കൂസലില്ലാതെ പുതുവഴികൾ വെട്ടുന്ന കഥാകാരൻ(അമലിന്റെ പാതകം വഴക്കൊല പാതകം എന്ന ക
പുതിയ എഴുത്തുകാരിൽ ശ്രദ്ധേയനായ യുവ കഥാകൃത്താണ് അമൽ.
സമകാലീന യാഥാർഥ്യങ്ങളെ ഒട്ടും കൂസലില്ലാതെ തന്റേതായ ഒരു ശൈലിയിലേക്ക് കൊണ്ടുവന്നു കഥകളാക്കി ആനന്ദിപ്പിക്കുന്നു. അമലിനെ പറ്റി സക്കറിയ പറഞ്ഞത് കൃത്യമാണ്. *പുതിയ എഴുത്തിന്റെ ഏറ്റവും തെളിഞ്ഞ, വെല്ലുവിളിക്കുന്ന മുഖങ്ങളിലൊന്നാണ് അമലിന്റേത്. പിന്തിരിഞ്ഞു നോക്കാത്ത മൗലികത, മനുഷ്യൻ നിന്ന് ചൂടോടെ അടർത്തിയെടുത്ത ഭാഷ. കൂസലില്ലാതെ പുതുവഴികൾ വെട്ടുന്ന ക്രാഫ്റ്റ്. ഇന്നത്തെ എഴുത്തിലെ ഏറ്റവും നല്ലതിനെ തേടുന്ന വായനക്കാരെ ഈ സമാഹാരത്തിലെ ഓരോ കഥയും ആനന്ദിപ്പിക്കും*
കഥ പറയുന്ന രീതിയിൽ അമൽ സ്വീകരിച്ച വഴി വ്യത്യസ്തവും നമ്മെ വായിപ്പിക്കുന്നതുമാണ്. *ചാരമ്മാവൻ ചെയ്‌ത പിഴ താന്നിയമ്മാവാ പൊറുക്കണേ* എന്ന കഥ ഈ സമാഹാരത്തിലെ മികച്ചകഥയാണ്. പ്രകൃതി നൽകിയ ഒരു പ്രത്യേകതയാണ് ചാര മരത്തിന്റെ കാര്യം (ചേര് എന്നാണ് പലയിടത്തും ഈ മരത്തിനെ പറയുക) ഈ മരം പിടിച്ചാൽ ശരീരം വീർക്കുകയും അലര്ജി ഉള്ളവർക്ക് വലിയ അപകടം ഉണ്ടാകുകയും ചെയ്യും, എന്നാൽ താന്നിയെന്ന മരത്തെ കെട്ടിപിടിച്ചാൽ അത് മാറും "ചേര് മുത്തച്ഛൻ കോപിച്ചാൽ താന്നി മുത്തശ്ശിയെ കെട്ടിപിടി" എന്നൊരു ചൊല്ല് തന്നെ നാട്ടിൻപുറങ്ങളിൽ ഉണ്ട്. ഈ കഥയുടെ പശ്ചാത്തലവും ഇതിലൂടെ ബന്ധങ്ങളുടെ പ്രാധാന്യവും ഒപ്പം നാം ഒപ്പം കൂട്ടി നടക്കുന്ന സദാചാര വിചാരങ്ങളെ ചോദ്യം ചെയ്യുന്നതുമാണ്. താന്നി അന്വേഷിച്ചുള്ള യാത്രയിലൂടെ ജീവിതത്തിന്റെ വിവിധ വശങ്ങൾ പറയുന്നു. ഞാറയ്ക്ക (ഞാവൽപഴം) ആണെന്ന് കരുതി ചേരിൻ പഴം കഴിച്ച രണ്ടു പെണ്കുട്ടികളിലൂടെയാണ് കഥ പറയുന്നത് വാണിയാണ് ഒരുവൾ. മനുഷ്യ ബന്ധങ്ങളിലെ വിള്ളലുകൾ വേര്പിരിയലുകൾ ഇതൊക്കെ എത്രമാത്രം വേദന തരുന്ന കാര്യങ്ങളാണ്. *"വാണിയുടെ അച്ഛൻ, എന്റെ രണ്ടാനച്ഛൻ, കോപാക്രാന്തനായി എന്നിൽ നിന്ന് വാണിയുടെ ബാംഗ്ലൂർ വിലാസം പിടിച്ചുവാങ്ങി അന്ന് ഇറങ്ങിപോകുകയുണ്ടായി. കരഞ്ഞുകരഞ്ഞു അമ്മയാണ് പറഞ്ഞത് അയാളിനി തിരിച്ചുവരാനൊന്നും പോകുന്നില്ലെന്ന്. എനിക്കാകെ പെരുത്തുവന്നു രണ്ടു മനുഷ്യർ തമ്മിലുള്ള ബന്ധത്തെ എനിക്ക് 'അസംതൃപ്തമായ ബന്ധനം' എന്ന് മനസ്സിലെഴുതാനാണ് തോന്നിയത്"* വാണിയുടെ അച്ഛൻ എന്റെ രണ്ടാനച്ഛൻ എന്ന വരിയിൽ നിന്നു തന്നെ ചിലതൊക്കെ വായിച്ചെടുക്കാം ഇത്തരത്തിൽ ചേര് മരം പോലെയുള്ളതാണ് ചില ബന്ധങ്ങൾ. ആഖ്യാനം കൊണ്ടും വിഷയത്തിന്റെ പ്രത്യേകതകൊണ്ടും മികച്ചു നിൽക്കുന്നു 'ചാരമ്മാവൻ ചെയ്‌ത പിഴ താന്നിയമ്മാവാ പൊറുക്കണേ' എന്ന ഈ കഥ.
*'ക്ഷീരധാരകൾ' (തിരുവനന്തപുരത്തെ തൊഴുത്ത്)* എന്ന കഥ പ്രമീള എന്ന വീട്ടമ്മയുടെ പശു വളർത്തലും അതുമായി ബന്ധട്ടവരുടെ സംഭാഷണങ്ങളുമാണ്. സേതുവിന്റെ ദൂത് എന്ന കഥയാണ് മുഴുവൻ രണ്ടുപേരുടെ സംഭാഷണത്തിലൂടെ കൊണ്ടുപോയ മലയാളത്തിലെ പ്രധാനപ്പെട്ട കഥ. അതേ രീതിയിൽ അല്ലെങ്കിൽ കൂടി പ്രമീളയോട് ചുറ്റിപ്പറ്റിയുള്ളവരുടെ സംഭാഷണങ്ങളും തുടർന്ന് പ്രമീള അതിനു പറയുന്ന മറുപടിയും പ്രത്യേകം വേർതിരിച്ചുള്ള ഒരു രീതിയാണ് കഥയിൽ പരീക്ഷിച്ചിട്ടുള്ളത്. നാട്ടുഭാഷയിൽ നടത്തുന്ന സംഭാഷണങ്ങൾ രസകരമായി വായിച്ചു പോകാം. കറവാക്കാരൻ കിഷൻ എന്നു വിളിക്കുന്ന കൃഷ്ണൻ ആണ് തുടങ്ങുന്നത്. *'ദാ എന്റുട' ചൂടാവാൻ വന്നാ ഒണ്ടല്ല് കറക്കാൻ വേറേ ആള നോക്കിക്കോ* കിഷന്റെ സംസാരം കഴിഞ്ഞാൽ പുല്ലറുപ്പ്കാരി രെമണി യുടെ ഊഴമാണ്
*എടീ പുണ്ടച്ചിമ്മോളേ നിന്റെ നാക്കുംകൊണ്ട് എന്റുട മാത്രം നീ കളിക്കാൻ വരണ്ട. കേട്ടല്ല്. നെനക്ക് രെമണിയ അറിയാല്ലോ. മരിയാദിക്ക് സംസാരിച്ചാ രെമണീ മരിയാദ തന്നെ* നാട്ടുഭാഷയിൽ ഇങ്ങനെ നീണ്ടുപോകുന്ന സംഭാഷണങ്ങൾ.
പാലെടുപ്പ്കാരൻ അനികുട്ടൻ, പിണ്ണാക്ക്കടക്കാരൻ പൈലി, വാർഡ് മെമ്പർ നബീസു, ക്ടാക്കച്ചവടക്കാരൻ അദ്രു, പ്രമീളയുടെ ഭർത്താവ് ഭാസിപിള്ള, മകൻ ബിപി അഭിലാഷ് എന്നിവരുടേ പരാതികളും പശുവളർത്തലിനോടുള്ള എതിർപ്പും ഒക്കെ കേട്ട് പ്രമീള പറയുന്ന നീണ്ട മറുപടിയാണ് ഈ കഥ. ഈ പരാതികളും എല്ലാം കേട്ട് പറയുന്ന മറുപടിയിൽ സാമൂഹ്യ സാഹചര്യങ്ങൾ എല്ലാം അടങ്ങിയിട്ടുണ്ട്. അവതരണത്തിന്റെ വ്യത്യസ്‌തത കൊണ്ടും കഥയിലൂടെ പറയുന്ന ശക്തമായ ജീവിതവും നമ്മളെ കഥയുടെ കൂടേ നടത്തിക്കും.
ഗൾഫ് ജീവിത്തിലൂടെ കടന്നുപോകുന്ന *ഞാനെന്ന ഭാവം* പൊളിറ്റിക്കൽ സറ്റയർ ആയ *ശാന്താകാരം* *ശരീരം തോക്ക് ആത്മാവ്, സർവ്വ വ്യാപി 'എം',* പുസ്തകത്തിന്റെ ശീര്ഷക കഥയായ *പാതകം വാഴക്കൊലപാതകം, യാമിനീ മാഹാത്മ്യം, ഇരട്ടപ്പേര്, കടൽ കരയെടുക്കുന്ന രാത്രി, മീനവിയൽ* എന്നിങ്ങനെ നല്ല 11 കഥകളുടെ സമാഹാരമാണ് ഇത്, കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവപുരസ്കാർ നേടിയ ഈ ചെറുപ്പക്കാരനിൽ നിന്നും ഇനിയും പുതിയ എഴുത്തിന്റെ മികച്ച കഥകൾ പ്രതീക്ഷിക്കുന്നു.