന്ദര്യമുള്ളവള്‍, (ജാതി നിറത്തില്‍ ഒരു പരിധിവരെ കാരണമാകാറുണ്ട്) എന്നും, അലങ്കാരവും. പുരുഷ കേന്ദ്രീകൃതമായ കലാലയങ്ങളില്‍ ഇത്തരം ചിലര്‍ അടിച്ചമര്‍ത്തലുകള്‍ സ്ഥിരം നേരിടുന്നു. ഒന്ന് തല ഉയര്‍ത്തുവാന്‍ അപകര്‍ഷത പലപ്പോഴും പിന്നോട്ടു വലിക്കും.

സമീപകാല മലയാള ചിത്രം ആനന്ദം ഇതിനുദാഹരണം. വെളുത്ത് - സുന്ദരിമാരായ ഒരുകൂട്ടം പെണ്‍കുട്ടികളുടെ ക്ലാസ് റൂം - ഏത് ക്യാമ്പസ് .ചിത്രത്തിലും ഈ പരാമര്‍ശം ശ്രദ്ധിക്കാവുന്നതാണ്. ഇങ്ങനെ ഒരു ഫ്രയിമില്‍ വെളുത്തവര്‍ കടക്കുമ്പോള്‍ കറുത്തവര്‍ ഫ്രയിമുകള്‍ക്കും കലാലയത്തിനും പുറത്താണ്.

ആണ്‍കുട്ടികള്‍ (കറുത്ത) ഒരു പരിധിവരെ ഈ പ്രശ്നത്തെ അധിജീവിച്ചാലും പണവും ജാതിയും പലപ്പോഴും ഇവരുടെ പിന്‍വാങ്ങലുകളാണ്. വസ്ത്രങ്ങള്‍ കലാലയത്തില്‍ വലിയ പ്രാധാന്യം വഹിക്കുന്നു എന്നും ഓരോതരം വസ്ത്രം ധരിക്കുന്നവര്‍ ശ്രദ്ധിക്കപ്പെടുന്നു. അവസരങ്ങള്‍ തുറക്കുന്നു. എത്ര ശ്രമിച്ചിട്ടും ഇതിനൊപ്പമെത്താന്‍ ശരാശരിയിലും താഴെയുള്ളവര്‍ ഒരു മൂലയില്‍ നിശബ്ദ മരണം അടയുന്നു.

സമൂഹവുമായുള്ള താരതമ്യപഠനത്തില്‍ ഈ വസ്തുതകള്‍ ചെറുതാണെങ്കിലും കലാലയങ്ങളില്‍ ഇത് വലുതാണ്. സ്വയം സത്വം ലഭിക്കാന്‍ തുടങ്ങുന്ന വേളയില്‍ അറിയാതെ മാറ്റി നിര്‍ത്തപ്പെടുന്ന ഇത്തരം സംഭവങ്ങള്‍ വലിയൊരു മാനസിക അവസ്ഥയാണ്.

ഇതില്‍ ആരും കുറ്റക്കാരല്ല. നിലനിന്ന പ്രത്യയ ശാസ്ത്രത്തിന്‍റെ കാഴ്ചപ്പാടിന്‍റെ ദൂരവ്യാപകമായ പരിണതഫലങ്ങളാണ്. സിനിമകളില്‍ പറയുന്നതുപോലെ കലാലയങ്ങളില്‍ എല്ലാവരും ഒറ്റക്കെട്ടല്ല. ചിലര്‍ വിട്ടുമാറിയ കണികളാണ്. തുന്നി ചേര്‍ക്കാന്‍ കഴിയാത്ത വിധം പിഞ്ചിയ ഇഴകളാണ്.


ഈ ലേഖനം ചര്‍ച്ചയ്ക്ക് - \'കണ്ണാടി മാഗസീന്‍\' തയ്യാറാവുന്നു
പ്രതികരണങ്ങള്‍ അയയ്ക്കേണ്ടത്
m4mullassery@gmail.com

Share :