Archives / june 2019

ദിവ്യ.സി.ആർ
പുകയിൽ മറഞ്ഞവൾ..

 രാവ് !
എന്നും പുതുമകൾ മാത്രം സമ്മാനിച്ചിട്ടുള്ളതു കൊണ്ടാവാം യാത്രയ്ക്കായി അവൾ രാവ് തിരഞ്ഞെടുത്തതും. ഒറ്റയ്ക്കുള്ള യാത്രകളിലെ ഹരം പകർന്നു നൽകിയത് അവനാണ്, ഹരി !
പുതുമകൾ തേടിയുള്ള യാത്രകളിലേക്കവളെ ക്ഷണിച്ചപ്പോൾ,അത് ജീവിതത്തിലേക്കു കൂടിയുള്ള ക്ഷണമായി പിന്നെ അത് മാറി. ഒരുമിച്ചായി പിന്നെയുള്ള നാടും നഗരങ്ങളും കാടും മലകളും തേടിയുള്ള യാത്രകൾ..
  നിശബ്ദത ഒളിപ്പിച്ച താഴ് വരകളിലേക്ക് അവളെ കൂട്ടാതെ ആഴ്ന്നു പോയതും പുതുമകൾ തേടിയാവണം..
ആ യാത്രയുടെ ഓരോ തയ്യാറെടുപ്പിലും അവൻെറ ഓർമ്മകൾ പതിയുക സാധാരണമാണ്. കണ്ണുകളിൽ നിറഞ്ഞ ആ ഓർമ്മ കണത്തെ തെല്ലൊന്നു തഴുകി, അവൾ യാത്ര തുടങ്ങി. 
ഒരു സഞ്ചാരിയുടെ ഹൃദയം വിശാലമാണെന്ന് അവൾക്കു തോന്നി. നാളേത്തേക്കായൊന്നും കരുതുന്നില്ല.. കൂട്ടി വയ്ക്കുന്നതുമില്ല.
വിശാലമായ ലോകത്തേക്ക് പറന്നകലാൻ തുടങ്ങുന്ന പക്ഷിയെ പോലവൾ ചിറകുകൾ ബലപ്പെടുത്തി. 
     റെയിൽവേ സ്റ്റേഷൻെറ തിരക്കുകളിലേക്കവൾ വളരെ പെട്ടെന്നവൾ ഇഴുകിച്ചേർന്നു. യാത്രയുടെ ആലസ്യത്തിലേക്കവൾ വഴുതുമ്പോഴും ഹരി നേർത്ത വിങ്ങലായി മാറുന്നതവൾ തിരിച്ചറിഞ്ഞു. അവനെയും പുണർന്ന് രാവിൻെറ സൗന്ദര്യം ആസ്വദിച്ചു കൊണ്ട്, ബൈക്കിൽ മലകയറുമ്പോൾ ലോകം കീഴടക്കിയ ആവേശമായിരുന്നു. പക്ഷെ, തന്നെ കൂട്ടാതെ പോയ അവസാന യാത്ര നിശബ്ദത മാത്രം നിറഞ്ഞു നിന്ന ആ താഴ് വരാത്തിലേക്കായിരുന്നു. 
നാലുദിവസത്തെ യാത്ര പിന്നിട്ടവൾ, താഴ് വാരത്തിലേക്കെത്തുമ്പോൾ ആ വശ്യതയിൽ അവൾ സ്വയം മറന്നു നിന്നു. പ്രണയപരവശരായി പരസ്പരം പുണർന്നൊഴുകുന്ന പുഴയിൽ നിലാവൊഴുകുകയായിരുന്നു. അത്യന്തം മനോഹരമായ ഈ കാഴ്ച തേടിയാവണം ഹരിയും ഇവിടേക്കു വന്നത്. പേരറിയാ പാതിരാപ്പൂക്കളുടെ ഗന്ധം അവളെ ഉന്മാദിനിയാക്കി. കനം വച്ചു തുടങ്ങിയ അവളുടെ കൈകളിൽ ചിറകുകൾ മുളച്ച് ആ താഴ് വാരമാകെ പറന്നു നടന്നു. ദൂരെ ദൂരെ ഒഴുകിയ വെള്ളച്ചാട്ടത്തിൻെറ അലകളിലേക്കവൾ പുകമറ പോലവൾ ഒഴുകി ചേർന്നു...

Share :